Sunday , May   19, 2019
Sunday , May   19, 2019

മലയാളികളെ തീവ്രവാദം സ്വാധീനിക്കില്ല -അഹമ്മദ് കുട്ടി ഉണ്ണികുളം

ജിദ്ദ- മലയാളി മുസ്‌ലിംകളെ തീവ്രവാദ ആശയങ്ങൾ ഒരിക്കലും സ്വാധീനിക്കില്ലെന്ന് മാധ്യമ പ്രവർത്തകനും എഴുത്തുകാരനും മുസ്‌ലിം ലീഗ് നേതാവുമായ അഹമ്മദ് കുട്ടി ഉണ്ണികുളം അഭിപ്രായപ്പെട്ടു. ബഹുസ്വര സമൂഹത്തിൽ ജീവിച്ച് ശീലിച്ച കേരളീയർക്ക് ശക്തമായ സാംസ്‌കാരിക പശ്ചാത്തലമുണ്ട്. വ്യത്യസ്ത വീക്ഷണക്കാരായ വിഭാഗങ്ങൾ മലയാള നാട്ടിലെ ഐക്യം ഊട്ടിയുറപ്പിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ് -ചിന്തയുടെ ഇസ്‌ലാം എന്ന പുസ്തകത്തിന്റെ അറബിക് പതിപ്പിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയ അദ്ദേഹം മലയാളം ന്യൂസിനോട് സംസാരിക്കുകയായിരുന്നു. 
2010 ൽ ചന്ദ്രിക ദിനപത്രത്തിൽ നിന്ന് പിരിഞ്ഞതിന് ശേഷമാണ് ചിന്തയുടെ ഇസ്‌ലാം എന്ന പുസ്തകത്തിന്റെ പണിപ്പുരയിൽ പ്രവേശിച്ചത്.  കസ്തൂരി എവിടെയെന്ന് അന്വേഷിച്ചു നടക്കുന്ന കസ്തൂരി മാനിനെ പോലെയാണ് മുസ്‌ലിംകളെന്ന് വായിച്ചതാണ് ഇതിന് നിമിത്തമായത്. വിശുദ്ധ ഖുർആനും നബി വചനങ്ങളും വേണ്ട രീതിയിൽ ഉൾക്കൊള്ളാത്തതാണ് സമൂഹം നേരിടുന്ന പ്രശ്‌നം.  ഇസ്‌ലാമിനെ അടുത്തറിയാൻ ധാരാളം  കൃതികൾ ശേഖരിച്ച് വായിച്ചു.   ഒരു ഗവേഷകനെ പോലെ വിഷയത്തെ സമീപിച്ചു. ഇതിന്റെ ഫലമായി തയാറാക്കിയ കുറിപ്പുകൾ ക്രോഡീകരിച്ച് കയ്യെഴുത്ത് പ്രതി തയാറാക്കി ഇ.ടി മുഹമ്മദ് ബഷീർ എം.പിയെ കണ്ടു. അദ്ദേഹമാണ് ഇത് പുസ്തകമാക്കാൻ പ്രോത്സാഹിപ്പിച്ചത്. ഡോ. എം.കെ. മുനീറിന്റെ ഇടപെടൽ കാര്യങ്ങൾ എളുപ്പമാക്കി. പാണക്കാട് തങ്ങളുടെ വസതിയിൽ വെച്ച് ലളിതമായ രീതിയിൽ പ്രകാശനം ചെയ്യാമെന്ന് കരുതിയ ഗ്രന്ഥം കോഴിക്കോട് ഹൈസൺ ഹോട്ടലിൽ വെച്ചാണ് ആദ്യം പുറത്തിറക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നഗരങ്ങളിൽ പ്രകാശനം ചെയ്തു. ഏഴാമത് പതിപ്പാണ് മലയാളത്തിൽ പുറത്തിറങ്ങിയത്. നജീബ് കാന്തപുരം, നാസർ എസ്റ്റേറ്റ് മുക്ക് തുടങ്ങിയവരുടെ പ്രോത്സാഹനവും എടുത്തു പറയേണ്ടതാണ്. 
ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്ക് കോപ്പി നൽകി സാദിഖലി ശിഹാബ് തങ്ങളാണ് നിർവഹിച്ചത്. കോഴിക്കോട് ഒലീവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന്റെ അറബിക് പതിപ്പ് ഈ മാസം 17 ന് വെള്ളിയാഴ്ച മക്ക കെ.എം.സി.സി കാഫിയ കസറുദ്ദീറ ഓപൺ മൈതാനിയിൽ ഒരുക്കുന്ന ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ പ്രകാശനം ചെയ്യും. മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, മക്ക നഗരസഭാ അധ്യക്ഷൻ തുടങ്ങിയവർ സംബന്ധിക്കും. 
മലയാളത്തിൽ എഴുതുന്നതിന് സ്വീകാര്യത കേരളത്തിൽ മാത്രമായിരിക്കുമെന്ന പരിമിതി തിരിച്ചറിഞ്ഞാണ് ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയത്. താമസിയാതെ ഉർദു പതിപ്പും പുറത്തിറക്കും. ഇംഗ്ലീഷ് കൃതിയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനം വൈകാതെ ലണ്ടനിൽ നടക്കുമെന്നും അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു. 
ലീഗിന്റെ ട്രേഡ് യൂനിയനായ എസ്.ടി.യുവിന്റെ സംസ്ഥാന പ്രസിഡന്റായ ഉണ്ണികുളം അഹമ്മദ് കുട്ടി 25 വർഷമായി ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. കേരളാ സെറാമികസ്, ഖാദി ബോർഡ്, മിനിമം വേജ് ബോർഡ് എന്നിവയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്ന ഉണ്ണികുളം സീനിയർ ജേണലിസ്റ്റ് ഫോറം അംഗമാണ്. ഭാര്യ പി.പി. റംലയും അദ്ദേഹത്തോടൊപ്പം സൗദി സന്ദർശനത്തിനെത്തിയിട്ടുണ്ട്. കെ.ടി. മുഹമ്മദ് അംറാസ് (പ്രിൻസിപ്പൽ, അജ്മാൻ ഇന്റർനാഷണൽ സ്‌കൂൾ), കെ.ടി മുഹമ്മദ് അഫ്‌നാസ് (എൻജിനയർ, ഖത്തർ), കെ.ടി. മുഹമ്മദ് അൻസിൽ (ബി.ടെക് വിദ്യാർഥി) എന്നിവർ മക്കളാണ്.
 

Tags