Wednesday , June   19, 2019
Wednesday , June   19, 2019

മേഘം പൂത്തു തുടങ്ങിയപ്പോൾ ലണ്ടനിൽ മസാല ബോണ്ട് 

രാഷ്ട്രീയത്തിൽ ബന്ധുക്കൾ ശത്രുക്കളായി മാറുന്നതെന്ന് പറയാനാവില്ല. ഏതാണ്ട് അത് പോലെയാണ് രാഷ്ട്രീയ പാർട്ടികൾക്ക് ചാനലുകളോടുള്ള സമീപനവും. കുംഭമാസ നിലാവ് പോലെ കുമാരിമാരുടെ ഹൃദയം എന്ന് പണ്ട് കവി വിശേഷിപ്പിച്ചത് പോലെയിരിക്കും. അർണബിന്റെ റിപ്പബ്ലിക് ടിവിയും സംഘപരിവാറും തമ്മിലേതെന്ന് കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത പരുവത്തിലായിരുന്നു. ഇപ്പോഴിതാ റിപ്പബ്ലിക് ടിവിയെ പണ്ടാരടപ്പിക്കാൻ സംഘികൾ ഇറങ്ങിയിരിക്കുന്നു. ബിജെപിയ്ക്കും നരേന്ദ്ര മോഡിക്കും അനുകൂലമായി വാർത്തകൾ നൽകുകയും നിലപാട് എടുക്കുകയും ചെയ്യുന്ന ചാനലാണ് അർണബിന്റേതെന്നാണ് പൊതു ധാരണ. മാധ്യമപ്രവർത്തകനായ അർണബ് ഗോസാമി റിപ്പബ്ലിക് ടിവി തുടങ്ങിയത് മുതൽ മോഡി ഭക്തൻ ആയിട്ടാണ് അറിയപ്പെടുന്നത്. അന്ധമായ ബിജെപി അനുകൂല, മോഡി അനുകൂല നിലപാടുകളുടെ പേരിൽ പതിവായി വിമർശിക്കപ്പെടാറുമുണ്ട്. 
കഴിഞ്ഞ ദിവസം ചാനലിൽ നടന്ന ഒരു ചർച്ചയാണ് സംഘപരിവാർ അണികളുടെ രോഷത്തിന് കാരണമായത്. നരേന്ദ്ര മോഡി നീചനായ മനുഷ്യനാണ് എന്ന് കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ പറഞ്ഞതിനെ കുറിച്ച് നടത്തിയ അന്തി ചർച്ചയാണ് കാര്യങ്ങൾ തകിടം മറിച്ചത്. 
രാഷ്ട്രീയ നിരീക്ഷകനായ നിഷാന്ത് വർമ്മ, ബിജെപിയുടെ  നിഗാത് അബ്ബാസ് അടക്കമുളളവരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. നിഷാന്ത് വർമ്മ ചർച്ചയിൽ ബിജെപിയേയും മോഡിയേയും കടന്നാക്രമിച്ചു. 
മോഡി നീചൻ തന്നെയാണ് എന്നും ശർമ്മ തുറന്നടിച്ചു. മോഡിയുടെ പാർട്ടിക്കാരും നീചരാണ്. ബിജെപി പ്രവർത്തകർ സ്ത്രീകളെ അധിക്ഷേപിക്കുകയാണ് എന്നും ശർമ്മ ചൂണ്ടിക്കാട്ടി. സ്ത്രീകളെ ഓൺലൈനിൽ വിൽക്കുന്ന റേപ്പിസ്റ്റുകളാണ് ബിജെപി പ്രവർത്തകരെന്നും നിഷാന്ത് ശർമ്മ ആഞ്ഞടിച്ചു. ഇതോടെയാണ് ചർച്ച നടത്തിയ അർണബിനും ചാനലിനും എതിരെ സംഘപരിവാറുകാർ  രംഗത്ത് വന്നത്. 
