Sunday , May   19, 2019
Sunday , May   19, 2019

ഇത്താക്കിയും ജോണപ്പനും

വിനായകനും ദിലീഷ് പോത്തനും തൊട്ടപ്പനിൽ

വിനായകനും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് തൊട്ടപ്പൻ. ഇത്താക്കിയുടെയും ജോണപ്പന്റെയും സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം ഷാനവാസ് കെ. ബാവക്കുട്ടി. കിസ്മത്ത് എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനായ ഷാനവാസ് കെ. ബാവക്കുട്ടി തൊട്ടപ്പൻ ഒരുക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. 
ഇത്താക്കിയുടെയും ജോണപ്പന്റെയും സൗഹൃദവും ജോണപ്പന്റെ മകളായി എത്തുന്ന സാറയുടെ സാന്നിധ്യവുമെല്ലാം അടങ്ങുന്ന  തൊട്ടപ്പൻ വ്യത്യസ്തത പുലർത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. തുരുത്തും, അവിടുത്തെ സൗഹൃദവും പിന്നിട് അവിടെ ഉണ്ടാവുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ പറയുന്നുത്. ഇത്താക്കിയായി വിനായകനും ജോണപ്പനായി ദിലീഷ് പോത്തനുമാണ് അഭിനയിക്കുന്നത്. പുതുമുഖം പ്രിയംവദയാണ് സാറയാകുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയെ വെള്ളിത്തിരയിലേക്ക് മാറ്റിയെഴുതുകയാണ് ഷാനവാസ് എം. ബാവക്കുട്ടി. ലത്തീൻ കത്തോലിക്കർക്കിടയിൽ കാണുന്ന ആചാരങ്ങളും വ്യത്യസ്തമായ പേരുകളും വേറിട്ട ജീവിത രീതിയും ചേർത്തിണക്കി മനോഹരമായി എഴുതിയ ചെറുകഥ. കഥ വായിക്കുമ്പോൾ തന്നെ മനസ്സിൽ ദിലീഷ് പോത്തനും വിനായകനും കടന്നു വന്നിരുന്നതായി ഷാനവാസ് പറയുന്നു. 
തൃശൂർ സ്വദേശിനിയായ പ്രിയംവദയുടെ ആദ്യ സിനിമയാണിത്. ഓഡിഷനിലൂടെ സാറയാകാനെത്തിയ പ്രിയംവദ ചെന്നൈ എസ്.ആർ.എസിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്. റോഷനാണ് ഇസ്മയിൽ ആകുന്നത്. പ്രിയംവദയുടെ അമ്മയായി അഭിനയിക്കുന്നത് സുനിതയാണ്. എഡിറ്റർ അജിത്തിന്റെ ഭാര്യയായ സുനിത അസിസ്റ്റന്റ് ഡയറക്ടറുമാണ്. 
തൊട്ടപ്പനിൽ അഭിനയിക്കുന്നതിലേറെയും പുതുമുഖങ്ങളാണ്. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ഇതിലഭിനയിക്കുന്നത്. ഇവർക്കു വേണ്ടി ഒരാഴ്ചത്തെ ക്യാമ്പ് നടത്തിയിരുന്നതായി സംവിധായകൻ പറഞ്ഞു. പ്രിയംവദക്ക് പല ഘട്ടങ്ങളായിട്ടാണ് ട്രെയിനിംഗ് കൊടുത്തത്. അതി ഗംഭീരമായി തന്നെ പ്രിയംവദ അഭിനയിച്ചിട്ടുണ്ട്. 
പട്ടം സിനിമാ കമ്പനിയുടെ ബാനറിൽ ദേവദാസ് കാടഞ്ചേരിയും ഷൈലജാ മണികണ്ഠനും ചേർന്ന് നിർമിക്കുന്ന ചിത്രം പെന്റാ ടാക്കീസ് വിതരണം ചെയ്യും. ക്യാമറ സുരേഷ് രാജൻ, ഗാനരചന ലീല എൻ, ഗിരീഷ് കുട്ടൻ സംഗീതം. പെരുന്നാളിന് ചിത്രം തിയേറ്ററുകളിലെത്തും.