കൊണ്ടോട്ടി- ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ കരിപ്പൂർ കസ്റ്റംസ് ഹവിൽദാർ അറസ്റ്റിൽ. ആലുവ പാനായിക്കുളം സ്വദേശി അബ്ദുൽ കരീമിനെയാണ്(51) കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി കുഞ്ഞിരാമൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. കരിപ്പൂർ കസ്റ്റംസ് ഹാളിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യത്തിൽ കരീം സ്വർണമാല അപഹരിക്കുന്നത് വ്യക്തമായതോടെയാണ് അറസ്റ്റ്. ഇയാളെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ മെയ് 19ന് കുഞ്ഞിരാമനും ഭാര്യയും ദുബായിൽ നിന്ന് കരിപ്പൂരിൽ മടങ്ങി വരുന്നതിനിടെയാണ് സംഭവം. കസ്റ്റംസ് ഹാളിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് പ്രകാരം പരിശോധനക്കായി സ്വർണമാലയും പേഴ്‌സും കയ്യിലുണ്ടായിരുന്ന ബാഗും നൽകിയിരുന്നു. പരിശോധന പൂർത്തിയായതിന് ശേഷം എക്‌സ്‌റേ മെഷീന്റെ എതിർവശത്ത് എത്തിയ ട്രേയിൽ നിന്ന് പേഴ്‌സും ബാഗും തിരിച്ചെടുത്തു. സ്വർണമാല ഭാര്യ എടുത്തിട്ടുണ്ടെന്ന നിഗമനത്തിൽ വിമാനത്താവളത്തിന് പുറത്തേക്ക് കുഞ്ഞിരാമൻ കടക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം അറിയുന്നത്. തെട്ടടുത്ത ദിവസം തന്നെ ഇയാൾ എയർപോർട്ട് മാനേജറെ വിവരം അറിയിച്ചു. ഇവർ കസ്റ്റംസ് വിഭാഗത്തിലെത്തി അന്വേഷിച്ചെങ്കിലും മാല കണ്ടെത്താനായില്ല. കസ്റ്റംസിൽ കണ്ടുകിട്ടുന്ന സാധനങ്ങൾ സൂക്ഷിക്കുന്നതിനുളള ലോസ്റ്റ് ആൻറ് ഫൗണ്ട് രജിസ്റ്റർ ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും ഇതു സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നില്ല. തുടർന്ന് ഇദ്ദേഹം കരിപ്പൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പോലീസ് എയർപോർട്ട് ഡയറക്ടർക്ക് കത്ത് നൽകി. പിന്നീട് സി.സി.ടി.വി പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ മാല മോഷ്ടിക്കുന്നത് വ്യക്തമായത്. ട്രേയിൽ നിന്ന് മാല എടുത്ത് കീശയിലേക്കിടുന്നത് ദൃശ്യത്തിൽ വ്യക്തമായിരുന്നു. തുടർന്നാണ് ഇയാളെ കരിപ്പൂർ എസ്.ഐ കെ.ബി. ഹരികൃഷ്ണൻ, എ.എസ്.ഐമാരായ ദേവദാസ്, അലവിക്കുട്ടി, ബാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ പി.മുരളീധരൻ, ഷഹബിൻ, മുഹമ്മദ് ഹുസൈൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.