Sorry, you need to enable JavaScript to visit this website.

സൗദി ഗ്രീന്‍ കാര്‍ഡ്; ആകാംക്ഷയോടെ പ്രവാസികള്‍

ജിദ്ദ- സൗദി അറേബ്യ നടപ്പിലാക്കാന്‍ പോകുന്ന ദീര്‍ഘകാല താമസ വിസയുടെ മാനദണ്ഡങ്ങളും നിബന്ധനകളും അറിയാന്‍ ആകാംക്ഷയോടെ പ്രവാസികള്‍. സൗദി ശൂറാ കൗണ്‍സില്‍ അംഗീകരിച്ച പുതിയ പദ്ധതി വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയത്. സൗദിയില്‍ നിലവിലുള്ള പ്രവാസികള്‍ മാത്രമല്ല, ഇതര ഗള്‍ഫ് നാടുകളില്‍ കഴിയുന്ന പ്രവാസികളും സ്‌പോണ്‍സര്‍മാര്‍ ആവശ്യമില്ലാത്ത ഗ്രീന്‍ കാര്‍ഡ് മാതൃകയിലുളള താമസ വിസയുടെ വിശദാംശങ്ങള്‍ അറിയാന്‍ കാത്തിരിക്കയാണ്.


മലയാളം ന്യൂസിന്റെ പരിഷ്‌കരിച്ച ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും പുറമെ, പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട മറ്റു വിഷയങ്ങളും യഥാസമയം ലഭിക്കും. ആന്‍ഡ്രോയിഡ്      ആപ്പിള്‍


വിദേശ രാജ്യങ്ങളില്‍നിന്ന് പുതിയ നിക്ഷേപകരേയും സംരംഭകരേയും ആകര്‍ഷിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെങ്കിലും സര്‍ക്കാരില്‍നിന്നുള്ള യഥാര്‍ഥ സമ്മാനമായി തന്നെയാണ് പ്രവാസികള്‍ ഇതിനെ കാണുന്നത്. പാര്‍പ്പിടങ്ങളും മറ്റും വാങ്ങാന്‍ അവസരമൊരുക്കുമെന്ന പ്രഖ്യാപനം വന്‍തോതില്‍ മുതല്‍ മുടക്കാന്‍ ശേഷിയില്ലാത്തവരിലും താല്‍പര്യം ജനിപ്പിച്ചിട്ടുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാര്‍ ആവശ്യമില്ല എന്നതാണ് ഏറ്റവും ആകര്‍ഷകം.

നിലവില്‍ സൗദിയിലുള്ള എല്ലാ പ്രവാസികള്‍ക്കും ഗ്രീന്‍ കാര്‍ഡിനു സമാനമായ ദീര്‍ഘകാല വിസ ലഭിക്കില്ലെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം,  മൂലധന നിക്ഷേപത്തിനു സാധ്യതയില്ലാത്ത, ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യമുള്ള പ്രവാസികള്‍ക്ക് പുതിയ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും. നിലവിലുള്ള ഇഖാമ സമ്പ്രദായത്തില്‍നിന്ന് വ്യത്യസ്തമായി ഇത്തരം വിദഗ്ധര്‍ക്ക് സൗദിയില്‍ തങ്ങണമെങ്കില്‍ സ്‌പോണ്‍സറോ തൊഴിലുടമയോ ആവശ്യമില്ല.

സാമ്പത്തിക ഭദ്രത മാത്രമല്ല, രാജ്യത്തിന് ആവശ്യമുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രഖ്യാപിക്കാനിരിക്കുന്ന നിബന്ധനകളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. വികസനത്തിന് അനിവാര്യമായ ഉയര്‍ന്ന പ്രൊഫഷണല്‍ യോഗ്യതയുള്ളവരേയും ഉയര്‍ന്ന തോതില്‍ നിക്ഷേപിക്കാന്‍ ശേഷിയുള്ളവരേയുമാണ് സൗദി അറേബ്യക്ക് ഇപ്പോള്‍ ആവശ്യം. അതുകൊണ്ട് തന്നെ ദീര്‍ഘകാല ഇഖാമക്ക് ഏര്‍പ്പെടുത്തുന്ന ഫീസിനേക്കാള്‍ പ്രധാനം മാനദണ്ഡങ്ങളായിരിക്കും.
ഗ്രീന്‍ കാര്‍ഡിന് വാര്‍ഷിക ഫീ ഏര്‍പ്പെടുത്തുമ്പോള്‍ മറ്റു രാജ്യങ്ങളിലേതു പോലെ സൗജന്യ ചികിത്സയും റിട്ടയര്‍മെന്റിനുശേഷം പ്രതിമാസ പെന്‍ഷനും അനുവദിക്കേണ്ടി വരുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സ്ഥിരതാമസത്തിനും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിനും അനുമതി നല്‍കുന്നതോടെ ദീര്‍ഘകാലമായി സൗദിയില്‍ താമസിക്കുന്നവര്‍ അവസരം പ്രയോജനപ്പെടുത്തും. വിശുദ്ധ ഹറമുകള്‍ സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയിലേക്ക് മറ്റു രാജ്യങ്ങളില്‍ താമസിക്കുന്നവരെ ആകര്‍ഷിക്കുകയും ചെയ്യും.

നാലുവര്‍ഷം മുമ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുന്നോട്ടുവെച്ച ആശയമാണ് കഴിഞ്ഞ ദിവസം ശൂറാ കൗണ്‍സിലിന്റെ അംഗീകാരം നേടിയിരിക്കുന്നത്.
വിദേശികള്‍ക്ക് ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കുന്ന ദീര്‍ഘകാല വിസ രാജ്യത്തിന്റെ സമ്പദ്ഘടനക്ക് വലിയ സംഭാവനകളര്‍പ്പിക്കുമെന്നാണ് കിരീടാവകാശി വ്യക്തമാക്കിയിരുന്നത്. ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനു പുറമെ, പെട്രോളിതര മേഖലയുടെ വളര്‍ച്ചയും ഇതിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

നിലവില്‍ സൗദി അറേബ്യയില്‍ സ്ഥിരതാമസത്തിനും മുതല്‍മുടക്കാനും അവസരമില്ലാത്തതിനാല്‍ വിദേശ തൊഴിലാളികള്‍ നേടുന്ന വരുമാനം മുഴുവന്‍ അവരുടെ രാജ്യങ്ങളിലേക്ക് ഒഴുകുകയാണ്. സൗദിയില്‍ തന്നെ കൂടുതല്‍ ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ദീര്‍ഘകാല വിസാ സംവിധാനം.

പുതിയ പരിഷ്‌കാരത്തിന്റെ ആനുകൂല്യം ബഹുഭൂരിഭാഗം വിദേശികള്‍ക്ക് ലഭിക്കില്ലെങ്കിലും ഇതുവഴിയുണ്ടാകുന്ന സാമ്പത്തിക ഉണര്‍വ് പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

 

Latest News