Sunday , June   16, 2019
Sunday , June   16, 2019

ഉദാരതയുടെ സൗന്ദര്യം 

''രണ്ട് കുട്ടികളുടെ ഒരു വർഷത്തേക്കുള്ള  വിദ്യാഭ്യാസ ചെലവ് ഞാൻ വഹിക്കാം.'' നിർധനരായ ഭിന്നശേഷി  കുട്ടികളുടെ പഠനകാര്യം സൂചിപ്പിച്ച് സംസാരം തീരുന്നതിന് മുമ്പേ പ്രിയ സുഹൃത്ത് വിഷയം ഏറ്റെടുത്തു.  തന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും അവഗണിച്ച് നൽകിയ പിന്തുണയുടെ  ആത്മാർത്ഥതയും മനോഹാരിതയും ഉള്ളാലെ അറിഞ്ഞനുഭവിച്ചപ്പോൾ  കണ്ണ് നിറഞ്ഞത് ഓർമ വരികയാണ്. ഇത്തരം ചില നന്മ നിറഞ്ഞവരിടുന്ന  കാരുണ്യ നിർഭരവും നിസ്വാർത്ഥവുമായ  തുടക്കങ്ങൾ   നാട്ടിൽ കാണുന്ന എത്രയെത്ര   സേവന സംരംഭങ്ങളെയാണ്  ഊർജം പകർന്നു വളർത്തിയെടുത്തത്!
സാമൂഹ്യ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളും  അനുഭവങ്ങളും തുടർന്ന്  കൈവരുന്ന  സായൂജ്യവും വാക്കുകൾക്കതീതമാണ്. മനം കുളിർപ്പിക്കുന്നതും കണ്ണ് നനയിപ്പിക്കുന്നതുമായ ഒരുപാട് അനുഭവങ്ങൾ അത്തരം മേഖലകളിൽ ആയുഷ്‌കാലം മുഴുക്കെ ചെലവിട്ടവരോടൊപ്പമിരുന്നാൽ നമുക്ക് പഠിച്ചെടുക്കാനും പകർന്നെടുക്കാനും കഴിയും. പ്രവാസ ലോകത്ത് എമ്പാടും അത്തരം സുമനസ്സുകളെ കണ്ടുമുട്ടാൻ സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. 
അന്യ നാട്ടിൽ വിവിധ സാഹചര്യങ്ങളിൽ വ്യത്യസ്ത രാജ്യക്കാരോടൊത്ത് ഇടപഴകി ജോലി ചെയ്ത് ദീർഘമായ നാളുകൾക്ക് ശേഷം ഒരു പ്രവാസി നാട്ടിലെത്തുമ്പോൾ അവൻ കൂടെ കരുതുന്നത് മിച്ചം പിടിച്ച സമ്പാദ്യം മാത്രമല്ല,  കനിവാർന്ന ഒരു മനസ്സ് കൂടിയാണ് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. തന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും വകവെക്കാതെ മറ്റുള്ളവരെ സേവിക്കാനും സഹായിക്കാനും പാകപ്പെട്ട ഉദാരത പ്രവാസ ജീവിതം കൊണ്ട് പല കാരണങ്ങളാൽ പല വിധേനയും അവൻ സ്വായത്തമാക്കിയിരിക്കും. 
കേരളത്തിൽ നിന്നെത്തുന്ന വളരെ കുറഞ്ഞ ശതമാനം പേർ മാത്രമേ വൻകിട ബിസിനസ് നടത്തിയോ  ഉയർന്ന ജോലികളിൽ മികച്ച ശമ്പളം വാങ്ങിയോ മെച്ചപ്പെട്ട സമ്പാദ്യവുമായി അവധിക്കാലത്തും  അല്ലാത്തപ്പോഴും  നാട്ടിലേക്ക് തിരിക്കുന്നുള്ളൂ. അധിക പേരും വളരെ തുഛമായ ശമ്പളത്തിന് ജോലിയെടുത്ത് ഉപജീവനം തേടുന്നവരാണ്. എന്നാൽ രണ്ടാം വിഭാഗത്തിൽ പെടുന്നരാണ് നാട്ടിലെ പല തരം കാരുണ്യ പ്രവർത്തനങ്ങളിലും അകമഴിഞ്ഞ് സഹായിക്കുന്നവർ. ഇവരിലധികപേർക്കും  പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയാൽ  ഒരു സ്ഥിര വരുമാന മാർഗമോ പെൻഷൻ ആനുകൂല്യങ്ങളോ നിലവിലില്ല. ഈ കടുത്ത യാഥാർത്ഥ്യങ്ങൾ അറിഞ്ഞോ അവഗണിച്ചോ തന്നെയാണ് ഈ മഹാ ഭൂരിപക്ഷം തങ്ങളുടെ പ്രവാസത്തിന്റെ ക്ഷണികമായ സാമ്പത്തിക നേട്ടങ്ങളെ ഇത്തരം ഉദാരതകളിലേക്ക് തിരിച്ചു വിടുന്നത്.അവരുടെ പേരും പദവിയും ബോർഡുകളിലും ബാനറുകളിലും അധികം കാണാറില്ല. പേജുകളിലും സ്‌റ്റേജുകളിലും അവർ കൂടുതൽ കടന്നു വരാറുമില്ല. അതിന്റെ പേരിൽ ഒട്ടും പരിഭവപ്പെടാറുമില്ല അവരാരും.
