Thursday , June   20, 2019
Thursday , June   20, 2019

കഥാകാരനെക്കാൾ വളർന്ന കഥാപാത്രങ്ങൾ 

ആരാണ് ഡ്രാക്കുള? അയർലാന്റിലെ ഒരു സാധാരണ എഴുത്തുകാരനായ ബ്രാം സ്റ്റോക്കറുടെ ഭാവനയിൽ പിറന്ന വെറുമൊരു സാങ്കൽപ്പിക കഥാപാത്രം മാത്രം. എന്നാൽ സ്രഷ്ടാവിനെ അപ്രസക്തനാക്കിക്കൊണ്ട് ഭീതി വിതച്ചും കൊയ്തും ഡ്രാക്കുള ലോകമെമ്പാടുമുള്ള മനുഷ്യ മനസ്സുകളിൽ ഇന്നും ജീവിക്കുന്നു...  കഥാകാരന്മാരെയും പിറകിലാക്കി മുന്നേറുന്ന, പ്രശസ്തമായ ചില കഥാപാത്രങ്ങളെക്കുറിച്ച്...

 

ഷെർലക് ഹോംസ്,
221 ബി, ബേക്കർ സ്ട്രീറ്റ്, ലണ്ടൻ 
എന്ന വിലാസത്തിൽ ഇന്നും ദിനംപ്രതി എത്തുന്നത് നിരവധി കത്തുകളാണ്. യൂറോപ്പിന്റെ പലഭാഗത്ത് നിന്നായി വരുന്ന ആ കത്തുകളിൽ ഹോംസിനോടുള്ള പലതരം അഭ്യർഥനകളും ആവലാതികളുമാണുള്ളത്. തന്റെ അപാരമായ ബുദ്ധിവൈഭവം കൊണ്ട് കുറ്റവാളികളെ അനായാസം കണ്ടെത്തുന്ന അത്ഭുതപ്രതിഭാസമാണ് ഹോംസ് എന്ന കുറ്റാന്വേഷകൻ. ഹോംസിന്റെ കുറ്റാന്വേഷണ പാടവം സ്‌കോട്ട്‌ലണ്ട്‌യാഡിൽ പോലും പരിശീലകർക്കുള്ള പാഠഭാഗമായി. ലോകത്തിലെ പല കുറ്റാന്വേഷണ ഏജൻസികളും പ്രമാദമായ കേസുകൾ തെളിയിക്കാൻ ഇപ്പോഴും അദ്ദേഹത്തിന്റെ കേസ് ഡയറികളാണ് ആശ്രയിക്കുന്നത്. 


സത്യത്തിൽ ആരാണ് ഷെർലക് ഹോംസ്? സർ ആർതർ കോനൻ ഡോയൽ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്റെ ഭാവനയിൽ മാത്രം അസ്തിത്വമുള്ള ഒരു കഥാപാത്രം. തന്റെ 56 കഥകളിലൂടെയും 4 നോവലുകളിലൂടെയും അദ്ദേഹം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വായനക്കാരുടെ മനസിൽ ഹോം സിനെ ഒരു ലെജന്റാക്കി മാറ്റി. ഹോംസ് നേടിയ അഭൂതപൂർവമായ പ്രശസ്തിക്ക് മുന്നിൽ അദ്ദേഹത്തെ സൃഷ്ടിച്ച ആർതർ കോനൻ ഡോയലിനെ ആളുകൾ മറന്നു. 
ബ്രിട്ടീഷ് ചാരസംഘടനയായ എംഐ-6 ലെ അതിപ്രഗത്ഭനായ ചാരനാണ് ജെയിംസ് ബോണ്ട്. 007 എന്ന കോഡ് നാമധാരിയായ അത്ഭുത മനുഷ്യൻ. ചടുലതയുടെയും സാഹസികതയുടെയും ആൾരൂപം. ആധുനിക ആ യുധങ്ങൾ, വാഹനങ്ങൾ എന്നിവ കൈയാളുന്നതിൽ വിദഗ്ധൻ. പക്ഷെ, സ ത്യത്തിൽ അങ്ങനെ ഒരാളുണ്ടോ? ഇല്ല. ബ്രിട്ടീഷ് എഴുത്തുകാരനുമായ ഇയാൻ ഫ്‌ളെമിങിന്റെ ഭാവനയിൽ പിറന്ന നായകൻ മാത്രമാണ് ബോണ്ട്. 1952-ൽ ഇറങ്ങിയ കാസിനോ റോയൽ എന്ന നോവലിലൂടെയാണ്് ബോണ്ടിന്റെ ജനനം. ആകെ എഴുതിയ 12 നോവലുകളിലൂടെ ഫ്‌ളെമിങ് തന്റെ മാനസപുത്രനായ ബോണ്ടിനെ ഇതിഹാസനായകനാക്കി മാറ്റി. 


