Thursday , June   20, 2019
Thursday , June   20, 2019

സംഘ്പരിവാർ വിരുദ്ധ മുന്നണി; കോൺഗ്രസ് നീക്കം ശുഭോദർക്കം 

പ്രചാരണ ഘട്ടത്തിൽ സജീവമല്ലാതിരുന്ന സോണിയാ ഗാന്ധി ഇപ്പോൾ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നുവെന്നത് നല്ല കാര്യം തന്നെ. കേന്ദ്രത്തിൽ ബി.ജെ.പി വിരുദ്ധ സർക്കാരുണ്ടാക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുമ്പോൾ എല്ലാവരും യാഥാർഥ്യ ബോധത്തോടെയുള്ള സമീപനങ്ങളും വിട്ടുവീഴ്ചകളും സ്വീകരിക്കേണ്ടതുണ്ട്. അതിൽ ഒരുപക്ഷേ കൂടുതൽ യാഥാർഥ്യ ബോധത്തോടെ നിലപാട് നിശ്ചയിക്കേണ്ടത് കോൺഗ്രസാണ്. അതിന് അവർ സന്നദ്ധമാകുമോയെന്നതും ഈ ഘട്ടത്തിൽ പ്രസക്തമായ ചോദ്യമാണ്.

അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ രണ്ടു ദിവസം മുമ്പ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന ചില നീക്കങ്ങളും പ്രസ്താവനകളും തെരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടിംഗും മെയ് 23 ന്റെ ഫലപ്രഖ്യാപനം തീർക്കുന്ന ഉദ്വേഗവുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. എന്തായാലും വൈകി ഉദിച്ച ബുദ്ധിയാണ് കോൺഗ്രസിന്റേത് എന്ന് പറയാതെ വയ്യ. അത്രയെങ്കിലും ശുഭോദർക്കം എന്ന് ആശ്വസിക്കുക.
കഴിഞ്ഞ വ്യാഴാഴ്ച താൻ പറഞ്ഞ കാര്യത്തിൽ നിന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് പിറ്റേന്ന് വെള്ളിയാഴ്ച പിറകോട്ട് പോയതാണ് കണ്ടത്. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കുന്നതിന് കോൺഗ്രസ് ശ്രമിക്കുന്നുവെന്നും വോട്ടെണ്ണൽ നടക്കുന്ന മെയ് 23 ന് കൂടിച്ചേരലിന് സോണിയാ ഗാന്ധി അവസരമൊരുക്കുന്നുവെന്നുമുള്ള വാർത്തകൾ പുറത്തു വന്നിട്ടുണ്ട്.
ഇത്തവണ പ്രധാനമന്ത്രിപദം ലഭിക്കുന്നില്ലെങ്കിലും പ്രശ്‌നമില്ലെന്നും കേന്ദ്രത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ അധികാരത്തിലെത്തുന്നത് തടയുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നുമായിരുന്നു ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നത്. പ്രസ്തുത പ്രസ്താവന, കോൺഗ്രസ് പ്രധാനമന്ത്രിപദത്തിന് അവകാശമുന്നയിക്കില്ലെന്നത് ശരിയല്ലെന്നും ഏറ്റവും പഴക്കമേറിയതും വലുതുമായ പാർട്ടിയാണ് കോൺഗ്രസെന്നുമാണ് പിന്നീട് അദ്ദേഹം തിരുത്തിപ്പറഞ്ഞത്. എന്നാൽ കേന്ദ്രത്തിൽ ബി.ജെ.പിയെ പുറത്താക്കുകയാണ് ലക്ഷ്യമെന്ന ഭാഗം അദ്ദേഹം ആവർത്തിച്ചിട്ടുമുണ്ട്.
അതാതിടങ്ങളിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രാദേശിക തെരഞ്ഞെടുപ്പ് ധാരണകളാണ് ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരായി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടിയിരുന്നത്. അത് തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന വിധിയെഴുത്തിന്റെ സാഹചര്യത്തിൽ ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ ശക്തികളുടെ യോജിപ്പ് എളുപ്പത്തിലാക്കുന്നതിനും ബി.ജെ.പി സർക്കാരിനുള്ള സാധ്യത ഇല്ലാതാക്കുന്നതിനും സഹായകമാകുമായിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസരിച്ച് ബി.