Sunday , May   19, 2019
Sunday , May   19, 2019

വിദേശ ഫണ്ടുകളുടെ വിറ്റഴിക്കൽ ശ്രമം ഇൻഡക്‌സുകളിൽ വിള്ളലുണ്ടാക്കി

വിദേശ ഫണ്ടുകൾ ലോക വ്യാപകമായി ഓഹരികൾ വിറ്റഴിക്കാൻ നടത്തിയ തിരക്കിട്ട നീക്കം പ്രമുഖ ഇൻഡക്‌സുകളിൽ വിള്ളൽ സൃഷ്ടിച്ചു. ഹെവിവെയിറ്റ് ഓഹരികൾക്ക് തിരിച്ചടി നേരിട്ടതിനിടയിൽ ബോംബെ സെൻസെക്‌സ് 1500 പോയിൻറ്റും നിഫ്റ്റി 433 പോയിൻറ്റും തകർന്നു. ഇന്ത്യൻ മാർക്കറ്റിന് മൂന്ന് ശതമാനത്തിൽ അധികം തിരിച്ചടി നേരിട്ടു. കഴിഞ്ഞ ഒക്ടോബറിനു ശേഷം ഇത്ര കനത്ത തകർച്ച ബി എസ് ഇ, എൻ എസ് ഇ സൂചികൾക്ക് ഇത് ആദ്യമാണ്.  
ഇന്ത്യൻ മാർക്കറ്റ് സാങ്കേതികമായി  തിരുത്തലിനുള്ള നീക്കത്തിലാണെന്ന കാര്യം മുൻവാരം വ്യക്തമാക്കിയിരുന്നു. നിക്ഷേപകർ കരുതലോടെ ചുവടുവെച്ചില്ലെങ്കിൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന വിവരം വലിയൊരു വിഭാഗം ഇടപാടുകാർക്ക് നഷ്ട സാധ്യത കുറച്ചു. 
വിദേശ ഫണ്ടുകൾ ഏഷ്യൻ മാർക്കറ്റുകളിൽ    കഴിഞ്ഞ മാസം 11.23 ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ഇന്ത്യ, ദക്ഷിണ കൊറിയ, തായ്‌വാൻ, തായ്‌ലന്റ്, ഫിലിപ്പൈൻസ്, ഇൻഡോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ ഓഹരി വിപണികളാണവ. നിക്ഷേപകന്റെ മേലങ്കി പെടുന്നനെ അഴിച്ച് മാറ്റി ഫണ്ടുകൾ വിൽപ്പനക്കാരായി മാറിയതിനൊപ്പം ഈ മാസം ഇതിനകം രണ്ട് ബില്യൺ ഡോളറിന്റെ ഓഹരികൾ  ഏഷ്യൻ മാർക്കറ്റിൽ വിറ്റു. 
മെയ് പത്തിനകം വിദേശ ഓപ്പറേറ്റർമാർ ഇന്ത്യയിൽ 3207 കോടി രൂപയുടെ ഓഹരികൾ വിറ്റു. വിദേശ നിക്ഷേപകർ ഏപ്രിലിൽ 16,093 കോടി രൂപയും മാർച്ചിൽ 45,981 കോടി രൂപയും ഫെബ്രുവരിയിൽ 11,182 കോടി രൂപയും ഇന്ത്യൻ ഓഹരി വിപണിയിലും കടപത്രത്തിലുമായി നിക്ഷേപിച്ചിരുന്നു. 
നിക്ഷേപം തിരിച്ചു പിടിക്കാൻ ഫണ്ടുകൾ നടത്തിയ നീക്കം ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം ഇടിച്ചു. വിനിമയ മൂല്യം 69.07 ൽ നിന്ന് 70.25 ലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യം 69.99 ലാണ്. രൂപയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടാൽ 70.51 ലേയ്ക്ക് ദുർബമാകാം. 
മുൻനിരയിലെ പത്തിൽ ഒമ്പത് കമ്പനികളുടെയും വിപണി മൂല്യത്തിൽ 1.60 ലക്ഷം കോടി രൂപയുടെ വൻ തകർച്ച. ആർ ഐ എൽ വിപണി മൂല്യത്തിൽ 99,212.9 കോടി രൂപ ഇടിഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് തിരിച്ചടി. 
