Sunday , May   19, 2019
Sunday , May   19, 2019

വയനാട് ഭൂസമരത്തിന്റേയും മണ്ഡലമാകുന്നു

പിണറായി സർക്കാർ അധികാരമേറ്റ ശേഷം ആദ്യം ചെയ്തത് ഹാരിസൺ  ടാറ്റ കേസുകൾ സൂക്ഷ്മമായും കൃത്യമായും പഠിക്കുകയും കോടതിയിൽ കൃത്യസമയത്ത് റിപ്പോർട്ടുകൾ നൽകി അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടർ സുശീല ആർ. ഭട്ടിനെ മാറ്റുകയും സമഗ്രമായ രാജമാണിക്യം റിപ്പോർട്ടിന് നിയമസാധുതയില്ലെന്നു സ്ഥാപിക്കുകയുമാണ്. 

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പം കേരളവും സമ്മതിദാനാവകാശം ഉപയോഗിക്കെ, രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ രാജ്യശ്രദ്ധയാകർഷിച്ച വയനാട് വളരെ രാഷ്ട്രീയപ്രാധാന്യമുള്ള ഒരു പോരാട്ടത്തിനു സാക്ഷ്യം വഹിക്കുകയാണ്. 
കൃഷിഭൂമിക്കും പാർപ്പിടത്തിനും വേണ്ടി ഭൂരഹിതരായ നൂറുകണക്കിനു കുടുംബങ്ങളാണ്  തൊവരിമലയിൽ കുടിൽ കെട്ടി സമരമാരംഭിച്ചിരിക്കുന്നത്.  1970 ൽ അച്യുതമേനോൻ സർക്കാർ നിയമനിർമ്മാണം നടത്തി ഹാരിസൺ മലയാളം പ്ലാന്റേഷനിൽ നിന്നും തിരിച്ചുപിടിച്ച നൂറിൽ പരം ഹെക്ടർ വരുന്ന മിച്ചഭൂമിയിലാണ് ഭൂസമര സമിതിയുടെ നേതൃത്വത്തിൽ ഭൂസമരമാരംഭിച്ചത്. കുടിൽ കെട്ടിയവരിൽ  നൂറ് കണക്കിന് ആദിവാസികളുമുണ്ട്. സി.പി.ഐ (എംഎൽ) റെഡ് സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാൻ സഭയുടേയും ആദിവാസി ഭാരത് മഹാസഭയുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഹാരിസൺ, ടാറ്റ ഉൾപ്പെടെ തോട്ടം കുത്തകകൾ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ഉടൻ നിയമനിർമ്മാണം നടത്തുക, തോട്ടം തൊഴിലാളികൾക്കും ആദിവാസികളുൾപ്പെടെ മുഴുവൻ ഭൂരഹിതർക്കും കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഭൂസമരം. 
സുൽത്താൻ ബത്തേരി താലൂക്കിൽ നെന്മേനി പഞ്ചായത്തിലാണ് എടക്കൽ ഗുഹയിൽ നിന്നും വെറും 4 കിലോമീറ്റർ മാത്രം അകലത്തുള്ള തൊവരിമല ഭൂമി. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പു പോലും വയനാടൻ ആദിമ ഗോത്ര ജനത അധിവസിച്ചിരുന്ന ഭൂമിയായിരുന്നു തൊവരിമല. ഇവിടെ അങ്ങിങ്ങായി കാണുന്ന കൂറ്റൻ പാറകളിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ആലേഖനം ചെയ്യപ്പെട്ടതെന്ന് കരുതുന്ന ശിലാചിത്രങ്ങൾ ഇപ്പോഴും നിലനില്ക്കുന്നു. 
എടക്കൽ ഗുഹാചിത്രങ്ങളോളം തന്നെ പഴക്കമുള്ളതും അവയോട് അടുത്ത സാദൃശ്യം പുലർത്തുന്നതുമായ ശിലാചിത്രങ്ങളാണ് ഇവ. പാറകളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള മാന്ത്രികചതുരങ്ങളും ചിഹ്നങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളായി ഇവിടെ നിലകൊള്ളുന്നു. അന്നത്തെ ഈ വനമേഖലയാകെ കോട്ടയം രാജവംശത്തിന്റെ പിടിയിലായി. കൊളോണിയൽ ശക്തികളുടെ ആഗമനത്തോടെ പഴശ്ശി കലാപത്തിന് ശേഷമാണ് തദ്ദേശീയരായ ആദിവാസി ജനവിഭാഗങ്ങളെ തുരത്തി  വിദേശതോട്ടം കമ്പനികൾ തോട്ടങ്ങൾ സ്ഥാപിച്ചത്.
