Sunday , May   19, 2019
Sunday , May   19, 2019

ഭീകരാക്രമണം തൊട്ട് മുസ്ലിം വിരുദ്ധ കലാപം വരെ; ആശങ്കയായി ശ്രീലങ്കയിലെ കലഹം

കൊട്ടംപിടിയയില്‍ ആള്‍ക്കൂട്ടം ആക്രമിച്ച് തീയിട്ടു നശിപ്പിച്ച തന്റെ ഷോപ്പിനു മുന്നില്‍ ഒരു മുസ്ലിം

കൊളംബോ- വംശീയ ആക്രമണങ്ങളുടെ രാഷ്ട്രീയ മുറിപ്പാടുകളുള്ള ആഭ്യന്തര യുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം ശ്രീലങ്കയെ മറ്റൊരു ആഭ്യന്തര കലഹത്തിലേക്ക് തള്ളിവിടുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലും ഉണ്ടായ 250ഓളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ആഴ്ചകളായി അധികൃതര്‍ ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഇപ്പോല്‍ രാജ്യത്ത് പലയിടത്തായി പൊട്ടിപ്പുറപ്പെടുന്ന മുസ്ലിം വിരുദ്ധ വര്‍ഗീയ കലാപങ്ങളെ നേരിടുന്ന തിരക്കിലാണ് സുരക്ഷാ സേന.

ന്യൂനപക്ഷമായ മുസ്ലിംകളുടെ പള്ളികള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കു നേരെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വ്യാപക ആക്രമണങ്ങളാണ് ഉണ്ടായത്. പുത്തലം ജില്ലയില്‍ മുഹമ്മദ് അമീര്‍ മുഹമ്മദ് സാലി എന്നായള്‍ കുത്തേറ്റ് കൊല്ലപ്പെടുകയും ചെയ്തു. സുഹൃത്തുക്കളുമായുള്ള ബന്ധം മുറിയുകയും ആശങ്ക നിറയുകയും ജീവിത മാര്‍ഗം വരെ ഭീഷണിയിലായ അവസ്ഥയിലാണ് ശ്രീലങ്കയിലെ മുസ്ലിംകള്‍ ഇപ്പോള്‍ എന്ന് തുര്‍ക്കിഷ് ചാനലായ ടിആര്‍ടി വേള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. 

പള്ളികള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തിനു ദൃക്‌സാക്ഷിയായ ഒരാള്‍ പറയുന്നത് ഇങ്ങനെ: 'അവര്‍ ഖുര്‍ആന്‍ വരെ നശിപ്പിക്കുകയും കത്തിക്കുയും ചെയ്തു. എല്ലാ ഗ്ലാസ് ജനലുകളും വാതിലുകളും അടിച്ചു തകര്‍ത്തു. അംഗസ്‌നാനത്തിനായി വെള്ളം സൂക്ഷിച്ച ടാങ്കില്‍ കയറി മൂത്രമൊഴിച്ചു.'

പലയിടത്തും ആള്‍ക്കൂട്ടം ആക്രമണമഴിച്ചു വിടുമ്പോള്‍ കര്‍ഫ്യൂ ഉണ്ടായിട്ടു പോലും പോലീസും സുരക്ഷാ സേനയും ഇവരെ പിന്തിരിപ്പിക്കാന്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസ് ആക്രമികളെ തടയാതെ കലാപമുണ്ടായ ശേഷമാണ് പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്.

പുത്തലം ജില്ലയിലെ ചിലാവിലാണ് ഏറ്റവുമൊടുവില്‍ മുസ്ലിംകള്‍ക്കെതിരെ കലാപമുണ്ടായതെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ ചിരിക്കേണ്ട, ഒരു നാള്‍ കരയേണ്ടി വരും എന്ന ഒരു മുസ്ലിം യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ഇവിടെ ക്രിസ്ത്യാനികള്‍ മുസ്ലിംകള്‍ക്കെതിരെ വ്യാപക കലാപം അഴിച്ചുവിട്ടതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടേതടക്കം നിരവധി കടകളും പള്ളിയും ഇവിടെ ആക്രമണത്തിനിരയായിട്ടുണ്ട്. 

നേരത്തെ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ എല്ലായിടത്തും പിന്‍വലിച്ചെങ്കിലും വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടെ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. തെറ്റായ വിവരങ്ങള്‍ക്ക് വശപ്പെടരുതെന്നും പൗരന്മാര്‍ ശാന്തരാകണമെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ആഹ്വാനം ചെയ്തിരുന്നു.
 

Latest News