Wednesday , June   26, 2019
Wednesday , June   26, 2019

പാലാരിവട്ടത്തെ പഞ്ചവടിപ്പാലം 

മലയാളത്തിൽ ആരംഭിച്ച ന്യൂസ് ചാനലുകളിൽ ചിലത് കണ്ണടക്കുന്നതാണ് കണ്ടത്. എന്നാൽ ദേശീയ തലത്തിൽ അങ്ങനെയല്ല.  പന പോലെ പന്തലിക്കുന്നതും കൂട്ടത്തിലുണ്ട്. ചുരുങ്ങിയ കാലയളവിൽ റിപ്പബ്ലിക് ചാനലിന് വൻ വളർച്ച കൈവരിക്കാനായി.  2014 ലെ തെരഞ്ഞെടുപ്പു കാലത്ത് അർണബിന്റെ അട്ടഹാസങ്ങൾ മോഡി തരംഗത്തിന് ഗണ്യമായ സംഭാവനയർപ്പിച്ചു. ടൈംസ് നൗ ചാനലിൽ തിളങ്ങി നിൽക്കുമ്പോഴാണ് അർണബ് ഗോസാമി ചാനൽ വിട്ടത്. 2017 മെയ് മാസത്തിൽ ഏഷ്യാനെറ്റ് ന്യൂസ് മീഡിയയുമായി ചേർന്ന് റിപ്പബ്ലിക് ടി.വി ആരംഭിച്ചു.  ബിജെപിക്കും നരേന്ദ്ര മോഡി സർക്കാരിനും അനുകൂലമായി വാർത്തകൾ നൽകിയും  ചർച്ചകൾ സംഘടിപ്പിച്ചുമാണ് ചാനൽ മുന്നേറിയത്. 
ഏഷ്യാനെറ്റിൽ നിന്ന് മുഴുവൻ ഓഹരികളും വാങ്ങി ചാനൽ അർണബ് പൂർണമായും കൈപ്പിടിയിലാക്കിയിരിക്കുകയാണിപ്പോൾ. 
തീവ്ര ദേശീയതയും മതവിദ്വേഷവും വളർത്തുന്ന തരത്തിലുളള ചർച്ചകൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ മുമ്പന്തിയിലായിരുന്നു. കാസർകോട്ടെ ഇടവഴിയുടെ പേര് പോലും വൈകുന്നരത്തെ ചർച്ചയിൽ ഇടം പിടിച്ചു. 
രണ്ട്  വർഷം കൊണ്ട്  1200 കോടി രൂപയുടെ മൂല്യമുണ്ടാാക്കാൻ ചാനലിന് കഴിഞ്ഞതിൽ ആശ്ചര്യം ഒട്ടുമില്ല. ഈ  സാഹചര്യത്തിലാണ് ചാനലിനെ അർണബ് പൂർണമായും ഏറ്റെടുത്തത്. 
മലയാളത്തിൽ ഏഷ്യാനെറ്റ് മുന്നേറുമെന്ന  കാര്യത്തിലും സംശയം വേണ്ട. ചാനലിന്റെ എഡിറ്റർ എം.ജി രാധാകൃഷ്ണന്റേതായി സംപ്രേഷണം ചെയ്തു വരുന്ന ദേശീയ തെരഞ്ഞെടുപ്പ് അവലോകനം ഒന്നാന്തരമായി. ശനിയാഴ്ച ടെലികാസ്റ്റ് ചെയ്ത അവസാന ഭാഗം തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് നരേന്ദ്ര മോഡി വീണ്ടും അധികാരമേറ്റെടുത്ത പ്രതീതി സൃഷ്ടിച്ചു. ഇതേ ദിവസത്തെ ന്യൂസ് ബുള്ളറ്റിനുകളിലൊന്നിലും രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചതിനെ  കുറിച്ച് പരാമർശമേയില്ല. 