ഫ്‌ളെമിങ് ജീവിച്ചിരിക്കെ തന്നെ ബോണ്ട് നോവലുകൾ സിനിമയായി. സീരിയലുകളും കോമിക്കുകളും വീഡിയോ ഗെയിമുകളുമായി. വായനക്കാരായും കാണികളായും കോടിക്കണക്കിന് ആളുകളാണ് ബോണ്ടിന്റെ ആരാധ കരായത്. അത് മുതലെടുത്തുകൊണ്ട് പുസ്തക പ്രസാധകർ ഫളെമിങിന്റെ മരണശേഷം ജോൺ ഗാർഡനർ, റെയ്മണ്ട് ബെൻസൺ എന്നീ എഴുത്തുകാരിലൂടെ ബോണ്ടിനെ പുനരവതരിപ്പിച്ചു. സീൻ കോണറി, റോജർ മൂർ, തിമോത്തി ഡാൽട്ടൺ, പിയേഴ്‌സ് ബ്രോസ്‌നൻ, ഡാനിയേൽ ക്രേയ്ഗ് തുടങ്ങിയ  നടൻമാരിലൂടെ അഭ്രപാളികളിലും ബോണ്ട് അമരത്വം നേടി. 1964-ൽ ബോണ്ടിന്റെ സ്രഷ്ടാവായ ഇയാൻ ഫ്‌ളെമിങ് അന്തരിച്ചു. പക്ഷെ, ബോണ്ട് മരണമില്ലാതെ ഇന്നും ജീവിക്കുന്നു. 
മനുഷ്യന്റെ ഭയം എന്ന വികാരത്തെ മൂർത്തരൂപത്തിൽ മുതലെടുത്തു കൊണ്ടാണ് ഡ്രാക്കുള എന്ന ഇതിഹാസ നായകന്റെ അരങ്ങേറ്റം. ലോകമെമ്പാടുമുള്ള മനുഷ്യരെ ആ രക്തദാഹി പേടിയുടെ കുന്തമുനയിൽ കുരുക്കി യിട്ടു. റൊമാനിയയിലെ ട്രാൻസിൽവാനിയ എന്ന പ്രദേശവും അവിടുത്തെ കാർപാത്യൻ മലനിരകളും കോട്ടകളും ഡ്രാക്കുളയുടെ പേരിൽ മാത്രം പ്രശ സ്തിയിലേക്ക് കുതിച്ചു. ഇന്ന് പതിനായിരങ്ങൾ അവിടെ ടൂറിസ്റ്റുകളായി എ ത്തി റൊമാനിയൻ സർക്കാരിന് കോടിക്കണക്കിന് രൂപയുടെ വാർഷിക വരു മാനം ഉണ്ടാക്കി കൊടുക്കുന്നു.


