Thursday , June   20, 2019
Thursday , June   20, 2019

അട്ടിമറിക്കപ്പെട്ട മനസ്സുകൾ

രാഷ്ട്രീയ ഹിന്ദുവിന്റെ ഉദയമാണ് ഈ തെരഞ്ഞെടുപ്പിൽ കാണുന്നതെന്ന നിരീക്ഷണത്തിന് ശക്തി ലഭിച്ചിരിക്കുന്നു. രാജ്യത്തെ ബാധിക്കുന്ന സാമ്പത്തികമോ, സാമൂഹികമോ ആയ എല്ലാ പ്രശ്‌നങ്ങളേയും തമസ്‌കരിക്കാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്നത് മതസ്വത്വത്തിലധിഷ്ഠിതമായ ഈ ചിന്താഗതിയാണ്. ഹിന്ദു സമൂഹത്തെ വിഭജിച്ചുനിൽക്കുന്ന ജാതിചിന്തയെ ഭേദിച്ച് ഒരു രക്ഷകനെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ബി.ജെ.പിയുടെ വിജയം.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ഏറ്റവും സംക്ഷിപ്തമായും കാര്യമാത്രപ്രസക്തമായും വിശദീകരിച്ചത് അസദുദ്ദീൻ ഉവൈസിയാണ്. അദ്ദേഹം പറഞ്ഞു: 'ഈ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾ അട്ടിമറിക്കപ്പെട്ടതായി ഞാൻ വിശ്വസിക്കുന്നില്ല. അട്ടിമറിക്കപ്പെട്ടത് ഹിന്ദു മനസ്സുകളാണ്.' 
ഹിന്ദുത്വയുടെ വിജയമാണിതെന്ന് സുബ്രഹ്മണ്യം സ്വാമി പറയുന്നു. മതം ജാതിയെ മറികടക്കുന്ന അപൂർവ പ്രതിഭാസമാണിതെന്ന് ആഹ്ലാദത്തോടെ ചൂണ്ടിക്കാണിക്കുന്ന സുബ്രഹ്മണ്യം സ്വാമി, ദളിതൻ വീണ്ടും സവർണാധിപത്യത്തിന്റെ നുകക്കീഴിലേക്ക് ചുമൽവെക്കാൻ ആഹ്ലാദത്തോടെ വരുന്നതിൽ ഗൂഢമായ സന്തോഷം കാണുകയും ചെയ്യുന്നു. വിജയാഹ്ലാദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലും ജാതിയെ പരാമർശിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞത് ഇനി രണ്ടു ജാതി മാത്രമേ രാജ്യത്തുള്ളു എന്നാണ്. ഒന്ന്, പാവങ്ങൾ എന്ന ജാതി. രണ്ട്, പാവങ്ങളെ സഹായിക്കുന്നവർ എന്ന ജാതി. 
ഉത്തർപ്രദേശിലും ബിഹാറിലും സാമൂഹിക നീതി പ്രസ്ഥാനങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിൽ നേരിട്ട ശക്തമായ തിരിച്ചടി, സവർണാധിപത്യ പ്രസ്ഥാനമായ ബി.ജെ.പിയിലുണ്ടാക്കുന്നത് അനൽപമായ ആഹ്ലാദമാണ്. മായാവതിയുടെ ബി.എസ്.പിയും  അഖിലേഷ് യാദവിന്റെ എസ്.പിയും ഉത്തർപ്രദേശിലും ലാലുപ്രസാദിന്റെ ആർ.ജെ.ഡി ബിഹാറിലും തകർന്നടിഞ്ഞു. പിന്നോക്കജാതി നേതാവ് രാം വിലാസ് പാസ്വാന്റെ പാർട്ടി നേടിയ വിജയമാകട്ടെ, ബി.ജെ.പിയോടൊപ്പം ചേർന്നുനിന്നാണ്. പിന്നോക്കക്കാർക്ക് ബി.ജെ.പിയിലാണ് ആശ്രയം എന്ന സന്ദേശം പകർന്നു നൽകുന്നതിനൊപ്പം, ജാതിയടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടികളെ അപ്രസക്തമാക്കുകയെന്ന ബി.ജെ.പിയുടെ ദീർഘകാല അജണ്ട വിജയിച്ചതും ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷതയായി വിലയിരുത്തപ്പെടുന്നു.
