Wednesday , June   26, 2019
Wednesday , June   26, 2019

തിരിച്ചറിവിന്റെ പ്രാണവായു

ഉപ്പയ്ക്ക് ഇംഗ്ലീഷ് നല്ല വശമില്ലായിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത്  ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചു അർത്ഥം പറഞ്ഞു കൊടുക്കൽ ഹൈസ്‌കൂൾ വിദ്യാർഥിയായിരുന്ന  മകന്റെ ഉത്തരവാദിത്തമായിരുന്നു. ചില ദിവസങ്ങളിൽ ഉപ്പയുടെ പത്രവായന രാത്രിയിലായിരിക്കും. അപ്പോഴേക്കും മകൻ  ഉറങ്ങിയിട്ടുണ്ടാവും. പാതിരാവായാലും മകനെ വിളിച്ചുണർത്തി ബാപ്പ പത്രം വായിപ്പിച്ച് അർത്ഥം പറയിക്കുമായിരുന്നു. ഉറക്കപ്പിച്ചോടെ പത്രം വായിക്കുമ്പോൾ മകൻ സങ്കടപ്പെടും. 'പഠനം വീട്ടിൽ നിന്ന് മാറി അകലെ എവിടെയെങ്കിലുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്നു ഉറക്കം മുറിഞ്ഞുള്ള വായനക്കിടയിൽ ആലോചിച്ചു പോവാറുണ്ടായിരുന്നു. ഏറെ വർഷങ്ങൾ കഴിഞ്ഞ് എഴുതിയത് പ്രശസ്തനായ പിതാവിന്റെ അതിപ്രശസ്തനായ മകൻ  കെ.എം സീതി സാഹിബ് ആയിരുന്നു.  ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രസംഗ പരിഭാഷകരിൽ ഒരാളായി പിൽക്കാലത്ത് മാറാനുള്ള ഗൃഹപാഠമായിരുന്നു പിതാവായ സീതി മുഹമ്മദ് മകന് നൽകിയത്. വൈകിയാണ് മകനത് തിരിച്ചറിഞ്ഞതെന്ന് മാത്രം. പിൽക്കാലത്ത്  കേരള നിയമസഭയുടെ സ്പീക്കർ പദവിയിലിരുന്ന ആ വിദ്യാർഥി  ദേശീയ നേതാക്കളായ  മഹാത്മാ ഗാന്ധിയുടെയും  പണ്ഡിറ്റ് നെഹ്‌റുവിന്റെയും അടക്കം  ഉജ്വല വാഗ്മിയായ പരിഭാഷകനായി  ഉയർന്നു. മാത്രമല്ല, ഇന്ത്യയുടെ ട്രാൻസ്‌ലേറ്റർ ജനറൽ എന്ന് അന്നത്തെ ബംഗാൾ പ്രധാനമന്ത്രിയായിരുന്ന ഫസലുൽ ഹഖ് പ്രസംഗ വേദിയിൽ വെച്ച് വിശേഷിപ്പിച്ച പ്രഭാഷണ കലയിലെ അപൂർവ പ്രതിഭ കൂടിയായിരുന്നു. ബ്രിട്ടീഷ് സർക്കാരിനെ വിസ്മയിപ്പിച്ച  പ്രഭാഷണ കലയുടെ പ്രാഥമിക വിഭവങ്ങൾ പ്രഭാഷണ രംഗത്തെ ഈ  മാന്ത്രികൻ  പഠിച്ചെടുത്തതും സ്വായത്തമാക്കിയതും ഇളം പ്രായത്തിൽ  പത്ര പാരായണത്തിനുള്ള ബാപ്പയുടെ  നിർബന്ധപൂർവമുള്ള പ്രേരണയിലൂടെയായിരുന്നു. 
പാഠപുസ്തകത്തിലെ കാര്യങ്ങൾ പഠിച്ചു പരീക്ഷയ്ക്ക് പകർത്തിയെഴുതി ലഭിക്കുന്ന മാർക്കിൽ മാത്രം ശ്രദ്ധയൂന്നുന്ന വിദ്യാർത്ഥികൾക്കും  രക്ഷിതാക്കൾക്കും  ഇതൊരു വലിയ പാഠമാണ്. കുട്ടികൾക്ക് ആവശ്യമായ പൊതു വിജ്ഞാനവും ഭാഷാ പ്രാവീണ്യവും  ലഭ്യമാക്കുന്ന തരത്തിൽ പത്ര പാരായണം പ്രോത്സാഹിപ്പിക്കുകയോ അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയോ ചെയ്യാത്ത രക്ഷിതാക്കളുടെ മക്കൾക്ക്  ക്ലാസ് മുറിക്കകത്ത് നിന്ന് ഉയർന്ന മാർക്കുമായി  പുറത്തു വരുമ്പോൾ   തികച്ചും അപരിചിതമായ ഒരു ലോകത്ത് എത്തിച്ചേർന്ന  അനുഭവമായിരിക്കും നേരിടേണ്ടി വരിക. 
