Sunday , June   16, 2019
Sunday , June   16, 2019

മുഖാവരണം ചർച്ചയാകുമ്പോൾ

ഒരോ പുതിയ വിഷയങ്ങൾ ഉയർന്നു വരുമ്പോഴും തർക്കങ്ങൾക്ക് മാത്രം അവസരമൊരുക്കുന്നത് ആ വിഷയത്തിന്റെ യാഥാർഥ്യമെന്താണെന്ന് തിരിച്ചറിയാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തും. മറ്റേതൊരു വിഷയവും പോലെ, മറ്റൊന്ന് വരുമ്പോൾ നിഖാബും ചർച്ചയല്ലാതാകും. അടിസ്ഥാന തത്വങ്ങളിലെ അവ്യക്തത തുടരുകയും ചെയ്യും. വിവിധ വിഭാഗങ്ങളിൽ പെട്ട മതപണ്ഡിതർ നിഖാബ് വിഷയത്തിൽ ഏകാഭിപ്രായം രൂപപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. മുൻവിധികൾ മാറ്റിവെച്ചുള്ള ഒരു സംവാദത്തിന് ഈ വിഷയം വേദിയൊരുക്കട്ടെ.

മുസ്്‌ലിം പെൺകുട്ടികൾ നിഖാബ് ധരിച്ച് മുഖം മറച്ച് കോളേജുകളിൽ വരുന്നതിനെ വിലക്കിക്കൊണ്ടുള്ള മുസ്്‌ലിം എജുക്കേഷണൽ സൊസൈറ്റിയുടെ (എം.ഇ.എസ്) പുതിയ ഉത്തരവ് മുസ്്‌ലിം സമുദായത്തിനുള്ളിൽ പുതിയ ചർച്ചകൾക്കും തർക്കങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. 
മുസ്്‌ലിം സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് ഏറെ കാലമായി വിദ്യാഭ്യാസ മേഖലയിൽ നടന്നു വരുന്ന തർക്കങ്ങളുടെ പുതിയ മുഖമാണ് എം.ഇ.എസിന്റെ ഉത്തരവിലൂടെ പുറത്തു വന്നിരിക്കുന്നത്. അന്യ പുരുഷൻമാർക്കിടയിൽ നിൽക്കുമ്പോൾ സ്ത്രീകൾ മുഖമുൾപ്പടെയുള്ള ശരീര ഭാഗങ്ങൾ പൂർണമായും മറച്ചിരിക്കണമെന്ന ഇസ്്‌ലാമിക നിയമമാണ് എം.ഇ.എസിന്റെ ഉത്തരവിലൂടെ ലംഘിക്കപ്പെട്ടിരിക്കന്നതെന്ന വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്. ഇതിനെതിരെ വിവിധ സുന്നി സംഘടനകളും മുജാഹിദിലെ ഒരു വിഭാഗവും പാണക്കാട് തങ്ങൾ കുടുംബവും പരസ്യമായി രംഗത്തെത്തിയിരുന്നു. നിഖാബ് വിവാദത്തിന് പിന്നാലെയാണ് പർദ ധരിച്ച് വോട്ട് ചെയ്യുന്നത് തടയണമെന്ന് സി.പി.എം കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു വന്നിരിക്കുന്നത്. രണ്ട് വിവാദങ്ങളും വ്യത്യസ്ത പശ്ചാത്തലത്തിലുള്ളതാണെങ്കിലും അടിസ്ഥാന വിഷയം മുസ്്‌ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ്.
മുസ്്‌ലിം പെൺകുട്ടികളുടെ വസ്ത്രധാരണത്തിന് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ദേശീയ പ്രവേശന പരീക്ഷാ കമ്മീഷണറുടേതുൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറത്തു വന്ന ഉത്തരവുകൾക്ക് പിന്നാലെയാണ് എം.ഇ.എസിന്റെ ഉത്തരവും ഇറങ്ങിയിരിക്കുന്നത്. പ്രവേശന പരീക്ഷകളിൽ മുഖംമറക്കുന്നതും ചെവി മറക്കുന്നതുമൊക്കെ നിയന്ത്രിച്ചിട്ട് ഏറെ കാലമായി. ഈ നിയമങ്ങൾ പാലിച്ചുകൊണ്ടു തന്നെയാണ് മുസ്്‌ലിം പെൺകുട്ടികൾ പ്രവേശന പരീക്ഷ എഴുതി വരുന്നത്. വിമർശനങ്ങൾ ഏറെ ഉയർന്നെങ്കിലും ഉത്തരവ് തിരുത്തില്ലെന്ന് എം.ഇ.എസ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതു സംബന്ധിച്ച് മലബാറിലെ സുന്നി പണ്ഡിതർ ഉയർത്തിയ എതിർപ്പുകൾക്ക് നേരെ എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പ്രതികരിച്ചിരിക്കുന്നത് രൂക്ഷമായ ഭാഷയിലാണ്. ഇരുവിഭാഗവും വിട്ടുവീഴ്ചകൾക്കില്ലെന്നതിനാൽ നിഖാബ് വിഷയം വരുംകാലങ്ങളിലും വാദപ്രതിവാദങ്ങൾക്കുള്ള കാരണമായി നിലനിൽക്കാനാണ് സാധ്യത.
