Wednesday , June   26, 2019
Wednesday , June   26, 2019

നഹയുടെ നോമ്പും ഒരു ഘോഷയാത്രയും

കോളേജിൽ പഠിക്കുന്ന കാലത്താണ് മുസ്ലിങ്ങളുടെ റംസാൻ നോമ്പിനെക്കുറിച്ച് ശരിക്കും അറിഞ്ഞത്. സഹപാഠികളായ മുസ്ലിം സുഹൃത്തുക്കൾ നോമ്പെടുക്കുന്നവരായിരിക്കും. അവർ ഭക്ഷണം കഴിക്കാതെ ക്ലാസ്സിൽ വരും. നോമ്പ് എല്ലാ മതസ്ഥർക്കുമുണ്ട്. മാംസാഹാരം കഴിക്കുന്നത് മാത്രം വിലക്കുളള നോമ്പുണ്ട്. എന്നാൽ പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും, ദേഹേച്ഛകളും വെടിഞ്ഞ് പരിപൂർണമായി വ്രതമെടുക്കുന്ന മുസ്ലിങ്ങളായ കൂട്ടുകാരുടെ റംസാൻ ദിനങ്ങൾ എന്നെ അൽഭുതപ്പെടുത്തിയിട്ടുണ്ട്. 
അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റംസാൻ കാലത്ത് അവരുടെ മുമ്പിൽ ഭക്ഷണം കഴിക്കാൻ തുനിയാറില്ല. ആ പതിവ് മുസ്ലിം സഹോദരങ്ങൾ കൂടുതലുളള പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ഇന്നും പുലർത്തുന്നു.
ജീവിതം നിയമസഭയിലേക്ക് പറിച്ചു നട്ടകാലം മുതൽ പാർട്ടിയിലേയും മറ്റുപാർട്ടികളിലേയും നിരവധി മുസ്ലിം സഹോദരങ്ങളായ നിയമസഭാ സാമാജികർക്കൊപ്പം കൂട്ടുകൂടാനും ഇഫ്താറിൽ പങ്കെടുക്കാനും കഴിഞ്ഞിട്ടുണ്ട്.നോമ്പിനെക്കുറിച്ച് കൂടുതൽ അറിയുന്നത് അങ്ങിനെയാണ്. നിയമ സഭയിൽ പിതാക്കളോടും,പിന്നീട് നിയമ സഭാ സാമാജികരായി എത്തിയ മക്കളോടും ഒപ്പം ഇഫ്താറിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 
സി.എച്ച് മുഹമ്മദ് കോയ മകൻ എം.കെ.മൂനീർ,അവുക്കാദർ കുട്ടി നഹ മകൻ പി.കെ.അബ്ദുറബ്ബ്,പി.സീതിഹാജി മകൻ പി.കെ.ബഷീർ അങ്ങിനെ മുസ്ലിംലീഗിലെ പ്രമുഖരുടെ കൂടെയൊക്കെ നോമ്പ് കാലത്ത് കഴിഞ്ഞിട്ടുണ്ട്. അതു പോലെ തന്നെ പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളോടൊപ്പമുളള ഇഫ്താർ വിരുന്നും. മറഞ്ഞു പോയവരൊക്കെ ഓർമ്മയിൽ വരുന്ന കാലഘട്ടം കൂടിയാണ് റംസാൻ കാലം.
ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു നോമ്പ് അനുഭവം അവുക്കാദർ കുട്ടി നഹ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററായിരുന്ന കാലത്താണ്. റംസാൻ കാലത്ത് എന്റെ മണ്ഡലത്തിൽ മൂന്ന് ദിവസത്തെ പരിപാടികൾക്ക് എത്തിയിട്ടുണ്ട് അദ്ദേഹം. അന്ന് നോമ്പ് കാലം കൊടും വേനലിലാണ്. വൈകുന്നേരമാണ് പൊതുപരിപാടി. ഇതിനു മുമ്പ് ഒരുഘോഷയാത്രയുണ്ട്. അന്തിവെയിലിന്റെ ചൂടേറ്റ് പ്രവർത്തകർ പോലും തളരുന്ന സമയത്ത് നഹ സാഹിബ് നോമ്പ് നോറ്റ് ഘോഷയാത്രയിൽ അണിനിരന്നു. അദ്ദേഹം കടുത്ത ക്ഷീണിതനാണെന്ന് എനിക്കറിയാം. ആയതിനാൽ ഞാൻ ഘോഷയാത്രയിൽ അണിനിരക്കുന്നതിനോട് വിലക്കിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. വെയിലേറ്റ് അദ്ദേഹം പങ്കെടുത്തു. വിയർത്തു തളർന്ന അദ്ദേഹത്തിന്റെ മുഖം ഇന്നും എന്റെ ഓർമ്മയിലുണ്ട്. പൊതുപ്രവർത്തനത്തിനിടയിലും സ്വന്തം വിശ്വാസവും കർമ്മങ്ങളും വിട്ട് അവരാരും പ്രവർത്തിച്ചിരുന്നില്ല.
അതിഥികളെ സൽക്കരിക്കുന്ന കാര്യത്തിൽ മലപ്പുറം എന്നും മാതൃകയാണ്. ഒരിക്കൽ തെരഞ്ഞെടുപ്പ് കാലത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രസംഗിക്കാൻ മലപ്പുറത്ത് എത്തിയ സമയം. അന്ന് ഞാൻ നോമ്പുകാരനായിരുന്നു. മാംസാഹാരം കഴിക്കാൻ പാടില്ല. അതു കണ്ടറിഞ്ഞ് അവിടുത്തെ പ്രവർത്തകർ എന്റെ ഭക്ഷണത്തിന്റെ ലിസ്റ്റ് തയ്യാറാക്കിയത് എന്നെ അൽഭുതപ്പെടുത്തിയിട്ടുണ്ട്. രാവിലെ നോമ്പ് മുടക്കാത്ത ഭക്ഷണം കഴിപ്പിച്ചിട്ടെ അവർ പുറപ്പെടാൻ അനുവദിക്കുകയുളളൂ. 
സാധാരണ ദിവസങ്ങളിൽ വീട്ടിൽ നിന്നോ, പോകുന്ന വഴി കാറിൽ വെച്ചോ ആയിരിക്കും എന്റെ പ്രാതൽ. വ്രതം എന്നതിനുളള ബഹുമാനാണ് അവർ നൽകുന്നത്.
റംസാൻ കാലത്തെ ഇഫ്താർ വിരുന്നുകൾ വലിയ സന്ദേശം ലോകത്തിന് നൽകുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. തിരുവനന്തപുരത്തും,ദില്ലിയിലും ഇഫ്താറിൽ പങ്കെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയായപ്പോൾ ഇഫ്താറിന് നേതൃത്വം നൽകിയിട്ടുമുണ്ട്. എല്ലാ രാഷ്ട്രീയ, മത നേതാക്കളും, ജാതി,മത ചിന്തകൾ മറന്ന് ഒരുമിച്ചു കൂടുന്ന വർഷത്തിലെ അപൂർവ്വ സംഗമ വേദിയാണ് ഇഫ്താർ വിരുന്നുകൾ.ഏതു പൊതുപരിപാടികളിലും, വീട്ടു ചടങ്ങിലും വന്നെത്തി ഭക്ഷണം റെഡിയായാൽ അത് കഴിക്കും. എന്നാൽ നോമ്പ് ഇഫ്താറിൽ ഒരു സമയമാണ് അനുവദിച്ചിരിക്കുന്നത്. എല്ലാവരും ഒരേ സമയം ഒരുമിച്ചിരുന്ന് കഴിക്കുക. അത് തന്നെയാണ് റംസാൻ വ്രതത്തെ മറ്റുളള അനുഷ്ഠാനങ്ങളിൽനിന്ന് വ്യത്യസ്ഥമാക്കുന്നത്.
റംസാനിൽ ധർമ്മങ്ങൾ നൽകുന്നതിൽ വിശ്വാസികൾ കൂടുതൽ താൽപര്യം കാണിക്കുന്നു. നാട്ടിലെ പട്ടിണിപ്പാവങ്ങൾക്ക് ഇതുവഴി സഹായങ്ങൾ എത്തുന്നതും നോമ്പിന്റെ പുണ്യമാണ്. ത്യാഗവും സഹനവുമാണ് പരിശുദ്ധ റംസാനിലെ നോമ്പ്. അത് പരിപൂർണമായി ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്താനാണ് വിശ്വാസി ശ്രമിക്കേണ്ടത്.

Latest News