Thursday , June   20, 2019
Thursday , June   20, 2019

കീഴടക്കി മോഡി,പ്രതിരോധിച്ച് കേരളം

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  വിജയം വകഞ്ഞെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി എൻ.ഡി.എ ഗവണ്മെന്റിന്റെ രണ്ടാമൂഴം ലോകത്തെ അത്ഭുതപ്പെടുത്തും വിധം  ഉറപ്പിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം ജനാധിപത്യത്തിൽ ഏവർക്കും അംഗീകരിച്ചേ പറ്റൂ. 
മോഡിയെ അധികാരത്തിൽനിന്നു നീക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയെയും മറ്റു വിശാല സഖ്യങ്ങളെയും മോഡിക്കു തകർക്കാനായി. 'അബ് കി ബാർ തീൻസൗ പാർ, മോഡി  ഫിർ ഏക് ബാർ' (ഇത്തവണ മുന്നൂറിനപ്പുറം, മോഡി ഒരു പ്രാവശ്യം കൂടി) എന്ന ബി.ജെ.പി - സംഘ് പരിവാർ മന്ത്രം പോലെ ഉരുവിട്ട മുദ്രാവാക്യം തെരഞ്ഞെടുപ്പു യന്ത്രം പോലെ രാജ്യമാകെ സാന്നിധ്യമറിയിച്ച് മോഡി തന്നെ യാഥാർത്ഥ്യമാക്കി. ബി.ജെ.പിക്ക് തനിച്ച് 302 സീറ്റും എൻ.ഡി.എയ്ക്ക് 352 സീറ്റും ഒരു സൈനിക ആസൂത്രണത്തിലെന്നോണം പിടിച്ചെടുത്തു.
പ്രതിപക്ഷ നിരകളെയാകെ തകർത്ത് മുന്നേറിയ മോഡി തരംഗത്തെ ദേശീയ രാഷ്ട്രീയത്തിൽ എന്നും വേറിട്ട ചരിത്രം സൃഷ്ടിച്ച കേരളം നൂറു ശതമാനവും പ്രതിരോധിച്ചു. അത് നിർവഹിച്ചത് ഇടതുപക്ഷ മുന്നണി കോട്ട വിറപ്പിച്ച് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗം 20 ൽ 19 സീറ്റും നേടിയാണ്.   അമേഠിയിൽ കുഴഞ്ഞുവീണ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ   4,31,000 ൽപരം വോട്ടുകളുടെ ഭൂരിപക്ഷം നൽകി  വയനാട്ടിൽനിന്ന് ലോക്‌സഭയിലെത്തിക്കുകയും ചെയ്തു. കേരളത്തിന്റെ വോട്ടു ചരിത്രത്തിലെ  റെക്കോർഡ് ഭൂരിപക്ഷം.  സി.പി.എമ്മിന്റെ കോട്ടകളായ കാസർകോട്, പഴയ ഒറ്റപ്പാലം മണ്ഡലമായ ആലത്തൂർ, പാലക്കാട് തുടങ്ങിയവ പിടിച്ചെടുത്ത് അവർ ഇടതുമുന്നണിയെ ഞെട്ടിച്ചു. ഈ ഏറ്റുമുട്ടലിൽ മോഡിയും ബി.ജെ.പിയും കളത്തിനു പുറത്തായി.
പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ചോര തെറിച്ച ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം വടകരയിലെ  സി.പി.എം സ്ഥാനാർത്ഥി പി. ജയരാജനെ  84,000 ലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തി ടി.പി. ചന്ദ്രശേഖരന്റെ ആത്മാവിന് ശാന്തി നൽകി.
കേന്ദ്രത്തിൽ മോഡിക്ക് ഒരു വട്ടം കൂടി അവസരം നൽകണമെന്ന രാജ്യത്തിന്റെ പൊതുവികാരമാണ് ജനവിധിയെന്നു കൂടി കാണണം. 7 ശതമാനത്തിലേറെ ഉയർന്ന ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം അത് പ്രതിഫലിപ്പിക്കുന്നു. 
രാജ്യത്താകെ പുതുതായി ഉയർന്നുവന്ന നഗരവത്കൃത മേഖലകളിലെ ഇടത്തരക്കാരും പുതിയ വോട്ടർമാരിലെ വലിയൊരു ശതമാനവും കോർപറേറ്റുകളുടെയും കുത്തക മാധ്യമങ്ങളുടെയും സഹായവും വിജയത്തിന്റെ നിർണായക ഘടകങ്ങളായി. പ്രധാനമന്ത്രി സ്ഥാനാർത്ഥി, ബദൽ പരിപാടി,  വിശ്വാസ്യമായ പ്രതിപക്ഷ മുന്നണി എന്നിവ ഉണ്ടാക്കാൻ കഴിയാഞ്ഞതും  മോഡിയുടെ അജണ്ട എളുപ്പമാക്കി. 
കേരളത്തെപ്പോലെ 39 ൽ ഒരു സീറ്റു മാത്രം നൽകി തമിഴ്‌നാട്ടിലെ ഡി.എം.കെ സഖ്യവും (കോൺഗ്രസ് + സി.പി.എം + സി.പി.ഐ ഉൾപ്പെട്ട),  ഒരു സീറ്റു പോലും നൽകാതെ ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസും ഒരു  ലോക്‌സഭാ സീറ്റ് മാത്രമുള്ള പുതുച്ചേരിയിൽ കോൺഗ്രസും ദക്ഷിണേന്ത്യയിൽ മോഡിയെ തടഞ്ഞുനിർത്തി.  കർണാടകയിലെ 17 സീറ്റ് 26 ആക്കി വർധിപ്പിക്കാനും തെലങ്കാനയിലെ 17 സീറ്റിൽ  4 സീറ്റ്  പിടിച്ചെടുക്കാനും മോഡിക്കു കഴിഞ്ഞു.
 ഇന്ത്യയുടേതെന്നും  ബഹുദേശീയതയാണെന്നും ഹിന്ദുത്വ ദേശീയതയല്ലെന്നും  തെരഞ്ഞെടുപ്പു ഫലം ഓർമപ്പെടുത്തി.  കേന്ദ്രത്തിൽ മോഡിക്കു വോട്ടു നൽകിയവർ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾക്ക് വോട്ട് ചെയ്തു.  ടി.ഡി.പിക്കു പകരം വൈ.എസ്.ആർ കോൺഗ്രസിനെ തെരഞ്ഞെടുത്ത ആന്ധ്ര, അഞ്ചാം തവണ നവീൻ പട്‌നായിക്കിന്റെ  അധികാരത്തിലേറ്റിയ ഒഡീഷ, ക്രാന്തികാരി മോർച്ചയെ വിജയിപ്പിച്ച സിക്കിം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ അതാണ് വ്യക്തമാക്കുന്നത്.  അരുണാചൽ പ്രദേശിൽ ബി.ജെ.പി തന്നെ ഭരണം നിലനിർത്തി. ഏകപക്ഷീയ അശ്വമേധമല്ല ജനവിധിയെന്നർത്ഥം. 
അതിന്റെ മറ്റൊരു വശമാണ് നവംബറിൽ തെലങ്കാനക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം, എന്നിവിടങ്ങളിലെ ജനവിധി. കോൺഗ്രസ് അധികാരത്തിലേറിയ മധ്യപ്രദേശിൽ 2 സീറ്റ് വിട്ടുകൊടുത്ത് 27 സീറ്റും മോഡി കൊണ്ടുപോയി. ഛത്തീസ്ഗഢിൽ ഒന്നൊഴിച്ച് 10 സീറ്റും.  രാജസ്ഥാനിൽ 26 ലോക്‌സഭാ സീറ്റും കോൺഗ്രസ് ബി.ജെ.പിക്ക് തളികയിൽ വെച്ചുനൽകി.   ദേശീയ മുന്നണി തന്നെ മിസോറമിൽ കോൺഗ്രസ് നിലനിർത്തിയിരുന്ന ഏക ലോക്‌സഭാ സീറ്റ് പിടിച്ചെടുത്തു.   
കർണാടകയിൽ 28 ലോക്‌സഭാ സീറ്റിൽ ഓരോ സീറ്റിൽ കോൺഗ്രസിനെയും ജെ.ഡി.യുവിനെയും ഒതുക്കി  26 സീറ്റും മോഡി പിടിച്ചെടുത്തു. മുൻ പ്രധാനമന്ത്രി ദേവഗൗഡയെ തോൽപിച്ചു. മകൻ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് - ജെ.ഡി.എസ് കൂട്ടികക്ഷി മന്ത്രിസഭ അട്ടിമറിക്കുമെന്ന വെല്ലുവിളിയും മോഡി ശക്തിപ്പെടുത്തി.  
