Saturday , May   25, 2019
Saturday , May   25, 2019

ഗോള്‍ഡന്‍ ഡക്കില്‍ ടേണര്‍ക്ക് ഹാട്രിക്

ന്യൂദല്‍ഹി - തുടര്‍ച്ചയായ അഞ്ച് ട്വന്റി20 മത്സരങ്ങളില്‍ അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി ഓസ്‌ട്രേലിയയുടെ ആഷ്റ്റന്‍ ടേണര്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്ഥാപിച്ചു. അവസാന മൂന്നെണ്ണം ഐ.പി.എല്ലിലാണ്. മൂന്നും ഗോള്‍ഡന്‍ ഡക്ക്. ടേണറെ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞിരുന്നു. 
തിങ്കളാഴ്ച ദല്‍ഹി കാപിറ്റല്‍സിനെതിരെയാണ് ടേണര്‍ റെക്കോര്‍ഡ് പൂര്‍ത്തിയാക്കിയത്. രാജസ്ഥാന്‍ റോയല്‍സ് താരത്തെ ഇശാന്ത് ശര്‍മ പുറത്താക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ടേണര്‍ ഗോള്‍ഡന്‍ ഡക്കായത് (നേരിട്ട ആദ്യ പന്തില്‍ പുറത്തായത്).
ഇശാന്തിനെ അടിച്ചുയര്‍ത്തിയ ടേണര്‍ എക്‌സ്ട്രാ കവറില്‍ പിടികൊടുക്കുകയായിരുന്നു. ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ ആദ്യ പന്തില്‍ എല്‍.ബിയാക്കി. ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ലെഗ്‌സ്പിന്നര്‍ എം. അശ്വിനെ അടിച്ചുയര്‍ത്താന്‍ ശ്രമിച്ച് ലോംഗോഫില്‍ പിടികൊടൂത്തു. 
ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലായിരുന്നു ആദ്യ ഡക്ക്. വിശാഖപട്ടണത്തെ മത്സരത്തില്‍. പിന്നീട് ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ചേഴ്‌സിന് കളിക്കവെ അഡ്‌ലയ്ഡ് സ്‌ട്രൈക്കേഴ്‌സിനോടും അക്കൗണ്ട് തുറക്കാതെ പുറത്തായി. മാര്‍ച്ചില്‍ ഇന്ത്യക്കെതിരെ 84 റണ്‍സടിച്ചാണ് അതികായനായ മധ്യനിര ബാറ്റ്‌സ്മാന്‍ ലോക ശ്രദ്ധയിലേക്കു വന്നത്.  

Latest News