Thursday , June   20, 2019
Thursday , June   20, 2019

ഉംറ തീർഥാടകരെ വഞ്ചിച്ച ട്രാവൽസ് ഉടമ പോലീസിൽ കീഴടങ്ങി

വഞ്ചിക്കപ്പെട്ട പാലക്കാട്ടെ 45 പേർ ഉംറക്കായി കാത്തിരിക്കുന്നു 
മക്കയിൽ കുടുങ്ങിക്കിടന്നവർ പരസഹായത്താൽ നാടണഞ്ഞു 

കരുവാരകുണ്ട്- ഉംറ തീർഥാടനത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി മുങ്ങിയ മേലാറ്റൂരിലെ ഗ്ലോബൽ ഗൈഡ് ട്രാവൽസ് ഉടമ മണ്ണാർക്കാട് സ്വദേശി അക്ബർ അലി പോലീസിൽ കീഴടങ്ങി. ഈ ഏജൻസി വഴി മക്കയിലെത്തിയ 33 പേരുടെ മടക്കയാത്രാ ടിക്കറ്റ് റദ്ദാക്കി അക്ബർ അലി പണം തട്ടിയെടുക്കുകയായിരുന്നുവത്രെ.
മേലാറ്റൂർ പോലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. ഉംറ തീർഥാടനത്തിനായി ഇവരോരുത്തരും 50,000 മുതൽ ലക്ഷങ്ങൾ വരെ നൽകി കാത്തിരിക്കുകയായിരുന്നു. പാസ്‌പോർട്ട് ഉൾപ്പെടെയുളള രേഖകളും ട്രാവൽ ഏജൻസിക്ക് നൽകി. എന്നാൽ, പോകേണ്ട തീയതിയെക്കുറിച്ചോ യാത്രയുടെ വിശദാംശങ്ങളെ കുറിച്ചോ ഒരറിയിപ്പും കിട്ടിയിരുന്നില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വഞ്ചിക്കപ്പെട്ടതായി ഇവർ മനസ്സിലാക്കുന്നത്. പാലക്കാട്ട് മാത്രം 45 പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. 
ഓഫീസിൽ എത്തിയെങ്കിലും പൂട്ടിക്കിടക്കുകയായിരുന്നു. അക്ബർ അലിയെ ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. പോലീസിൽ പരാതി നൽകിയിട്ടും ഇയാളെ കണ്ടുപിടിക്കുന്നതിൽ മെല്ലെപ്പോക്കാണെന്ന ആരോപണത്തിലായിരുന്നു വഞ്ചിക്കപ്പെട്ടവർ. അക്ബർ അലിക്കെതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. തുടർന്നു പോലീസ് ഇടപെട്ട് ആളുകളുടെ പാസ്‌പോർട്ടും രേഖകളും ഓഫീസ് തുറന്നു കണ്ടെടുത്ത് നൽകിയിരുന്നു.  അക്ബർ അലിയുടെ ട്രാവൽ ഏജൻസി വഴി ഉംറക്ക് പോയി മക്കയിൽ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാൻ ബന്ധുക്കൾ വിദേശകാര്യ മന്ത്രാലത്തിന്റെ സഹായം തേടിയിരുന്നു. മലപ്പുറത്തും പാലക്കാട്ടുമുളളവരാണ് തട്ടിപ്പിനിരയായത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

Latest News