ഇസ്്‌ലാമിന്റെ അടിസ്ഥാന നിയമത്തിന്റെ നിരാകരണമായാണ് എം.ഇ.എസിന്റെ നിലപാടിനെ സുന്നി പണ്ഡിതർ ചൂണ്ടിക്കാട്ടുന്നത്. ദേശീയ തലത്തിൽ മുസ്്‌ലിംകളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ആർ.എസ്.എസും കേരളത്തിൽ ശബരിമല വിഷയത്തിലൂടെ മതസ്വാതന്ത്ര്യത്തിന് മേൽ കൈകടത്തുന്ന സംസ്ഥാന സർക്കാരും നടത്തുന്ന ശ്രമങ്ങളുമായി എം.ഇ.എസ് നിലപാടിനെയും കൂട്ടിവായിക്കാനാണ് സുന്നി പണ്ഡിതർ ശ്രമിക്കുന്നത്. മതത്തെ കൃത്യതയോടെ പിന്തുടരുന്നവർക്കിടയിൽ അസ്വസ്ഥതയുണ്ടാക്കുന്ന നിലപാടുകളാണിതെല്ലാമെന്ന് അവർ വിമർശിക്കുന്നു. ഒരു വിദ്യാഭ്യാസ സംഘടന എന്ന നിലയിൽ എം.ഇ.എസിന് ഈ വിഷയത്തിലുള്ള മതപരമായ നിയമത്തെ കുറിച്ച് ഏറെയൊന്നും താൽപര്യമില്ല. ഇത്തരം വിഷയത്തിൽ മതപരമായ നിലപാട് പ്രഖ്യാപിക്കാൻ അനുമതിയുള്ള ഒരു മത സംഘടനയുമല്ല എം.ഇ.എസ്. അവരെ സംബന്ധിച്ച് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപാണ് പ്രധാന അജണ്ട. ബഹുസ്വര സമൂഹത്തിൽ ജനാധിപത്യ സർക്കാരുകൾ കൊണ്ടുവരുന്ന നിയമങ്ങളും നിലപാടുകളുമാണ് അവർക്ക് പ്രധാനം. നിലവിൽ എം.ഇ.എസ് കോളേജുകളിൽ പഠിക്കുന്ന മുസ്്‌ലിം വിദ്യാർഥികളിൽ ഭൂരിഭാഗവും നിഖാബ് ധരിച്ച് എത്തുന്നവരല്ല. അതുകൊണ്ടു തന്നെ എം.ഇ.എസ് സ്ഥാപനങ്ങളിൽ ഈ ഉത്തരവ് കാര്യമായ പ്രതിഷേധത്തിന് കാരണമാകാനിടയില്ല. എന്നാൽ സുന്നി മാനേജ്്‌മെന്റുകൾ നടത്തുന്ന സ്ഥാപനങ്ങളിൽ നിഖാബ് നിർബന്ധപൂർവവും വ്യാപകമായും ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. എം.ഇ.എസിനെ പോലെ പൊതുസമൂഹത്തിൽ ഏറെ അംഗീകാരമുള്ള ഒരു മാനേജ്്‌മെന്റ് എടുക്കുന്ന നിലപാടുകൾ മറ്റു സ്ഥാപനങ്ങളിലെ കുട്ടികൾക്കിടയിൽ എന്ത് ചലനങ്ങളാണ് ഉണ്ടാക്കുകയെന്നതാണ് പ്രധാന പ്രശ്്‌നം. എം.ഇ.എസിന്റെ നിലപാടിനെ വലിയ സാമൂഹിക മാറ്റത്തിനുള്ള അഹ്വാനമായി പ്രകീർത്തിക്കുന്നവരുമുണ്ട്. എന്നാൽ ഇതര സ്ഥാപനങ്ങളിൽ അത് അസ്വസ്ഥതകൾ പടർത്താൻ ഇടയാക്കിയേക്കാം. പല സ്ഥാപനങ്ങളുടെയും വ്യക്തിത്വത്തെ വരെ ഇത് ബാധിച്ചേക്കാം എന്ന പ്രശ്‌നവും ഉയർന്നു വരുന്നുണ്ട്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ എം.ഇ.എസിന്റെ നിലപാട് കാര്യമായ ചലനങ്ങളുണ്ടാക്കുന്ന ഒന്നല്ല. വിദ്യാർഥികൾ മാന്യമായി വസ്ത്രം ധരിക്കണമെന്നതിനപ്പുറം ഏതെങ്കിലും മതത്തിന്റെ വസ്ത്രധാരണ രീതിക്ക് നിയമം മൂലം സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. മുസ്്‌ലിം പെൺകുട്ടികൾക്ക് തലയിൽ തട്ടമിട്ട് സ്‌കൂളിൽ വരാൻ സർക്കാരിന്റെ വിലക്കില്ല. പല എയ്്ഡഡ് സ്‌കൂളുകളിലും ഇന്നും തലയിൽ തട്ടമിടിടുന്നതിന് വിലക്കുണ്ടെന്ന യാഥാർഥ്യവും ഇതോടൊപ്പം കൂട്ടിവായിക്കണം.