ജെ.പി വിരുദ്ധ ശക്തികളുടെ കൂട്ടായ്മക്കുള്ള ശ്രമങ്ങൾ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അമിതമായ അവകാശവാദങ്ങളും യാഥാർഥ്യബോധമില്ലാത്ത നിലപാടുകളും സ്വീകരിച്ച് പ്രാദേശിക രാഷ്ട്രീയ ധാരണകൾ ഇല്ലാതാക്കുന്നതിൽ കോൺഗ്രസിന്റെ പങ്ക് ചെറുതല്ല. ഓരോ സംസ്ഥാനങ്ങളിലും സീറ്റുകൾ സംബന്ധിച്ച് അമിതമായ അവകാശവാദങ്ങൾ ഉന്നയിച്ച സംസ്ഥാന ഭാരവാഹികളെ നിലവിലുള്ള സാഹചര്യവും രാഷ്ട്രീയ കടമയും ബോധ്യപ്പെടുത്തുന്നതിൽ ദേശീയനേതൃത്വം പരാജയപ്പെടുകയും ചെയ്തു. 
ഓരോ സംസ്ഥാന നേതൃത്വവും ബി.ജെ.പിക്കെതിരായ യോജിപ്പിനും കൂടുതൽ സീറ്റുകളിൽ വിജയിക്കുകയെന്നതിനുമപ്പുറം കൂടുതൽ മണ്ഡലത്തിൽ മത്സരിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുകയെന്ന (കേന്ദ്ര നേതൃത്വത്തിൽ നിന്ന് കൂടുതൽ ഫണ്ട് കൈപ്പറ്റുകയെന്ന) സങ്കുചിത നിലപാടുകൾ സ്വീകരിച്ചു. ഇത് ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഭിന്നിപ്പിന് കാരണമാകുമെന്ന് ഓർമ്മപ്പെടുത്തലുണ്ടായെങ്കിലും അത് ചെവിക്കൊള്ളാൻ അതാതിടങ്ങളിലെ നേതാക്കൾ സന്നദ്ധമായില്ല. അവരെ സന്നദ്ധമാക്കുന്നതിന് കേന്ദ്ര നേതൃത്വത്തിനായതുമില്ല.
ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ മുഴുവൻ ബി.ജെ.പി വിരുദ്ധ വോട്ടുകളും യോജിപ്പിക്കുന്ന സമീപനമായിരുന്നില്ല കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇക്കാര്യത്തിൽ ചില സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾക്കും കോൺഗ്രസിനോട് സമാനമായ നിലപാടായിരുന്നുവെന്നത് മറക്കുന്നില്ല. എങ്കിലും എല്ലാ സംസ്ഥാനങ്ങളിലും ഘടകമുള്ള ശക്തിയെന്ന നിലയിൽ അക്കാര്യത്തിലുള്ള മുൻകൈയും വിട്ടുവീഴ്ചകളും കൂടുതൽ കോൺഗ്രസിൽ നിന്നാണ് ഉണ്ടാകേണ്ടിയിരുന്നത്.
ഇതിനിടയിൽ ഇടതുപക്ഷം എതിരായിരുന്നുവെങ്കിലും പ്രതിപക്ഷത്തിന്റെ പൊതുപ്രകടന പത്രികയെന്ന ആശയത്തിൽ യോജിപ്പിലെത്താനുള്ള മുൻകൈയുണ്ടായത് കോൺഗ്രസിന്റെ ഭാഗത്തുനിന്നായിരുന്നില്ല. വിവി പാറ്റ് വിഷയത്തിൽ പ്രതിപക്ഷ ഐക്യശ്രമങ്ങളുണ്ടായതും മറ്റ് പ്രാദേശിക പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തുനിന്നായിരുന്നുവെന്നും ഓർക്കണം.
ഈയൊരു പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സമീപിക്കേണ്ടത്. അങ്ങനെ വരുമ്പോഴാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് വൈകി ഉദിച്ച ബുദ്ധിയാണെന്ന് വരുന്നത്. യഥാർഥത്തിൽ എത്രയോ നേരത്തേ ഉണ്ടാകേണ്ടതായിരുന്നു ഈ നിലപാട്. പ്രചാരണ ഘട്ടത്തിൽ സജീവമല്ലാതിരുന്ന സോണിയാ ഗാന്ധി ഇപ്പോൾ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നുവെന്നത് നല്ല കാര്യം തന്നെ. കേന്ദ്രത്തിൽ ബി.ജെ.പി വിരുദ്ധ സർക്കാരുണ്ടാക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുമ്പോൾ എല്ലാവരും യാഥാർഥ്യബോധത്തോടെയുള്ള സമീപനങ്ങളും വിട്ടുവീഴ്ചകളും സ്വീകരിക്കേണ്ടതുണ്ട്. അതിൽ ഒരുപക്ഷേ കൂടുതൽ യാഥാർഥ്യ ബോധത്തോടെ നിലപാട് നിശ്ചയിക്കേണ്ടത് കോൺഗ്രസാണ്. അതിന് അവർ സന്നദ്ധമാകുമോയെന്നതും ഈ ഘട്ടത്തിൽ പ്രസക്തമായ ചോദ്യമാണ്.
 

Latest News