Wednesday , June   19, 2019
Wednesday , June   19, 2019

കുടിവെള്ളം തേടി...

ഇന്ത്യയുടെ ജലമനുഷ്യൻ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്രസിംഗിനെക്കുറിച്ച് രജീഷ് പുത്തഞ്ചേരി എന്ന വിമുക്തഭടന് അറിയില്ല. എന്നാൽ കുടിവെള്ളം ഒരു തീരാക്കനിയാണെന്ന് ഈ മനുഷ്യസ്‌നേഹി തിരിച്ചറിഞ്ഞിട്ടുണ്ട്. രാജസ്ഥാനിലെ അഞ്ചു നദികളും എണ്ണായിരം കുളങ്ങളും പുനർജീവിപ്പിച്ച ചരിത്രമുണ്ട് രാജേന്ദ്രസിംഗിന്. എന്നാൽ തനിക്കു ചുറ്റുമുള്ള മനുഷ്യജീവികൾക്ക് ദാഹജലം നൽകാനായി ഉപയോഗ്യശൂന്യമായിക്കിടക്കുന്ന കിണറുകൾ വൃത്തിയാക്കിയെടുക്കുക എന്ന ദൗത്യമാണ് രജീഷ് ഏറ്റെടുത്തിരിക്കുന്നത്. 


