Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൊതുമാപ്പിൽ രാജ്യം വിട്ട 4000 പേർ പുതിയ വിസയിൽ തിരിച്ചെത്തി

ജിദ്ദ - ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് പിഴയും തടവും പ്രവേശന വിലക്കുമില്ലാതെ രാജ്യം വിടാൻ അവസരമൊരുക്കിയ പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് മടങ്ങിയവരിൽ 4000 ലേറെ പേർ പുതിയ വിസകളിൽ സൗദിയിൽ തിരിച്ചെത്തിയതായി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ വെളിപ്പെടുത്തി. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സൗദി വിടുന്ന ആർക്കും പുതിയ വിസയിൽ രാജ്യത്ത് തിരിച്ചെത്താൻ സാധിക്കും. 
1,10,000 നിയമ ലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇതിനകം സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. 4,15,000 പേർ നടപടികൾ പൂർത്തിയാക്കി ഫൈനൽ എക്‌സിറ്റ് നേടി. 
പൊതുമാപ്പ് കാലാവധി അവസാനിച്ചാൽ നിയമ ലംഘകരെ പിടികൂടുന്നതിന് എല്ലാ പ്രവിശ്യകളിലും ശക്തമായ പരിശോധനകൾ ആരംഭിക്കും. നിയമ ലംഘകർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവർക്കെതിരെയും തടവും പിഴയും നാടുകടത്തലും അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. 
വർഷങ്ങളായി നിയമം ലംഘിച്ച് സൗദിയിൽ കഴിയുന്ന വിദേശികൾക്ക് ശിക്ഷകൾ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിനുള്ള സുവർണാവസരമാണിത.് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ അവശേഷിക്കുന്ന നിയമ ലംഘകർ എത്രയും വേഗം മുന്നോട്ടു വരണം. നിയമ ലംഘകരുടെ ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് എല്ലാ പ്രവിശ്യകളിലും ഒന്നിലധികം കേന്ദ്രങ്ങൾ ജവാസാത്ത് സജ്ജീകരിച്ചിട്ടുണ്ട്. ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം 62 ലക്ഷം ഉംറ തീർഥാടകർ പുണ്യഭൂമിയിൽ എത്തിയിട്ടുണ്ട്. ഇവരിൽ 54 ലക്ഷം പേർ ഉംറ നിർവഹിച്ച് സ്വദേശങ്ങളിലേക്ക് തിരിച്ചുപോയതായും ജവാസാത്ത് മേധാവി പറഞ്ഞു. ഹജ്, ഉംറ തീർഥാടകരെ സ്വീകരിക്കുന്ന എയർപോർട്ടുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെ കുറിച്ച് ജവാസാത്ത് പഠിക്കുന്നുണ്ട്. ഹജ് സുപ്രീം കമ്മിറ്റിയും ഹജ് സെൻട്രൽ കമ്മിറ്റിയുമായും സഹകരിച്ചാണ് ഇതേക്കുറിച്ച് പഠനം നടത്തുന്നത്. ഈ വർഷം വിദേശങ്ങളിൽ നിന്ന് 70 ലക്ഷത്തോളം ഉംറ തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 60 ലക്ഷത്തോളം ഉംറ തീർഥാടകരാണ് വിദേശ രാജ്യങ്ങളിൽനിന്ന് എത്തിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ ഇതിൽ പെടില്ല. ഗൾഫ് പൗരന്മാർക്ക് സൗദി അറേബ്യ സന്ദർശിക്കുന്നതിന് വിസയും പാസ്‌പോർട്ടും ആവശ്യമില്ല. ഇവർക്ക് തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് സൗദിയിൽ പ്രവേശിക്കാം.  

Latest News