Wednesday , June   19, 2019
Wednesday , June   19, 2019

വീണ്ടും പഴയ ആ ചോദ്യം

മണിനാദം പോലെയുള്ള ഒരു പേർ - ബെൽ. ഒരു പുലരാൻ കാലത്ത് എഴുന്നേറ്റപ്പോൾ എനിക്കു വേണ്ടപ്പെട്ട ഒരാൾക്ക് മണി കെട്ടിയിരിക്കുന്നു.  വളച്ചുകെട്ടാതെ പറഞ്ഞാൽ ചാൾസ് ബെൽ എന്ന ശാസ്ത്രജ്ഞന്റെ പേരു കിട്ടിയ രോഗം പിടികൂടിയിരിക്കുന്നു. ബെൽസ് പാൾസി. കോടിയ മുഖവും പടപടക്കുന്ന ഹൃദയവുമായി രോഗി രാജശേഖരൻ നായരുടെ മുന്നിലെത്തി. കൊഞ്ഞനം കാട്ടുന്ന മുഖം ഗൗനിക്കാതെ അദ്ദേഹം യവനപുരാണവും നചികേതസ്സിന്റെ ക്ഷമയും വിവരിക്കാൻ തുടങ്ങി. ഒടുവിൽ പറഞ്ഞു, 'മുഖം കണ്ടു. മിനുക്കേണ്ട.'

വീണ്ടും പഴയ അതേ ചോദ്യം വരുന്നു. പേരിലെന്തിരിക്കുന്നു? ആയിരം തവണ ഉയരുകയും ആയിരത്തൊന്നു തവണ ഉത്തരമില്ലാതെ അലയുകയും ചെയ്യുന്ന ആ ചോദ്യത്തിന് ആവൺ പുഴക്കരയിലെ കവിവര്യനേക്കാൾ എത്രയോ പഴക്കമേറും. ഇക്കുറി അത് എന്റെ ഉള്ളിൽ ഉണർന്നത്
ഒരു രോഗാവസ്ഥയുമായി ബന്ധപ്പെട്ടാണെന്നേയുള്ളൂ. ജെയിംസ് പാർക്കിൻസൺ എന്ന ഒരു ബ്രിട്ടിഷ് വൈദ്യന്റെ പേരിൽ അറിയപ്പെടുന്നതാണ് രോഗം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അദ്ദേഹം തിരിച്ചറിഞ്ഞ രോഗത്തിന് അദ്ദേഹത്തിന്റെ പേരു വീണു. ചോദ്യം ആവർത്തിക്കട്ടെ, പേരെന്തായാലും രോഗം രോഗം തന്നെയല്ലേ?
കൊള്ളരുതാത്ത ഏതോ വെളുപ്പാൻ കാലത്ത് എനിക്കു തോന്നി, എന്റെ നടത്തം പതുക്കെയായിരിക്കുന്നു. വേഗം നീങ്ങി ശീലിച്ച കാലുകൾക്ക് ഒരു അമാന്തം.  നിൽപ് ഉറക്കുന്നില്ലെന്നുണ്ടോ? ആകാശത്തെ തുരക്കാൻ കരുത്തുണ്ടെന്നു കരുതിയിരുന്ന ചൂണ്ടാണി വിരൽ, സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന വിധം, വിറക്കുന്നുവോ?
ഡോക്ടർ രാജശേഖരൻ നായർ കരുതിവെച്ചിട്ടുള്ള ചോദ്യങ്ങൾക്ക് ചേരും വണ്ണമായിരുന്നു രോഗവിശേഷം.
നടത്തം പതുക്കെയായിരിക്കുന്നു.  നടത്തം മാത്രമല്ല, രാജശേഖരൻ നായർ പറഞ്ഞു: ശരീരത്തിന്റെ സകല പ്രവർത്തനത്തെയും മന്ദീഭവിപ്പിക്കുന്നതാണ് മൂപ്പരുടെ, പാർക്കിൻസൺന്റെ, പരിപാടി. അച്ഛൻ ശൂരനാട് കുഞ്ഞൻ പിള്ളയിൽനിന്ന് സംസ്‌കൃതവും വേദവും മനസ്സിലാക്കിയ ഡോക്ടർക്ക് ഒറ്റ നോട്ടമേ വേണ്ടിവന്നുള്ളൂ, രോഗം എന്താണെന്നു പിടി കിട്ടാൻ.  ലക്ഷണം വെച്ചുനോക്കിയാൽ അത് പണ്ടാരോ അക്കിനേഷ്യ എന്നു പേരിട്ട മാരണം തന്നെ. തന്നിഷ്ടം പോലെ അവയവങ്ങൾ ചലിപ്പിക്കാൻ പറ്റാതാവുക. പിന്നീട് അത് പാർക്കിൻസൺ രോഗം എന്നു വിളി കൊണ്ടു.