വാസ്തവത്തിൽ ആരാണ് ഡ്രാക്കുള? അയർലാന്റിലെ ഒരു സാധാരണ എഴുത്തുകാരനായ ബ്രാം സ്റ്റോക്കറുടെ ഭാവനയിൽ പിറന്ന വെറുമൊരു സാ ങ്കൽപ്പിക കഥാപാത്രം മാത്രം. 1897-ലാണ് വിശ്വവിഖ്യാതമായ ഡ്രാക്കുള എ ന്ന നോവൽ പുറത്തിറങ്ങുന്നത്. പുസ്തകം ഹൊറർ സാഹിത്യ ശാഖയ്ക്ക് പ്രചുരപ്രചാരം നേടികൊടുത്തു. ഡ്രാക്കുള എന്നാൽ ഭീതിയുടെ ഇതിഹാസ മായി വളർന്നു. 1912-ലാണ് ബ്രാം സ്റ്റോക്കർ അന്തരിക്കുന്നത്. എന്നാൽ  സ്രഷ്ടാവിനെ അപ്രസക്തനാക്കിക്കൊണ്ട് ഭീതി വിതച്ചും കൊയ്തും ഡ്രാക്കുള ലോകമെമ്പാടുമുള്ള മനുഷ്യ മനസുകളിൽ ഇന്നും മരണമില്ലാതെ പുനർജനിച്ചു കൊണ്ടേയിരിക്കുന്നു.
കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ടവനാണ് ജോൺ ക്ലെയ്റ്റൺ. അവനെ കാല എന്നു പേരുള്ള ഒരു പെൺ ആൾക്കുരങ്ങ് എടുത്തു വളർത്തുന്നു. കാട്ടിലെ ക്രൂരമൃഗങ്ങളാണ് അവന്റെ കളിക്കൂട്ടുകാരെങ്കിലും അ വനിൽ മനുഷ്യത്വം പ്രകടമായിരുന്നു. അവനാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വായനക്കാരുടെ മനസ് കീഴടക്കിയ ടാർസൻ. ആഫ്രിക്കയിലെ ഇരുണ്ട വനാന്തരങ്ങളിലൂടെയുള്ള ടാർസന്റെ സാഹസിക കഥകൾ കുട്ടികൾ ക്കും മുതിർന്നവർക്കും ഒരുപോലെ ഹരമായി. ടാർസൻ പ്രശസ്തിയുടെ കൊടുമുടി കയറിയപ്പോൾ വായനക്കാർ അവന്റെ സ്രഷ്ടാവിനെ ഓർത്തതേയില്ല. എഡ്ഗാർ റൈസ് ബറോസ് എന്ന അമേരിക്കൻ എഴുത്തുകാരനാണ് ടാർസൻ എന്ന കാട്ടിലെ അത്ഭുത മനുഷ്യനെ സൃഷ്ടിച്ചത്. 1912-ലാണ് ആദ്യത്തെ ടാർസൻ നോവൽ പുറത്തിറങ്ങുന്നത്-ടാർസൻ ഓഫ് ദി എയ്പ്‌സ്. അതിന്റെ വമ്പൻ വിജയത്തെ തുടർന്ന് നിരവധി ടാർസൻ നോവലുകൾ ഇറങ്ങി. ടാർസൻ, ചിത്രകഥകളിലും സീരിയലുകളിലും സിനിമകളിലും ഇടംപിടിച്ചു. അങ്ങ നെ ജനമനസുകളിൽ ടാർസൻ കുടിയേറിയപ്പോൾ അവിടെ ഇടം കിട്ടാതെ എഡ്ഗാർ റൈസ് ബറോസ് കുടിയിറങ്ങി.


പുസ്തക വിൽപ്പനയിലെ എക്കാലത്തേയും വലിയ മാന്ത്രിക സംഖ്യ യാണ് 500 ദശലക്ഷം എന്നു പറയുന്നത്. പ്രത്യേകിച്ചും വായന മരിക്കുന്നു എന്ന വിലാപം എങ്ങും ഉയരുന്ന ഒരു കാലത്ത്. പക്ഷെ, ഹാരി പോട്ടർ പു സ്തകങ്ങളുടെ വിൽപ്പന ആ സംഖ്യയും പിന്നിട്ടു എന്നാണറിയുന്നത്. കുട്ടി കളും മുതിർന്നവരുമായ വായനക്കാർ ഒരുപോലെ ഏറ്റെടുത്താണ് ഹാരി പോട്ടറെ വിജയ കുതിപ്പിലെത്തിച്ചത്. 1997-ലാണ് ഹാരി പോട്ടർ ആന്റ് ദ ഫി ലോസഫേഴ്‌സ് സ്റ്റോൺ എന്ന നോവലിലൂടെ ഹാരി പോട്ടർ ആദ്യമായി വാ യനാ ലോകത്ത് എത്തുന്നത്്. 2007-ലാണ് അവസാന നോവൽ ദ ഡെത്ത്‌ലി ഹാലോസ് പുറത്തിറങ്ങുന്നത്. അതിനിടയിൽ 7 നോവലുകൾ ഹാരി പോട്ട റുടെ നായകത്വത്തിൽ ഇറങ്ങി. അവയിലൂടെ ഹാരി പോട്ടർ പ്രശസ്തിയുടെ ഉയരങ്ങൾ കീഴടക്കിയപ്പോൾ അവനെ സൃഷ്ടിച്ച ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ. റൗളിങിന് ആ പ്രശസ്തി കൊതിയോടെ കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ. 
