Sunday , May   19, 2019
Sunday , May   19, 2019

നോമ്പുതുറകൾ ഇഫ്താർ പാർട്ടികളിലേക്കു വഴിമാറുമ്പോൾ 

നാമെല്ലാം പുണ്യ മാസത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്.ഇന്നിപ്പോൾ നോമ്പ് നോൽക്കലും നോമ്പുതുറക്കലും ഒക്കെ ഒരു ഫാഷനോ പൊങ്ങച്ചമോ ഒക്കെ ആയി മാറിയിരിക്കയാണ് പലരിലും. നോമ്പുതുറ ഒരു സൽക്കര ചടങ്ങാക്കി മാറ്റിയിരിക്കുന്നു പുതു തലമുറ. ഇത് കൊണ്ട് തന്നെ ജീവിതശൈലീ രോഗങ്ങളും പീഡകളും കൂടെക്കൂടുകയും ചെയ്തു എന്ന് പറയാം.

സൗദി അറേബിയയിൽ ഇത്തവണയും നോമ്പ് കൊടും ചൂടത്താണ്.40 ,45 ഡിഗ്രി ചൂടാണ് ഏകദേശം 15 മണിക്കൂർ വരെ നീളുന്ന ഉപവാസത്തിനു ശേഷം നോമ്പുതുറക്കുമ്പോൾ പല ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. മിതമായ ഭക്ഷണ ചര്യ കൊണ്ട് നമുക്കിതിനെ നിയന്ത്രിക്കാൻ സാധിക്കും.

നോമ്പ് തുറക്കുമ്പോൾ കഴിവതും ഒരു ഗ്ലാസ് വെള്ളം അതായതു അധികം ചൂടുള്ളതോ തണുത്തതോ അല്ലാത്ത വെള്ളം കൊണ്ട് ബിസ്മി ചൊല്ലി നോമ്പുതുറക്കാൻ ശ്രമിക്കുക. അല്ലാതെ നാരങ്ങാവെള്ളമോ ടാങ്ക് പോലുള്ള മധുര പാനീയങ്ങളോ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ആമാശയത്തിലെ അമ്ല രസം വര്ധിക്കുകയെ ഉള്ളൂ .ഈ പാനീയങ്ങളിലെല്ലാം കൃത്രിമ രാസപദാര്ഥങ്ങളും ആസിഡുകളും അടങ്ങിയിട്ടുണ്ട്.വെറും വെള്ളം നമ്മുടെ ആമാശയ അമ്ലങ്ങളെ നേർപ്പിക്കും. കൂടാതെ ഭക്ഷണ പദാർത്ഥങ്ങളുടെ സുഗമമായ ദഹനത്തിന് വഴിയൊരുക്കുകയും ചെയ്യും. ഇതിനൊപ്പം ഒന്നോ രണ്ടോ കാരക്ക കഴിക്കുന്നതിൽ തെറ്റില്ല. ഇതിനു ശേഷം അരമണിക്കൂർ കഴിഞ്ഞു ഏതെങ്കിലും അരിയാഹാരമോ ചപ്പാത്തിയോ പച്ചക്കറികൾ കൂട്ടി കഴിക്കാം. അല്ലെങ്കിൽ നോമ്പ് കഞ്ഞി ഇളം ചൂടോടെ കഴിക്കാം. നോമ്പ് കഞ്ഞിയെ ഇന്നത്തെ തലമുറ പാവങ്ങളുടെ ഭക്ഷണം എന്ന പേരിൽ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ നോമ്പ് കഞ്ഞിയും മുളപ്പിച്ച പയറും അല്ലെങ്കിൽ തോരനും ഒരു സമ്പൂർണ്ണ ആഹാരമാണ്. നമുക്ക് ആവശ്യമായ കാർബോഹൈഡ്രേറ്റും പ്രോട്ടീനും നാരും പൊട്ടാസിയവും സോഡിയവും എളുപ്പത്തിൽ ശരീരത്തിന് ലഭ്യമാക്കാം, ഈ ഒരു കോമ്പിനേഷൻ വിഭവം കൊണ്ട്. മുസംബി പോലുള്ള പഴങ്ങളും വറുത്തതും പൊരിച്ചത് മായാ പലഹാരങ്ങളും തീർത്തും വർജിക്കുകയാണ് വേണ്ടത്. പഴവർഗ്ഗങ്ങൾ അസിഡിറ്റി വർധിപ്പിക്കുകയും അൾസർ പോലുള്ള രോഗങ്ങൾ താൾ തലപൊക്കുകയും ചെയ്യും. എണ്ണ  പലഹാരങ്ങളിലെ എണ്ണ ആമാശയത്തിൽ ഒരു പാട പോലെ കിടക്കുകയും ദഹനരസങ്ങളെ നിർവീര്യമാക്കുകയും പല വിധത്തിലുള്ള ഗ്യാസുകൾ രൂപപ്പെടുന്നതിലേക്കു നയിക്കുകയും ചെയ്യും.

