Sunday , May   19, 2019
Sunday , May   19, 2019

കാത്തിരിക്കാം, ജനസമ്മതിയുടെ ഫലശ്രുതിയ്ക്കായി...

രാഹുൽ ഗാന്ധി കേരളത്തിൽനിന്നു മത്സരിച്ചതോടെ ദേശീയ ബദൽ എന്ന രാഷ്ട്രീയ ലക്ഷ്യം  സി.പി.എം ഉപേക്ഷിച്ചു. രാഹുൽ ഗാന്ധി അടക്കമുള്ളവരെ പരാജയപ്പെടുത്തുകയാണ് ഇടതുപക്ഷ പാർട്ടികളുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചു. ആ സന്ദേശം മോഡിക്ക് രാഷ്ട്രീയ ശക്തി പകരുന്നതും ദേശീയ- മതനിരപേക്ഷ മുന്നണിയെന്ന ഇടത് ലക്ഷ്യത്തെ തകർക്കുന്നതുമാണ്.  

കഴിഞ്ഞ പതിനാറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽനിന്നും തീർത്തും വ്യത്യസ്തവും പ്രവചനാതീതവുമാണ് കേരളത്തിൽ ഇന്നലെ നടന്ന വോട്ടെടുപ്പ്.  20 ലോക്‌സഭാ മണ്ഡലങ്ങളിലും അതിരൂക്ഷമായ ത്രികോണ മത്സരം നടന്ന ആദ്യ ലോകസഭാ തെരഞ്ഞെടുപ്പാണിത്. 
കൃത്യം ഒരുമാസം കഴിഞ്ഞുനടക്കുന്ന വോട്ടെണ്ണൽവരെ മൂന്നു മുന്നണികൾക്കും വീർപ്പടക്കി കഴിയേണ്ടിവരും. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പ്രാദേശിക രാഷ്ട്രീയത്തെ തലങ്ങും വിലങ്ങും തുടർച്ചയായി കീഴ്‌മേൽ മറിച്ചതായി കേരളത്തിലെ തെരഞ്ഞെടുപ്പ്.  അതുകൊണ്ട് ലക്ഷ്യവും മുദ്രാവാക്യവും പലവട്ടം മാറ്റിക്കുറിക്കേണ്ടിവന്നു.   ഇരുപതിൽ ഇരുപതു സീറ്റും പിടിച്ചെടുക്കുകയായിരുന്നു എൽ.ഡി.എഫ് ലക്ഷ്യം. 2004ൽ 20ൽ  18 സീറ്റും നേടിയത് ഓർമ്മിപ്പിച്ചായിരുന്നു ഈ പ്രഖ്യാപനം. സംസ്ഥാന സർക്കാരിനെ നയിക്കുന്നു എന്ന രാഷ്ട്രീയ പിൻബലം അതിനു ന്യായീകരണമായി. എന്നാൽ ആ ലക്ഷ്യത്തിന്റെ പാതി കടക്കുമെന്നേ മുഖ്യമന്ത്രി പിണറായി വിജയൻപോലും ഇപ്പോൾ അവകാശപ്പെടുന്നുള്ളൂ. കൈരളി ചാനൽ നടത്തിയ സർവ്വേയിൽപോലും എൽ.ഡി.എഫിന് ഏറിയാൽ 11 മുതൽ 13 സീറ്റേ പ്രവചിക്കാൻ കഴിഞ്ഞുള്ളൂ. 
ബി.ജെ.പി കേരളത്തിൽ മൂന്നാം ബദലായി ഈ തെരഞ്ഞെടുപ്പോടെ ഉയർന്നുവരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ശബരിമല പ്രശ്‌നം അതിനുള്ള സുവർണാവസരമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. അഞ്ച് ലോകസഭാ സീറ്റുകളാണ് കേരളത്തിൽനിന്ന് അമിത്ഷാ സങ്കൽപ്പിച്ചത്. അദ്ദേഹംതന്നെ ഒടുവിൽ 'കേരളത്തിൽ ഇത്തവണ വലിയ മാറ്റം' വരുമെന്നേ പറയുന്നുള്ളൂ. പ്രധാനമന്ത്രി മോഡി അവസാനവട്ടം തിരുവനന്തപുരത്ത് എത്തിയപ്പോൾ അണിയിച്ച ഹാരത്തിൽ ഒരു താമരപോലും വിരിഞ്ഞുകണ്ടില്ല. 
