Sunday , May   19, 2019
Sunday , May   19, 2019

സൗദിയില്‍ അനധികൃത സമൂസ റോള്‍ നിര്‍മാണ കേന്ദ്രം അടപ്പിച്ചു; വിദേശികള്‍ പിടിയില്‍

തായിഫ് അൽസലാമ ഡിസ്ട്രിക്ടിൽ പ്രവർത്തിച്ചിരുന്ന അനധികൃത സമൂസ റോൾ നിർമാണ കേന്ദ്രം.

തായിഫ് - അൽസലാമ ഡിസ്ട്രിക്ടിൽ അനധികൃത സമൂസ റോൾ നിർമാണ കേന്ദ്രം നടത്തിയ വിദേശികളെ സുരക്ഷാ വകുപ്പുകൾ പിടികൂടി. സ്ഥാപനം പോലീസും നഗരസഭാധികൃതരും ചേർന്ന് അടപ്പിച്ചു. നിരവധി തൊഴിലാളികൾ ജോലി ചെയ്തിരുന്ന ഏറ്റവും വലിയ സമൂസ റോൾ നിർമാണ കേന്ദ്രമായിരുന്നു ഇത്. ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെയാണ് ഇവിടെ സമ്മൂസ റോൾ നിർമിച്ചിരുന്നത്. 


വിതരണത്തിന് തയാറാക്കിയ സമ്മൂസ റോൾ ശേഖരവും സമൂസ റോൾ നിർമിക്കുന്നതിനുള്ള മാവ് ശേഖരവും നിരവധി സിലിണ്ടറുകളും മൈദ ചാക്ക് ശേഖരവും മറ്റും ഇവിടെ കണ്ടെത്തി. ഇവ അധികൃതർ പിടിച്ചെടുത്തു. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് തൊഴിലാളികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 
സ്ഥാപനത്തിൽ ശുചീകരണ നിലവാരം മോശമായിരുന്നെന്ന് തായിഫ് നഗരസഭ പറഞ്ഞു. നെയിം ബോർഡില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കൈയുറകൾ ധരിക്കാതെയാണ് ഇരുപതു തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നത്. പതിനാലു തൊഴിലാളികൾ യൂനിഫോം ധരിച്ചിരുന്നില്ല. ഇരുപത്തിയൊമ്പതു തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുകളുമുണ്ടായിരുന്നില്ലെന്നും നഗരസഭ പറഞ്ഞു.
 

Latest News