Sunday , May   19, 2019
Sunday , May   19, 2019

വിളവെടുപ്പിന്റെ വിജയ കഥയുമായി  മറിയുമ്മ പബ്ലിക് സ്‌കൂൾ  

പഠനത്തോടൊപ്പം കൃഷി,പ്രഭാപുരം മറിയുമ്മ മെമ്മോറിയൽപബ്ലിക് സ്‌കൂൾ കാമ്പസിൽ വിളയുന്നത് വിജയത്തിന്റെ നൂറുമേനി. പതിനാറ് ഏക്കറോളം വിസ്തൃതിയുള്ള സ്‌കൂൾ വളപ്പിലെ ഓരോ ഇഞ്ചും ഓരോ തോട്ടമാണ്. 

പട്ടാമ്പി പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്‌കൂൾ പച്ചക്കറിത്തോട്ടത്തിലെ ഓരോ വിളവെടുപ്പും കുട്ടികൾക്ക് ആഘോഷമാണ്. കൈതച്ചക്ക, ഔഷധ സസ്യങ്ങൾ എന്നിവക്കായി പ്രത്യേക തോട്ടം ഒരുക്കിയിട്ടുണ്ട്. നക്ഷത്ര വനം, മാവിൻ തോപ്പ്, മറ്റു ഫലവൃക്ഷങ്ങൾ എന്നിവയുടെയെല്ലാം പരിപാലനം കുട്ടികളുടെ പങ്കാളിത്തത്തോടെയാണ്. ഓരോ കൃഷിക്കു വേണ്ടിയും പ്രത്യേക കാർഷിക ക്ലബ്ബുകൾ രൂപീകരിച്ചാണ് സ്‌കൂൾ അധികൃതർ കൃഷി ഏകോപിപ്പിക്കുന്നത്. 
പ്രമുഖ ബിസിനസുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ഇറാം ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് തന്റെ ഉമ്മയുടെ ഓർമയ്ക്കായി ആരംഭിച്ച മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്‌കൂൾ കാമ്പസിൽ സ്റ്റേറ്റ്, സി.ബി.എസ്.ഇ സ്‌കൂളുകൾക്കു പുറമെ ബി.എഡ്, ടി.ടി.സി, കിന്റർ ഡിലൈറ്റ് കെ.ജി വിഭാഗം എന്നീ മേഖലകളിലും അധ്യയനം നടക്കുന്നുണ്ട്. 


പഠനത്തോടൊപ്പം കുട്ടികളെ നല്ല പൗരന്മാരായി വളർത്തിയെടുക്കണം എന്ന സന്ദേശം പകരുകയാണ് ലക്ഷ്യമെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കൊപ്പം പരിസ്ഥിതി സംരക്ഷണ രംഗത്തും ആരോഗ്യ രംഗത്തും ജീവകാരുണ്യപ്രവർത്തന മേഖലയിലുമെല്ലാം വ്യത്യസ്തമായ കാൽപാട് പതിപ്പിക്കാനാണ് സ്‌കൂളിന്റെ ശ്രമം. വിഷയാധിഷ്ഠിത ക്ലാസുകൾ, രാത്രികാല ക്യാമ്പുകൾ, ഭവന സന്ദർശനം എന്നിങ്ങനെയുള്ള വൈവിധ്യ പൂർണമായ രീതിയിലാണ് അധ്യയനം ക്രമീകരിച്ചിരിക്കുന്നത്. റോഡ് നിർമാണം, അടുക്കളത്തോട്ട നിർമാണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള സാമൂഹ്യ സേവന മേഖലകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 
സ്‌പോർട്‌സ് രംഗത്തും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും സ്ഥാപനം വികസിപ്പിച്ചെടുത്ത രീതി പ്രശംസ നേടി. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ കേണൽ ജെ.എ.റോക്ക്‌സ് നേതൃത്വം കൊടുക്കുന്ന അക്കാദമിക് വിഭാഗത്തിനാണ് കരിക്കുലം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ചുമതല. സ്‌പോർട്‌സിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന ഇറാം അക്കാദമി ഫോർ സയൻസ് ആന്റ് എക്‌സലൻസ് എന്ന സി.ബി.എസ്.ഇ സ്‌കൂൾ ആ മേഖലയിൽ ശ്രദ്ധേയമായ പല നേട്ടങ്ങളും ഉണ്ടാക്കിക്കഴിഞ്ഞു.
പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച നേട്ടങ്ങൾക്കൊപ്പം പഠനത്തിലെ മികവാണ് സ്‌കൂളിനെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ട കാര്യം. ഈ വർഷത്തെ എസ്.എസ്.എൽ.സി - ഹയർ സെക്കണ്ടറി പരീക്ഷാ ഫലം മികച്ച അംഗീകാരമാണ് മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്‌കൂളിന് സമ്മാനിച്ചത്. എസ്.എസ്.എൽ.സിയിൽ നൂറു മേനി വിജയം നേടാനായതും അതിൽ പകുതിയോളം പേർക്ക് എ പ്ലസ് വിജയം നേടാനായതും ശ്രദ്ധേയമായി.