മോഡി ഗവണ്മെന്റിനെ അധികാരത്തിൽനിന്നു നീക്കുക, ഭരണനയങ്ങൾ തിരുത്തുക- ഇതാണ് അടിയന്തര കർത്തവ്യമെന്ന് രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുപ്പിലൂടെ മുന്നോട്ടുവെച്ചപ്പോൾ കേരളത്തിലെ ബി.ജെ.പിയുടെയും എൽ.ഡി.എഫിന്റെയും വികസന മുദ്രാവാക്യങ്ങൾ അപ്രസക്തമായി. ആയുധം നഷ്ടപ്പെട്ട അവസ്ഥ പ്രചാരണരംഗത്ത് എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കുമുണ്ടായി. 
ശബരിമലപ്രശ്‌നം തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വീണ്ടും ഉയർത്തിയതുവഴി വിശ്വാസത്തിന്റെ വൈകാരികത സംസ്ഥാനത്ത് സ്വാധീനിച്ചു.  വിശേഷിച്ചും തെക്കൻ കേരളത്തിൽ പലേടത്തും ആ അജണ്ട ബി.ജെ.പിയെ രണ്ടാംസ്ഥാനത്തേക്ക്  ഉയർത്തും എന്നത് പ്രകടമായ  വസ്തുതയാണ്. അപ്പോൾ അപ്രതീക്ഷിതമായി മൂന്നാം സ്ഥാനത്തേക്ക് വലിച്ചിടുന്നത് എൽ.ഡി.എഫിനേയോ യു.ഡി.എഫിനേയോ എന്നത് മെയ് 23 ന് കൃത്യമായി അറിയും. അതല്ല, ഒന്നോ രണ്ടോ സീറ്റിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തു കയറി ലോക്‌സഭയിൽ എത്താനുള്ള സാധ്യത ചില തെരഞ്ഞെടുപ്പു പ്രവചനങ്ങളിൽ കാണുന്നുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുരംഗത്തെ അതിരൂക്ഷമായ ത്രികോണ മത്സരം അത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ല. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയത് കേരളത്തിൽ 20 ൽ 12 സീറ്റുകളായിരുന്നു. ചുരുങ്ങിയത് അത് നിലനിർത്തുക എന്ന ലക്ഷ്യം ഏറ്റെടുത്തു മുന്നേറേണ്ടിയിരുന്ന കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥികളെപ്പോലും നിശ്ചയിക്കാനാവാതെ തമ്മിലടിച്ച് യു.ഡി.എഫിന്റെ മനോബലം പോലും തകർത്തു. അതിനിടയ്ക്കാണ് രാഹുൽ ഗാന്ധി വയനാട്ടിലും  മത്സരിക്കണമെന്ന ആലോചന എ.ഐ.സി.സി നേതൃത്വത്തിലുണ്ടായത്. 
രാഹുലിന്റെ അനുകൂല തീരുമാനത്തോടെ സ്ഥിതി പെട്ടെന്നു മാറി. ഇതോടെ കോൺഗ്രസും യു.ഡി.എഫും രാഷ്ട്രീയ ആത്മബലം നേടി.  20 ൽ ഭൂരിപക്ഷം സീറ്റും പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവർ പിന്നീട് മുന്നേറിയത്. ഇത് എൽ.ഡി.എഫിനെ, വിശേഷിച്ച് സി.പി.എമ്മിനെ വളരെയേറെ പ്രകോപിപ്പിച്ചു.
1951 - 52ലായി നടന്ന ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശസുരക്ഷയും വികസനവും മാത്രമല്ല പുതിയൊരു ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധത നെഹ്‌റുവിന്റെ നേതൃത്വത്തിൽ  കേന്ദ്ര സർക്കാർ  അവകാശപ്പെട്ടിരുന്നു. ആ അവസ്ഥയിലും മലബാറിൽ കോൺഗ്രസിനെ തോൽപിച്ച് സി.പി.ഐ - കിസാൻ മസ്ദൂർ  പ്രജാ പാർട്ടി സഖ്യത്തിന്റെ പ്രതിനിധികളായി എ.കെ.ജി, കെ. കേളപ്പൻ തുടങ്ങിയവർ ലോക്‌സഭയിലെത്തി. തിരുവിതാംകൂറിൽനിന്ന് സ്റ്റേറ്റ് കോൺഗ്രസിന്റെ ആനി മസ്‌ക്രീനും സ്വതന്ത്രനായി കമ്മ്യൂണിസ്റ്റുപാർട്ടി നേതാവ് പി.ടി പൂന്നൂസും ആർ.എസ്.പി നേതാവ് എൻ. ശ്രീകണ്ഠൻ നായരും കോൺഗ്രസ് നേതാക്കളെ പരാജയപ്പെടുത്തി ലോകസഭയിലെത്തി. 
