Thursday , June   20, 2019
Thursday , June   20, 2019

ഖത്തീഫ് കൂട്ടക്കുരുതി: തിരിച്ചറിയാത്തതിനാൽ  ഷേക്ക് ദാവൂദിന്റെ മൃതദേഹം ദമാമിൽ ഖബറടക്കി

ദമാം- മലയാളികളെ ഞെട്ടിച്ച ഖത്തീഫ് കൂട്ടക്കുരുതിയുടെ ആറു വർഷത്തിലധികം നീണ്ട സംഭവ പരമ്പരകൾക്ക് അന്ത്യം കുറിച്ച് അവസാന ഇരയുടെയും മൃതദേഹം ദമാമിൽ ഖബറടക്കി. തമിഴ്‌നാട് മല്ലിപ്പട്ടണം പുതേുക്കോട്ട ഷേക്ക് ദാവൂദിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഖബറടക്കിയത്. കൊല്ലപ്പെട്ട മറ്റ് നാലു പേരുടെയും മൃതദേഹങ്ങൾ പലപ്പോഴായി ഖബറടക്കിയിരുന്നു. പാസ്‌പോർട്ടിൽ ഉണ്ടായിരുന്ന മേൽവിലാസ പ്രകാരം ആളെ തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്നാണ് അജ്ഞാത മൃതദേഹം എന്ന നിലയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മറവു ചെയ്തത്. 
നോർക്കക്ക് തുല്യമായ തമിഴ്‌നാട്ടിലെ എൻ.ആർ.ടിയുടേയും, തൃശ്ശിനാപ്പള്ളി കലക്ടറുടെയും പുതുക്കോട്ട തഹസിൽദാറുടേയും റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇങ്ങനെ ഒരാൾ ഈ മേൽവിലാസത്തിൽ ഉണ്ടയിരുന്നില്ല. മൃതദേഹം കണ്ടെത്തി മൂന്നു വർഷം കഴിഞ്ഞിട്ടും മയ്യിത്ത് ഖബറടക്കാൻ കഴിയാത്തിനാൽ സഫ പോലീസ് നിരന്തരമായ സമ്മർദം ചെലുത്തിയിരുന്നതായി സാമൂഹ്യ പ്രവർത്തകർ പറഞ്ഞു. ഇതേ തുടർന്നാണ് ഇയാളെ കണ്ടെത്താൻ സാധിച്ചില്ലെന്ന റിപ്പോർട്ട് എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്. 
ഈ റിപ്പോർട്ട് പ്രകാരം  കേസിന്റെ തുടക്കം മുതൽ ബന്ധപ്പെട്ടിരുന്ന സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന് മൃതദേഹം ഖബറടക്കുന്നതിന് സഫ പോലീസ് അനുമതി പത്രം നൽകുകയായിരുന്നു. ഇതേ തുടർന്ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം മൃതദേഹം ദമാമിൽ മറവു ചെയ്തു. നാസ് വക്കം, ജാഫർ കൊണ്ടോട്ടി എന്നിവർ ഖബറടക്കുന്നതിന് നേതൃത്വം നൽകി. 
മലയാളികളടക്കം അഞ്ചു പേരെ ജീവനോടെ കൊന്നുവെന്ന  പ്രവൃത്തിയാണ് ഖത്തീഫ് കൊലപാതകത്തെ ഇത്രയേറെ കാലം ആളുകളുടെ മനസ്സിൽ ഭീതിയോടെ നിലനിർത്തിയത്. 
കൊല്ലം ശാസ്താംകോട്ട അരികിലിയത്തു വിളത്തറ വീട്ടിൽ ഷാജഹാൻ അബൂബക്കർ, തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ ഖാദർ സലീം, കൊല്ലം കണ്ണനല്ലൂർ സ്വദേശി ഷേക്ക് ദാവൂദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി അസ്ഹർ ഹുസൈൻ, ബില്ലിക്കുറി കൽക്കുളം ഫാത്തിമ സ്ട്രീറ്റ് ലാസർ എന്നിവരെയാണ് ജീവനോടെ കുഴിച്ചുമൂടിയത്. ഏഴ് വർഷങ്ങൾക്ക് മുമ്പാണ് ഒരുമിച്ച് ജോലി ചെയ്തിരുന്ന അഞ്ചു പേരെ കാണാനില്ലെന്ന പരാതി ഉയരുന്നത്. സാമ്പത്തിക തിരിമറിയും, മദ്യവാറ്റും വിൽപനയും നടത്തിയിരുന്ന പ്രതികളിൽ കുറേപ്പേരിൽ നിന്ന് പണം കടം വാങ്ങി മുങ്ങിയതായിരിക്കും എന്നായിരുന്നു ആദ്യ നിഗമനം. 
ആറു വർഷത്തിന് മുമ്പ് കൃഷിക്കു വേണ്ടി പാട്ടത്തിനെടുത്ത ഫാം കിളച്ചു മറിക്കുന്നതിനിടയിൽ ലഭിച്ച അസ്ഥിപഞ്ജരങ്ങളാണ് അതി നികൃഷ്ടമായ കൊലപാതക വിവരം പുറംലോകം അറിയാൻ ഇടയാക്കിയത്. 
സൗദി പോലീസിന്റെ അനിതരസാധാരണമായ അന്വേഷണ പാടവമാണ് പ്രതികളെ വൈകാതെ വലയിലാക്കിയത്. യാതൊരു ദാക്ഷിണ്യവും നൽകാതെ കൊലപാതക കൃത്യം നിർവഹിച്ച മൂന്ന് സ്വദേശി പൗരന്മാരെയും ഈയിടെ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. 
സൗദിയുടെ നടപടി ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുകയും സൗദി നീതിന്യായ വ്യവസ്ഥയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
 

Tags

Latest News