Thursday , June   20, 2019
Thursday , June   20, 2019

ഇന്ത്യയില്‍ യു.എസ് മോഡല്‍ ധ്രുവീകരണം; കേന്ദ്ര ബിന്ദു മോഡി

ന്യൂദല്‍ഹി- ഇന്ത്യയില്‍ അമേരിക്കന്‍ മാതൃകയിലുള്ള ധ്രുവീകരണത്തിനാണ് പൊതുതെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രത്തില്‍ വിശകലനംം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചൊല്ലി അടുക്കളകളില്‍ പോലും തമ്മില്‍തല്ലാണ് നടക്കുന്നതെന്ന് നിഹ മസിഹും ജോവന്ന സ്ലാറ്ററും തയാറാക്കിയ ലേഖനത്തില്‍ പറയുന്നു.

ലഖ്‌നൗവിലെ സീമ-സഞ്ജീവ് ഖന്ന ദമ്പതികളുടെ കഥയാണ് ഉദാഹരണമായി ചേര്‍ത്തിരിക്കുന്നത്. ഇവരുടെ 31 വര്‍ഷത്തെ ദാമ്പത്യത്തില്‍ വീടിനെ ചൊല്ലിയും കുട്ടികളെ ചൊല്ലിയും സമ്പത്തിനെ ചൊല്ലിയുമൊക്കെ കലഹിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ മോഡിയുടെ പേരിലുള്ള കലഹത്തോളം വരില്ലെന്ന് പറയുന്നു. മോഡി ശരി മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് സീമ വാദിക്കുമ്പോള്‍ മോഡി ചെയ്ത ഒന്നും ശരിയല്ലെന്ന അഭിപ്രായക്കാരനാണ് സഞ്ജീവ്. മോഡിയുടെ പേരിലുള്ള തര്‍ക്കത്തിനു ശേഷം മണിക്കൂറുകളോളം ഇവര്‍ സംസാരിക്കാറില്ല. രാഷ്ട്രീയം പറയരുത് എന്ന തീരുമാനത്തോടെയാണ് വീട്ടില്‍ സമാധാനം തിരിച്ചുപിടിക്കുക.

ഇത്തരം രാഷ്ട്രീയ വിഭാഗീയത അമേരിക്കയില്‍ സുപരിചതമാണെങ്കിലും താരതമ്യേന ഇന്ത്യയില്‍ പുതിയതാണ്. ഏഴു ഘട്ടം നീണ്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം അമേരിക്കയിലേതിനു സമാനമായിട്ടുണ്ട്. ഏതു പ്രശ്‌നത്തേയും വിഭാഗീയതയിലൂടെയാണ് സമീപിക്കുന്നത്. സമൂഹമാധ്യമങ്ങളാണ് തര്‍ക്കങ്ങളുടെ വേദി. രാഷ്ട്രീയത്തിന്റെ പേരിലുള്ള വിയോജിപ്പുകള്‍ ബന്ധങ്ങളെ തകര്‍ക്കുന്നു.

ജനങ്ങള്‍ക്ക് മുമ്പും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നുവെങ്കിലും ഇത്രത്തോളം ശത്രുത ഉണ്ടായിരുന്നില്ലെന്നും ഇത് ആരോഗ്യകരമല്ലെന്നും ലഖ്‌നൗവിലെ വനിതാ അവകാശ പ്രവര്‍ത്തക 47 കാരി നിതീ സക്‌സേന അഭിപ്രായപ്പെടുന്നു. വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിഭജനത്തിന്റെ കേന്ദ്ര ബിന്ദു മോഡിയാണ്. ഒരു ഭാഗത്ത് തന്റെ തികഞ്ഞ ഭക്തരേയും മറുഭാഗത്ത് കഠിന ശത്രുക്കളേയും അദ്ദേഹം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യ മൗലികമായി ഹിന്ദു രാഷ്ട്രമാണെന്നും മതേതര റിപ്പബ്ലിക്കല്ലെന്നുമുള്ള ആശയം മുന്നോട്ടുവെക്കുന്ന ബി.ജെ.പിക്കാണ് അദ്ദേഹം നേതൃത്വം നല്‍കുന്നത്. പക്ഷം ചേരാത്ത സംഭാഷണത്തിന് ഇടമില്ലാതായിരിക്കുന്നുവെന്നും സ്വീകരണ മുറികളിലും തീന്‍മേശകളിലും വരെ ധ്രുവീകരണം കാണാമെന്നും രാഷ്ട്രീയത്തെ കുറിച്ചുള്ള മോഡിയുടെ കാഴ്ചപ്പാട് ജനങ്ങളെ ശത്രുക്കളും മിത്രങ്ങളുമായാണ് വേര്‍തിരിക്കുന്നതെന്നും ബ്രൗണ്‍ യൂനിവേഴ്‌സിറ്റിയിലെ അശുതോഷ് വര്‍ഷ്‌ണെ അഭിപ്രായപ്പെടുന്നു.

ഇന്ത്യന്‍ രാഷ്ട്രീയം കൂടുതല്‍ ധ്രുവീകരിക്കപ്പെടുകയാണെന്നതിന് ഗവേഷണങ്ങള്‍ അടിവരയിടുന്നു. ബഹുകക്ഷി വ്യവസ്ഥയുള്ള ഇന്ത്യയും രണ്ട് പാര്‍ട്ടികള്‍ മാത്രമുള്ള അമേരിക്കയും തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാതൃകയിലാക്കാനാണ് മോഡി ശ്രമിച്ചത്. പാര്‍ട്ടിയിലേക്കോ പാര്‍ലമെന്റിലെ പ്രതിനിധികളിലേക്കോ നോക്കാതെ തന്നിലേക്ക് നോക്കാനാണ് മോഡി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചത്.

മോഡിയെ ചൊല്ലി അസഹിഷ്ണുതയും വിദ്വേഷവും വ്യാപിക്കുകയാണെന്ന് ദല്‍ഹിയിലേയും ലഖ്‌നൗവിലേയും അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍ഥിച്ചാണ് ലേഖനം അവസാനിക്കുന്നത്.

 

Latest News