Thursday , June   20, 2019
Thursday , June   20, 2019

പുരാതന മക്കയുടെ ഫോട്ടോയ്ക്ക് ലേലത്തിൽ ലഭിച്ചത് രണ്ടര ലക്ഷം ഡോളർ 

ജിദ്ദ - പുരാതന മക്കയുടെ ഫോട്ടോ റെക്കോർഡ് തുകക്ക് ലേലത്തിൽ പോയി. രണ്ടര ലക്ഷം ഡോളറാണ് ഫോട്ടോയ്ക്ക് ലഭിച്ചത്. ലണ്ടനിലെ സോത്തീബി ഓക്ഷൻ ഹൗസ് ആണ് 131 വർഷം പഴക്കമുള്ള ഫോട്ടോ ഇത്രയും ഭീമമായ തുകക്ക് ലേലത്തിൽ വിൽപന നടത്തിയത്. ക്രിസ്റ്റ്യൻ ഓറിയന്റലിസ്റ്റ് ആയ ക്രിസ്റ്റ്യൻ സ്‌നൂക് ഹെർഗുരുൻഗി 1888 ൽ പകർത്തിയ മക്കയുടെ ഫോട്ടോകളിൽ ഒന്നാണ് കഴിഞ്ഞ ദിവസം സൂദബീസ് ഓക്ഷൻ ഹൗസ് രണ്ടര ലക്ഷം ഡോളറിന് ലേലത്തിൽ പോയതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഫോട്ടോയുടെ പുതിയ ഉടമ ആരാണെന്ന് റിപ്പോർട്ടിലില്ല. 


ജിദ്ദയിലെ ഡച്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റ്യൻ സ്‌നൂക് അറബിക് ഭാഷയും ഇസ്‌ലാമിക് സ്റ്റഡീസും പഠിക്കുകയും മക്കയെ കുറിച്ച് പുസ്തകങ്ങൾ രചിക്കുകയും വിശ്വാസികളുടെ ശബ്ദം റെക്കോർഡ് ചെയ്യുകയും മക്കയുടെ വിവിധ ഭാഗങ്ങളുടെ ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. മക്ക സന്ദർശിച്ച ആദ്യത്തെ പാശ്ചാത്യ ഗവേഷകനായിരുന്നു ക്രിസ്റ്റ്യൻ സ്‌നൂക് എന്ന് ഡെയിലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. 
സമുദ്ര ശാസ്ത്ര പഠനത്തിനും ഗവേഷണത്തിനും വേണ്ടിയാണ് ക്രിസ്റ്റ്യൻ സ്‌നൂക് ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് പറയപ്പെടുന്നു. നെതർലാന്റ്‌സിൽ തിരിച്ചെത്തിയ ശേഷം ലോകത്തെ എക്കാലത്തെയും പ്രമുഖ ഓറിയന്റലിസ്റ്റായി അദ്ദേഹം പ്രശസ്തനായി. ക്രിസ്റ്റ്യൻ സ്‌നൂകിന്റെ കുടുംബത്തിന്റെ കൈവശമുള്ള പുസ്തക, ഫോട്ടോഗ്രാഫ് ശേഖരങ്ങൾ മെയ് മാസത്തിൽ ലേലം ചെയ്യുമെന്ന് സോദബീസ് ഓക്ഷൻ ഹൗസ് നേരത്തെ അറിയിച്ചിരുന്നു. 


