Sunday , May   19, 2019
Sunday , May   19, 2019

വിദേശ ചരക്ക് നാളികേര കർഷകർക്ക് തിരിച്ചടിയായി

നാളികേര കർഷകരുടെ കണക്ക് കൂട്ടലുകൾ തകിടം മറിച്ച് വിദേശ ചരക്ക് വിപണി നിയന്ത്രിക്കുന്നു. തമിഴ്‌നാട്ടിലെ വൻകിട മില്ലുകാരാണ് ഇറക്കുമതിക്ക് പിന്നിൽ. വെളിച്ചെണ്ണ കയറ്റുമതി നടത്തുന്നവർക്ക് അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി നടത്താം. ഓപ്പൺ ജനറൽ ലൈസൻസിൽ വൻകിട മില്ലുകാർക്ക് കൊപ്രയും പിണ്ണാക്കും വൻതോതിൽ എത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇവയുടെ വില കുറവാണ്. പല വൻകിട മില്ലുകൾക്കും താഴ്ന്ന വിലക്ക് ഗുണമേൻമ കുറഞ്ഞ വെളിച്ചെണ്ണ വിപണിയിൽ ഇറക്കാൻ ഇതുമൂലമാവും. കൊച്ചിയിൽ വെളിച്ചെണ്ണ 14,100 രൂപയിൽ നിന്ന് 13,800 രൂപയായി. കൊപ്ര 9375 ൽ നിന്ന് 9180 ലേക്ക് താഴ്ന്നു. പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപ്പന കുറഞ്ഞതും ഉൽപാദകരിൽ സമ്മർദ്ദം ഉളവാക്കുന്നു. വിപണിയിൽ ഇതര ഭക്ഷ്യയെണ്ണകൾ പലതും വെളിച്ചെണ്ണയെ അപേക്ഷിച്ച് ഏതാണ്ട് പകുതി വിലയ്ക്ക് ലഭ്യമാണ്. ഇതും ചെറുകിട കൊപ്രയാട്ട് മില്ലുകാരുടെ കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നു. നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ പച്ചതേങ്ങ വില വീണ്ടും ഇടിയുമോയെന്ന ആശങ്കയിലാണ് ഉൽപാദകർ. 
റബർ ടാപ്പിങിന് കാലാവസ്ഥ അനുകൂലമായെങ്കിലും കർഷകരിൽ വലിയൊരു പങ്ക് ഇനിയും തോട്ടങ്ങളിലേക്ക് തിരിഞ്ഞിട്ടില്ല. റബർ വില താഴ്ന്ന നിലവാരത്തിൽ തുടരുന്നത് തന്നെയാണ് കർഷകരെ രംഗത്ത് നിന്ന് പിൻതിരിപ്പിക്കുന്നത്. ഇതിനിടയിൽ കാർഷിക മേഖലയെ ആവേശം കൊള്ളിക്കാൻ ടയർ ലോബി ഷീറ്റ് വില ചെറിയതോതിൽ ഉയർത്തിയത് ഉൽപാദകർക്ക് പ്രതീക്ഷ നൽകി. പകൽ താപനില കുറഞ്ഞതിനാൽ ഏതാനും മാസങ്ങളായി സ്തംഭിച്ച റബർ ടാപ്പിങ് പുനരാരംഭിക്കാൻ പറ്റിയ അവസരമാണ്. കാലവർഷം മുന്നിൽ കണ്ട് ചില തോട്ടങ്ങളിൽ റെയിൻ ഗാർഡുകൾ ഒരുക്കിയിട്ടുണ്ട്. ടയർ നിർമാതാക്കൾ ആർ എസ് എസ് നാലാം ഗ്രേഡ് 12,850 രൂപയിൽനിന്ന് 13,150 ലേക്ക് ഉയർത്തി. ഉത്തരേന്ത്യൻ വ്യവസായികൾ അഞ്ചാം ഗ്രേഡ് റബർ വില 12,600 ൽനിന്ന് 13,000 രൂപയായി ഉയർത്തി. 
ഉത്തരേന്ത്യൻ ഡിമാണ്ടിൽ കുരുമുളക് വില മൂന്നാം വാരവും ഉയർന്നു. വിദേശ മുളക് വരവ് താൽക്കാലികമായി ചുരുങ്ങുമെന്ന വിലയിരുത്തലിൽ അന്തർ സംസ്ഥാന വ്യാപാരികളെ നാടൻ ചരക്ക് ശേഖരിക്കാൻ പ്രേരിപ്പിച്ചു. ഇടുക്കി, വയനാട് ഭാഗങ്ങളിൽനിന്നും കൊച്ചിലേക്കുള്ള മുളക് വരവ് കുറഞ്ഞ അളവിലാണ്. 
ഏലക്ക മികവ് നിലനിർത്തി. മുൻവാരത്തിലെ റെക്കോർഡ് പ്രകടനങ്ങൾക്ക് ശേഷം ഉൽപ്പന്ന വില അൽപ്പം താഴ്‌ന്നെങ്കിലും ഏലത്തിന്റെ ലഭ്യത കുറഞ്ഞ അളവിൽ മാത്രമാണ്. പ്രമുഖ ലേല കേന്ദ്രങ്ങളിൽ ചരക്ക് വരവ് ഗണ്യമായി ചുരുങ്ങിയത് വാങ്ങലുകാരെ ഏറെ അസ്വസ്ഥരാക്കി. വിദേശ വിപണികളിൽ നിന്നുള്ള ശക്തമായ ഡിമാന്റും ആഭ്യന്തര വ്യാപാരികളുടെ സജീവ സാന്നിധ്യവും തുടരുന്നു. കാർഷിക മേഖലയിൽ ചെറിയ തോതിൽ മഴ ലഭ്യമായെങ്കിലും പുതിയ സീസൺ ആരംഭിക്കാൻ ഇനിയും കാത്തിരിക്കണം. 
സ്വർണ വില ഉയർന്നു. 23,560 രൂപയിൽനിന്ന് 23,640 ലേക്കും പിന്നീട് 23,720 രൂപയായും കയറിയ പവൻ വെളളിയാഴ്ച്ച 23,800 ൽ വ്യാപാരം നടന്നു. ഒരു ഗ്രാമിന് വില 2945 ൽ നിന്ന് 2975 രൂപയായി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1275 ഡോളറിൽനിന്ന് 1290 ഡോളറായി.