*** *** ***
മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്ത ശ്രീനിവാസന്റെ അഭിമുഖം വനിതാ ആക്ടിവിസ്റ്റുകളെ പ്രകോപിപ്പിച്ചു. നടൻ ദിലീപിനെതിരെയുള്ള ആരോപണങ്ങൾ ചുമ്മാ കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.  ഡബ്യൂസിസി എന്ന സംഘടനയെ കുറിച്ച്  അതെന്താണെന്ന് തനിക്ക്  മനസ്സിലായിട്ടില്ലായെന്നും ശ്രീനി  വ്യക്തമാക്കി. സിനിമാ രംഗത്ത് സ്ത്രീകൾക്കും പുരുഷനും തുല്യ അവകാശമാണുള്ളത്. സിനിമാ രംഗത്ത് സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നില്ല. സുദീർഘ കാലയളവിൽ മലയാളിയുടെ സിനിമാ സംസ്‌കാരത്തെ സ്വാധീനിച്ച കലാകാരനാണ് ശ്രീനിവാസൻ. നാടോടിക്കാറ്റ്,  പട്ടണ പ്രവേശം,  സന്മനസ്സുള്ളവർക്കു സമാധാനം, സന്ദേശം,  വടക്കുനോക്കി യന്ത്രം,  ചിന്താവിഷ്ടയായ ശ്യാമള -അങ്ങനെ നീണ്ടു പോകുന്നു പട്ടിക. ശരിക്കും ഈ വനിതാ കൂട്ടായ്മ കൊണ്ട് എന്താണ് നേട്ടമുണ്ടാക്കാനായത്? പ്രതിഭാശാലികളായ ചില അഭിനേത്രികൾക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്നതൊഴിച്ചാൽ? 
*** *** ***
വി.എസ് അച്യുതാനന്ദൻ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വേളയിൽ ഒരു വലിയ വിവരം പുറത്തു വിട്ടു. എ.ഡി 2020 ആകുമ്പോൾ കേരളം ഒരു മുസ്‌ലിം രാജ്യമായി മാറുമെന്നാണ് സംസ്ഥാന ഭരണാധികാരി പറഞ്ഞത്. അതായത് ആറു മാസത്തിനകം ഈ പ്രതിഭാസം സംഭവിക്കണം. അങ്ങനെയായാലും ഇല്ലെങ്കിലും ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളുടെ ഈ പ്രവചനം ദേശീയ തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അരിയാഹാരം കഴിക്കുന്ന കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥർ വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്നവരല്ലല്ലോ. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിലെ പുലിക്കുട്ടിയെ മലർത്തിയടിച്ചാണ് കെ.ടി ജലീൽ  കുറ്റിപ്പുറത്തെ എം.എൽ.എയായത്. 
ഒരാളുടെ സ്വഭാവ രൂപീകരണം യൗവനത്തിലാണ് നടക്കുകയെന്നാണ് ശാസ്ത്രം. കോളേജ് പഠനകാലത്തെ എസ്.എഫ്.ഐക്കാരന്റെ മനസ്സിൽ എന്നും ഒരു തീക്കനൽ കാണും. നാൽപത് വയസ്സ് പിന്നിട്ട ഒരാൾക്ക് പെട്ടെന്ന് സോഷ്യലിസ്റ്റാകാനാവില്ല. 
സിമി, യൂത്ത് ലീഗ്, മുസ്‌ലിം ലീഗ് വഴികൾ പിന്നിട്ടാണ് ജലീൽ കമ്യൂണിസ്റ്റ് സഹയാത്രികനാവുന്നത്. ജമാഅത്തെ ഇസ്‌ലാമി ആശയക്കാരാണ് അദ്ദേഹത്തിന്റെ കുടുംബമെന്നാണ് കേൾവി. ഇപ്പോൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ്.  