മോഡി ഗവണ്മെന്റിന്റെ അതിശക്തമായ തിരിച്ചുവരവ് രണ്ട് ചരിത്ര സന്ദർഭങ്ങളുടെ താരതമ്യം ഓർമപ്പെടുത്തുന്നു. നെഹ്‌റുവിനു ശേഷം 1971 ൽ ഇന്ദിരാഗാന്ധി ഗവണ്മെന്റ് ഭരണത്തുടർച്ച ഉണ്ടാക്കിയതിനു 48 വർഷങ്ങൾക്കു ശേഷം  നരേന്ദ്ര മോഡി തന്റെ ഗവണ്മെന്റിന്റെ ഭരണത്തുടർച്ച സാധ്യമാക്കി. അതും ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാരിന്റെ. അഞ്ചു വർഷ ഭരണം പൂർത്തിയാക്കിയ മുൻഗാമി വാജ്‌പേയിയുടെ എൻ.ഡി.എ സർക്കാരിന് സാധിക്കാഞ്ഞ കാര്യം. 
രണ്ട്, 1977 ൽ അടിയന്തരാവസ്ഥയിലെ സർവാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും വ്യത്യസ്ത ദിശയിലാണ് വിധിയെഴുതിയത്.   ഇന്ദിരാഗാന്ധിയെയും മകൻ സഞ്ജയ് ഗാന്ധിയെയും  യഥാക്രമം അന്ന് റായ്ബറേലിയിലും അമേഠിയിലും ദയനീയമായി പരാജയപ്പെടുത്തി.  
ഇത്തവണ അമേഠിയിൽ മകൻ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് 45,000 ലേറെ  വോട്ടുകൾക്ക് പരാജയപ്പെട്ടു. അമ്മയും യു.പി.എ അധ്യക്ഷയുമായ സോണിയാ ഗാന്ധി കോൺഗ്രസിന്റെ ഏക തട്ടകമായി റായ്ബറേലി യു.പിയിൽ നിലനിർത്തി. കോൺഗ്രസിന് 4 സീറ്റു മാത്രം വാഗ്ദാനം ചെയ്ത മഹാസഖ്യം  (ബി.എസ്.പി + എസ്.പി) 80 സീറ്റുകളിൽ നേടിയത് 17 എണ്ണം.  ബാക്കി 63 സീറ്റും മോഡി കൊണ്ടുപോയി. വരാണസിയിൽ സ്ഥാനാർത്ഥിയായും വാഗ്ദാനം നൽകിയും കഴിഞ്ഞ തവണ നേടിയതിൽ 11 സീറ്റ് അവിടെ ജനങ്ങൾ മോഡിക്കു നിഷേധിച്ചു. 1977 ലേതു പോലെ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള വൈരുധ്യം മറ്റൊരു രീതിയിൽ 2019 ൽ പ്രകടമാണ്. 
91 സീറ്റുകളോടെ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ മുന്നണി കേരളത്തിൽ 20 ൽ 20 സീറ്റും നേടുമെന്നാണ് തെരഞ്ഞെടുപ്പു കഴിയും വരെ അവകാശപ്പെട്ടത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും എക്‌സിറ്റ് പോളുകൾ പുറത്തു വന്നിട്ടും 10-15 സീറ്റുകൾ എന്ന അവകാശവാദത്തിൽ ഉറച്ചുനിന്നു.  വൻ പരാജയത്തിന്റെ ഭൂതമാണ് വോട്ടെടുപ്പിൽ പുറത്തു ചാടുകയെന്ന് അംഗീകരിക്കാൻ മുഖ്യമന്ത്രിയും കൂട്ടരും തയാറായില്ല.  
ഒടുവിൽ ആലപ്പുഴയിൽ എം.എൽ.എ  എ.എം, ആരിഫ് കടുത്ത ഏറ്റുമുട്ടലിൽ ഷാനിമോൾ ഉസ്മാനോട് കഷ്ടി 10,494 വോട്ടിന് നേടിയ ഒരു സീറ്റിൽ ഇടതു പാർട്ടികൾക്ക് ഒതുങ്ങേണ്ടിവന്നു. തന്റെ സ്വന്തം അരൂർ മണ്ഡലമടക്കം യു.ഡി.എഫ് കയ്യടക്കിയപ്പോൾ ചേർത്തല, കായംകുളം മണ്ഡലങ്ങളിൽനിന്നു ലഭിച്ച ഭൂരിപക്ഷമാണ് ഗൗരിയമ്മയെ തോൽപിച്ച് ആദ്യമായി നിയമസഭ കണ്ട ആരിഫിനെ  കേരളത്തിൽനിന്ന് പാർലമെന്റിലേക്ക് ഇടതുപക്ഷത്തിന്റെ ഏക പ്രതിനിധിയായി എത്തിക്കുന്നത്.  
കേരളത്തിലെ ഇടതു പാർട്ടികളുടെ പരാജയത്തിന്റെ കാരണം ഈ പംക്തിയിൽ തുടർച്ചയായി ചൂണ്ടിക്കാട്ടിയതാണ്. ശബരിമല പ്രശ്‌നം മുഖ്യമന്ത്രി കൈകാര്യം ചെയ്ത് വഷളാക്കിയതു തൊട്ട് കൊലപാതക രാഷ്ട്രീയം വരെയുള്ള നിരവധി കാരണങ്ങൾ.  
സി.പി.എം വോട്ടുകൾ തന്നെ 91 ലെ തെരഞ്ഞെടുപ്പിലേതു പോലെ വൻതോതിൽ നഷ്ടപ്പെടുമെന്ന് ആവർത്തിക്കുന്നില്ല. മോഡി ഭരണത്തിനെതിരായി ന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷ വിശ്വാസികൾക്കും ഉള്ള ആശങ്ക യു.ഡി.എഫിന് വോട്ടായി മാറുമെന്നും.
ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ അടിത്തറയിളക്കിയ വൻ പരാജയത്തിന്റെ മഞ്ഞുമലയുടെ തുമ്പു മാത്രമാണ്. 52 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതൽ കമ്യൂണിസ്റ്റ് പാർട്ടി നിലനിർത്തിപ്പോന്ന ത്രിപുരയിലെ രണ്ട് ലോക്‌സഭാ സീറ്റുകളും ഇത്തവണ നഷ്ടപ്പെട്ടു. 2 സീറ്റും ബി.ജെ.പി പിടിച്ചെടുത്തതു മാത്രമല്ല രണ്ടിടങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥിക്കു പിറകിൽ സി.പി.എം മൂന്നാം സ്ഥാനത്തായി. എക്കാലത്തും 50 ശതമാനത്തിലേറെ വോട്ടു കിട്ടിയിരുന്ന പാർട്ടിക്ക് ഇപ്പോൾ 16-18 ശതമാനം ജനപിന്തുണ മാത്രം. 
മൂന്നര പതിറ്റാണ്ടോളം ഇടതുമുന്നണി അധികാരത്തിലിരുന്ന പശ്ചിമ ബംഗാളിൽ ഇടതു പാർട്ടികൾക്ക് ലോക്‌സഭയിൽ ഒരു സീറ്റും ലഭിച്ചില്ലെന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തിരിച്ചുവരവ് അസാധ്യമാക്കുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്നെ ഇടതു പാർട്ടികൾ ബി.ജെ.പിക്കു വോട്ടു ചെയ്തത് സി.പി.എം കേന്ദ്ര കമ്മിറ്റി കണ്ടെത്തിയിരുന്നു. 
ഇത്തവണ ബംഗാൾ പിടിക്കാനെത്തിയ മോഡിപ്പടയ്ക്ക്   സി.പി.എം വോട്ടിന്റെ 20 ശതമാനം കൈമറിഞ്ഞു. അതിന്റെ കൂടി പിൻബലത്തിലാണ് ബംഗാളിൽ ബി.ജെ.പി 18 സീറ്റിൽ ജയിച്ചത്. എന്നിട്ടും 22 സീറ്റ് നിലനിർത്തി മമതാ ബാനർജിയും ബംഗാളി ദേശീയതയും പിടിച്ചുനിന്നു. മമതാ ഗവണ്മെന്റിന്റെ നാളുകൾ എണ്ണപ്പെട്ടെന്ന് മോഡിയും അമിത് ഷായും പ്രഖ്യാപിക്കുമ്പോഴും.  