ഈ ഫോട്ടോകൾക്കു പിന്നിൽ വിചിത്രമായ ഒരു ചരിത്ര കഥയുണ്ട്. ജിദ്ദയിൽ ക്രിസ്റ്റ്യൻ സ്‌നൂകിന്റെ അയൽവാസിയുടെ ഭവനം രഹസ്യമായി നിരീക്ഷിക്കുന്നതിൽ ആരംഭിച്ച് ഇന്തോനേഷ്യയിലെ ആച്ചെ പ്രവശ്യയിലെ ഡച്ച് അധിനിവേശം വരെ നീളുന്ന കഥ. 1873 മുതൽ 1914 വരെ നീണ്ടുനിന്ന ആച്ചെ യുദ്ധ കാലത്താണ് ഇത് നടന്നത്. 
ആച്ചെ ഇസ്‌ലാമിക് സുൽത്താനേറ്റും ഡച്ച് സാമ്രാജ്യവും തമ്മിൽ നടന്ന സൈനിക സംഘർഷം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും നടന്ന ഏറ്റവും ദൈർഘ്യമേറിയ യുദ്ധങ്ങളിൽ ഒന്നായിരുന്നു. ആച്ചെ പ്രവിശ്യയിലെ ഡച്ച് അധിനിവേശത്തോടെയാണ് യുദ്ധം അവസാനിച്ചത്. ആച്ചെ സുൽത്താൻ അലാവുദ്ദീൻ മുഹമ്മദ് ദാവൂദിനെ ഡച്ചുകാർ വധിച്ചു. 44 വർഷം നീണ്ടുനിന്ന ആച്ച യുദ്ധത്തിൽ ഒരു ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 
1887 മുതൽ 1888 വരെയാണ് ക്രിസ്റ്റ്യൻ സ്‌നൂക് ജിദ്ദ ഡച്ച് കോൺസുലേറ്റിൽ സേവനമനുഷ്ഠിച്ചത്. മക്കയുടെ ഏറ്റവും പഴയ ഫോട്ടോകൾ ഇദ്ദേഹം പകർത്തിയവയാണ്. ഡച്ച് കോൺസുലേറ്റിലെ സാദാ ജീവനക്കാരനായല്ല ക്രിസ്റ്റ്യൻ സ്‌നൂക് ജിദ്ദയിലെത്തിയതെന്ന് ചരിത്ര രേഖകൾ പറയുന്നു. ഇദ്ദേഹത്തിന് മറ്റൊരു രഹസ്യ ദൗത്യം ഏൽപിക്കപ്പെട്ടിരുന്നു. അയൽവാസിയുടെ ഭവനവും അവിടുത്തെ താമസക്കാരുടെ നീക്കങ്ങളും നിരീക്ഷിക്കുന്നതിനാണ് അറബി ഭാഷയിലും ഇസ്‌ലാമിക് സ്റ്റഡീസിലും പരിജ്ഞാനമുള്ള ക്രിസ്റ്റ്യൻ സ്‌നൂകിനെ ജിദ്ദ കോൺസുലേറ്റിൽ ഡച്ച് ഗവൺമെന്റ് നിയമിച്ചത്. ആച്ചെ പ്രവിശ്യയിൽ നിന്നുള്ള, ഗൾഫിലും അറേബ്യൻ ഉപദ്വീപിലും സ്ഥിരവാസം ആരംഭിച്ച കുലീനരിൽ പെട്ട ഒരാളാണ് ക്രിസ്റ്റ്യൻ സ്‌നൂകിന്റെ വീടിനോട് ചേർന്ന് താമസിച്ചിരുന്നത്. ഇവർക്ക് ആച്ചെയിലെ ഇസ്‌ലാമിക് സുൽത്താനേറ്റുമായി ശക്തമായ ബന്ധമുണ്ടായിരുന്നു. 


മക്കയിലേക്ക് വരുന്ന പണ്ഡിതരും കുലീനരും അടക്കമുള്ള ഇന്തോനേഷ്യക്കാരെ കുറിച്ച രഹസ്യ വിവരങ്ങൾ ശേഖരിക്കലും ക്രിസ്റ്റ്യൻ സ്‌നൂകിന്റെ ചുമതലയായിരുന്നു. ആച്ചെ യുദ്ധത്തിന് പ്രയോജനപ്പെടുത്തുന്നതിന് ഹജ് സംഘങ്ങളെ നിരീക്ഷിക്കേണ്ടത് ഡച്ചുകാർക്ക് അനിവാര്യമായിരുന്നു. ഇന്തോനേഷ്യൻ കുലീനരും പ്രമാണിമാരും അടക്കമുള്ള ഹജ് യാത്രാ സംഘങ്ങളുടെ ഫോട്ടോകളാണ് ക്രിസ്റ്റ്യൻ സ്‌നൂക് പകർത്തിയത്. മക്ക നിവാസികളുടെ നിത്യജീവിതവും ഇന്തോനേഷ്യൻ പണ്ഡിതരുടെ ജീവിതവും ഇദ്ദേഹത്തിന്റെ കൃതികൾ വിശദീകരിക്കുന്നു. മക്കയിലെ സാമൂഹിക ജീവിതം അടയാളപ്പെടുത്തുകയും ഫോട്ടോകൾ ഉൾപ്പെടുത്തുകയും ചെയ്ത രണ്ടു കൃതികളാണ് ക്രിസ്റ്റ്യൻ സ്‌നൂക് മക്കയെ കുറിച്ച് രചിച്ചത്. 