*** *** ***
അമേരിക്കൻ പ്രസിഡന്റുമാരാണ് സാധാരണ ഗതിയിൽ വിദേശ രാജ്യങ്ങളിൽ സകുടുംബം അവധിക്കാലം ആഘോഷിക്കാൻ പോകാറുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലന്റ്, യു.കെ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണുള്ളത്. ഇതിൽ പലതും മുതലാളിത്ത രാജ്യങ്ങൾ മാത്രമല്ല, സാമ്രാജ്യത്വത്തിന്റെ ഹെഡ് ഓഫീസുകളുമാണ്. ശാസ്ത്രീയ സോഷ്യലിസം തൊട്ടു തീണ്ടിയിട്ടില്ലാത്തവർ. പ്രളയമോ, ജീവകാരുണ്യമോ എന്തെങ്കിലും പറഞ്ഞ് കുറേ പേർക്ക് ഫോറിൻ ട്രിപ്പ് അടിച്ചെടുക്കാനായല്ലോ. എൽ.ഡി.എഫ് മാറി യു.ഡി.എഫ് വരുമ്പോഴും ഇതേ ശീലം തുടരുമെന്ന് പ്രതീക്ഷിക്കാം. അങ്ങിനെയൊക്കെയാണല്ലോ കേരളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുക.  മോഡേൺ കാപ്പിറ്റലിസം വിഭവ സമാഹരണം നടത്തുന്നത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെന്നറിയപ്പടുന്ന ഓഹരി വിപണികളിലൂടെയാണ്. ന്യൂയോർക്ക്, ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ ഇക്കൂട്ടത്തിലെ പ്രമാണിമാരാണ്. ഒരു വ്യക്തിയ്ക്ക് പണം സ്വരൂപിക്കുന്നതിന് പരിമിതിയുണ്ട്. പങ്കാളിത്ത സംരംഭങ്ങൾ പല കാരണങ്ങളാൽ ദീർഘകാലം നിലനിൽക്കില്ല. അങ്ങിനെയിരിക്കെയാണ് ഷെയർ മാർക്കറ്റുകളിൽ നിന്ന് വിഭവ സമാഹരണം ജോറായി നടക്കാൻ തുടങ്ങിയത്. അത്തരമൊരു മൂലധനമില്ലാതെ ജോയന്റ് സ്റ്റോക്ക് കമ്പനികൾക്ക് നിലനിൽക്കാനുമാവില്ല. 
മുമ്പ് കേരളത്തിലെ ഒരു ബാങ്ക് തകർച്ചയെ നേരിട്ടപ്പോൾ ഓഹരിയുടെ മൂല്യം പത്ത് രൂപയിലും താഴെ പോയ ഘട്ടമുണ്ടായി. അതേ ബാങ്ക് ദേശസാൽകൃത ബാങ്കുമായി ലയിക്കുമെന്നായപ്പോൾ ഒറ്റ നാൾ കൊണ്ട് പത്ത് രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് നാനൂറ് രൂപ വരെയായി മാർക്കറ്റ് റേറ്റ്. ഇതൊരു തിരിച്ചറിവിന്റെ കാലമാണ്. മസാല ബോണ്ടയായാലും നല്ല വിലയ്ക്ക് വിൽക്കണമെങ്കിൽ ലണ്ടനിലെ കമ്പോളം തന്നെയാണ് മികച്ച ചോയ്‌സ്. കാപ്പിറ്റലിസം നീണാൾ വാഴട്ടെ. 
മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിന്റെ  നിർമാണം കൈരളിക്ക് കൈമാറിയതിയിൽ ഗൂഢാലോചന ഉണ്ടെന്ന് വി മുരളീധരൻ എംപി. പരിപാടിയുടെ നിർമാണം കൈരളിക്ക് നൽകുന്നതിലൂടെ ഓരോ എപ്പിസോഡിലും ഒരു ലക്ഷം ലാഭമുണ്ടെന്നാണ്  പി.ആർ.ഡി. ഡയറക്ടറുടെ വിശദീകരണം. അങ്ങനെയാണെങ്കിൽ സർക്കാരിന് കീഴിലുള്ള സിഡിറ്റ് കൈരളി ചാനലിനെക്കാൾ പണം ചിലവാക്കുകയല്ലേ എന്നും വി. മുരളീധരൻ ചോദിക്കുന്നു. 