വിദ്യാഭ്യാസ മേഖലയിൽ നിഖാബ് ഉപയോഗിക്കുന്നത് പ്രായോഗികമായ പല ബുദ്ധിമുട്ടികൾക്കും കാരണമാകുന്നുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടാറുണ്ട്. അധ്യാപകൻ ക്ലാസെടുക്കുമ്പോൾ കുട്ടികൾ ക്ലാസിൽ ശ്രദ്ധിക്കുന്നുണ്ടോ എന്നും അവർ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ടോ എന്നും അറിയാൻ അവരുടെ മുഖം കാണേണ്ടത് അനിവാര്യമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് പെൺകുട്ടികളുടെ മുഖം കാണാനുള്ള അധ്യാപകരുടെ തന്ത്രമാണെന്ന വിമർശവും ചിലർ ഉന്നയിക്കാറുണ്ട്. ഗുരു-ശിഷ്യ ബന്ധങ്ങളിൽ അത്തരം അധാർമികതക്ക് ഏറെയൊന്നും സ്ഥാനമില്ലെന്ന സത്യം ഇത്തരം വിമർശകർ മനസ്സിലാക്കേണ്ടതുണ്ട്.
മുസ്്‌ലിം വസ്ത്രധാരണം സംബന്ധിച്ച് ഇന്ത്യയിൽ മുസ്്‌ലിംകൾക്കിടയിൽ തന്നെ ഏകാഭിപ്രായമില്ലെന്നതാണ് ഈ ഭിന്നതകൾ കാണിക്കുന്നത്. ഇന്ത്യയിലേക്ക് വരുമ്പോൾ ഇത്തരം കാര്യങ്ങളിൽ ആദ്യം ഉണ്ടാകേണ്ടത് പണ്ഡിതർക്കിടയിലും മുസ്്‌ലിം വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കിടയിലും മതവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കിടയിലും ഏകാഭിപ്രായമുണ്ടാകുക എന്നതാണ്. പല വഴിക്ക് തിരിഞ്ഞ് പല നിയമങ്ങൾ പറയുന്ന മത നേതൃതങ്ങൾക്കിടയിൽ നിന്ന് ഏതൊരു വിഷയത്തിലും അഭിപ്രായ ഐക്യമുണ്ടാകുകയെന്നത് എളുപ്പമുള്ള കാര്യമാകില്ല. ഇക്കാര്യത്തിൽ സർക്കാരുകൾക്കോ മതത്തിന് പുറത്തുള്ളവർക്കോ ഇടപെടാനുള്ള ഇടവുമില്ല. 
മതനിയമങ്ങളിലെ അവ്യക്തതയും അവയുടെ പ്രയോഗവൽക്കരണത്തിലെ ഭിന്നാഭിപ്രായങ്ങളും ഒഴിവാക്കുന്നതിനുള്ള നടപടികളാണ് മതപണ്ഡിതർക്കിടയിൽ നിന്നുണ്ടാകേണ്ടത്. ഇതിനായി ആവശ്യമെങ്കിലും സംവാദങ്ങൾ നടക്കണം, ഏകാഭിപ്രായങ്ങൾ രൂപപ്പെടണം. അതില്ലാതെ, ഒരോ പുതിയ വിഷയങ്ങൾ ഉയർന്നു വരുമ്പോഴും തർക്കങ്ങൾക്ക് മാത്രം അവസരമൊരുക്കുന്നത് ആ വിഷയത്തിന്റെ യാഥാർഥ്യമെന്താണെന്ന് തിരിച്ചറിയാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തും. മറ്റേതൊരു വിഷയവും പോലെ, മറ്റൊന്ന് വരുമ്പോൾ നിഖാബും ചർച്ചയല്ലാതാകും. അടിസ്ഥാന തത്വങ്ങളിലെ അവ്യക്തത തുടരുകയും ചെയ്യും. വിവിധ വിഭാഗങ്ങളിൽ പെട്ട മതപണ്ഡിതർ നിഖാബ് വിഷയത്തിൽ ഏകാഭിപ്രായം രൂപപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. മുൻവിധികൾ മാറ്റിവെച്ചുള്ള ഒരു സംവാദത്തിന് ഈ വിഷയം വേദിയൊരുക്കട്ടെ.