Wednesday , June   19, 2019
Wednesday , June   19, 2019

യാത്രാ നിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ;  ടിക്കറ്റിനായി പ്രവാസികൾ നെട്ടോട്ടത്തിൽ

ദമാം- ഗൾഫ് നാടുകളിൽ അവധിക്കാലം അടുത്തതോടെ നാട്ടിലേക്ക് മടങ്ങുന്നതിനു കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾ നെട്ടോട്ടത്തിൽ. പ്രവിശ്യയിലെ ഏക വിമാനത്താവളമായ ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ മൂന്ന് ദിവസം എയർഇന്ത്യ എക്‌സ്പ്രസ് നടത്തുന്ന സർവീസ് മാത്രമാണ് ലക്ഷക്കണക്കിന് മലയാളികൾക്ക് ആശ്രയം. മറ്റൊരു വിമാന കമ്പനിയും ദമാമിൽനിന്ന് കേരളത്തിലെ ഒരു വിമാനത്താവളത്തിലേക്കും നേരിട്ട് സർവീസ് നടത്തുന്നില്ല എന്നത് പ്രവാസികൾക്ക് ദുരിതം സമ്മാനിക്കുകയാണ്. 
ഇതര വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ സാധാരണ വിമാനക്കൂലിയുടെ മൂന്നിരട്ടി ഈടാക്കിയാണ് എയർഇന്ത്യ എക്‌സ്പ്രസ് പ്രവാസി യാത്രക്കാരെ നിർബാധം കൊള്ളയടിക്കുന്നത്. അവധിക്കാലം ആസന്നമായിരിക്കെ നിരക്ക് വീണ്ടും ഇരട്ടിക്കും. നേരിട്ട് സർവീസ് നടത്താതെ വിമാനക്കമ്പനികളും പ്രവാസികളെ ചൂഷണം ചെയ്യുന്നതിനു മുൻകാലങ്ങളിലെക്കാളും കൂടുതൽ കരുത്തോടെ രംഗത്തെത്തിയിട്ടുണ്ട്. 
വരുന്ന നാലു മാസം ഗൾഫിൽ അവധിക്കാലമായതിനാൽ നിലവിലെ ചാർജിനേക്കാളും മൂന്നിരട്ടിയോളം വർധിപ്പിച്ച് എയർലൈനുകൾ പ്രവാസി മലയാളികളെ കൊള്ളയടിക്കുന്നതിൽ മത്സരമാണെന്ന് തന്നെ പറയാം. ജൂൺ ആദ്യ വാരം ഈദുൽ ഫിത്ർ അവധിക്കാലം ആരംഭിക്കുകയാണ്. 
ഭൂരിഭാഗം സീറ്റുകളും വിമാനക്കമ്പനികളുടെ ബാക്ക് ഓഫീസുകൾ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു. ശേഷിക്കുന്ന ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾക്ക് പൊള്ളുന്ന നിരക്കുമാണ്. നേരത്തെ ബ്ലോക്ക് ചെയ്ത സീറ്റുകൾ പിന്നീട് ഘട്ടം ഘട്ടമായി തുറന്നു നൽകി ക്ലാസുകളായി വേർതിരിച്ചു അഞ്ചിരട്ടിയിലധികം വില കൂട്ടി വിൽക്കുന്ന വിമാന കമ്പനികളുടെ പതിവ് രീതി ഇത്തവണ കുറച്ചു നേരത്തേ തുടങ്ങികഴിഞ്ഞതായാണ് വിവരം. ഗൾഫ് പ്രവാസത്തിൽ സാമ്പത്തിക ഞെരുക്കങ്ങളിൽ നിന്ന് ആശ്വാസം കണ്ടെത്താൻ നാട്ടിൽ കുടുംബങ്ങളുമൊത്ത് കുറച്ചു കാലമെങ്കിലും കഴിയാമെന്ന് വിചാരിക്കുന്ന പ്രവാസികൾക്കാണ് ഇത്തരം വിമാനക്കമ്പനികളുടെ പകൽകൊള്ള മൂലം സ്വപ്‌നങ്ങൾ അന്യമാകുന്നത്.  
ദമാമിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കിയതോടെ കൊള്ളയടിക്കുന്നതിന് കൂടുതൽ അവസരം ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 
കിഴക്കൻ പ്രവിശ്യയിലെ നൂറിലധികം സാംസ്‌കാരിക രാഷ്ട്രീയ മത സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആരും തന്നെ എയർലൈൻ കൊള്ളക്കെതിരെ രംഗത്തു വരുന്നില്ലെന്നത് ഏറെ അതിശയോക്തിയാണ്. തെരഞ്ഞെടുപ്പും വോട്ടു പിടുത്തവും അതിന്റെ ഫലവും നിരന്തരം ചർച്ചയാക്കുന്ന ഇടതു വലതു പക്ഷ പ്രവാസി സംഘടനാ നേതൃത്വം, അധികാരികളോട് ദമാമിൽ നിന്ന് നേരിട്ട് വിമാന സർവീസ് എന്ന ആവശ്യം ഉയർത്തുന്നില്ലെന്ന് പ്രവാസി സമൂഹം കുറ്റപ്പെടുത്തുന്നു. ഇതിന് സമാനമായി തന്നെ കേരളത്തിലെ പ്രധാന നാല് വിമാനത്താവളങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂസേഴ്‌സ് ഫോറങ്ങൾ പ്രസ്താവനകളിലൂടെ നിലനിൽക്കാൻ ശ്രമിക്കുകയല്ലാതെ കേന്ദ്ര-കേരള സർക്കാരിൽ ഒരു നിവേദനം നൽകാൻ പോലും തയാറായിട്ടില്ല എന്നതിലും പ്രവാസി സമൂഹം രോഷാകുലരാണ്. കേന്ദ്ര സർക്കാരിനെ നയിക്കുന്ന ബി.ജെ.പിയുടെ പ്രവാസി സെല്ലിന് വരെ ശക്തമായ വേരോട്ടമുള്ള കിഴക്കൻ പ്രവിശ്യയിൽ സംഘടനാ ശേഷി വർധിപ്പിക്കുകയല്ലാതെ ഇത്തരം വിഷയങ്ങളിൽ ഇടപെടുകയോ ആവശ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.  

Tags

Latest News