ഒരു ദേശീയ ബദൽ എന്ന പരീക്ഷണത്തിന് '52 ലെ ലോകസഭാ തെരഞ്ഞെടുപ്പുമുതൽ നേതൃത്വം നൽകുന്നതിൽ കമ്മ്യൂണിസ്റ്റു പാർട്ടിയും കേരളവും  ചരിത്രപരമായ സംഭാവന   നൽകിപ്പോന്നതാണ്.  അടിയന്തര മതനിരപേക്ഷ ബദൽ സർക്കാർ വേണോമോ അതോ മോദിയുടെ ഫാഷിസ്റ്റ് ഭരണം തുടരണമോ എന്ന അതിനിർണ്ണായക വിഷയത്തിലെ വിധിയെഴുത്താണ് 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ്. സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷ പാർട്ടികളാകട്ടെ ഇത്തവണ 'ഞങ്ങളെ വിജയിപ്പിക്കുക, ഫലപ്രഖ്യാപനം കഴിഞ്ഞ് ഞങ്ങൾ ഇടപെടാം' എന്ന നിലപാടാണ് സ്വീകരിക്കുന്നത്. 
നെഹ്‌റു ഗവണ്മെന്റിൽനിന്നു വ്യത്യസ്തമായി നരേന്ദ്രമോഡി ഗവണ്മെന്റ്  ഇപ്പോൾ ഒരു 'തെരഞ്ഞെടുപ്പുകാല' ഇടക്കാല സർക്കാർ മാത്രമാണ്. അത് കൃത്യമായി അറിയുന്നതും മോഡിക്ക് തന്നെയാണ്. വ്യവസ്ഥകളും ചട്ടങ്ങളും നേരും നെറിയും ഭരണഘടനപോലും മറികടന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ മോഡി സ്വീകരിക്കുന്ന കുത്സിതവും അസാധാരണവുമായ മാർഗങ്ങൾ അതു വ്യക്തമാക്കുന്നു. ചരിത്രത്തിലില്ലാത്തവിധം  ബംഗാൾ, ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ആന്ധ്ര, തെലങ്കാന, കർണാടക, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാന ഗവണ്മെന്റുകളും ജമ്മു-കശ്മീർ, തമിഴ്‌നാട്, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷംവരുന്ന ജനവിഭാഗങ്ങളും മോഡി ഭരണം തിരിച്ചുവരാതിരിക്കാനുള്ള അസാധാരണമായ പോരാട്ടത്തിലാണ്.  
ദേശീയത, പാക്കിസ്ഥാൻ, ദേശസുരക്ഷ എന്നീ വിഷയങ്ങളിൽ ഉറപ്പിച്ച ദേശീയ- തീവ്ര ഹിന്ദുത്വ അജണ്ടയാണ് മോഡി കഴിഞ്ഞ ഏതാനും മാസങ്ങളായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.   അഞ്ചുവർഷം വാജ്‌പേയിയുടെ നേതൃത്വത്തിൽ തുടർച്ചയായി ബി.ജെ.പി ഗവണ്മെന്റ് ഭരിച്ചതും ജനങ്ങൾ ആ ഭരണം തിരസ്‌ക്കരിച്ചതും മോഡി മറക്കുന്നു. തന്റെ ഭരണത്തിന്റെ ബാക്കിപത്രം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ തയാറുമല്ല. സൈന്യത്തെപോലും വിഭാഗീയമായും രാഷ്ട്രീയമായും കയ്യിലെടുക്കാൻ ശ്രമം നടക്കുന്നു.  ഇന്ത്യാ വിഭജനവും ബാബ്‌രി മസ്ജിദ് തകർത്തതും വർഗീയ കലാപങ്ങൾ ആളികത്തിച്ചതും ന്യായീകരിക്കുന്നു. 