വേദവും സാഹിത്യവും വിട്ട് രാജശേഖരൻ നായർ എന്നെ രസതന്ത്രത്തിലൂടെ കൈപിടിച്ചു നടത്താൻ തുടങ്ങി. ഡോപ്പാമിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിനെ പരിചയപ്പെടുത്തി. സിരാപടലത്തിൽ സ്വതവേ ഉണ്ടാകുന്നതാണ് ഡോപ്പാമിൻ. 
അതിന്റെ അളവ് കുറഞ്ഞാൽ ശരീരത്തിന്റെ താളം തെറ്റും. എനിക്കുണ്ടായിരിക്കുന്ന താളപ്പിഴയുടെ പിണരുകൾ എന്റെ ശ്രീമതി വിവരിക്കുകയായിരുന്നോ  രാജശേഖരൻ നായർ ശരി വെക്കുകയായിരുന്നോ എന്നേ ശ്രദ്ധിക്കേണ്ടിയിരുന്നുള്ളൂ. ശ്രീമതിക്കു തോന്നിയത് പറയും മുമ്പേ ഡോക്ടറിൽനിന്നു സ്ഥിരീകരണം വന്നു.
ഉണർവില്ല. പകൽ ഉറക്കം തൂങ്ങുന്നു. വായിൽനിന്ന് ഉമിനീർ ഊറുന്നു. രാവിലെ പതിവിലും നേരത്തേ എണീക്കുന്നു. ഒച്ചയടക്കുന്നു. പിന്നെ, ലക്ഷണത്തിന്റെ പട്ടികയിൽ  ആദ്യം വരേണ്ട കാര്യങ്ങളും. നടത്തം ശ്രമകരമാകുന്നു. മുന്നോട്ട് ആയുകയും തല കുനിയുകയും ചെയ്യുന്നു. നിൽപ് ഉറക്കാതാകുന്നു. അവയവങ്ങളിൽ വിറയൽ അനുഭവപ്പെടുന്നു. ആകപ്പാടെ കേട്ടാൽ പേടി തോന്നിക്കുന്ന വിവരണം തീർന്നപ്പോൾ ഡോക്ടർ പറഞ്ഞു: സാരമില്ല, തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഭേദപ്പെടുത്താം.
ഒരിക്കലും ഭേദപ്പെടുത്താൻ നോക്കാത്ത പാർക്കിൻസൺ രോഗം ഞാൻ ആദ്യം കണ്ടത് നീലിയുടെ കയ്യിൽ ആയിരുന്നു.  നീലി എപ്പോഴും കൂനി നടന്നു, തൊണ്ണൂറു ഡിഗ്രി കോണിൽ. കണിശമായി വിറക്കുന്ന കൈ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരുന്നു. വിറക്കുന്ന കയ്യിൽ ഇല്ലംനിറക്കു വേണ്ട കതിരുകളുമായി കൂനി നീങ്ങുന്ന നീലിയാണ് എന്റെ ഓർമ്മ. അച്ഛന്റെ കൈയും താന്തോന്നിയെപ്പോലെ വിറച്ചിരുന്നു. അകാരണമായി വിറയൽ ഏറും, കുറയും. എന്തായാലും, ഏതു ഭൂകമ്പം വന്നാലും, ചൂണ്ടുവിരലിനും തള്ളവിരലിനുമിടയിൽ പിടിച്ചിരുന്ന ടി. എ. എസ് രത്‌നം പൊടിയിൽ ഒരു തരിയും പുറത്തു വീഴില്ല. അവസരം കിട്ടുമ്പോഴെല്ലാം
മരുന്ന് കഴിച്ചിരുന്ന അച്ഛൻ കൈവിറ മാറ്റാൻ ഗുളികയോ കഷായമോ തൈലമോ ഉപയോഗിച്ചതായി ഓർക്കുന്നില്ല. ആ വൈകല്യം ഒരു സ്വാഭാവികതയായി പോലും തോന്നി.