എപ്പോഴും  സമീകൃതാഹാരം കഴിക്കാൻ ശ്രമിക്കുക. പെട്ടെന്ന് ഊർജ്ജം പ്രദാനം ചെയ്യുന്ന അന്നജം അടങ്ങിയ ഭക്ഷണം അതോടൊപ്പം  മാംസ്യവും പ്രോട്ടീനും മൂലകങ്ങളും ലവണങ്ങളും  അടങ്ങിയ സെമിലിക്വിഡ്  ഭക്ഷണങ്ങളാണ് ഏറ്റവും നല്ലത്  . അതുകൊണ്ടാണ് ശുറൂബാ സൗദികൾക്കു നോമ്പുതുറ സമയത്തു ഒഴിച്ചുകൂടാനാവാത്ത വിഭവമായത് . പിന്നീട് ഒന്നോ രണ്ടോ മണിക്കൂറിനു ശേഷം പഴങ്ങൾ കഴിക്കാം. ജലാംശം കൂടുതലുള്ള പഴങ്ങൾ ,വിറ്റാമിൻ സി ഉള്ള പഴങ്ങൾ , പൊട്ടാസിയം കൂടുതലുള്ള പഴങ്ങൾ ഇവ തിരഞ്ഞെടുക്കാം. തണ്ണിമത്തങ്ങാ,ഷമാം തുടങ്ങിയ പഴങ്ങളിൽ ജലാംശം വളരെ കൂടുതലാണ്. തണ്ണിമത്തങ്ങായിൽ 90  ശതമാനം വെള്ളവും നാരുകളും ഉണ്ട്. ദഹനത്തിനും മലബന്ധം തടയുന്നതിനും ഏറ്റവും അഭികാമ്യം തണ്ണിമത്തങ്ങയാണ്. നോമ്പുകാലത്തു. കൂടാതെ വിറ്റാമിന് സി യും എ യും ആവശ്യത്തിനുണ്ടുതാനും ഈ പഴത്തിൽ. അതെ പോലെ തന്നെയാണ്ഷമ്മാമും. ഈ രണ്ടു പഴങ്ങളും ജ്യൂസ് ആയോ അല്ലാതെയോ പഞ്ചസാര ചേർക്കാതെ കഴിക്കാം. കൂടാതെ  ഷമാം നമുക്കാവശ്യമായ ഫോളിക് ആസിഡ്, പൊട്ടാസിയം, നിയാസിൻ, കാൽസ്യം മഗ്നീഷ്യം, കരോറ്റെനോയിഡ് ഇവ എല്ലാം തന്നെ പ്രദാനം ചെയ്യുന്നു. ഒരു കപ്പ് ഷമാം 32 കലോറി ഊർജ്ജം നൽകും.നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തിയെ വർധിപ്പിക്കും ഈ രണ്ടു പഴങ്ങളും. കൂടാതെ ആപ്പിൾ  ,പിയർ പോലുള്ള അസിഡിറ്റി കുറവുള്ള പഴങ്ങൾ നോമ്പ് കാലത്തു നല്ലതാണു. കുട്ടികൾക്ക് പാലും മുട്ടയും ആഴ്ചയിൽ മൂന്നോ നാലോ ദിവസം കൊടുക്കാം. മാംസം കഴിക്കുന്നത് കൊണ്ട് നമുക്ക്  പ്രോട്ടീനും വിറ്റാമിൻ ബി യുമാണ് ലഭ്യമാകുന്നത്. അത് കൊണ്ട് മാംസ ഭക്ഷണം നമുക്ക് തീരെ ഒഴിവാക്കേണ്ട. റെഡ് മീറ്റ് ഒഴിവാക്കി കോഴിയെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചീര വർഗ്ഗങ്ങൾ കഴിക്കാം പക്ഷെ ചിലരിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉളവാക്കും. ഇന്ന് ഇടയത്താഴവും ഒരു ഫാഷൻ അയി മാറി. ചിലർ ഇടയത്താഴം വെറും പാലിലും  ബ്രെഡിലും ഒതുക്കും. ചിലർ നല്ല ഇറച്ചിക്കറിയും ബിരിയാണിയുമൊക്കെ ആയി വിഭവ സമൃദ്ധമാക്കും. ഇത് രണ്ടും നന്നല്ല.

രാത്രി ഭക്ഷണം കഴിവതും ലഘുവാക്കുക . എന്നാൽ ദിവസം മുഴുവൻ ഊർജ്ജം ലഭ്യമാകുന്നതും ആവണം. മലപ്പുറത്തെ കാർന്നോരുമാരു കഴിക്കുന്ന കഞ്ഞിവെള്ളത്താളി പോഷകസമൃദ്ധമാണ്. കൂടാതെ നോമ്പ് കാലത്തു ധാരാളം വെള്ളം കുടിക്കാൻ മറക്കണ്ട. അതോടൊപ്പം തറാബിയ നിസ്കാരവും. പ്രാർത്ഥനയോടൊപ്പം നല്ലൊരു വ്യായാമവുമാണ് നിസ്കാരം. മനസ്സ് ഏകാഗ്രമാവാനും രക്തസമ്മര്ദം കുറക്കാനും നിസ്കാരത്തിനു കഴിയും. പ്രമേഹം  ,രക്തസമ്മർദ്ദം , തൈറോയ്ഡ് പ്രശ്നങ്ങൾ  ഇവ ഉള്ളവർകൃത്യമായി മരുന്നുകൾ കഴിച്ചു കൊണ്ട് വേണം നോമ്പ് നോൽക്കാൻ.