Thursday , June   20, 2019
Thursday , June   20, 2019

ചങ്ങാതിമാരോടൊപ്പം എന്റെ നോമ്പ് കാലം

റമദാൻ 30 നോമ്പുമെടുത്തത് അബുദാബിയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിക്കുമ്പോഴാണ്. റമദാൻ കാലത്താണ് അവിടെ അതിഥിയായെത്തിയത്. സുഹൃത്തിന്റെ വീട്ടുകാർ ഒന്നടങ്കം നോമ്പെടുക്കുമ്പോൾ എനിക്ക് പകൽ ഭക്ഷണം കഴിക്കാൻ തോന്നിയില്ല. ഞാൻ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ റമദാന്റെ മഹത്വം അനുഭവിക്കുകയായിരുന്നു. ആ വർഷം ഞാൻ നോമ്പ് മുഴുവനായും എടുത്തു.

കുട്ടിക്കാലത്ത് എന്നെ ഏറ്റവും ആകർഷിച്ചിട്ടുളള കർമ്മമാണ് അമ്മയുടേയും അമ്മമ്മയുടേയും വ്രതാനുഷ്ഠാനം. ഏകാദശി നോമ്പിന് അമ്മയും അമ്മമ്മയും ഏറെ പ്രാധാന്യം കൽപിച്ചിരുന്നു. അന്ന് സാധാരണ ദിവസത്തേക്കാളും നേരത്തെ ഉണർന്ന് കുളിച്ച് തുളസീജലം കൈക്കുമ്പിളിലേക്ക് പകർന്ന് കുടിച്ച് ഭക്ഷണമില്ലാതെ അവർ പതിവ് പോലെ നിത്യകർമങ്ങളിൽ മുഴുകുന്നു. അവർക്ക് വിശപ്പുണ്ടാവുമെന്ന് ചിന്തയിൽ ഞാനും അവർക്കൊപ്പം ചേരും. അപ്പോൾ അമ്മ വിലക്കും. കർമങ്ങൾ അറിഞ്ഞ് ചെയ്യുമ്പോഴാണ് ഫലം ലഭിക്കുകയെന്ന് പറയും. കുട്ടികളും വൃദ്ധരും രോഗികളും ആചാരാനുഷ്ഠാന ചിട്ടവട്ടങ്ങളിൽ നിന്ന് പുറത്താണ്. അമ്മയുടെ വാക്കിലൂടേയും പ്രവൃത്തിയിലൂടേയും വ്രതത്തിന്റെ മഹത്വം ഞാൻ അറിഞ്ഞു. എന്നാൽ മുസ്‌ലിംകൾ ആണ്ടിലൊരിക്കൽ അനുഷ്ഠിക്കുന്ന നോമ്പിനെ കുറിച്ച് അറിഞ്ഞത് എന്റെ അടുത്ത കൂട്ടുകാരിൽ നിന്നാണ്.
കോഴിക്കോട് നടക്കാവിൽ താമസിക്കുന്ന കാലത്ത് എന്റെ അയൽവാസിയും കൂട്ടുകാരനുമായിരുന്നു ബഷീർ. ഡാൻസ് ബഷീറെന്നാണ് അവനെ വിളിക്കാറ്. ഒരിക്കലും ക്ഷോഭിക്കാത്ത സ്‌നേഹം മാത്രമുള്ള ബഷീർ. ബഷീറിന് ഞാനൊരു നാരങ്ങാ മിഠായി നൽകിയപ്പോൾ ഞാൻ നോമ്പെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് അവൻ എനിക്ക് അത് മടക്കി നൽകി. എന്നിട്ടും ഞാനത് രണ്ടാക്കി മുറിച്ച് ഒരു ഭാഗം അവന് നൽകി. നോമ്പ് മുറിയുമെന്ന് പറഞ്ഞ് അവനത് വീണ്ടും വിലക്കി. അവന്റെ നോമ്പിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞാൻ തൊട്ടടുത്ത ദിവസം നോമ്പെടുക്കാൻ തുടങ്ങി. എന്നാൽ ആ നോമ്പിന് ഉച്ച വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. വിശന്ന് വലഞ്ഞ ഞാൻ നോമ്പ് മുറിച്ചപ്പോൾ ബഷീർ പറഞ്ഞു സാരമില്ലെന്ന്. പിന്നീട് നോമ്പ് തുറക്കുന്ന സന്ധ്യക്ക് വീട്ടിലുണ്ടാക്കിയ നോമ്പ് വിഭവങ്ങൾ കീശയിലിട്ട് ഇടവഴിയിൽ വെച്ച് അവനെനിക്ക് നൽകുമ്പോഴുണ്ടായ ആനന്ദം എന്നിൽ ഇന്നും അനുഭൂതി വളർത്തുന്നു. അവന്റെ വീട്ടിലെ തരിക്കഞ്ഞിയുടെ സ്വാദ് ഇന്നും നാവിൻതുമ്പിലുണ്ട്.
എറണാകുളത്ത് ഒരു ഹോട്ടലിൽ വെച്ച് അടുത്തിടെ ഞാൻ വീണ്ടും തരിക്കഞ്ഞി കുടിച്ചു.
പക്ഷേ അതിന് ബഷീറിന്റെ വീട്ടിലെ തരിക്കഞ്ഞിയുടെ രുചിയുണ്ടായിരുന്നില്ല. ഞാനത് കടക്കാരനോട് പറയുകയും ചെയ്തു. കടക്കാരൻ അതിന്റെ പോരായ്മ സമ്മതിച്ച് എന്നോട് ചോദിച്ചു, ആരാണ് ഡാൻസ് ബഷീർ എന്ന്. എന്റെ അകാലത്തിൽ വിട്ടുപോയ ബഷീറിനെ കുറിച്ച് ഞാൻ അയാളോട് പറഞ്ഞു. പിന്നെ ചില ചേരുവകൾ കൂടി ചേർത്ത് ഒരു തരിക്കഞ്ഞി അയാൾ തന്നു. ബഷീറിനെ ഓർത്ത് ഞാനത് കുടിച്ചു.
കോളേജിൽ പഠിക്കുന്ന കാലത്തെ സുഹൃത്തായിരുന്ന കാദിരിക്കോയക്കൊപ്പം നോമ്പുതുറയുടെ വിവിധ പലഹാരങ്ങൾ കഴിച്ചിട്ടുണ്ട്. അന്നും നോമ്പ് മുഴുവാനായും എടുക്കുന്നതിന് എന്നിലെ വിശപ്പ് സമ്മതിച്ചിരുന്നില്ല. കാദിരിക്കോയയുടെ വലിയ വീട്ടിൽ ഞങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറക്കുന്നതിലെ സന്തോഷം ഏറെ വലുതായിരുന്നു. കോഴിക്കോട്ടെ മുട്ടമാലയുടേയും ചട്ടിപ്പത്തിരിയുടേയും രുചി അറിഞ്ഞത് അന്നാണ്. ചട്ടിപ്പത്തിരി ഉണ്ടാക്കുന്ന കാദിരിക്കോയയുടെ ഉമ്മയുടെ കരവിരുത് ഞാൻ അടുക്കളയിൽ നോക്കിയിരിക്കും. ഇടക്കിടെ നോമ്പ് നോറ്റ് മുഴുവനാക്കി ഞാനും അവരോടൊപ്പം കൂടി.
റമദാൻ 30 നോമ്പുമെടുത്തത് അബുദാബിയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിക്കുമ്പോഴാണ്. റമദാൻ കാലത്താണ് അവിടെ അതിഥിയായെത്തിയത്. സുഹൃത്തിന്റെ വീട്ടുകാർ ഒന്നടങ്കം നോമ്പെടുക്കുമ്പോൾ എനിക്ക് പകൽ ഭക്ഷണം കഴിക്കാൻ തോന്നിയില്ല. ഞാൻ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ റമദാന്റെ മഹത്വം അനുഭവിക്കുകയായിരുന്നു. ആ വർഷം ഞാൻ നോമ്പ് മുഴുവനായും എടുത്തു. പുണ്യങ്ങളുടെ പൂക്കാലമായി ഓരോ റമദാൻ എത്തുമ്പോഴും പൊയ്‌പോയ കാലത്തെ കുറിച്ച് ഓർമ വരും.
 

Latest News