ലോകപ്രസിദ്ധരായ രണ്ടു കാർട്ടൂൺ കഥാപാത്രങ്ങളാണ് ടോം ആന്റ് ജെറി. ജെറിയെ പിടിക്കാൻ ശ്രമിക്കുന്ന ടോമിന്റെ പരാക്രമങ്ങളും അതിനിടയിലെ സംഭവബഹുലമായ സംഗതികളുമാണ് ഓരോ ടോം ആന്റ് ജെറി കാർട്ടൂണും. പിന്നീടിവ പ്രസിദ്ധ കാർട്ടൂൺ സിനിമകളായി. ഒരുപക്ഷെ, മനുഷ്യ മനസുകളെ ഇത്രയേറെ കീഴടക്കിയ മറ്റധികം കാർട്ടൂൺ കഥാപാത്രങ്ങൾ ലോ കത്തിലില്ല എന്നുതന്നെ പറയാം. ഒരേ സമയം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പരിഭ്രമിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുണ്ട് ടോം ആന്റ് ജെറി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കുട്ടികളെ ആകർ ഷിക്കുന്ന ഈ ആനിമേഷൻ കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്രഷ്ടാക്കളെ കുറിച്ച് പക്ഷെ, അധികം ആർക്കും അറിയില്ല എന്നതാണ് വാസ്തവം. 1940-ൽ അമേരിക്കൻ കാർട്ടൂണിസ്റ്റുകളായ വില്യം ഹന്നയും ജോസഫ് ബാർബറെയു മാണ് ടോം ആന്റ് ജെറിയെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. എന്നാൽ ഈ കഥാപാത്രങ്ങൾ നേടിയ പ്രശസ്തിയുടെ പ്രഭയിൽ അതിന്റെ സ്രഷ്ടാക്കൾ വെറും നിഴലുകൾ മാത്രമായി പോവുകയായിരുന്നു. 
കോടിക്കണക്കിന് വായനക്കാരെ വശീകരിച്ച ചിത്രകഥാ നായകനാണ് ഫാന്റം. ചിത്രകഥയായും ടെലിവിഷൻ സീരിയലായും സിനിമയായും വീഡിയോ ഗെയിമായും ഫാന്റത്തിന്റെ സാഹസിക കഥകൾ പ്രചാരം നേടി. ബംഗാള എന്ന സാങ്കൽപ്പിക ആഫ്രിക്കൻ രാജ്യമാണ് വീരശൂരപരാക്രമിയായ ഫാന്റത്തിന്റെ രംഗവേദി. അസാധ്യം എന്ന വാക്ക് അന്യമായ ഈ ഐതിഹാസിക കഥാപാത്രം കുറ്റവാളികളെ തേടി ഏത് നിഗൂഢതയിലേക്കും ഇറങ്ങിച്ചെല്ലുന്നവനാണ്. സൂപ്പർ ഹീറോ ആയി വിലസുമ്പോഴും അമാനുഷികമായ ശക്തികളൊന്നും ഈ കഥാപാത്രത്തെ നിയന്ത്രിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം തിൻമയ്‌ക്കെതിരെയുള്ള പോരാട്ടമാണ് തന്റെ ജീവിതലക്ഷ്യം എന്ന് ഫാന്റം അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്. 1936-ൽ അമേരിക്കയിലെ ഒരു പത്രത്തിലെ ചെറിയ ചിത്രകഥയായിട്ടാണ് ഫാന്റത്തിന്റെ തുടക്കം. ഇന്നത് ലോ കത്തിലെ 400-ലേറെ പത്രങ്ങളിലായി 100 ദശലക്ഷം വായനക്കാരെ ആകർഷിക്കുന്ന ചിത്രകഥയാണ്. അമേരിക്കൻ എഴുത്തുകാരനും നാടക സംവിധായകനും നിർമാതാവുമായിരുന്ന ലീ ഫോക്ക് ആണ് ഫാന്റം എന്ന കഥാപാത്രത്തിന് ജൻമം നൽകിയത്. പ്രശസ്ത കാർട്ടൂൺ കഥപാത്രമായ മാന്ത്രികനായ മാൻഡ്രേക്കിന്റെ സ്രഷ്ടാവും അദ്ദേഹം തന്നെ. പക്ഷെ, തന്റെ കഥാനായകർ നേടിയെടുത്ത പ്രശസ്തിയുടെ പ്രഭയ്ക്കു മുന്നിൽ അദ്ദേഹം നിഷ്പ്രഭനായി. 