മോഡിയുടെ അടുത്ത അഞ്ചു വർഷത്തെ അജണ്ടയെക്കുറിച്ച് സംസാരിക്കവേ, പ്രമുഖനായ ഒരു ബി.ജെ.പി നേതാവ്, ജാതിവ്യവസ്ഥയുടെ നിർമൂലനത്തെക്കുറിച്ച് സംസാരിച്ചത് ഇതോട് ചേർത്തുവായിക്കണം. സവർണ, അവർണ ഭേദത്തോടെ, വ്യത്യസ്ത താൽപര്യമുള്ള സവിശേഷ ജനവിഭാഗമായി ഹിന്ദുക്കൾ ഇനി വേർപിരിഞ്ഞു കഴിയേണ്ടതില്ലെന്നും ജാതിക്കതീതമായി മതസ്വത്വം ഉയർത്തിപ്പിടിച്ച് അവർ ഒറ്റ സമുദായമായി മാറണമെന്നുമാണ് അദ്ദേഹം അർഥമാക്കിയത്. ഹിന്ദുത്വയിലധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനത്തിന് അനുയോജ്യമായ മണ്ണ് പാകപ്പെടുത്താൻ ഈ തെരഞ്ഞെടുപ്പിലൂടെ മോഡിക്ക് കഴിഞ്ഞതായും നിരീക്ഷിക്കപ്പെടുന്നു. കൂടുതൽ വിവേചനപരമായ നയങ്ങളിലേക്ക് പോകാനും ഇന്ത്യയെ ഹിന്ദുവിന് മുൻഗണന ലഭിക്കുന്ന ഒരു രാഷ്ട്രമായി മാറ്റാനുമുള്ള ആർ.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യം മോഡിയിലൂടെ നിറവേറ്റാം എന്നാണ് അവർ സ്വപ്നം കാണുന്നത്. 
രാഷ്ട്രീയ ഹിന്ദുവിന്റെ ഉദയമാണ് ഈ തെരഞ്ഞെടുപ്പിൽ കാണുന്നതെന്ന നിരീക്ഷണത്തിന് ശക്തി ലഭിച്ചിരിക്കുന്നു. രാജ്യത്തെ ബാധിക്കുന്ന സാമ്പത്തികമോ, സാമൂഹികമോ ആയ എല്ലാ പ്രശ്‌നങ്ങളേയും തമസ്‌കരിക്കാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്നത് മതസ്വത്വത്തിലധിഷ്ഠിതമായ ഈ ചിന്താഗതിയാണ്. സവർണ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ മാത്രം രാഷ്ട്രീയമായി ഹിന്ദുത്വയെ മുന്നോട്ടു നയിക്കാൻ ബി.ജെ.പിക്ക് കഴിയില്ല. അതിന് ജാതിസ്വത്വം മറക്കുന്ന, മതസ്വത്വം മാത്രം മുന്നിൽ കാണുന്ന ഒരു സമൂഹത്തിന്റെ ഉദയമുണ്ടാകണം. അത് യാഥാർഥ്യമായതായാണ് സുബ്രഹ്മണ്യം സ്വാമിചൂണ്ടിക്കാണിക്കുന്നത്.  
