Wednesday , June   26, 2019
Wednesday , June   26, 2019

വേഗവും കൃത്യതയും ഉറപ്പാക്കി ഗൂഗിൾ സഹായി

പത്തിരട്ടി വേഗത്തോടെ ഗൂഗിൾ അസിസ്റ്റന്റ്

പറഞ്ഞാൽ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്ന വോയിസ് അസിസ്റ്റന്റ് സാങ്കേതിക ലോകത്തെ പുതുമയല്ലെങ്കിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. കൃത്യതയില്ലായ്മയും കാലതാമസവുമാണ് പലരും മുഖം തിരിക്കാൻ കാരണം. അസിസ്റ്റന്റ് സേവനത്തെ എങ്ങനെ മുഖ്യധാരയിൽ എത്തിക്കാമെന്ന ചിന്തയിലാണ് ഗൂഗിളും ആമസോണും അടക്കമുള്ള കമ്പനികൾ. 
മൂന്ന് വർഷം മുമ്പാണ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ കൃതിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടിസ്ഥാനമാക്കിയുള്ള വിർച്വൽ അസിസ്റ്റിന്റിനെ അവതരിപ്പിച്ചത്. പോരായ്മകൾ പരിഹരിക്കാനും കൂടുതൽ പേരെ ആകർഷിക്കാനും സമൂല മാറ്റത്തോടെയുള്ള പുതുതലമുറ അസിസ്റ്റന്റിനെയാണ് ഗൂഗിളിന്റെ ഡെവലപ്പർ കോൺഫറൻസ് ആയ ഇൻപുട്ട്/ഔട്ട്പുട്ടിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 
ഇതുവരെ ചെയ്തതിൽനിന്ന് പത്തിരട്ടി വേഗത്തിൽ ഉത്തരങ്ങൾ നൽകാൻ ഇനി ഗൂഗിൾ അസിസ്റ്റന്റിന് സാധിക്കും. സ്പീഡിൽ വരുത്തിയരിക്കുന്ന മാറ്റം വിർച്വൽ സഹായികളെ ഉപയോക്താക്കൾക്ക് കൂടുതൽ പ്രിയങ്കരമാക്കും. ഇൻസ്റ്റാഗ്രാം തുറക്കാൻ ആവശ്യപ്പെടുന്നതിനു പകരം ഉദ്ദേശിക്കുന്നയാളുടെ പേരു പറഞ്ഞാൽ മതി ഇൻസ്റ്റാഗ്രം തുറന്ന് അവരുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് മുന്നിലെത്തിക്കും. 
ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന കമ്പനി എന്ന നിലയിൽ നിന്ന് കാര്യങ്ങൾ ചെയ്തു തീർക്കാൻ സഹായിക്കുന്ന കമ്പനി ആയി  ഗൂഗിൾ മാറുകയാണെന്നാണ് സുന്ദർ പിച്ചൈ പ്രഖ്യാപിച്ചത്. ടാക്‌സികൾ വിളിക്കാനും  വിദേശ ഭാഷകൾ തർജ്ജമ ചെയ്തു തരാനും  ഗൂഗിൾ സഹായിക്കും.  
ഗൂഗിളിന്റെതല്ലാത്ത ആപ്പുകളിലും പുതിയ ഗൂഗിൾ അസിസ്റ്റന്റ് പ്രവർത്തിക്കും.  ആൻഡ്രോയിഡ് ഫോണുകൾക്ക് ഈ വർഷം അസിസ്റ്റന്റിന്റെ സഹായമുള്ള ഡ്രൈവിങ് മോഡ് ലഭിക്കും. ഹെയ് ഗൂഗിൾ എന്ന വിളി ഇല്ലെങ്കിലും പ്രവർത്തിക്കുന്ന രീതിയിലേക്ക് അസിസ്റ്റന്റ് മാറും. നിങ്ങളെക്കുറിച്ചും നിങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും മുമ്പൊരിക്കലും പറയാത്ത കാര്യങ്ങൾ ഇനി ഗൂഗിൾ പറയും. നിങ്ങളുടെ താൽപര്യങ്ങളറിഞ്ഞുകൊണ്ടുള്ള നിർദേശങ്ങൾ ഗൂഗിൾ നൽകിക്കോളും.  
ഗൂഗിൾ അസിസ്റ്റന്റിനു പുറമെ, ഒട്ടേറെ കാര്യങ്ങൾ  ഡെവലപ്പർ കോൺഫറൻസിൽ അവതരിപ്പിച്ചു. മുൻ വർഷങ്ങളെ പോലെ സോഫ്റ്റ്‌വെയർ പുതുമകൾ മാത്രമായിരുന്നില്ല.   പുതിയ പികസൽ 3എ, പിക്‌സൽ 3 എക്‌സ്എൽ നെസ്റ്റ് ഹബ് മാക്‌സ് എന്ന സ്മാർട്ട് ഹോം ഡിസ്‌പ്ലേ തുടങ്ങിയ ഹാർഡ്‌വെയർ വിഭവങ്ങളും ഉൾക്കൊള്ളിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്‌മെന്റഡ് റിയാലിറ്റി, സ്പീച്ച് റെക്കഗ്‌നിഷൻ തുടങ്ങിയവയിൽ നടത്തിയിരിക്കുന്ന മുന്നേറ്റങ്ങളും അവതരിപ്പിച്ചു.
ലോകത്ത് ഏറ്റവും ആളുകൾ ഉപയോഗിക്കുന്ന ഒപറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് ഒ.എസിന്റെ അടുത്ത പതിപ്പായ ആൻഡ്രോയിഡ് ക്യൂ വിൽ വലിയ മാറ്റങ്ങളുണ്ട്.  
ഐഒഎസ് 13 ലേതു പോലെ ഇതിലും ഡാർക് മോഡ് ഉണ്ടാകുമെന്ന് കമ്പനി വെളിപ്പെടുത്തി. ഡാർക് മോഡ് ഇപ്പോൾ തന്നെ ചില ബ്രൗസറുകളും ആപ്പുകളും എല്ലാം നൽകുന്നുണ്ടെങ്കിലും  കാഴ്ചയെ മുൻനിർത്തി ഓപറേറ്റിങ് സിസ്റ്റത്തെ മൊത്തം ഡാർക് മോഡിൽ കൊണ്ടുവരുന്നു എന്നതാണ് സവിശേഷത. 
സേർച്ചിലേക്ക് കംപ്യൂട്ടർ വിഷനും ഓഗ്‌മെന്റഡ് റിയാലിറ്റിയും കൊണ്ടുവന്നിരിക്കയാണ്. സേർച് റിസൾട്ടുകളിൽ 3ഡി ഫോട്ടോകളുടെ സാന്നിധ്യം വർധിക്കും.   സജീവമായി വരുന്ന ഗൂഗിൾ ഷോപ്പിങ് കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇത് ഉപകരിക്കുമെന്നാണ് കരുതുന്നത്.  

Latest News