കോമിക് ചിത്രകഥാ പുസ്തകങ്ങളുടെ സുവർണയുഗത്തിന് നാന്ദി കുറിച്ചുകൊണ്ടാണ് സൂപ്പർമാൻ എന്ന സൂപ്പർ കഥാപാത്രത്തിന്റെ വരവ്. ക്രിപ്റ്റൺ ഗ്രഹത്തിൽനിന്നും ഭൂമിയിലെത്തുന്ന ഒരു കുഞ്ഞാണ് ആദിയിൽ സൂപ്പർമാൻ. ഭൂമിയിലെത്തിയ അവനെ കർഷകരായ ജൊനാഥനും മാർത്തയും ചേർന്ന് വളർത്തുന്നു. കുഞ്ഞായിരിക്കുമ്പോഴേ അവന് അസാധാരണ ശക്തിയും കഴിവുകളുമായിരുന്നു. അത് മനുഷ്യരാശിക്ക് ഉപകരിക്കുംവിധം പ്രയോജനപ്പെടുത്തണം എന്നാണ് മാതാപിതാക്കൾ അവനെ ഉപദേശിച്ചത്. അതുപ്രകാരമാണ് തിൻമയ്‌ക്കെതിരെ പൊരുതാനായി അവനിറങ്ങുന്നത്. സ്വാഭാവികമായും ശത്രുക്കൾ ധാരാളം. അവരുടെ കണ്ണുവെട്ടിക്കാനാണ് വസ്ത്രധാരണത്തിൽ മാറ്റം വരുത്തി അവൻ സൂപ്പർമാന്റെ രൂപം സ്വീകരിക്കുന്നത്. അത് വാ യനക്കാരെ വല്ലാതെ വശീകരിച്ചു. കോമിക് ചിത്രകഥയിൽ നിന്ന് സൂപ്പർമാൻ റേഡിയോ നാടകങ്ങളും ടെലിവിഷൻ സീരിയലും കമ്പ്യൂട്ടർ ഗെയിമുകളും സിനിമകളുമായി ലോകം കീഴടക്കി. ജെറി സീഗൾ എന്ന എഴുത്തുകാരനും ജോ ഷസ്റ്റർ എന്ന ചിത്രകാരനും ചേർന്ന് 1938-ലാണ് സൂപ്പർമാനെ സൃഷ്ടിക്കുന്നത്. പക്ഷെ, സ്രഷ്ടാക്കളെ കടത്തിവെട്ടി സൂപ്പർമാൻ സൂപ്പർ ഹിറ്റായപ്പോൾ സ്വാഭാവികമായും ആ വീരനായകന് ജൻമം നൽകിയവർ ആരാലും അറിയപ്പെടാതെ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.
