റിയാദ് - മക്കയിലും മദീനയിലും അതിർത്തി പ്രദേശങ്ങളിലും കെട്ടിടങ്ങളും ഫ് ളാറ്റുകളും അടക്കമുള്ള റിയൽ എസ്റ്റേറ്റുകൾ സ്വന്തം പേരിൽ വാങ്ങാൻ പ്രിവിലേജ് ഇഖാമ ഉടമകൾക്ക് അനുമതിയുണ്ടാകില്ലെന്ന് ശൂറാ കൗൺസിൽ അംഗം മേജർ ജനറൽ മുഹ്‌സിൻ ബിൻ ഇബ്രാഹിം ശൈആനി പറഞ്ഞു.
സൗദി പൗരൻമാർക്ക് ലഭിക്കുന്ന സമാനമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും പ്രയോജനപ്പെടുത്തി സൗദിയിൽ സ്ഥിരമായോ താൽക്കാലികമായോ താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികളെ ലക്ഷ്യമിട്ടാണ് പ്രിവിലേജ് ഇഖാമ പദ്ധതി നടപ്പാക്കുന്നത്. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും അതിർത്തി പ്രദേശങ്ങളിലും കെട്ടിടങ്ങളും ഫഌറ്റുകളും സ്വന്തമാക്കാൻ ഇവർക്ക് അനുമതിയുണ്ടാകില്ല.
വ്യവസ്ഥകൾക്കു വിധേയമായാണ് പ്രിവിലേജ് ഇഖാമ പദ്ധതി പ്രകാരം വിദേശികൾക്ക് സ്ഥിരം ഇഖാമയോ താൽക്കാലിക ഇഖാമയോ അനുവദിക്കുക. ഇതിന് പ്രത്യേക ഫീസ് അടക്കേണ്ടിവരും. കൂടാതെ അപേക്ഷകർ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തേണ്ടിവരും. ബാങ്ക് ഗ്യാരണ്ടിയും സമർപ്പിക്കണം. സൗദിയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ പുതിയ പദ്ധതി സഹായകമാകുമെന്നും മേജർ ജനറൽ മുഹ്‌സിൻ ബിൻ ഇബ്രാഹിം ശൈആനി പറഞ്ഞു.
ഗ്രീൻ കാർഡിന് സമാനമായ പ്രിവിലേജ് ഇഖാമ പദ്ധതി അനുസരിച്ച് നിശ്ചിത ഫീസുകൾക്ക് അനുസൃതമായി സ്ഥിരം ഇഖാമയോ താൽക്കാലിക ഇഖാമയോ ആണ് അനുവദിക്കുക. ഇത്തരം ഇഖാമ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് സേവനങ്ങൾ നൽകാൻ പ്രിവിലേജ് ഇഖാമ സെന്റർ എന്ന പേരിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കും.
കുടുംബത്തിനൊപ്പം സൗദിയിൽ താമസം, ബന്ധുക്കൾക്ക് വിസിറ്റ് വിസ, താമസ, വ്യാപാര, വ്യവസായ ആവശ്യങ്ങൾക്ക് വീടുകളും ഫഌറ്റുകളും അടക്കം റിയൽ എസ്റ്റേറ്റുകളും വാഹനങ്ങളും സ്വന്തം പേരിൽ വാങ്ങാൻ അനുമതി, തൊഴിലാളികളെ സ്വന്തം സ്‌പോൺസർഷിപ്പിൽ റിക്രൂട്ട് ചെയ്യാൻ അനുമതി, സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ അനുമതി, സ്വകാര്യ മേഖലയിൽ ഇഷ്ടാനുസരണം തൊഴിൽ മാറാൻ അനുമതി, സൗദിയിൽനിന്ന് പുറത്തുപോകാനും രാജ്യത്തേക്ക് മടങ്ങിവരുന്നതിനുമുള്ള സ്വാതന്ത്ര്യം, എയർപോർട്ടുകളിലും കരാതിർത്തി പോസ്റ്റുകളിലും സൗദികൾക്കുള്ള കൗണ്ടറുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി, രാജ്യത്ത് വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി തുടങ്ങിയ ഏതാനും പ്രത്യേക ആനുകൂല്യങ്ങൾ നിയമം വിദേശികൾക്ക് നൽകുന്നു.
വിസാ ഉടമകളെ പോലെ കുടുംബാംഗങ്ങൾക്കും തൊഴിൽ അനുമതിയും തൊഴിൽ മാറുന്നതിനുള്ള സ്വാതന്ത്ര്യവുമുണ്ടാകും. എന്നാൽ സൗദിവൽക്കരിച്ച തൊഴിലുകളിൽ ദീർഘകാല വിസാ ഉടമകൾക്കും ആശ്രിതർക്കും ജോലി ചെയ്യാൻ വിലക്കുണ്ടാകും.
അനുയോജ്യമായ ധനസ്ഥിതിയുള്ളവർക്ക് അനുവദിക്കുന്ന ദീർഘകാല വിസക്ക് പ്രത്യേക ഫീസ് ബാധകമായിരിക്കും. ഇതുവഴി പൊതുഖജനാവിലേക്ക് അധിക വരുമാനം ലഭിക്കും.