ശാസ്ത്രത്തിന്റെ നേട്ടങ്ങൾക്കുമേൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടിച്ചേൽപ്പിക്കുന്നു. ആശയപരമായും വിശ്വാസപരമായും രാഷ്ട്രീയപരമായും ഇരുട്ടിന്റെ അഗാധഗർത്തത്തിലേക്ക് സമൂഹത്തെ അദ്ദേഹം തള്ളിവീഴ്ത്തുന്നു. എന്നാൽ അതിൽനിന്ന് ഒരു മോഡി തരംഗം രാജ്യമാകെ പ്രസരിക്കുകയാണെന്ന് ഭ്രാന്തമായി പ്രധാനമന്ത്രി അവകാശപ്പെടുന്നു. ഇതിനെതിരെ അതിശക്തമായി പ്രതികരിക്കുന്നതിനും നരേന്ദ്രമോഡിയിൽ കേന്ദ്രീകരിക്കുന്നതിനും പകരം ഇടതുപാർട്ടികൾ കേരളത്തിൽ ജനശ്രദ്ധ തിരിച്ചുവിടുകയാണ്.   രാഹുൽ ഗാന്ധിയും  കോൺഗ്രസുമാണ് അവരെ സംബന്ധിച്ചിടത്തോളം രാജ്യത്തിനുമേലുള്ള ദുരന്തം, നരേന്ദ്രമോഡി അല്ല! രൂക്ഷമായ തൊഴിൽ പ്രതിസന്ധി, കാർഷിക പ്രതിസന്ധി, മഹാഭൂരിപക്ഷത്തിന്റെയും ജീവിത പ്രതിസന്ധി എന്നീ നീറുന്ന അടിയന്തര പ്രശ്‌നങ്ങൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇപ്പോൾ കോൺഗ്രസാണ് ഉയർത്തിപ്പിടിക്കുന്നത്. ന്യൂനപക്ഷങ്ങളില്ലാത്ത ഒരു ഇന്ത്യയെയാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധ്യക്ഷൻ മുതൽ മന്ത്രിമാരും മുഖ്യമന്ത്രിമാരും ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുന്നത്. മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുപിടിക്കുകയും സംരക്ഷിക്കുകയും എന്ന അടിയന്തര അജണ്ടയാണ് രാഹുൽ ഗാന്ധി മുന്നോട്ടുവെക്കുന്നത്. അതുകൊണ്ട് സംഭീതരായ ന്യൂനപക്ഷങ്ങളടക്കം ഈ ദേശീയ രാഷ്ട്രീയത്തിനു പിന്നിൽ അണിനിരക്കുന്നത് സ്വാഭാവികമാണ്. 
രാഹുൽ ഗാന്ധി കേരളത്തിൽനിന്നു മത്സരിച്ചതോടെ ദേശീയ ബദൽ എന്ന രാഷ്ട്രീയ ലക്ഷ്യം  സി.പി.എം ഉപേക്ഷിച്ചു. രാഹുൽ ഗാന്ധി അടക്കമുള്ളവരെ പരാജയപ്പെടുത്തുകയാണ് ഇടതുപക്ഷ പാർട്ടികളുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചു. ആ സന്ദേശം മോഡിക്ക് രാഷ്ട്രീയ ശക്തി പകരുന്നതും ദേശീയ- മതനിരപേക്ഷ മുന്നണിയെന്ന സ്വന്തം ലക്ഷ്യത്തെ തകർക്കുന്നതുമാണ്.  
1952 മുതൽ കുത്തകകൾക്കും മൂലധന ശക്തികൾക്കും  കോർപ്പറേറ്റുകൾക്കും എതിരെ രാജ്യത്തെ കോടിക്കണക്കായ സാധാരണ മനുഷ്യർക്കുവേണ്ടി തെരഞ്ഞെടുപ്പുകളെയും ജനകീയ സമരങ്ങളെയും ഉപയോഗിച്ച് പോരാടിവന്നവരാണ് ഇടതുപാർട്ടികൾ. ജാതീയതയെയും വർഗീയതയെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുകയും വർഗരാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും ചെയ്തവർ. ഇപ്പോൾ സ്വീകരിക്കുന്ന മാറിയ നിലപാട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെടുന്നില്ല. ദേശീയതലത്തിൽ മതനിരപേക്ഷ ശക്തികളെ ഏകോപിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കുന്ന, ദുർബലപ്പെടുത്തുന്ന നിലപാടായി ജനങ്ങൾ അതിനെ കാണുന്നു. ബി.ജെ.പിയുടേയും കമ്യൂണിസ്റ്റ് പാർട്ടികളുടെയും വികസന കാഴ്ചപ്പാടുകൾ തമ്മിൽ വ്യത്യാസമില്ലെന്നും തെരഞ്ഞെടുപ്പു പ്രചാരണം വ്യക്തിനിഷ്ഠവും അരാഷ്ട്രീയവുമാണെന്നും ഇതിനകം തെളിഞ്ഞുകഴിഞ്ഞു. 
ഇത് സ്വാഭാവികമായും ജനവിധിയെ ബാധിക്കും. യു.ഡി.എഫിൽനിന്നെന്നപോലെ എൽ.ഡി.എഫിൽനിന്നും ബി.ജെ.പിയിലേക്ക് വോട്ടുചോരാൻ ഈ അരാഷ്ട്രീയ നിലപാടും പ്രചാരണവും ഇടയാക്കിയിട്ടുണ്ട്. മെയ് 23 ന്  തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോൾ അത് വെളിപ്പെടും.