തൊവരിമല എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഈ ഭൂമി കമ്പനി വിറക് തോട്ടമായി മാറ്റിനിർത്തിയതായിരുന്നു. 1970 ലെ അച്ചുതമേനോൻ സർക്കാരാണ് തൊവരിമലയിലെ ഈ ഭുമി ഉൾപ്പെടെ മിച്ചഭൂമിയായി പ്രഖ്യാപിച്ചു കൊണ്ട് വയനാട് ജില്ലയിൽ മാത്രമായി 5000 ഏക്കറോളം ഭൂമി എറ്റെത്തത്.  ഇങ്ങനെ ബത്തേരി ,വൈത്തിരി താലൂക്കുകളിലായി സർക്കാർ ഏറ്റെടുത്ത ആയിരക്കണക്കിന് ഏക്കർ വരുന്ന മിച്ചഭുമിയിൽ ഒരു സെന്റ് ഭൂമി പോലും വിതരണം ചെയ്യാൻ ഒരു സർക്കാറും ഇതേ വരെ തയ്യാറായില്ല. 
സർക്കാർ ഈ ഭുമി കസ്റ്റോഡിയനായി വനംവകുപ്പിനെ ഏൽപ്പിച്ചു.  വെസ്റ്റ് ചെയ്ത ഭൂമിയുടെ 50 ശതമാനം ആദിവാസികൾക്കും 30 ശതമാനം ഇതര ഭൂരഹിത വിഭാഗങ്ങൾക്കും 20 ശതമാനം ഭുമി വികസന പ്രവർത്തനങ്ങൾക്കും വെസ്റ്റഡ് ഫോറസ്റ്റ് ആക്ട് അനുസരിച്ചും സർക്കാർ തിരിച്ചുപിടിച്ച മിച്ചഭൂമി എന്ന നിലക്കും പതിച്ചു നൽകാവുന്നതാണ്.  ജില്ലയിലെ 17% ത്തോളം വരുന്ന ആദിവാസി ജനത കടുത്ത ഭൂരാഹിത്യത്തെ അഭിമുഖീകരിക്കുകയും ഈ വയനാടൻ അടിസ്ഥാനകാർഷിക ജനവിഭാഗങ്ങൾ കോളനികളികളിൽ ദുരിതജീവിതം തള്ളിനീക്കുകയും ചെയ്യുമ്പോൾ പോലും ഭൂവിതരണത്തിന് സർക്കാർ ഇതുവരെ തയ്യാറായില്ല. 
സർക്കാർ മിച്ചഭുമിയായി പ്രഖ്യാപിച്ച് കഴിഞ്ഞ അരനൂറ്റാണ്ടായി കൈവശം വെച്ച് കൊണ്ടിരിക്കുന്ന ഈ ഭൂമി വീണ്ടും ഹാരിസൺ കമ്പനിക്ക് തന്നെ വിട്ടു കൊടുക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.  ഈ ഭൂമി  ഏറ്റെടുത്തത് മുതൽ കോടതിയിൽ പോയ ഹാരിസൺ മാനേജ്മെന്റിനെതിരെ പല കേസുകളിലും വാദിക്കാൻ പോലും സർക്കാർ തയാറായില്ല.  മണ്ണിന്റെ മക്കളായ ദലിത്-ആദിവാസി ജനവിഭാഗങ്ങൾ ദരിദ്ര-ഭൂരഹിത കർഷകർ, കർഷക തൊഴിലാളികൾ, തോട്ടം തൊഴിലാളി വിഭാഗങ്ങൾ തുടങ്ങിയ എല്ലാ അടിസ്ഥാന കർഷക വിഭാഗങ്ങളും മരിച്ചാൽ ശവമടക്കാൻ ആറടി മണ്ണ് പോലുമില്ലാതെ പട്ടികജാതി  പട്ടികവർഗ്ഗ കോളനികളിലും പുറമ്പോക്കുകളിലും പാടികളിലും ചേരികളിലും മൃഗസമാനമായ ജീവിതം നയിക്കുമ്പോഴാണ് ഈ അനീതി സംഭവിക്കുന്നത്. വാസ്തവത്തിൽ ഹാരിസൺ മലയാളം, കണ്ണൻ ദേവൻ തുടങ്ങി ഏതാനും തോട്ടം കുത്തകകൾ കേരളത്തിൽ 7 ജില്ലകളിൽ നിയമവിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും കയ്യടക്കിയിരിക്കുന്ന അഞ്ചു ലക്ഷത്തിൽപരം ഏക്കർ ഭൂമി തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികൾക്കും ദലിത് ആദിവാസികൾക്കും ഉൾപ്പെടെ ദരിദ്ര ഭൂരഹിത കർഷകർക്കും കർഷക തൊഴിലാളികൾക്കും വിതരണം ചെയ്യണമെന്ന് കേരളത്തിലെ ദളിതർ ഏറെ കാലമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ ആവശ്യത്തെ പൂർണ്ണമായും ശരി വെക്കുന്നതായിരുന്നു  റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്റേയും, ജസ്റ്റിസ് മനോഹരൻ കമ്മിറ്റിയുടേയും  ഡോ: എം.ജി. രാജമാണിക്കത്തിന്റേയും റിപ്പോർട്ടുകൾ. എന്നാൽ സർക്കാർ ഒരു നടപടികളും സ്വീകരിച്ചില്ല. 