സൂപ്പർമാന്റെ അഭൂതപൂർവമായ വിജയം അതുപോലുള്ള നിരവധി കഥാ നായകൻമാർക്ക് ജൻമം നൽകി. അത്തരം അനുകരണങ്ങളിൽ പലതും പരാജയപ്പെട്ടപ്പോൾ ചിലത് അതിശയകരമായി വിജയിച്ച് വെന്നിക്കൊടി പാറിച്ചു. ബാറ്റ്മാൻ അതിലൊന്നായിരുന്നു. ബ്രൂസ് വെയിൻ എന്നാണ് ബാറ്റ്മാന്റെ യഥാർഥ നാമം. അമേരിക്കൻ പൗരൻ. അതിസമ്പന്നരായ ഡോ.തോമസ് വെയിനിന്റെയും മാർത്തയുടേയും മകൻ. മാതാപിതാക്കളുടെ ക്രൂരമായ കൊ ലപാതകത്തിന് ദൃക്‌സാക്ഷി ആയതോടെയാണ് അവൻ കുറ്റവാളികൾക്കെതി രെ പോരാടാൻ തുടങ്ങുന്നത്. നീതിയുടെ അന്തിമ വിജയത്തിനായി അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ബാറ്റ്മാൻ ആളുകൾക്കിടയിൽ അതിവേഗം പ്രശസ്തനായി. 1938-ൽ ബിൽ ഫിങ്കർ എന്ന എഴുത്ത കാരനും ബോബ് കെയ്ൻ എന്ന ചിത്രകാരനും ചേർന്നാണ് ബാറ്റ്മാനെ സൃഷ്ടിക്കുന്നത്. ബാറ്റ്മാൻ പ്രശസ്തിയിയുടെ വെള്ളിവെളിച്ചത്തിലേക്ക്് കുതിച്ചപ്പോൾ അതിന്റെ സ്രഷ്ടാക്കൾ ആരുമറിയാതെ ഇരുളിലേക്ക് ആണ്ടുപോയി. 
പ്രായഭേദമന്യേ എല്ലാതരം വായനക്കാരേയും ആകർഷിച്ച മറ്റൊരു ചിത്രകഥാ നായകനാണ് സ്‌പൈഡർമാൻ. സൂപ്പർമാന്റെ വിജയം നൽകിയ ആ ത്മവിശ്വാസം തന്നെയായിരുന്നു സ്‌പൈഡർമാന്റെ നിർമിതിക്ക് പിന്നിലെ പ്രധാന പ്രേരണ. വിമാന അപകടത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ബാലനായ പീറ്റർ പാർക്കറെ. ന്യൂയോർക്ക് നഗരത്തിൽ വളരുന്ന അവന്റെ അതിശയകരമായ പ്രകടനങ്ങളാണ് സ്‌പൈഡർമാൻ കഥയായി വികസിക്കുന്നതും വായ നക്കാരെ വശീകരിക്കുന്നതും. 1962-ലാണ് സ്‌പൈഡർമാൻ കഥ ആദ്യമായി പുറത്തിറങ്ങുന്നത്. പിന്നീട് സ്‌പൈഡർമാനെ കുറിച്ച് അനേകം കഥകളുണ്ടായി. ടി.വി സീരിയലുകളിലും കോമിക് പുസ്തകങ്ങളിലും കമ്പ്യൂട്ടർ ഗെയിമുകളിലും സിനിമകളിലുമായി സ്‌പൈഡർമാൻ തകർത്തു വിലസി. എന്നാൽ ഈ ഐതിഹാസിക കഥാപാത്രത്തെ സൃഷ്ടിച്ച ആളെ കുറിച്ച് മാത്രം അധികം ആരും അറിഞ്ഞില്ല. കഴിഞ്ഞ വർഷം അന്തരിച്ച സ്റ്റാൻ ലീ എന്ന അ മേരിക്കൻ എഴുത്തുകാരനായിരുന്നു സ്‌പൈഡർമാന് ജൻമം നൽകിയത്. പ ക്ഷെ, എന്തു ഫലം? സ്റ്റാൻലി മരിച്ചപ്പോൾ വാർത്താമാധ്യമങ്ങൾ എഴുതിയത് സ്‌പൈഡർമാന്റെ പിതാവ് മരിച്ചു എന്നാണ്. അതായത് സൃഷ്ടിയുടെ പേരിലാണ് സ്രഷ്ടാവിനെ ലോകം അറിഞ്ഞത് എന്ന് സാരം. രചയിതാവ് തോറ്റു. രചന ജയിച്ചു! 

Latest News