അങ്ങനെ തോന്നേണ്ട കാര്യമില്ലെന്നു പറഞ്ഞു രാജശേഖരൻ നായർ. സ്വതവേ തലച്ചോറിൽ രൂപപ്പെടുന്ന ഡോപാമിൻ തുടങ്ങിയ രാസപദാർഥങ്ങളുടെ അളവ് ക്രമീകരിക്കാനുള്ള തന്ത്രവും സമവാക്യവും ഉടനേ ശരിയാകുമത്രേ. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജനിതക ഗവേഷണം, കവിഞ്ഞാൽ, ഒരഞ്ചു കൊല്ലത്തിൽ പൂർത്തിയാകും.
പ്രകൃതിയുടെ ഒരു വിക്രിയ പ്രകൃതിയുടെ തുണയോടെ മനുഷ്യൻ ഭേദപ്പെടുത്തിയെടുക്കുന്നു. അതുവരെ മരുന്ന് കഴിച്ചുനോക്കാം. ഒന്നര രൂപയുടെ ഗുളിക കുറച്ചു ദിവസം കഴിച്ചാൽ പാർക്കിൻസണെ പറഞ്ഞൊതുക്കാമെന്നു രാജശേഖരൻ നായർ ആശ്വസിപ്പിച്ചപ്പോൾ നന്ദി തോന്നി.
അതിനു മുമ്പ് രാജശേഖരൻ നായരെ കണ്ടത് വീണ്ടും പേരുമായി ബന്ധപ്പെട്ട കാര്യത്തിനായിരുന്നു. മണിനാദം പോലെയുള്ള ഒരു പേർ - ബെൽ. ഒരു പുലരാൻ കാലത്ത് എഴുന്നേറ്റപ്പോൾ എനിക്കു വേണ്ടപ്പെട്ട ഒരാൾക്ക് മണി കെട്ടിയിരിക്കുന്നു.  വളച്ചുകെട്ടാതെ പറഞ്ഞാൽ ചാൾസ് ബെൽ എന്ന ശാസ്ത്രജ്ഞന്റെ പേരു കിട്ടിയ രോഗം പിടി കൂടിയിരിക്കുന്നു. ബെൽസ് പാൾസി. കോടിയ മുഖവും പടപടക്കുന്ന ഹൃദയവുമായി രോഗി രാജശേഖരൻ നായരുടെ മുന്നിലെത്തി. കൊഞ്ഞനം കാട്ടുന്ന മുഖം ഗൗനിക്കാതെ അദ്ദേഹം യവന പുരാണവും നചികേതസ്സിന്റെ ക്ഷമയും വിവരിക്കാൻ തുടങ്ങി. ഒടുവിൽ പറഞ്ഞു, 'മുഖം കണ്ടു. മിനുക്കേണ്ട.'
മുഖം നഷ്ടപ്പെടുത്തുമെന്നു പേടിച്ച രോഗത്തിനു ചികിത്സയേ വേണ്ട എന്നായിരുന്നു ഡോക്ടറുടെ നിർദേശം. വക്രീകരിച്ച ഭാഗത്ത് കുറെ നേരം തടവിയാൽ മതി. അങ്ങനെ ചാൾസ് ബെൽ തന്റെ പേരിട്ടു വളർത്തിയ ഭീകരനെ ഒതുക്കി.
യോഹന്നാസ് ഹോഫർ എന്ന സ്വീഡിഷ് വൈദ്യന്റെ പേരു കിട്ടണമായിരുന്നു ഗൃഹാതുരത്വം എന്ന ആതുരതക്ക്. ആൽപ്‌സ് മലനിരകളിലേക്ക് നിയോഗിക്കപ്പെട്ട പട്ടാളക്കാരിൽ ചിലരിൽ കണ്ട അസ്വസ്ഥതയ്ക്ക് അദ്ദേഹം വീട്ടിൽനിന്നുള്ള അകൽച്ച കാരണമായി കണ്ടു- ഹോം സിക്‌നെസ്സ് - ഗൃഹാതുരത്വം. ഹോഫർ തിരിച്ചറിഞ്ഞ ആ രോഗാവസ്ഥക്ക്
സ്വന്തം പേര് കൊടുക്കാഞ്ഞതെന്തേ ആവോ? അദ്ദേഹത്തിനു മുമ്പ് മരത്തിലിരുന്നു കൂകുന്ന കുയിലിനെ നോക്കി മറുപാട്ടു പാടാൻ തോന്നിയിരുന്നില്ലെന്നു വരുമോ?