ഐക്യകേരളം രൂപം കൊണ്ട് ആറ് ദശകം കഴിഞ്ഞിട്ടും കേരളത്തിലെ ആദിവാസികൾ, ദലിതർ, ദലിത് ക്രൈസ്തവർ, തോട്ടം തൊഴിലാളികൾ, മത്സ്യതൊഴിലാളികൾ, കർഷകതൊഴിലാളികൾ, പരമ്പരാഗത തൊഴിൽ സമൂഹങ്ങൾ തുടങ്ങിയവർക്ക് രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഭൂ അധികാരത്തിൽ ഒരിടവുമില്ല എന്നതാണ് വസ്തുത. പ്രകൃതി-വനം-മണ്ണ്-തണ്ണീർതടങ്ങൾ-കടൽ തുടങ്ങിയ മേഖലകളെ ആശ്രയിച്ച് ജീവിച്ചുവന്ന ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾ ഇന്ന് കോളനികൾ, ചേരികൾ, പുറമ്പോക്കുകൾ തുടങ്ങിയവയിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ്. ഏറെ കൊട്ടിഘോഷിച്ച ഭൂപരിഷ്‌കരണ നടപടികൾ കൊണ്ട് ഇവർക്കൊരു ഗുണുമുണ്ടായില്ല. മാത്രമല്ല, അത് വൻകിട എസ്റ്റേറ്റുകളെയും ഭൂവുടമകളെയും ബാധിച്ചതുമില്ല. ജാതിവ്യവസ്ഥയ്ക്ക് പോറൽപോലും ഏൽപിച്ചില്ല.  ഭൂപരിഷ്‌കരണ നടപടികളിൽ മണ്ണിൽ പണിയെടുക്കുന്ന ദരിദ്രരും  ഭൂരഹിതരുമായ കർഷക- കർഷക തൊഴിലാളികളെയും ,നൂറ്റാണ്ടുകളായി ജാതീയ അടിച്ചമർത്തലിൻ കീഴിൽ ദുരിതമനുഭവിക്കുന്ന ദലിത്  ആദിവാസി ജനവിഭാഗങ്ങളെയും അവഗണിച്ചു.  
കുടികിടപ്പുകളിലോ, നാല് സെന്റ്, രണ്ടു സെന്റ് കോളനികളിലോ ലക്ഷം വീട് കളിലോ ലക്ഷക്കണക്കായ ഈ ഭൂരഹിത കുടുംബങ്ങളെ ഒതുക്കി. വനം-പ്രകൃതി-മണ്ണ് എന്നിവയെ ആശ്രയിച്ച് ജീവിച്ചുവന്ന ആദിവാസി ദലിത് പാരമ്പര്യസമൂഹങ്ങളുടെ വിഭവാധികാരം സംരക്ഷിക്കാൻ യാതൊരുവിധ നിയമനിർമ്മാണവും പിന്നീട് നടന്നില്ല. കൃഷിഭൂമിയിൽ ഇപ്പോഴും കോർപ്പറേറ്റുകളും ഭൂമാഫിയകളും കുത്തക നിലനിർത്തുകയാണ്. ഇതോടൊപ്പം കേരളത്തിലെ തോട്ടം തൊഴിലാളികളാകട്ടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം തോട്ടങ്ങളിൽ അടിമസമാനമായി ജോലി ചെയ്യുകയും അവസാനം പാടികളിൽ നിന്ന് പുറന്തള്ളപ്പെട്ട് നരകതുല്ല്യമായ ജീവിതം തള്ളിനീക്കാൻ നിർബ്ബന്ധിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ കാർഷിക മേഖലയിൽ അധ്വാനിക്കുന്ന ഈ വിഭാഗങ്ങളുടെ ഭൂരാഹിത്യം പരിഹരിക്കാവുന്ന രീതിയിൽ തോട്ടം കുത്തകകൾ അനധികൃതമായി കയ്യടക്കിയ 525000 ഏക്കർ ഭൂമി ഉടൻ തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികൾക്കും, ദലിത് ആദിവാസി വിഭാഗങ്ങൾക്കും കർഷക-കർഷക തൊഴിലാളി വിഭാഗങ്ങൾക്കും കൃഷിഭൂമി വിതരണം ചെയ്യണമെന്നും തോട്ടങ്ങൾ ഏറ്റെടുത്ത് തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയിൽ പുനഃസംഘടിപ്പിക്കണമെന്നുമുള്ള ന്യായമായ ആവശ്യമാണ് ദളിത് - ആദിവാസി സംഘടനകൾ മുന്നോട്ടുവെക്കുന്നത്. 