ഹജ് സാർഥവാഹക സംഘങ്ങളെ അനുഗമിച്ച് മക്കയിൽ പ്രവേശിക്കുന്നതിന് ക്രിസ്റ്റ്യൻ സ്‌നൂകിന് പ്രശ്‌നങ്ങൾ നേരിട്ടു. ഇതോടെ താൻ ഇസ്‌ലാം ആശ്ലേഷിച്ചതായി ഇദ്ദേഹം വാദിച്ചു. ഇസ്‌ലാമിക പഠനം ഇക്കാര്യത്തിൽ തുണയായി. ഈ പദ്ധതി വിജയിച്ചതോടെ മക്കയിൽ പ്രവേശിക്കുന്നതിനും ഫോട്ടോകളെടുക്കുന്നതിനും അനുമതി ലഭിച്ചു. 1888 ൽ പകർത്തിയ വിശുദ്ധ കഅ്ബാലയത്തിന്റെ പ്രശസ്തമായ ഫോട്ടോ അടക്കമുള്ളവ ഇങ്ങിനെയാണ് പകർത്തിയത്. മക്കയിലെ ജീവിത ശൈലി അടുത്തറിഞ്ഞ ക്രിസ്റ്റ്യൻ സ്‌നൂകിനെ ഹജ് ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. അബ്ദുൽഗഫാർ എന്ന പേര് ഇദ്ദേഹത്തിന്റെ കൃതികളിൽ ആവർത്തിക്കുന്നുണ്ട്. മക്കയിൽ വെച്ച് ക്രിസ്റ്റ്യൻ സ്‌നൂക് പരിചയപ്പെടുകയും മധ്യപൗരസ്ത്യദേശത്തും ഇന്തോനേഷ്യയിലും ഒരുമിച്ച് കഴിയുകയും ചെയ്ത മുസ്‌ലിം ആയിരുന്നു അബ്ദുൽ ഗഫാർ. 
1988 ൽ രണ്ടാമതും ഹജ് സംഘങ്ങളെ അനുഗമിക്കുന്നതിന് ക്രിസ്റ്റ്യൻ സ്‌നൂക് ആഗ്രഹിച്ചു. എന്നാൽ ഇദ്ദേഹം പുരാവസ്തുക്കൾ കവരുന്നതായി കിംവദന്തികൾ പ്രചരിച്ചു. ഫ്രഞ്ച് എംബസിയായിരുന്നു ഈ കിംവദന്തിയുടെ ഉറവിടം. ഇതേ തുടർന്ന് ക്രിസ്റ്റ്യൻ സ്‌നൂക് ജിദ്ദയിൽനിന്ന് പെട്ടെന്ന് രക്ഷപ്പെടുകയായിരുന്നു. നെതർലാന്റ്‌സിൽ തിരിച്ചെത്തിയ ശേഷമാണ് മക്കയെയും മക്കയിലെ ജീവിതത്തെയും കുറിച്ച രചനകൾ ഇദ്ദേഹം പൂർത്തിയാക്കിയത്. 


ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ക്രിസ്റ്റ്യൻ സ്‌നൂക് പിന്നീട് ഇന്തോനേഷ്യയിലെത്തി. മക്കയിലെ താമസ കാലത്ത് കണ്ടുമുട്ടിയ കുലീനരുടെ ആതിഥേയത്വം ഇന്തോനേഷ്യയിൽ വെച്ച് അനുഭവിക്കുന്നതിന് ഇദ്ദേഹത്തിന് അവസരം ലഭിച്ചു. എങ്കിലും ആച്ചെ യുദ്ധത്തിൽ ഇന്തോനേഷ്യക്കാരെ എങ്ങിനെ ചതച്ചരക്കാമെന്നതിനെ കുറിച്ച് ഡച്ചുകാർക്ക് ഉപദേശങ്ങൾ നൽകുന്നതിന് ക്രിസ്റ്റ്യൻ സ്‌നൂക് മടിച്ചുനിന്നില്ല. സങ്കീർണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇദ്ദേഹം. ഇസ്‌ലാമിനോട് അനുഭാവമുള്ള കാര്യം ഒരിക്കലും നിഷേധിച്ചിരുന്നില്ല. എന്നിട്ടും ഇസ്‌ലാമിനെയും മുസ്‌ലിംകളുടെ ജീവിതത്തെയും കുറിച്ച തന്റെ അറിവുകൾ ആച്ചെ പ്രവിശ്യയുടെ അധിനിവേശത്തിനും നെതർലാന്റ്‌സിന്റെ താൽപര്യങ്ങൾക്കും വേണ്ടി മുതലെടുക്കുന്നതിന് ക്രിസ്റ്റ്യൻ സ്‌നൂക് മടിച്ചുനിന്നില്ല.

Tags

Latest News