അദ്ദേഹവുമിതാ വി.എസിന്റേതിന് സമാനമായ ഒരു പ്രസ്താവന കേരളത്തിലെ ഒരു പ്രസിദ്ധീകരണ-ദൃശ്യ മാധ്യമ സ്ഥാപനത്തിനെതിരെ ഉന്നയിച്ചിരിക്കുന്നു.  മീഡിയ വൺ ടിവിയും മാധ്യമം പത്രവും ആഗോള ഭീകരന്മാരായ ഐ.എസ് സ്‌പോൺസർ ചെയ്താണ് നടക്കുന്നതെന്നാണ് മന്ത്രി പുംഗവൻ പറയുന്നത്. വിദ്യാസമ്പന്നരായ ധാരാളം യുവതീയുവാക്കൾ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളെ കുറിച്ചാണ് ആരോപണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വളാഞ്ചേരിയിലെ  സിപിഎം കൗൺസിലർ ഷംസുദ്ദീനെ സംരക്ഷിക്കുന്നു എന്ന ആരോപണം നേരിടുകയാണ് മന്ത്രി കെടി ജലീൽ. 
*** *** ***
കേരളത്തിന്റെ അക്ഷര നഗരമാണ് കോട്ടയം. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കോട്ടയം കടന്നു വരികയാണെന്ന് അറിയുക വണ്ടി ഒരു ടണലിൽ പ്രവേശിക്കുമ്പോഴാണ്. റോഡ് മാർഗം കോട്ടയം നഗരത്തിലെത്തുമ്പോൾ ആദ്യം ശ്രദ്ധ പിടിച്ചു പറ്റുക നാഗമ്പടത്തെ പഴയ മേൽപാലമാണ്. ഇതിനെ തകർക്കാൻ കഴിഞ്ഞ ദിവസം രണ്ട് സ്‌ഫോടനങ്ങൾ  നടത്താനെത്തിയവർ തോറ്റ് പിന്മാറുകയായിരുന്നു. അന്ന് മുതൽ സമൂഹ മാധ്യമങ്ങളിൽ വിമർശനമേറ്റു വാങ്ങുകയാണ് കൊച്ചിയിലെ പാലാരിവട്ടം മേൽപാലം. കണ്ടില്ലേ, ഇവിടെ ഒരെണ്ണം ഓട്ടോറിക്ഷ കടന്നു പോയാൽ കുലുങ്ങുന്നത് എന്നിങ്ങനെയായിരുന്നു ട്രോൾ. ഈ പാലം പണിതത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് എല്ലാവരും മനസ്സിലാക്കാൻ പാലത്തിന്റെ അപകടാവസ്ഥ കാരണമായി. പ്രശസ്ത സിനിമാ സംവിധായകൻ കെ.ജി ജോർജ് പതിറ്റാണ്ടുകൾക്ക് മുമ്പെടുത്ത പഞ്ചവടിപ്പാലം സിനിമയിൽ കാര്യങ്ങൾ ഭംഗിയായി പ്രതിപാദിച്ചിട്ടുണ്ട്. 
*** *** ***
മലബാറിലെ പല അങ്ങാടികളും നോമ്പുകാലത്ത് സജീവമാകുന്നത് രാത്രികാലങ്ങളിലാണ്. കണ്ണൂർ സിറ്റിയിലും വടകരയിലെ  താഴെ അങ്ങാടിയിലും  നേരം വെളുക്കുവോളം കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കും. സൗജന്യമായി നോമ്പുതുറയും അത്താഴവും നൽകാൻ കമ്മിറ്റികളുണ്ട്. കോഴിക്കോടിന്റെ മുസ്‌ലിം കേന്ദ്രമായ തെക്കേപ്പുറത്ത് റമദാനിലെ രാത്രി കച്ചവടം അരങ്ങ് തകർത്തത് കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെയാണ്. കോർപറേഷൻ ഓഫീസ് മുതൽ സൗത്ത് ബീച്ചിൽ കോതിപ്പാലം വരെയുള്ള പ്രദേശങ്ങൾ രാത്രികാല വിപണിയായി. മീൻ-മാംസം എന്നിവ ഉപയോഗിച്ചുള്ള സ്വാദിഷ്ട വിഭവങ്ങൾ രുചിച്ചു നോക്കാൻ ദൂരദിക്കുകളിൽ നിന്നും ആളുകളെത്തി. ദൃശ്യ മാധ്യമങ്ങൾ മത്സരിച്ച് ഫ്രീ പബ്ലിസിറ്റി നൽകിയതോടെ ഇതൊരു സംഭവമായി. നോമ്പ് തുറന്ന ശേഷം ആളുകൾ പ്രവഹിക്കാൻ വേറെ കാരണം വേണ്ടതില്ലല്ലോ. തക്കം മുതലെടുത്ത് സാമൂഹ്യ വിരുദ്ധരും രംഗത്തെത്തി. ലഹരി പദാർഥങ്ങളുടെ വിൽപന യുവതലമുറയെ നശിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ് പ്രദേശവാസികൾ കച്ചവടത്തിനെതിരെ രംഗത്തെത്തി. നല്ല കാര്യം. മഹല്ല് കമ്മിറ്റിയുടേയും രാഷ്ട്രീയ പാർട്ടികളുടേയും സംയുക്ത ആഭിമുഖ്യത്തിലൊരു ബോർഡും വെച്ചു. കഴിഞ്ഞ വർഷങ്ങളിലേതെന്ന പോലെ റമദാൻ മാസത്തിൽ ഭക്ഷണ സാധനങ്ങളുടെ വിൽപന നിരോധിച്ചുവെന്നാണ് ഉള്ളടക്കം. ബോർഡിൽ രാത്രിയിലെ എന്ന വാക്ക് കൂടി ഇതിലുൾപ്പെടുത്തിയിരുന്നുവെങ്കിൽ ആരും ദുരുപയോഗപ്പെടുത്തില്ലായിരുന്നു. കോഴിക്കോട്ട് ഇതാ ആളുകളെ പട്ടിണിക്കിടുന്നുവെന്ന രൂപത്തിൽ ജനം ടിവിയിൽ വാർത്ത വന്നു. ഇനി ഇതിന്റെ ആവർത്തനം അടുത്ത റമദാൻ മാസങ്ങളിലും കാണാം. 
*** *** ***
അമൃത ടിവിയിലെ കഥയല്ലിത് ജീവിതം എന്ന പ്രോഗ്രാം അവതരിപ്പിച്ചു വരുന്നത് പഴയ കാല മലയാള നടി വിധുബാലയാണ്. സാധാരണ ഗതിയിൽ മറ്റുള്ളവരുടെ കദനകഥ കേട്ടിരിക്കുന്ന പാനലിൽ ഒരു ജഡ്ജിയെ പോലെ ഇരിക്കാറാണ് പതിവ്. ഇക്കഴിഞ്ഞ ബുധനാഴ്ച സംപ്രേഷണം ചെയ്ത എപ്പിസോഡ് ഗൾഫിലെ മനുഷ്യക്കടത്തിനെ കുറിച്ചായിരുന്നു. ഒമാനിലെ ഒരു മുൻ മാധ്യമ പ്രവർത്തകൻ ഈ രംഗത്തെ തന്റെ അനുഭവങ്ങൾ പ്രതിപാദിച്ചപ്പോൾ തരിച്ചിരുന്ന് കേൾക്കുകയായിരുന്നു അവർ. ഏറ്റവും അവസാനം ഹോസ്റ്റ് എന്റമ്മേ എന്നു പറയേണ്ടി വന്നു. ഹൃദയസ്പർശിയായ വിവരണമായിരുന്നു. 
ഇടയ്ക്കിടെ മുന്നറിയിപ്പില്ലാതെ വന്ന ആശീർവാദ് ആട്ട പരസ്യം കല്ലുകടിയാവുകയും ചെയ്തു. മാധ്യമ പ്രവർത്തകൻ കാര്യമായി എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോഴായിരിക്കും ഒരു സൂപ്പർ മാർക്കറ്റിലെത്തിയ അമ്മയും മകളും ആട്ടയുടെ ഗുണം വിവരിക്കുക.
 

Latest News