ഉത്തരേന്ത്യയിലും ഉത്തരപൂർവ ദേശത്തും സാന്നിധ്യമുണ്ടായിരുന്ന ഇടതു പാർട്ടികൾക്ക് വർഷങ്ങളോളം പാർലമെന്റിൽ സാന്നിധ്യമുണ്ടായിരുന്ന ആന്ധ്രയിൽനിന്നും    പ്രാതിനിധ്യമില്ലാതായി.   
ഈ അവസ്ഥ ഇടതുപക്ഷത്തെ പൊതുവിലും സി.പി.എം - സി.പി.ഐയെ വിശേഷിച്ചും എവിടെ എത്തിച്ചു എന്നതിന്റെ സൂചന തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ ജനപ്രിയ പ്രചാരണ നായകനായിരുന്ന വി.എസ്. അച്യുതാനന്ദൻ  തന്റെ പ്രതികരണത്തിൽ വ്യക്തമാക്കി: തെരഞ്ഞെടുപ്പു ഫലം ഞെട്ടിക്കുന്നതാണെന്നു പറഞ്ഞ വി.എസ് 'ഇടതുപക്ഷത്തിന്റെ അടിത്തറ കെട്ടിപ്പടുക്കേണ്ടത് എങ്ങനെയെന്ന കാര്യത്തിൽ പുനർവിചിന്തനം നടത്താൻ' ആവശ്യപ്പെട്ടിട്ടുണ്ട്. 
കോൺഗ്രസിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യു.പിയിലെ പി.സി.സി അധ്യക്ഷൻ രാജ് ബബ്ബർ രാജിവെച്ചു. 
തോൽവി ഏറ്റെടുത്ത എ.ഐ.സി.സി പ്രസിഡന്റ്  രാഹുൽ ഗാന്ധി ശനിയാഴ്ച ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാജി നൽകുമോ, യഥാർത്ഥ തിരുത്തലിനുള്ള നടപടി കോൺഗ്രസ് നേതൃത്വം സ്വീകരിക്കുമോ എന്നതും നിർണായകമാണ്. ഇടതുപക്ഷ മുന്നണിയെന്ന പേരിൽ ഇടതു പാർട്ടികൾ മാത്രം മത്സരിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി കേരളത്തിൽ ഏറ്റുവാങ്ങി. അടുത്ത ദിവസങ്ങളിൽ  സി.പി.എമ്മിന്റെ അടിയന്തര നേതൃയോഗങ്ങൾ ചേരുമ്പോൾ  എന്തു പരിഹാര ക്രിയയാണ് ഉണ്ടാവുക - അണികളും ജനങ്ങളും ഒരുപോലെ ഉറ്റുനോക്കുന്നു. 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഒരു നിരീക്ഷണം ഇവിടെ ഉദ്ധരിക്കുന്നു: മതനിരപേക്ഷ ശക്തികൾ ഒരുമിച്ചുനിൽക്കണമെന്ന സീതാറാം യെച്ചൂരിയുടെ ആവശ്യം പോലും തകർത്തെറിഞ്ഞത് മുഖ്യമന്ത്രിയാണ്.  
ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ഇല്ലാതാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എമ്മിന്റെ ഗൊർബച്ചേവാണ്. 
യു.ഡി.എഫിന്റെ ചരിത്ര വിജയത്തിൽ അപമാനിതയായ ഒരു യുവതിയുടെ ഉജ്വല പോരാട്ട വിജയവും പുരുഷ മേധാവിത്വത്തിന്റെ അവഗണനയ്‌ക്കെതിരെ പോരാടിയ മറ്റൊരു മഹിളാ പോരാളിയുടെ പരാജയവും ഉൾക്കൊള്ളുന്നു. 
ആലത്തൂരിലെ രമ്യ ഹരിദാസിന്റെയും ആലപ്പുഴയിലെ ഷാനിമോൾ ഉസ്മാന്റെയും. സി.പി.എമ്മിനും കോൺഗ്രസിനും ഉള്ള ഗുണപാഠങ്ങൾ. 
 

Latest News