മതവൈരാഗ്യത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഭാരതീയ ജനതാപാർട്ടി എന്നത് അവരുടെ സൈദ്ധാന്തിക കൃതികളിൽനിന്ന് തന്നെ വ്യക്തമാണ്. ഹിന്ദുത്വമെന്നത് ഒരു ജീവിത ശൈലിയാണെന്ന 1995 ലെ സുപ്രീം കോടതി വിധിയുടെ പരാമർശത്തിൽ പിടിച്ചാണ് ബി.ജെ.പി തങ്ങൾ ഒരു മതേതര പാർട്ടിയാണെന്ന് ഇപ്പോൾ വ്യാഖ്യാനിക്കുന്നത് എന്നതാണ് സത്യം. ഹിന്ദുത്വം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ച, അത് നിർവചിച്ച, ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന വി.ഡി. സവർക്കറെ തള്ളി, സുപ്രീം കോടതിയുടെ (പിന്നീട് കോടതി തന്നെ ഇക്കാര്യത്തിൽ പുനപ്പരിശോധന ആവശ്യപ്പെട്ടുവെന്നത് സത്യം) വ്യാഖ്യാനം അവലംബിക്കാൻ അവരെ പ്രേരിപ്പിക്കുന്ന ചേതോവികാരം ഇന്ത്യയുടെ മതേതര മനസ്സിന് ഉൾക്കൊള്ളാൻ കഴിയാത്ത രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് തങ്ങൾ പുലർത്തുന്നത് എന്ന തിരിച്ചറിവ് തന്നെയാണ്.  
ഹിന്ദുത്വവും ഹിന്ദുയിസവും വിവേചിച്ചറിയുന്നതിൽ അന്ന് കോടതിക്ക് പറ്റിയ തെറ്റ് പിന്നീട് കോടതി തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെ സത്തയെ ഹനിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് വിലങ്ങുതടിയാകുമായിരുന്ന ഒരു കേസാണ് അന്ന് കോടതിയുടെ ഒത്തുതീർപ്പ് വിധിക്ക് വിധേയമായത്. അടുത്ത വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രകടന പത്രിക സുപ്രീം കോടതി വിധി ഉദ്ധരിക്കുകയുണ്ടായി. ബി.ജെ.പി മതേതര പാർട്ടിയാണെന്ന് കോടതി അംഗീകരിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടാനായിരുന്നു ഇത്. ഹിന്ദുത്വം എന്ന വാക്കിന്റെ യഥാർഥ അർഥവും ഉള്ളടക്കവും കോടതി അംഗീകരിച്ചിരിക്കുന്നു എന്നും മതേതരത്വത്തിന്റെ അർഥത്തോടും നിർവചനത്തോടും ഒത്തുപോകുന്നതാണ് അതെന്നുമായിരുന്നു ബി.ജെ.പിയുടെ വ്യാഖ്യാനം. ആ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്ക് 13 ദിവസത്തേക്ക് അധികാരം ലഭിച്ചത്.
എന്നാൽ എന്താണ് യാഥാർഥ്യം? ഗാന്ധി വധക്കേസിന്റെ വിചാരണയിൽ പേര് പരാമർശിക്കപ്പെടുന്നതിനും മുസ്‌ലിം ലീഗിന്റെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിനും എത്രയോ മുമ്പ്, 1923 ൽ എഴുതിയ 'ഹിന്ദുത്വ' എന്ന ഉപന്യാസത്തിൽ സവർക്കർ തന്റെ കാഴ്ചപ്പാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനിലെ പൗരത്വാവകാശം വംശത്തിന്റെയും രക്തത്തിന്റേയും അടിസ്ഥാനത്തിലായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മുഹമ്മദീയരും ക്രിസ്ത്യാനികളും പൗരത്വത്തിന് പുറത്താണെന്ന കാര്യം ഫലപ്രദമായി ഉറപ്പാക്കും. എല്ലാക്കാലത്തും അവരെ വരുത്തന്മാരായി മാത്രം പരിഗണിക്കും. ഇന്ത്യൻ ഭരണഘടനയുടെ സത്തക്കും ആത്മാവിനും വിരുദ്ധമായ ഈ പ്രത്യയശാസ്ത്രമാണ് ബി.