ഒരു വ്യക്തി വിചാരിച്ചാൽ മാത്രം ലോകത്തെ മാറ്റിമറിക്കാനാവില്ല. എന്നാൽ ചില ചലനങ്ങളുണ്ടാക്കാനാവും എന്ന വിശ്വാസക്കാരനാണ് രജീഷ്. പതിനേഴുവർഷത്തോളം സൈന്യത്തിൽ സേവനമനുഷ്ഠിച്ച രജീഷ് ഒന്നരവർഷം മുൻപാണ് ജോലിയിൽനിന്നും വിരമിച്ചത്. സൈനികസേവനത്തിലൂടെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയുമുണ്ടാക്കിയെടുക്കാനായെന്ന് രജീഷ് സമ്മതിക്കുന്നു. ഈ അച്ചടക്കമാണ് സാമൂഹ്യസേവനത്തിന് ഈ യുവാവിനെ പ്രേരിപ്പിക്കുന്നത്.
ഒരിക്കൽ പഞ്ചായത്ത്തലത്തിൽ നടന്ന കാൻസർ സർവ്വേയിൽ രോഗത്തിന് കാരണമാകുന്നത് പ്ലാസ്റ്റിക്കിന്റെ ദുരുപയോഗവും കുടിവെള്ളത്തിലെ മാലിന്യങ്ങളുമാണെന്ന് ഇദ്ദേഹത്തിന് മനസ്സിലായി. വീടിനടുത്തുള്ള അര ഏക്കർ സ്ഥലത്തിന് നടുവിലായി സ്ഥിതിചെയ്യുന്ന ഉപയോഗശൂന്യമായി കിടക്കുന്ന കിണർ രജീഷിന്റെ ശ്രദ്ധയിൽപ്പെടുന്നത് അങ്ങിനെയാണ്. ഒരുകാലത്ത് കുടിവെള്ള സ്രോതസ്സായിരുന്ന ഈ കിണർ പിന്നീട് ആരും ഉപയോഗിക്കാതെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറുകയായിരുന്നു. പ്ലാസ്റ്റിക്കും കുപ്പികളും കല്യാണവീടുകളിലെ മാലിന്യങ്ങളുമെല്ലാം നിക്ഷേപിച്ച് നിറഞ്ഞുകവിഞ്ഞുനിന്ന ആ കിണർ ഭാവിയിൽ വലിയൊരു വിപത്തിന് കാരണമാകുമെന്ന് ഇദ്ദേഹം മനസ്സിലാക്കി. അടുത്ത വീടുകളിലെ കിണറുകളിലേക്ക് ഈ മാലിന്യം ഒഴുകിയിറങ്ങി വലിയൊരു ദുരന്തത്തിന് കാരണമാകുമെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു.
ഒരു വർഷം മുൻപാണ് ഈ കിണർ വൃത്തിയാക്കിയെടുക്കുന്നതിനെക്കുറിച്ച് രജീഷ് ഗൗരവമായി ചിന്തിക്കുന്നത്. പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഇത്രയേറെ മാലിന്യം എങ്ങനെ ഒഴിവാക്കുമെന്ന ആശങ്കയിലായിരുന്നു അവർ. 
മഴയെത്തിയാൽ പറമ്പിലാകെ വെള്ളം നിറയുകയും മാലിന്യത്തോടൊപ്പം ഈ വെള്ളം അടുത്തുള്ള കിണറുകളിലേക്കും താഴ്ന്നയിടങ്ങളിലേയ്ക്കും ഒഴുകിയെത്തുകയും ചെയ്യുന്നത് രജീഷിനെ ആശങ്കാകുലനാക്കി. അസുഖം ബാധിക്കുമോ എന്ന ആശങ്കയിൽ ധൈര്യപൂർവ്വം മുന്നിട്ടിറങ്ങാൻ ആരുമുണ്ടായില്ല.
'പ്ലാസ്റ്റിക്ക് സംസ്‌കരണത്തെക്കുറിച്ചുള്ള ക്ലാസുകൾ പട്ടാളത്തിലുണ്ടായിരുന്നപ്പോൾതന്നെ പഠിച്ചിരുന്നു.  പിന്നീട് വേങ്ങേരിയിലെ നിറവ് എന്ന സംഘടനയുമായി ബന്ധപ്പെട്ടപ്പോൾ അവരുടെയും സഹകരണം ലഭിച്ചു. പ്ലാസ്റ്റിക് സംസ്‌കരണത്തിലും പാരിസ്ഥിതിക പരിപാലനത്തിലുമെല്ലാം വളരെയേറെ പ്രശസ്തിയാർജിച്ച ഈ സംഘടനയാണ്  കരുത്തു പകർന്നുനൽകിയത്. അയൽക്കാരായ സുഹൃത്തുക്കളെയും പ്രദേശവാസികളെയുമെല്ലാം ചേർത്ത് ഒരു കൂട്ടായ്മയുണ്ടാക്കി. കൂടാതെ ആരോഗ്യവകുപ്പിനെ സമീപിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള വഴിയൊരുക്കി. നിറവിൽനിന്നും നൽകിയ കൃത്യമായ ക്ലാസുകളിലൂടെ മാലിന്യം നീക്കം ചെയ്യുന്നതിനെക്കുറിച്ചും സുരക്ഷിതമാർഗങ്ങളെക്കുറിച്ചുമെല്ലാം പഠിച്ചു' -  രജീഷ് പറയുന്നു.
സമീപവാസികളുടെയും സുഹൃത്തുക്കളുടെയും ആരോഗ്യവകുപ്പ് അധികൃതരുടെയും സഹകരണത്തോടെ ഒരു വെല്ലുവിളിയെന്നോണമാണ് രജീഷ് ഈ ദൗത്യം ഏറ്റെടുത്തത്. പതിനഞ്ചു വർഷം പഴക്കമുള്ള ഈ കിണർ ഒരു മാസം കൊണ്ടാണ് വൃത്തിയാക്കിയെടുത്തത്.
മുപ്പത്തിയൊന്ന് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കിണറ്റിൽനിന്നും പുറത്തെടുത്തത്. ജെ.സി.ബി ഉപയോഗിച്ചാണ് മാലിന്യങ്ങൾ കോരിയെടുത്തത്. പിന്നീട് അവയെല്ലാം ഉണക്കി തരംതിരിച്ചു. ആരോഗ്യവകുപ്പ് നൽകിയ ഗ്ലൗസുകളും ബഌച്ചിംഗ് പൗഡറുമെല്ലാം ഉപയോഗിച്ച് എല്ലായിടത്തും വൃത്തിയാക്കി. 
പതിനാല് ചാക്ക് പ്ലാസ്റ്റിക് കുപ്പികളാണ് കിണറ്റിൽനിന്നും പുറത്തെടുത്തത്. കൂടാതെ ചില്ലുകുപ്പികളും നാല് ചാക്ക് പഴയ ചെരുപ്പുകളും എട്ടു ചാക്ക് പ്ലാസ്റ്റിക് കളിക്കോപ്പുകളും പ്‌ളേറ്റുകളും മൂന്ന് ചാക്ക് പഴയ തുണികൾ എന്നിങ്ങനെ ഓരോന്നും കൃത്യമായി വേർതിരിച്ചെടുത്ത് നിറവിലേയ്ക്ക് അയച്ചുകൊടുത്തു.
ഇപ്പോൾ കിണർ നിറയെ വെള്ളമുണ്ട്. എന്നാൽ ഇത്രയും കാലം മാലിന്യം മൂടിക്കിടന്നതിനാൽ കുടിക്കാൻ ഉപയോഗിക്കുന്നില്ല. കൃഷി ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. ഇത്രയും കാലം ഈ പ്രദേശത്തെ അലോസരപ്പെടുത്തിയ മാലിന്യക്കൂമ്പാരമാണ് ഒഴിഞ്ഞുപോയത്. ഒപ്പം ഭാവിയിൽ സംഭവിക്കാനിരുന്ന വലിയൊരു ദുരന്തത്തെയും അതിജീവിക്കാൻ കഴിഞ്ഞതിൽ ഈ നാട്ടുകാർ ഏറെ സന്തോഷത്തിലാണ്.
സമീപപ്രദേശങ്ങളിൽ ഇത്തരത്തിൽ ഉപയോഗശൂന്യമായി കിടക്കുന്ന കിണറുകളും വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് രജീഷും കൂട്ടരും. കൂടാതെ സമീപത്തെ പുഴയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.
രാജ്യത്തിനുവേണ്ടി പതിനേഴുവർഷത്തോളം സേവനമനുഷ്ഠിച്ച രജീഷ് തന്റെ സേവന പ്രവർത്തനങ്ങൾ തുടരുകയാണ്. ഒരു സാമൂഹ്യജീവി എന്ന നിലയിൽ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് തന്റെ കർത്തവ്യമായി ഈ വിമുക്തഭടൻ വിശ്വസിക്കുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം പിന്തുണ എല്ലാ കാര്യങ്ങൾക്കും ഇദ്ദേഹത്തിന് കൂട്ടായുണ്ട്.

Latest News