Thursday , June   20, 2019
Thursday , June   20, 2019

നോമ്പുകാരെ കണ്ട് നോമ്പുകാരനായി 

റമദാൻ നോമ്പിനെ കുറിച്ച് പറയുമ്പോൾ കണ്ണൂർ കക്കാട് അങ്ങാടിയിലെ ബാല്യത്തിലേക്ക് സഞ്ചരിക്കണം. കക്കാട് അങ്ങാടിയിൽ വെച്ചാണ് മുസ്‌ലിംകളുടെ റമദാൻ നോമ്പിനെ കുറിച്ച് ഞാൻ അറിഞ്ഞു തുടങ്ങുന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ കൂട്ടുകാർ കൂടുതലും ഇസ്‌ലാം മത വിശ്വാസികളായിരുന്നു. 
പതിവ് മാസങ്ങളിൽ നിന്ന് റമദാൻ കാലത്ത് വ്യത്യസ്തമാണ് കക്കാട് അങ്ങാടി. നോമ്പുതുറ സമയത്ത് വിജനമാകും. കൂട്ടുകാരുടെ കൂടെ നോമ്പ് തുറക്കാൻ ഞാനും അവരുട വീട്ടിൽ പോകും. അന്ന് കുടിച്ച പാൽത്തരിയുടെയും വിഭവങ്ങളുടെയും സ്വാദ് നാവിൻ തുമ്പിൽ ഇന്നുമുണ്ട്. കൂട്ടുകാരുടെ ഉമ്മമാർ, വല്യുമ്മമാർ, ഇത്താത്തമാർ അവരൊക്കെ പ്രഭാതം മുതൽ പ്രദോഷം വരെ നോമ്പെടുത്തിട്ടാണല്ലോ ഇവയെല്ലാം തയാറാക്കുന്നത് എന്ന് എന്റെ മനസ്സിലുടക്കി. അന്ന് മുതലാണ് എനിക്കും റമദാനിൽ നോമ്പ് എടുക്കണം എന്ന് തോന്നിയത്. 
പിന്നീട് ഞാൻ നോമ്പ് എടുത്താണ് നോമ്പുതുറയിൽ പങ്കെടുക്കാൻ തുടങ്ങിയത്. അങ്ങനെ വിരലിണ്ണാവുന്നതെങ്കിലും വർഷത്തിൽ നോമ്പുകാരനായി ഞാനും മാറി.
കണ്ണൂർ കക്കാട് ദിനേശ് ബീഡി സ്ഥാപകനായ വമ്പൻ സാഹിബിന്റെ കൂടെ നോമ്പ് തുറക്കാൻ പോയതാണ് ജീവിതത്തിലെ ആദ്യത്തെ വലിയ നോമ്പ് സൽക്കാരം. കണ്ണൂരിലെ അബ്ദുളള ഹാജി എവിടെ നിന്നു കണ്ടാലും നോമ്പ് തുറക്കാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകും. വിഭവ മേള നടത്തുന്ന പൊങ്ങച്ചത്തിന്റെ ഇഫ്താറുകളോട് എനിക്ക് താൽപര്യമില്ല. അയൽവാസികളും കൂട്ടുകാരും ചേർന്നുളള ചെറിയ നോമ്പുതുറകളാണ് വലിയ സന്ദേശങ്ങൾ നൽകുന്നത്.
 നോമ്പിന്റെ മഹത്വം വലുതാണെന്ന് നോമ്പെടുത്തത് വഴിയാണ് എനിക്ക് ബോധ്യമായത്. ശാരീരിക മാനസിക ഉല്ലാസം തരുന്ന നോമ്പ് ലോകത്ത് പട്ടിണി കിടക്കുന്നവന്റെ വേദന എന്തെന്ന് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു. 
കേരളത്തിലെ മുൻ ചീഫ് എൻഞ്ചിനീയറായിരുന്ന കുട്ട്യാമു സാഹിബിന്റെ ഖുർആൻ പരിഭാഷ വഴി ഇസ്‌ലാം മതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. നോമ്പെന്നത് മനുഷ്യന്റെ മനസ്സിനെ ബലപ്പെടുത്തുന്ന ഉപാധിയായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. ഭക്ഷണവും വൈകാരികതയും വെടിഞ്ഞ് മനസ്സിന് കടിഞ്ഞാണിടുന്നതാണ് നോമ്പ്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ലെന്നാണ് പ്രവാചക വചനം. അധ്വാനിക്കുന്നവന് വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി നൽകണമെന്നും പ്രവാചകൻ പഠിപ്പിക്കുന്നു. ലോകത്തിന് മാതൃകയാക്കാവുന്ന തത്വങ്ങളാണ് ഇവയെല്ലാം.
 

Latest News