Sunday , May   19, 2019
Sunday , May   19, 2019

അരങ്ങിൽനിന്ന് വെള്ളിത്തിരയിൽ

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം കണ്ടവരുടെ മനസ്സിൽനിന്നും ജമീലയെയും ബീയുമ്മയെയും ഇറക്കിവക്കാനാവില്ല. മലപ്പുറത്തെ ഏതെങ്കിലും ഉൾനാടൻ ഗ്രാമത്തിലെ യഥാർത്ഥ മുസ്‌ലിം കുടുംബത്തിൽ നിന്നുള്ളവരായിരിക്കും ഇവരെന്നാണ് പലരും ധരിച്ചത്. എന്നാൽ കോഴിക്കോടൻ നാടകവേദിയുടെ കരുത്തിൽനിന്നും ഉയർന്നുവന്ന സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയുമായിരുന്നു ജമീലയെയും ബീയുമ്മയെയും അവതരിപ്പിച്ചത് എന്നറിഞ്ഞ് പ്രേക്ഷകർ ശരിക്കും ഞെട്ടി.
കളിക്കളത്തിനപ്പുറത്തെ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ഭാഷയും ദേശവും കടന്ന് നന്മയുടെ പ്രതീകമായി മാറുകയായിരുന്നു ഈ അമ്മ മനസ്സുകൾ. നൈജീരിയക്കാരനായ സാമുവൽ എന്ന കാൽപന്തു കളിക്കാരനും അടുക്കളക്കപ്പുറം ലോകം കാണാത്ത മലപ്പുറത്തെ ഒരു സാധാരണ വീട്ടമ്മയും ആശയവിനിമയം നടത്തിയത് സ്‌നേഹത്തിന്റെ ഭാഷയിലായിരുന്നു. സ്‌നേഹത്തിനു മുന്നിൽ ദേശാന്തരങ്ങൾ അലിഞ്ഞില്ലാതാവുന്നത് കാണിച്ചുതരികയായിരുന്നു ഈ ചിത്രം. ഈ സ്‌നേഹ പ്രകടനത്തിനുള്ള അംഗീകാരമായിരുന്നു സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടിമാർക്കുള്ള പുരസ്‌കാരം ഇവരെ തേടിയെത്തിയത്.
മലയാള സിനിമയിൽ അമ്മയായും അമ്മൂമ്മയായും നിരവധി നടിമാർ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ സ്ഥിരം അമ്മ മുഖങ്ങൾ വേണ്ടെന്നു വെയ്ക്കുകയായിരുന്നു സംവിധായകൻ സക്കറിയ മുഹമ്മദും തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരിയും. അവരുടെ കണ്ടെത്തലായിരുന്നു സാവിത്രിയും സരസയും. നായകനായ മജീദായി വേഷമിട്ട സൗബിന്റെ മാതാവായാണ് സാവിത്രിയെത്തിയതെങ്കിൽ അയൽക്കാരി ബീയുമ്മയുടെ വേഷമായിരുന്നു സരസക്ക്.
പ്രൊഫഷണൽ നാടകരംഗത്ത് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് സരസയുടേത്. അരങ്ങിനു വേണ്ടി ജീവിതം ഹോമിച്ച അഭിനേത്രി. ഊണും ഉറക്കവുമില്ലാതെ അരങ്ങിൽനിന്നും അരങ്ങിലേയ്ക്കുള്ള യാത്ര. ഇതിനിടയിൽ വിവാഹം കഴിക്കാൻ പോലും സരസ മറന്നു
അര പതിറ്റാണ്ടു നീണ്ട അരങ്ങു ജീവിതത്തിനിടയിൽ കിട്ടിയ സൗഭാഗ്യമായിരുന്നു സിനിമാഭിനയം. 1984 ൽ ചന്ദ്രകുമാർ സംവിധാനം ചെയ്ത ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അമ്മയായി അഭിനയിച്ചിരുന്നെങ്കിലും സിനിമാലോകം സരസയ്ക്ക് അന്യമായിരുന്നു.


കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ അനന്തോത്തുകണ്ടി അയ്യപ്പൻ ചെട്ടിയാരുടെയും മാളുവമ്മയുടെയും അഞ്ചു മക്കളിൽ മൂത്തവളാണ് സരസ. ദരിദ്ര ചുറ്റുപാടിലായിരുന്നു കുട്ടിക്കാലം ചെലവഴിച്ചത്. 18 വയസ്സായപ്പോഴാണ് ആദ്യമായി നാടകത്തിൽ വേഷമിടുന്നത്. നാടക രചയിതാവായിരുന്ന സി. കൊമ്പിലാടായിരുന്നു വഴികാട്ടി. ബാലുശ്ശേരി ഗണേഷ് കലാസമിതിയുടെ ഹിന്ദുസ്ഥാൻ ഹമാരാ ഹേ എന്ന നാടകത്തിൽ അഭിനയിക്കാനായി അണിയറ പ്രവർത്തകർ മാതാപിതാക്കളുടെ അനുവാദം ചോദിച്ചു. കലാതൽപരരായ അവർ തടസ്സമൊന്നും പറഞ്ഞില്ല. വീട്ടിലെ ദാരിദ്ര്യത്തിൽനിന്നും കഷ്ടപ്പാടിൽനിന്നും അവളെങ്കിലും രക്ഷപ്പെടുമല്ലോ എന്നു കരുതി. ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമെല്ലാം നിരവധി വേദികളിൽ ഈ നാടകം അവതരിപ്പിച്ചു. പതിനഞ്ചു രൂപയായിരുന്നു അന്നത്തെ പ്രതിഫലം. ആദ്യനാടകം ഒട്ടേറെ വേദികളിൽ അവതരിപ്പിച്ചതുകണ്ടാണ് സി.എൽ. ജോസിന്റെ നാടകങ്ങളിൽ അവസരം ലഭിച്ചത്. അതോടെ അമച്വർ നാടക രംഗത്ത് തിരക്കേറി. ഇക്കാലത്തുതന്നെ പ്രൊഫഷണൽ നാടക രംഗത്തേയ്ക്കും ചുവടുവച്ചു. സഹായമായത് സഹനടനായി വേഷമിട്ടിരുന്ന ശ്രീനിവാസൻ വേങ്ങേരിയായിരുന്നു.
വിക്രമൻ നായരുടെ ക്ഷുഭിതരുടെ ആശംസകൾ എന്ന നാടകത്തിലൂടെയായിരുന്നു പ്രൊഫഷണൽ നാടക രംഗത്തേയ്ക്കുള്ള തുടക്കം. തുടർന്ന് കെ.ടി. മുഹമ്മദിന്റെ സ്ഥിതിയിലും പി.എം. താജിന്റെ അഗ്രഹാരത്തിലും അഭിനയിച്ചു. ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിേയറ്റേഴ്‌സിൽ ഒരു വ്യാഴവട്ടക്കാലം അഭിനയിച്ചു. ഓരോ വർഷവും ഓരോ നാടകങ്ങളിലായിരുന്നു വേഷമിട്ടത്. 12 വർഷം കൊണ്ട് 12 നാടകങ്ങളിൽ അഭിനയിച്ചു.
അഭിനയ ജീവിതത്തിന് കരുത്തായി നിരവധി അംഗീകാരങ്ങളും സരസയെ തേടിയെത്തിയിരുന്നു. സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത് 1992 ലായിരുന്നു. കെ.ടി. മുഹമ്മദിന്റെ പകിട പന്ത്രണ്ട് എന്ന നാടകത്തിലെ പാത്തുവിനായിരുന്നു ആദ്യ അംഗീകാരം. രണ്ടു വർഷം പിന്നിട്ടപ്പോൾ വീണ്ടും മികച്ച നടിയായി തെിരഞ്ഞെടുക്കപ്പെട്ടു. ഉപഹാരം എന്ന നാടകത്തിലെ ആമിനയ്ക്കായിരുന്നു ആ പുരസ്‌കാരം.
ചിരന്തനയിൽനിന്നും വടകര വരദയിലും വടകര സഭയിലും വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യയിലും, കോഴിക്കോട് സങ്കീർത്തനയിലും, കാവ്യകലയിലും, അങ്കമാലി അഞ്ജലിയിലും, ഗുരുവായൂർ ബന്ധുരയിലുമെല്ലാമായി ആയിരത്തിലധികം നാടകങ്ങളിൽ വ്യത്യസ്ത വേഷങ്ങളുമായി സരസ തിളങ്ങി. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്, നാന പുരസ്‌കാരം എന്നിവയും സരസയെ തേടിയെത്തി. 
നല്ലൊരു ഗായിക കൂടിയായ സരസ നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും പാടാറുണ്ട്. ബാലുശ്ശേരി കൈരളി സ്വയം സഹായസംഘത്തിന്റെ വാർഷിക പരിപാടികളിലും റസിഡന്റ്‌സ് അസോസിയേഷൻ ഒരുക്കുന്ന വിരുന്നുകളിലുമെല്ലാം ആ സ്വരസാന്നിധ്യമുണ്ടാകാറുണ്ട്.
അരങ്ങിൽനിന്നും അരങ്ങിലേയ്ക്കുള്ള യാത്ര അമ്പതു വർഷം പിന്നിട്ടപ്പോൾ ആരോഗ്യ പ്രശ്‌നങ്ങളും ഈ കലാകാരിയെ അലട്ടാൻ തുടങ്ങി. അതോടെ സജീവ നാടകാഭിനയം നിർത്തി. കാൽമുട്ടുവേദന അസഹ്യമായപ്പോൾ എവിടെയും പോകാതായി. ഇതിനിടയിലാണ് സുഡാനിലേയ്ക്ക് ക്ഷണമെത്തിയത്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സ്‌നേഹപൂർവമായ ക്ഷണം സ്വീകരിച്ചാണ് ലൊക്കേഷനിലെത്തിയത്. കഴിഞ്ഞ വർഷം ഡാകിനി എന്ന ചിത്രത്തിലും അഭിനയിച്ചു. ആയാസകരമായ രംഗങ്ങളില്ലെങ്കിൽ ഇപ്പോഴും അഭിനയിക്കാൻ സരസ ഒരുക്കമാണ്. ജോഷിയുടെയും കമലിന്റെയും പുതിയ ചിത്രങ്ങളിലേയ്ക്കും അവസരം ലഭിച്ചിട്ടുണ്ട്. ഇതിനിടയിൽ സീരിയലിലും വേഷമിടുന്നുണ്ട്. വരാപ്പുഴയിലെ സീരിയൽ ലൊക്കേഷനിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഈ അഭിനേത്രി.
അഭിനയ ജീവിതത്തിനിടയിൽ വിവാഹം മറന്നുപോയ സരസ മൂത്ത സഹോദരൻ ചന്ദ്രനോടൊപ്പം ബാലുശ്ശേരിയിലെ തറവാട്ടു വീട്ടിലാണ് താമസം. 

Latest News