Thursday , June   20, 2019
Thursday , June   20, 2019

വെൽഡൺ മിസ്റ്റർ മോഡി; ലോക നേതാക്കളുടെ അഭിനന്ദനം 

ന്യൂദൽഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോക നേതാക്കൾ അഭിനന്ദിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ മോഡിയോടൊപ്പം പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രിക്ക് ഹൃദയംഗമമായ അഭിനന്ദനമറിയിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. മോഡിയുടെ നേതൃത്വത്തിൽ എൻ.ഡി.എ നേടിയ വിജയത്തെ അഭിനന്ദിച്ചു കൊണ്ട് ഷി ജിൻപിങ് പ്രധാനമന്ത്രി മോഡിക്ക് കത്തയച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. 
ഇന്ത്യ-ചൈന ബന്ധത്തിന് മികച്ച പ്രാധാന്യമാണ് നൽകുന്നതെന്നും പ്രധാനമന്ത്രി മോഡിയോടൊപ്പം കൂടുതൽ വികസന പങ്കാളിത്തം ആഗ്രഹിക്കുന്നുവെന്നും ചൈനീസ് പ്രസിഡന്റ് കത്തിൽ പറഞ്ഞു. 
പൊതുതെരഞ്ഞെടുപ്പിൽ ആകർഷകമായ വിജയം നേടിയ മോഡിയെ അഭിനന്ദിച്ച ഇസ്രായിൽ പ്രധാനമന്ത്രി ബെൻയാമിൻ നെതന്യാഹു, തങ്ങളുടെ ഉറ്റ സൗഹൃദവും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കുമെന്ന് ട്വീറ്റ് ചെയ്തു. 
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് താങ്കൾ നൽകുന്ന നേതൃത്വം അംഗീകരിക്കപ്പെട്ടുവെന്നാണ് ആകർഷകമായ വിജയം തെളിയിക്കുന്നത്. ഇന്ത്യയും ഇസ്രായിലും തമ്മിലുള്ള മഹത്തായ സൗഹൃദം ശക്തിപ്പെടുത്താൻ ഇനിയും ഒരുമിച്ച് പ്രവർത്തിക്കും- നെതന്യാഹു പറഞ്ഞു. 
റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിനും മോഡിയെ അഭിനന്ദിച്ചു. ഉഭയകക്ഷി ബന്ധം പൂർണതോതിലാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ സന്നദ്ധമാണന്ന് പുടിൻ സന്ദേശത്തിൽ പറഞ്ഞു.  ഇരുരാജ്യങ്ങൾ തമ്മിലും ജനങ്ങൾ തമ്മിലുമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയെന്ന നിലയിൽ താങ്കൾ പ്രവർത്തിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യ-റഷ്യ തന്ത്രപ്രധാന ബന്ധവും പുടിൻ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ടെലിഫോൺ ചെയ്തു. തിളങ്ങുന്ന വിജയം നേടിയ പ്രധാനമന്ത്രി മോഡിയെ ശ്രീലങ്കൻ പ്രധാനമന്ത്രി രനിൽ വിക്രമസിംഗെ അഭിനന്ദിച്ചു. മോഡിയോടൊപ്പം യോജിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു. 
ഇന്ത്യൻ ജനതയിൽനിന്ന് ശക്തമായ ജനവിധി നേടിയ പ്രധാനമന്ത്രി മോഡിയെ അഫ്ഗാൻ പ്രസിഡന്റ് അശ്‌റഫ് ഗനി അഭിനന്ദിച്ചു. ഇരു ജനാധിപത്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കയാണെന്ന് ഗനി ട്വീറ്റ് ചെയ്തു. ഭൂട്ടാൻ രാജാവ് ജിഗ് മെ ഖെസർ വാങ്ചുക്കും നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലിയും മോഡിയെ അഭിനന്ദിച്ച് സന്ദേശമയച്ചു. തെരഞ്ഞെടുപ്പ് വിജയം നേടിയ പ്രധാനമന്ത്രി മോഡിയെ ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടായ് ഷെറിംഗും  അഭിനന്ദിച്ചു. ഭാവിയിൽ പ്രധാനമന്ത്രി മോഡിയോടൊപ്പം വികസന രംഗത്ത് യോജിച്ച് പ്രവർത്തിക്കാനാകുമെന്ന് നേപ്പാൾ പ്രധാനമന്ത്രി പ്രത്യാശിച്ചു. 
മോഡിയുടെ പാർട്ടിയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം മികവാർന്നതാണെന്നും മോഡി വീണ്ടും അധികാരത്തിലെത്തുന്നത് വികസനം ത്വരിതപ്പെടുത്തുമെന്നും അഭിനന്ദനമറിയിച്ച ബംഗ്ലാദേശ് വിദേശ കാര്യമന്ത്രി ഡോ. എ.കെ. അബ്ദുൽ മോമൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവാമി ലീഗ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ആദ്യമായി വിളിച്ച വിദേശ നേതാവ് പ്രധാനമന്ത്രി മോഡിയായിരുന്നു. വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ത്യയിൽ ശക്തവും സ്ഥിരതയുള്ളതുമായ സർക്കാർ ആവശ്യമാണെന്നാണ് തങ്ങൾ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News