*** *** ***
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ കാത്തിരിക്കുന്നത് വൻ തകർച്ചയാണെന്ന് സൂചന നൽകുന്ന ഇന്ത്യാ ടുഡേയുടെ സർവ്വേ ഫലം ലീക്കായത് മാധ്യമങ്ങൾ ആഘോഷിച്ചു. ഇന്ന് (ഞായർ)  പുറത്തിറങ്ങാനിരുന്ന ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലത്തിന്റെ  വിവരങ്ങളാണ് ലീക്കായതായി കണക്കാക്കപ്പെടുന്നത്. ഇതിന്റെ  വീഡിയോ ട്വിറ്ററിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇന്ത്യാ ടുഡേ ചാനലിന്റെ  ന്യൂസ് ഡയറക്ടർ രാഹുൽ കൻവാൽ സർവ്വേ ഫലം സംബന്ധിച്ച വിവരങ്ങൾ 19 ന് പുറത്തുവരും എന്ന് വ്യക്തമാക്കിയ വീഡിയോയിലാണ് അബദ്ധത്തിൽ ചില വിവരങ്ങൾ പുറത്തായത്. 
ബിജെപി വൻ തകർച്ചയാണ് നേരിടാൻ പോകുന്നതെന്നാണ് സൂചന. വീഡിയോയിലുള്ള കമ്പ്യൂട്ടർ സ്‌ക്രീനിൽ ബിജെപി 177 സീറ്റിൽ ഒതുങ്ങുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. യുപിഎ 141 സീറ്റുകളിലും മറ്റുള്ളവർക്ക് 224 സീറ്റുകളുമാണ് സർവേ  പ്രവചിച്ചിരിക്കുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ മെയ് 19 ന് പുറത്തുവരുമെന്ന് ഇന്ത്യാ ടുഡേ അറിയിച്ചിരുന്നു. അതിന് മുൻപ് രാഹുൽ കൻവാൽ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. '2017 ൽ യുപിയിൽ ബിജെപി ലീഡ് ചെയ്യുമെന്ന് ഞങ്ങൾ പറഞ്ഞു, അത് സംഭവിച്ചു. 
ഗോവയിലും ഞങ്ങൾ പ്രവചിച്ചു, മേഘാലയയിൽ തൂക്കുസഭയാകുമെന്നും ഞങ്ങൾ പ്രവചിച്ചു, അതും സംഭവിച്ചു, ഇന്ത്യാ ടുഡേ ആക്‌സിസ് പോൾ സർവ്വേകൾ 95 ശതമാനവും ശരിയായിട്ടുണ്ട്. ഇത്തവണ ഇന്ത്യയിലെ 7 ലക്ഷം പേർക്കിടയിലാണ് സർവ്വേ നടത്തിയത്. ബിഗ് ബോസ് ഓഫ് എക്‌സിറ്റ് പോൾസ്' എന്നായിരുന്നു ട്വീറ്റ്. ഇപ്പറഞ്ഞത് ശരിയായാൽ ഇന്ത്യാ ടുഡേ ടിവിയുടെ ക്രെഡിബിലിറ്റി കൂടും. 
*** *** ***
130 കോടി ജനങ്ങളുടെ നായകനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. അത്രയും വിശിഷ്ടമായ പദവിയിലിരിക്കുന്ന വ്യക്തിയെ പരിഹസിക്കുന്നത് ഉചിതമല്ല. ജനാധിപത്യം നൽകുന്ന അവകാശമെന്നൊന്നും പറഞ്ഞ് ഇതിനെ ന്യായീകരിക്കത്തക്കതുമല്ല. ന്യൂസ് നേഷൻ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മോഡി ഇന്ത്യൻ സേന പ്രത്യാക്രമണം നടത്തിയത് തന്റെ  പ്രത്യക സിദ്ധാന്തം  പാലിച്ചാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടത്. മേഘങ്ങൾ മറയാക്കിയുള്ള ആക്രമണത്തിന്റെ ട്രോളുകൾ ആഗോള തലത്തിൽ ഭാരതീയർക്ക് അപമാനമായി.  ഡിജിറ്റൽ കാമറ സജീവമാകാത്ത കാലത്ത് താൻ ഡിജിറ്റൽ കാമറ കൊണ്ട് ഫോട്ടോ എടുത്തെന്ന മോഡിയുടെ അവകാശ വാദത്തിനെതിരെയും  വിമർശകർ രംഗത്തെത്തി.  ന്യൂസ് നാഷന് നൽകിയ അഭിമുഖത്തിലാണ് മോഡിയുടെ പരാമർശം. ഇതിന്റെ വീഡിയോ വൈറലായതോടെ കോൺഗ്രസ് നേതാവ് രമ്യ സ്പന്ദന അടക്കം നിരവധി പേർ മോഡിയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.  ചോദ്യവും ഉത്തരവും നേരത്തേ എഴുതിയ സ്‌ക്രിപ്റ്റഡ് അഭിമുഖമായിരുന്നു മോഡി ന്യൂസ് നാഷന് അനുവദിച്ചതെന്നതാണ് പ്രധാന  ആരോപണം. ന്യൂസ് നാഷന് നൽകിയ അഭിമുഖവും സ്‌ക്രിപ്റ്റഡ് ആണെന്നത് തെളിഞ്ഞെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന  അഭിമുഖത്തിന്റെ വീഡിയോ പങ്ക് വെച്ചു. ഇതേ മാധ്യമ പ്രവർത്തകൻ അടുത്ത ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അഭിമുഖം നടത്തി. ന്യൂസ് നേഷനിലെ ദീപക് ചൗരസ്യയെ  രാഹുൽ ഗാന്ധി ഉത്തരം മുട്ടിക്കുന്നതും ജനം കണ്ടു.
പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ കവിതയെഴുതാനുള്ള കഴിവിനെക്കുറിച്ചും പോക്കറ്റിൽ പണം കരുതുന്നതിനെക്കുറിച്ചുമൊക്കെയാണ് ചോദിച്ചതെങ്കിൽ രാഹുലിനോടുള്ള ചോദ്യങ്ങൾ ഒരു മാധ്യമപ്രവർത്തകന്റേത് എന്ന് തോന്നിക്കുന്ന തരത്തിലുള്ളതായിരുന്നു.
മോഡിയുമായി അഭിമുഖം നടത്തുമ്പോഴുള്ള സൗമ്യ ഭാവം ഇല്ലാതെയാണ് രാഹുലിനോട് സംസാരിച്ചത്. നോട്ടു നിരോധനം, ജി.എസ്.ടി എന്നിവ ഉയർത്തിക്കാട്ടി മോഡിയെ വിമർശിക്കുന്നതിനെ കുറിച്ചായിരുന്നു ചൗരസ്യ രാഹുലിനോട് ചോദിച്ചത്. ഈ രണ്ട് സാമ്പത്തിക തീരുമാനങ്ങളും പ്രഖ്യാപിച്ചശേഷം നടന്ന ഉത്തർപ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോഡിയുടെ നേതൃത്വത്തിൽ ബി.ജെ.പി വൻ വിജയം നേടിയിരുന്നു എന്നിരിക്കെ ഇവ ഉയർത്തിക്കാട്ടി മോഡിയെ വിമർശിക്കുന്നതിൽ കാര്യമുണ്ടോ എന്നായിരുന്നു ചൗരസ്യയുടെ ചോദ്യം.
ഇതിനോട് പ്രതികരിക്കവെയാണ് രാഹുൽ ചൗരസ്യയോട് മറുചോദ്യം ചോദിച്ചത്. 'മോഡിയുമായുള്ള സ്‌ക്രിപ്റ്റഡ് ഇന്റർവ്യൂവിൽ ഇതിനുള്ള ഉത്തരങ്ങൾ ഉണ്ടായിരുന്നില്ലേ' എന്നായിരുന്നു രാഹുൽ ചോദിച്ചത്.  ' അല്ല, അതിൽ മോഡിയുടെ കവിതയായിരുന്നു ഉണ്ടായിരുന്നത് ചോദ്യങ്ങളല്ല' എന്നായിരുന്നു ചൗരസ്യയുടെ മറുപടി. 'അതെ, അതെന്തായിരുന്നുവെന്ന് ഇന്റർനെറ്റിലൂടെ എല്ലാവരും കണ്ടായിരുന്നു' രാഹുലിന്റെ മറുപടിയിൽ എല്ലാം അടങ്ങി. 
ഇതെല്ലാം കഴിഞ്ഞപ്പോഴതാ വെള്ളിയാഴ്ച വൈകുന്നേരം ബിജെപി അധ്യക്ഷൻ അമിത് ഷാജിയ്‌ക്കൊപ്പം മോഡിജി മാധ്യമ പ്രവർത്തകരെ കാണുന്നു. അഞ്ച് വർഷമായിട്ട് ഇതുവരെ പത്രസമ്മേളനം നടത്തിയില്ലെന്ന് ഇനിയാരും പരാതി പറയില്ല.
 

Latest News