ഇവർ പഠിപ്പിക്കുന്ന ഉദാരതയുടെ പാഠം ചെറുതല്ല. മാനസികമായും വൈകാരികമായും മാത്രമല്ല ശാരീരികമായും ആത്മീയമായും ഒരുപടി ഉയരത്തിലാണ്  ഇത്തരം ദാനശീലർ.  ദാനത്തിനുമുണ്ട് സൗന്ദര്യവും സൗരഭ്യവും എന്ന് അതി സമ്പന്നരേയും പിശുക്കൻമാരേയും ഇവരുടെ ധനമിടപാടിലെ നന്മ നിറഞ്ഞ സൂക്ഷ്മതയിലൂടെ ഇവർ ബോധ്യപ്പെടുത്തും. മനസ്സറിഞ്ഞ് ദാനം ചെയ്യുന്നവരുടെ ദാനം ഇരട്ടിയിലും അതിലധികവും ജീവിത ധന്യതയായി തിരിച്ചുവരുമെന്നത് ഇവരുടെ നേരനുഭവങ്ങളാണ്.
ഇവർ അന്യരുടെ നിർബന്ധത്തിന് വഴങ്ങി ദുരഭിമാനികളായി ദാനം ചെയ്യുന്നവരല്ല. അഗീകാരത്തിനും പ്രശസ്തിക്കുമല്ല അവരുടെ സമ്പാദ്യങ്ങൾ ചെലവഴിക്കുന്നത്.  ദാനത്തിന്റെ മഹത്വമറിഞ്ഞ്, തങ്ങളുടെ മിച്ചത്തിൽ നിന്ന് തോതനുസരിച്ചും അതിൽ കൂടുതലും അർഹതപ്പെട്ടവരിലേക്ക് ഉദാരതയായി കുളിർ പകരുന്നവരാണിവർ. 
അവിഹിതമായത് വാരിക്കൂട്ടാതെ, അർഹരുടേത് അത്യാർത്തിയോടെ പിടിച്ചു വെക്കാതെ സമ്പത്തിനെ ശുദ്ധി ചെയ്ത് ജീവിത സംസ്‌കരണം നേടുന്ന മഹത്തുക്കളവരല്ലാതെ മറ്റാരാണ്? ഏത് പരീക്ഷണത്തിന്റെ ഘട്ടത്തിലും അത്തരക്കാർക്ക്  ദുഃഖിക്കേണ്ടി വരികയില്ല. അവർക്ക് സങ്കടപ്പെടേണ്ടി വരികയുമില്ല. ദാനശീലർക്ക് വേദഗ്രന്ഥങ്ങൾ ഒന്നടങ്കം  നൽകുന്ന ഉറപ്പ് സമ്പത്ത് ആർജിക്കുന്നവരും ചെലവഴിക്കുന്നവരും ഇത്തരക്കാരിൽ നിന്ന് കണ്ടു പഠിക്കണം. രാപ്പകൽ വ്യത്യാസമില്ലാതെ, രഹസ്യമായും പരസ്യമായും സഹജീവികളുടെ വേദന യാതനകളിൽ തുണയേകുന്ന, അവരുടെ ക്ഷേമത്തിന് കൂടി വിട്ടുവീഴ്ചയില്ലാതെ ധനം ചെലവഴിക്കുന്ന ഇത്തരം സാധാരണക്കാരായ സുമനുസ്സുകൾ തീർക്കുന്ന ലോകമാണ് ധന്യതയുടെ ലോകം.
സമ്പാദിച്ചതെല്ലാം പൊടുന്നനെ ഉപേക്ഷിച്ച് തനിച്ച് ഏത് നിമിഷവും  പുറപ്പെടേണ്ടി വന്നേക്കാവുന്ന  ഒടുവിലത്തെ യാത്രയ്ക്കുള്ള തയാറെടുപ്പ് അനുദിനം നടത്തുന്നവരാണവർ. അതിനാൽ തന്നെ ദാനം അവർക്ക് മടുപ്പുണ്ടാക്കുന്ന അടിച്ചേൽപിക്കലല്ല, ജീവിത പൊരുളറിഞ്ഞുള്ള, ക്ലാവ് പിടിക്കാത്ത  ഉദാത്ത ശീലമാണ്. ധനമായി നൽകാൻ കൈവശമില്ലെങ്കിൽ നല്ല വാക്കായി, പുഞ്ചിരിയായി പ്രാർത്ഥനായി  പ്രസാദാത്മക ചിന്തകളേകി അവർ അവരിലെ മഹിത മഹനീയത  പ്രസരിപ്പിച്ചുകൊണ്ടിരിക്കും.