വികസനത്തിനു ജനങ്ങളുടെ മൂന്ന് സെന്റും വയലുകളും തണ്ണീർത്തടങ്ങളും ആകെയുള്ള 'കൂര'വരെ എറ്റെടുക്കുന്ന സർക്കാർ എന്തുകൊണ്ടാണു വിദേശ കമ്പനി വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈയ്യടക്കിയതും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ഇപ്പോൾ ബ്രിട്ടീഷ് രാജ്ഞിയുടെ ഉടമസ്ഥതയിൽ ഉള്ളതുമായ ഹാരിസൺ മലയാളം പ്ലാന്റേഷൻ ഏറ്റെടുക്കാത്തതെന്നത് അത്ഭുതകരമാണ്. ഹാരിസൺ മലയാളം ലിമിറ്റഡ് നിയമവിരുദ്ധമായും അനധികൃതവുമായാണ് എൺപതിനായിരത്തോളം ഏക്കർ ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്നതെന്ന് നിവേദിത പി. ഹരൻ റിപ്പോർട്ട്, ജസ്റ്റിസ് എൽ. മനോഹരൻ കമ്മറ്റി റിപ്പോർട്ട്, ഡി സജിത്ത് ബാബു റിപ്പോർട്ട്, നന്ദനൻ പിള്ള വിജിലൻസ് റിപ്പോർട്ട്, ഡോ. എം. ജി രാജമാണിക്യം റിപ്പോർട്ട് തുടങ്ങിയ അന്വേഷണ കമ്മീഷനുകൾ കണ്ടെത്തിയിരുന്നു. 
തുടർന്ന് 2013 ഫെബ്രുവരി 28ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി. വി ആശ ഹാരിസൺ കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമി സർക്കാർ ഭൂമിയാണെന്നും ഭൂസംരക്ഷണ നിയപ്രകാരം ഏറ്റെടുക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഡോ. എം ജി രാജമാണിക്യത്തെ സ്പെഷ്യൽ ഓഫീസറായി നിയമിക്കുന്നത്. എന്നാൽ കോടതിയിൽ സത്യവാങ്മൂലം നൽകാതെയും കോടതി നടപടികൾ സ്വീകരിക്കാതെയും സ്പെഷ്യൽ ഓഫീസിന്റെ അധികാരം ദുർബലപ്പെടുത്തിയും ഭൂമിയേറ്റെടുക്കൽ കേസുകൾ അട്ടിമറിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. കോടതികളിൽ ഫലപ്രദമായി കേസ് വാദിക്കുന്നുമില്ല. 
മാത്രമല്ല പിണറായി സർക്കാർ  അധികാരമേറ്റ ശേഷം ആദ്യം ചെയ്തത് ഹാരിസൺ  ടാറ്റ കേസുകൾ സൂക്ഷമമായും കൃത്യമായും പഠിക്കുകയും കോടതിയിൽ കൃത്യസമയത്ത് റിപ്പോർട്ടുകൾ നൽകി അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടർ സുശീല ആർ. ഭട്ടിനെ മാറ്റുകയും സമഗ്രമായ രാജമാണിക്യം റിപ്പോർട്ടിന് നിയമസാധുതയില്ലെന്നു സ്ഥാപിക്കുകയുമാണ്. കൂടാതെ ഹാരിസൺ മലയാളത്തിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരാക്കുകയും ഹാരിസൺ ഭൂമി സ്വകാര്യ ഭൂമിയാണെന്ന് വാദിക്കുകയും ചെയ്ത രഞ്ജിത്ത് തമ്പാനെ ഹാരിസന് എതിരായി കേസ് വാദിക്കാൻ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. കേസ് ഇപ്പോഴും ഹാരിസണനുകൂലമായാണ് മുന്നോട്ടു നീങ്ങുന്നത്.  മാറി മാറി വന്ന ഒരു സർക്കാറും നിയമനിർമാണം നടത്തിക്കൊണ്ട് 1947 ലെ ഗവ. ഓഫ് ഇന്ത്യാ ആക്ടപ്രകാരം കേരള സർക്കാറിൽ നിക്ഷിപ്തമായിരിക്കേണ്ട ഈ ഭൂമി തിരിച്ച് പിടിക്കാനും തയാറാവുന്നില്ല. ഈ സാഹചര്യത്തിലാണ് വയനാട് ആരംഭിച്ചിരിക്കുന്ന പോരാട്ടം പ്രസക്തമാകുന്നത്.