ബോംബെ സെൻസെക്‌സ് വാരാരംഭം മുതൽ തളർച്ചയിലായിരുന്നു. 38,768 പോയിൻറ്റിൽ നിന്ന് 37,370 വരെ താഴ്ന്നശേഷം ക്ലോസിങിൽ 37,463 പോയിൻറ്റിലാണ്. മുന്നിലുള്ള അഞ്ച് ദിവസങ്ങളിൽ സെൻസെക്‌സ് 38,36436,469  ടാർഗറ്റിൽ സഞ്ചരിക്കാം. 
ഈ വാരം ആദ്യ പ്രതിരോധം 39,265 ലും ആദ്യ താങ്ങ് 36,966 പോയിൻറ്റിലുമാണ്. 21,50 ദിവസങ്ങളിലെ ശരാശരിയെക്കാൾ താഴ്ന്നതിനാൽ സെൻസെക്‌സ് ബിയറിഷ് മൂഢിലാണ്. 
നിഫ്റ്റി 11,639 പോയിൻറ്റിൽ നിന്ന് 11,251 വരെ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം സൂചിക 11,279 പോയിൻറ്റിലാണ്. ഈവാരം 11,140 ലെ താങ്ങ് നിലനിർത്തിയാൽ നിഫ്റ്റി 11,528 പോയിൻറ്റ് വരെ ഉയരാം. ഇന്ന് ഇടപാടുകളുടെ ആദ്യ പകുതിയിൽ 11,387 ലെ തടസം മറികടക്കാനായില്ലെങ്കിൽ ദുർബലാവസ്ഥ തുടരാം. പിന്നിട്ട എട്ട് പ്രവൃത്തി ദിനങ്ങളിൽ വിൽപ്പന സമ്മർദ്ദത്തിൽ നീങ്ങുന്ന നിഫ്റ്റിക്ക് 11,001 ശക്തമായ താങ്ങുണ്ട്. 
അമേരിക്ക, ചൈന വ്യാപാര യുദ്ധ ഭീതിയിൽ പ്രമുഖ വിപണികൾ സമ്മർദ്ദത്തിലാണ്. ചൈനീസ് മാർക്കറ്റിൽ നിന്ന് മാത്രം ഏകദേശം 62,400 കോടി ഡോളർ ഇല്ലാതായി. അമേരിക്കൻ മാർക്കറ്റിന് ഇതേ പ്രശ്‌നത്തിൽ നഷ്ടമായത് 36,700 കോടി ഡോളറാണ്. ഇന്ത്യൻ മാർക്കറ്റിന് 9900 കോടി രൂപയുടെ തിരിച്ചടി നേരിട്ടു. ജപ്പാൻ, ഹോങ്ങ്‌കോങ്, ബ്രീട്ടൻ, ജർമ്മനി, കാനഡ, ഫ്രാൻസ് എന്നി രാജ്യങ്ങളുടെ വിപണികൾക്കും യു എസ് ബീജിങ് വ്യാപാര നയം തിരിച്ചടിയായി.
ചൈനയിൽ നിന്ന് ഇറക്കുമതി നടത്തുന്ന 20,000 കോടി ഡോളർ വിലയുള്ള ഉൽപ്പന്നങ്ങൾക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന പത്ത് ശതമാനം നികുതിയിൽ നിന്ന് 25 ശതമാനമായി ഉയർത്തിയ യു എസ് നടപടിയാണ് ലോക വിപണികളെ പിടിച്ച് ഉലച്ചത്.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് മുൻവാരത്തിലെ 24.03 നിന്ന് 26.33 ലേയ്ക്ക് ഉയർന്നു. നിക്ഷേപകർക്ക് അപായ സൂചന നൽകുന്നതിൽ മുൻപന്തിയിലാണ് വോളാറ്റിലിറ്റി ഇൻഡക്‌സ്. 2014 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലാണ് വോളാറ്റിലിറ്റി ഇൻഡക്‌സ്. വിപണി നിക്ഷേപത്തിന് അനുകൂലമല്ലെന്ന സൂചനയാണ് ഇപ്പോഴും നൽകുന്നത്. സാങ്കേതികമായി ഇന്ത്യൻ മാർക്കറ്റ് തിരുത്തിൽ അകപ്പെടുമെന്ന കാര്യം മുൻവാരം സൂചിപ്പിച്ചിരുന്നു.   
ക്രൂഡ് ഓയിൽ ബാരലിന് 70.71 ഡോളറിലാണ്. ഈ വാരം 71.29 ഡോളറിൽ പ്രതിരോധവും 69.12 ഡോളറിൽ താങ്ങും നിലവിലുണ്ട്. സ്വർണം ട്രോയ് ഔൺസിന് 1275 ഡോളറിൽ നിന്ന് 1289 ലേയ്ക്ക് ഉയർന്നു.