ജെ.പി രാഷ്ട്രീയത്തെ നയിക്കുന്നത്. എല്ലാ ഇന്ത്യക്കാരേയും തുല്യരായി പരിഗണിക്കുന്ന ഭരണഘടന പൗരന്മാർക്കിടയിൽ വിവേചനം കാണുകയും ഹൈന്ദവേതരരെ ഒഴിവാക്കുകയും ചെയ്യുന്ന ഹിന്ദുത്വത്തിന്റെ കേന്ദ്ര ആശയം തന്നെ തിരസ്‌കരിക്കുന്നതാണ്. ഗാന്ധിജിയുടേയും മറ്റുള്ളവരുടേയും ഹിന്ദുയിസത്തിൽനിന്ന് ബി.ജെ.പിയുടെ ഹിന്ദുത്വം വ്യത്യസ്തമാകുന്നത് അതുകൊണ്ടാണ്. സഹിഷ്ണുതയുടേയും ഇതരവിശ്വാസങ്ങളോടുള്ള ആദരവിന്റേയും കാര്യത്തിൽ ലോകത്ത് ഉദാഹരണങ്ങളില്ലാത്ത മതവും സംസ്‌കാരവുമാണ് ഹിന്ദുയിസം പ്രതിനിധീകരിക്കുന്നത്. അത് അയൽക്കാരനെ നാട്ടിൽനിന്നോടിക്കണം എന്ന് രാഷ്ട്രീയ ഹിന്ദുവിനോട് പറയുന്ന ഹിന്ദുത്വമല്ല. ഈ വീക്ഷണത്തിനാണ് മോഡിയുടെ വൻ വിജയം ഇളക്കം തട്ടിക്കുന്നത്. 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ഹിന്ദുത്വയുടെ വിജയമായി വ്യാഖ്യാനിക്കുന്നവരുടെ മനസ്സിലിരുപ്പ് ഇതാണ്. രാഷ്ട്രീയാധികാര പ്രയോഗത്തിനായി ജാതിക്കതീതമായി ഹിന്ദു മനസ്സുകളെ ഏകീകരിക്കുകയെന്ന കൗശല പ്രയോഗമാണ് ഈ തെരഞ്ഞെടുപ്പിൽ നടന്നത്. അസദുദ്ദീൻ പറഞ്ഞ ഹിന്ദുമനസ്സുകളുടെ അട്ടിമറി എന്നത് ഇതാണ്. മതേതര നിലപാടുള്ള ഹിന്ദുക്കളിൽ പോലും വർഗീയതയുടെ വിഷം കുത്തിവെക്കുകയും രാജ്യത്തെ പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനത്തോടെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണത്.
സവർക്കർ വിശദീകരിച്ച ഹിന്ദുത്വയാണ് മോഡി സർക്കാർ മുഖമുദ്രയാക്കാൻ പോകുന്നതെങ്കിൽ തീർച്ചയായും മതേതര വിശ്വാസികൾക്ക് ഭയക്കാൻ വകയുണ്ട്. ഇന്ത്യ എന്ന മഹത്തായ ആശയത്തിന്റെ അവസാനമായിരിക്കും അത്. പരിഷ്‌കൃത മൂല്യങ്ങൾക്ക് സ്ഥാനമില്ലാത്തതും വിവേചനപരമായ പൗരത്വ വീക്ഷണം ഉയർത്തിപ്പിടിക്കുന്നതും ജനാധിപത്യത്തേയോ ഭരണഘടനയേയോ മാനിക്കാത്തതും ഏകാധിപത്യവും അരാജകത്വവും നിറഞ്ഞ ഭരണരീതികൾ ഉയർത്തിപ്പിടിക്കുന്നതുമായ ഒരു രാജ്യമായിരിക്കും അത്.  ജനാധിപത്യ വിധിയെ പരിപൂർണമായി അംഗീകരിക്കുന്നതോടൊപ്പം അതിൽ ഒളിച്ചിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ജാഗ്രതയോടെയിരിക്കുക എന്നത് മാത്രമാണ് മതേതര വിശ്വാസികൾക്ക് അവലംബിക്കാനുള്ളത്.
 

Latest News