സാധാരണക്കാരന്റെ സർവകലാശാലയാണ് പത്രങ്ങൾ. ആനുകാലികങ്ങളായ വിവിധ വിഷയങ്ങൾ, വാർത്തകൾ, പഠനങ്ങൾ, വിലയിരുത്തലുകൾ, കലാസാഹിത്യ രചനകൾ കായിക വൃത്താന്തങ്ങൾ  തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വായിക്കാനും മനസ്സിലാക്കാനും നാം  ജീവിക്കുന്ന പരിസരത്തെയും ലോകത്തെയും കുറിച്ചുള്ള അനുദിന വിവരങ്ങൾ അറിയാനും പത്ര പാരായണം വഹിക്കുന്ന പങ്ക് ചെറുതല്ല. 
പുതിയ കാലം പത്ര പാരായണത്തിനുള്ള നവീന സൗകര്യങ്ങൾ കൊണ്ട് സമൃദ്ധമാണ്. എന്നാൽ എത്ര രക്ഷിതാക്കൾ തങ്ങളുടെ മക്കളെ ദിനേന വിവിധ പത്രങ്ങൾ വായിക്കാൻ പ്രേരിപ്പിക്കാറുണ്ട്? മക്കളുമായി അന്നന്നത്തെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സമയം കണ്ടെത്താറുണ്ട്? പൊതുവിജ്ഞാനം ആർജിച്ച ഒരാളുടെ ജീവിതവും അതില്ലാത്ത ഒരാളുടെ ജീവിതവും തമ്മിൽ അജഗജാന്തരമുണ്ടാവുമെന്നു പറയേണ്ടതില്ലല്ലോ? പത്ര പാരായണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താത്ത രക്ഷിതാക്കളും അധ്യാപകരും ഇളം തലമുറയോട് ചെയ്യുന്നത് വലിയ അപരാധം തന്നെയാണ്. 
വായനയുടെ കലയും ശാസ്ത്രവും കുട്ടികൾക്ക് പരിശീലിപ്പിക്കുന്നത് പ്രധാനമായും  രക്ഷിതാക്കളും അധ്യാപകരുമാണ്. ചെറിയ പ്രായത്തിൽ, പ്രൈമറി ക്ലാസുകളിൽ നിന്ന് തന്നെ കുട്ടികളിൽ വായനാശീലം വളർത്തണം. ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം എങ്ങനെയാണോ, അത്‌പോലെ പ്രധാനമാണ് ആരോഗ്യമുള്ള മനസ്സിന് പുസ്തക പാരായണമെന്നത് കുട്ടികൾ തിരിച്ചറിയണം. നല്ല വായനക്കാർക്ക് മൂന്നു കാലങ്ങളിലൂടെയും അനായാസേന സഞ്ചരിക്കാൻ കഴിയുന്നു. ലോകത്തിലെ  എല്ലാ ഗുരുക്കന്മാരുടെയും ശിഷ്യന്മാരായി മാറാൻ അവർക്ക് വളരെ എളുപ്പത്തിൽ സാധിക്കുന്നു. നിരന്തരമായ വായന അനൽപമായ പദസമ്പത്ത് നൽകി ഫലവത്തായ  ആശയ പ്രകാശനത്തിനു വായനക്കാരെ പ്രാപ്തരാക്കുന്നു. വൈവിധ്യമാർന്ന ജീവിതങ്ങളിലൂടെ കടന്നു പോവുന്ന വായനക്കാരൻ വായിക്കാത്തവനേക്കാളും എത്രയോ വൈവിധ്യമാർന്ന  അനുഭവങ്ങളുടെ ഉടമയായിരിക്കും. നല്ല വായനക്കാരൻ എഴുതുമ്പോൾ കൂടുതൽ മെച്ചപ്പെട്ട എഴുത്ത് സംഭവിക്കുന്നു. നല്ല വായനക്കാരുടെ കൂടെ ഇത്തിരി നേരം ചെലവിടുന്നത് ആയിരം കാതം യാത്ര ചെയ്ത് നേടുന്നതിനേക്കാൾ  വലിയ  അറിവ് നമുക്ക് നൽകിയേക്കും.  
ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വാർത്തകളുടെ പെരുമഴയിൽ നമ്മെ അനുനിമിഷം അകപ്പെടുത്തുന്നുണ്ടെങ്കിലും വായനയിലൂടെ ലഭിക്കുന്ന ബുദ്ധി വികാസം അവ തരുന്നില്ല എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. സാമൂഹ്യ മാധ്യമങ്ങൾ വായനാശീലം വർധിപ്പിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ ഗൗരവമായ വായനയും മനനവും പഴയത് പോലെ നടക്കുന്നില്ല എന്ന വിലയിരുത്തൽ തള്ളിക്കളയാവുന്നതല്ല. സോഷ്യൽ മീഡിയയുടെ അനിയന്ത്രിതമായ തള്ളിക്കകയറ്റത്തിൽ സത്യവും അസത്യവും നീതിയും അനീതിയും വേർതിരിച്ചു മനസ്സിലാക്കാൻ കഴിയാത്തത്ര മാത്രം കാര്യങ്ങൾ അലങ്കോലപ്പെടുമ്പോഴും  വക്രീകരിക്കപ്പെടുമ്പോഴും  സാമ്പ്രദായിക  പത്ര മാധ്യമങ്ങൾ പുലർത്തിയ മൂല്യ ബോധവും പത്ര ധർമ്മവും ക്രമേണ അതോടൊപ്പം  കാറ്റിൽ പറന്നു കടലെടുത്തു പോവുന്നില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
മൂല്യങ്ങളുടെ കുഴമറിച്ചിലിൽ ശരാശരി വായനക്കാരൻ ഗതി കിട്ടാതെ ഉലഞ്ഞു പോവുന്നത് വ്യക്തിക്കും സമൂഹത്തിനും ഒരേ പോലെ ഹാനികരം തന്നെയാണ്. സത്യാനന്തര കാലഘട്ടം എന്നാണ് ഈ കാലഘട്ടത്തെ ചിലർ വിശേഷിപ്പിക്കുന്നത്. മാധ്യമങ്ങൾ ധാരാളമുണ്ടെങ്കിലും സത്യം അറിയാൻ ഒട്ടേറെ ബുദ്ധിമുട്ടേണ്ടി വരുന്നു. കള്ളവും നുണകളും  കെട്ടുകഥകളും അതിവൈകാരികത ഉണർത്തുന്ന  നിർമിത വാർത്തകളും നാട് വാഴുന്നു.  വിപരീത വാർത്തകളും വിടുവായത്തങ്ങളും  പ്രചരിപ്പിച്ചു മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ നേതാക്കൾ പരസ്പരം മത്സരിക്കുന്നു. വളരെ നിസ്സാരമായത് വൻ വാർത്തകളായി കൊണ്ടാടപ്പെടുന്നു. അതിവിഷവാഹിയായ വൈറസിനേക്കാളും മാരകമായ തരത്തിൽ ഈ പ്രവണത പൊതുമണ്ഡലത്തെ ഗ്രസിക്കുന്നു. വളരെ ഗൗരവമായി ചർച്ച ചെയ്ത് പരിഹരിക്കപ്പെടേണ്ട സത്വര ശ്രദ്ധ പതിയേണ്ട ജീവൽ പ്രശ്‌നങ്ങൾ പാർശ്വവൽക്കരിക്കപ്പെടുകയോ തമസ്‌കരിക്കപ്പെടുകയോ ചെയ്യുന്നു. ഒരു തിരിച്ചുപോക്ക് സാധ്യമാവണമെങ്കിൽ വായനക്കാരുടെ അനൽപമായ പ്രബുദ്ധതയും വിമർശനാത്മക സമീപനവും കൂടിയേ തീരൂ. പത്രമാധ്യമങ്ങളുടെയും പുസ്തകങ്ങളുടെയും  ഗുണ നിലവാരവും സാമൂഹ്യ പ്രതിബദ്ധതയും നിലനിർത്തുകയും വർധിപ്പിക്കുകയും ചെയ്യാൻ മറ്റു കുറുക്കുവഴികൾ ഇല്ല. 
വിപരീത വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിവേകികൾ വിട്ടു നിൽക്കണം. അപ്രധാനമായതിനെ അവഗണിക്കൽ ഒരു ശക്തമായ സമര മുറയായി കാണണം. നമ്മുടെ രാജ്യം ജനാധിപത്യ മതനിരപേക്ഷ രാജ്യമായി നിലനിർത്താനും  ലോകം സമാധാനവും സുരക്ഷിതത്വവും ഉള്ളയിടമായി  മാറ്റാനും മനുഷ്യ സ്‌നേഹികളായ  ഓരോരുത്തരും  നിതാന്തമായ  ജാഗ്രത പുലർത്തിയേ തീരൂ. ആ ജാഗ്രത വളർത്തുന്നതിൽ വായനയ്ക്കുള്ള പങ്ക് അതിനിർണായകമാണ്. ഇളം തലമുറയെ സമഗ്രമായി ചരിത്രവും സാഹിത്യവും ശാസ്ത്രവും രാഷ്ട്രീയവും സംസ്‌കാരവും സഞ്ചാരവും ആത്മകഥകളും  മതവും യുക്തി ചിന്തകളും  വിമർശനാത്മകമായി വായിക്കാനും വിലയിരുത്താനും  പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയുമെന്നാൽ അവർക്ക്  തിരിച്ചറിവുള്ള സാമൂഹ്യ ജീവിയായി വളരാൻ ആവശ്യമായ പ്രാണവായു നൽകുകയെന്നത് തന്നെയാണ്. അതൊരു ശക്തമായ രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്.

Latest News