അവരേക്കാളൊക്കെ ഭീകരനാണല്ലോ നൂറ്റിയിരുപതു കൊല്ലം മുമ്പ് ജർമൻ വൈദ്യൻ കണ്ടുപിടിച്ച് ഓമനപ്പേരിട്ട അൽഷെയ്മർ രോഗം. പ്രായം ചെല്ലുമ്പോൾ പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റുക, അടുത്ത സംഭവങ്ങൾ മറന്നു പോവുക. പത്തുകൊല്ലം കൊണ്ട് ഓർമ മുഴുവനും ചോർന്നുപോകുന്ന ആ പ്രക്രിയ പൂർത്തിയാകുന്നു.
എന്നിട്ടും മരണം ഒന്നും കനിഞ്ഞോതാതെ നിന്നേക്കാം. അൽഷെയ്മർ ഉയർത്തുന്ന വെല്ലുവിളിക്ക് മറുവിളി കാണാൻ മനുഷ്യന് ഇനിയുമായിട്ടില്ല.  ജർമൻ വൈദ്യൻ കണ്ടെത്തുന്നതിനും എത്രയോ മുമ്പ് വാസുദേവ കൃഷ്ണൻ എന്നൊരാൾ ഓർമക്കുറ്റത്തെപ്പറ്റി ചിന്തിച്ചിരുന്നു. പട്ടിൽ പൊതിഞ്ഞ് അദ്ദേഹം അതിനിട്ട പേരായിരുന്നു സ്മൃതിഭ്രംശം. സ്മൃതിഭ്രംശം ഉണ്ടാകുന്നത് കണ്ടമാനം ജീവിക്കുന്നതാണെന്ന ഒരു സൂചനയും അദ്ദേഹം നൽകുകയുണ്ടായി.
രണ്ടായിരം കൊല്ലത്തിന്റെ പാരമ്പര്യവും ചരകന്റെയും മറ്റും ചരിത്രവും അവകാശപ്പെടുന്ന നമ്മൾ രോഗത്തിന്റെ നാമകരണത്തിൽ സ്വാർഥമതികളായിരുന്നില്ല. ഒരു മുനിയും ഒരു നൃപനും തന്റെ പേരിൽ ഒരു രോഗവും ഒരു പരിഹാരവും മേടിയുറപ്പിച്ചിട്ടില്ല. പ്രപഞ്ചത്തെയും ആത്മാവിനെയും വീക്ഷിക്കുന്ന രീതിയുടെ സവിശേഷത കൊണ്ടാവാം, ഒരു സുഖക്കേടിനെയും ആൾപ്പേർ ചൊല്ലി വിളിച്ചില്ല. അപവാദമായി ഒന്നോ രണ്ടോ പറയാം, ച്യവനന്റെ അശനമായി അറിയപ്പെടുന്ന ച്യവനപ്രാശം പോലെ.
പുരാവൃത്തവും വസ്തുതയും കൂടിക്കുഴയുന്നതാണ് നമ്മുടെ വൈദ്യവും വിത്തശാസ്ത്രവും ചരിത്രവും. ഗുരുവിന്റെ രോഗം ഏറ്റുവാങ്ങുകയും കവിത ചൊല്ലി അതു മാറ്റുകയും ചെയ്ത മഹാത്ഭുതത്തെ എന്തു വിളിക്കും? ഭട്ടതിരി തന്ത്രം എന്നു പറഞ്ഞേക്കാം പുതിയ പേരിടൽ വിദഗ്ധർ. രണ്ടു വിധത്തിലാകാം അർഥം, ദൈ്വതാ നാരായണീയം, എന്നു സൂചിപ്പിച്ച് അദ്ദേഹം തന്നെ വിചിത്ര വ്യാഖ്യാനങ്ങൾക്ക് ഇടം നൽകുകയുണ്ടായി. അതിനും മുമ്പ് ഒരു മുനി, അജാമിളൻ, ഒരു പുരുഷായുസ്സ് മുഴുവൻ ഉള്ളിൽ ഉറന്ന വേദന ഒരൊറ്റ  നാമോച്ചാരണം കൊണ്ട് തീർത്തതായാണ് കഥ. അജാമിളമന്ത്രം എന്നു വേണമെങ്കിൽ ആ സങ്കേതത്തെ വിളിക്കാം.
 എന്തായാലെന്താ, പേരിൽ എന്തിരിക്കുന്നു?
 

Latest News