Sunday , May   26, 2019
Sunday , May   26, 2019

കഴിഞ്ഞത് താളിയൊടിക്കാൻ പോകുന്ന അങ്കമായിരുന്നില്ല

ഒരു മാസം മുമ്പ് തുടക്കം കുറിച്ച ' അങ്കം 'എന്ന തെരഞ്ഞെടുപ്പ് കാല കുറിപ്പ്  ഇവിടെ തീരുകയാണ്. അങ്കം എന്ന വാക്കിനെ ശരിക്കും  അന്വർഥമാക്കുന്ന തെരഞ്ഞെടുപ്പ് യുദ്ധം തന്നെയായിരുന്നു കഴിഞ്ഞ്  പോയത്. 'അങ്കവും കാണാം, താളിയും ഒടിക്കാം ' എന്ന ഉദാസീന മാനസിക അവസ്ഥയിലല്ല ജനങ്ങളിൽ ഒരു വിഭാഗമെങ്കിലും ഈ തെരഞ്ഞെടുപ്പിനെ കണ്ടത്. അവർക്കിത് അവരുടെയും, അവർക്ക് പിന്നാലെവരുന്ന തലമുറയുടെയും അഭിമാനത്തോടെയുള്ള  നിലനിൽപ്പിന്റെ പ്രശ്‌നമായിരുന്നു.  ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ  ആദിരൂപം എന്ന് തന്നെ പറയാവുന്ന 'റൗളത്ത്് ആക്ട് ' വിരുദ്ധ പോരാട്ടത്തിന്റെ നാളുകളിൽ (1919) മഹാത്മാ ഗാന്ധി സമര ഭടന്മാരെക്കൊണ്ട് ഏറ്റ് ചൊല്ലിച്ച പ്രതിജ്ഞ ഇങ്ങിനെയായിരുന്നു ''  ദൈവത്തെ സാക്ഷിയാക്കി ഞങ്ങൾ ഹിന്ദുക്കളും മുസ്‌ലിംകളും ഇതിനാൽ പ്രഖ്യാപിക്കുന്നു.  ഞങ്ങൾ ഒരമ്മപെറ്റമക്കളെപ്പോലെ വേർതിരിവുകളില്ലാതെ പെരുമാറും. ഒരാളുടെ സങ്കടങ്ങൾ മറ്റെയാളുടെയും സങ്കടങ്ങളായി കരുതി അവ ഇല്ലാതാക്കാൻ ആവശ്യമായതെല്ലാം ചെയ്യും. മറ്റ് മതസ്ഥരുടെ മതത്തെയും, മത വികാരങ്ങളെയും ഞങ്ങൾ ബഹുമാനിക്കും. സ്വന്തം മതാനുഷ്ഠാനങ്ങൾ ആചരിക്കുന്നതിന്  അവ തടസ്സമാകില്ല.  മതത്തിന്റെ പേരിലുള്ള അക്രമങ്ങളിൽനിന്ന് സദാ വിട്ടു നിൽക്കും ''- ഇങ്ങിനെയൊരു പ്രതിജ്ഞ തയ്യാറാക്കാൻ ഗാന്ധിജിക്ക് ഒരു സെക്രട്ടറിയുടെയും ചിന്തകടമെടുക്കേണ്ടിയിരുന്നില്ല. കാരണം അത് ഗാന്ധിജി അദ്ദേഹത്തിന്റെ ആത്മാവിൽ വഹിച്ച ആദർശമായിരുന്നു- അത്  ഗാന്ധിജി തന്നെയായിരുന്നു. ഇപ്പറഞ്ഞ ആദർശം ഏറ്റക്കുറച്ചിലുകളോടെ ഇന്ത്യ എന്ന രാജ്യം അതിന്റെ സഞ്ചാരപഥങ്ങളിലുടനീളം കൂടെ കൊണ്ടു നടന്നു. അതു കൊണ്ട് തന്നെ ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യാനന്തരം നടന്ന പൊതു തെരഞ്ഞെടുപ്പുകളിലൊന്നും തന്നെ അവരുടെ രാജ്യത്തിന്റെ ഭാവിയോർത്ത്  ഇനിയെന്താകും, ഇനിയെന്താകും..?  എന്ന് ഇതുപോലെ  ആശങ്കപ്പെടേണ്ടി വന്നിട്ടില്ല. ജനാധിപത്യമല്ലെ , നിലവിലുള്ളവർ പോയാൽ മറുപക്ഷം വരും എന്ന് ജനത എല്ലാ തെരഞ്ഞെടുപ്പ് ചൂടിലും ആത്മ വിശ്വാസത്തോടെ ഉദാസീനരായി.  ഇത്തവണ പക്ഷെ  കേരളത്തിലെങ്കിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. അവർ തെരഞ്ഞെടുപ്പിനെ സമീപിച്ചത് അങ്കവും കാണാം താളിയും ഒടിക്കാം എന്ന ലളിത സങ്കൽപ്പത്തിലായിരുന്നില്ല.  ഉറച്ച തീരുമാനമെടുത്തായിരുന്നു കേരളത്തിലെ ജനങ്ങളുടെ- പ്രത്യേകിച്ച് മത ന്യൂനപക്ഷ വിഭാഗങ്ങളുടെയും , ശുദ്ധ ജനാധിപത്യ  വിശ്വാസികളുടെയും സമ്മതിദാന നിർവ്വഹണമെന്ന് അവരുടെ പ്രതികരണങ്ങളും നിലപാടുകളും  തെളിയിക്കുന്നു.  2000 ത്തിന് ശേഷം ജനിച്ച  'മില്ലെനിയൽസ്  '
വോട്ടർമാരുടെ രാഷ്ട്രീയ ബോധം അളന്നെടുക്കുന്ന ആദ്യ സമ്മതിദാന കാലവുമാണ് കഴിഞ്ഞു പോയത്.  അവർ സമകാലീന അവസ്ഥ ശ്രദ്ധിക്കാത്തവരാണെന്ന പഴി പ്രളയ കാലത്തും മറ്റും തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്.  എല്ലാ കാര്യങ്ങളും മൊബൈൽ ഫോണിൽ ശ്രദ്ധിക്കുന്നവരാണ് അവരിൽ ഏറിയ പങ്കുമെന്ന സംഗതി കേരളത്തിലെ ബുദ്ധി ജീവികളും ചിന്തകരും അന്ന് തിരിച്ചറിഞ്ഞതാണ്. ഹോ ,  നീയും ഇതൊക്കെ അറിയുന്നുണ്ടായിരുന്നു അല്ലെ എന്ന് ഓരോ സംഭവങ്ങളും കഴിയുമ്പോൾ അവരുടെ  രക്ഷിതാക്കൾ അവരെ  തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. മോഡിയും ഒന്ന്  ഭരിക്കട്ടെ എന്നതായിരുന്നു, 2014 ൽ ജനങ്ങളുടെ അലസഭാവം.  പരീക്ഷണം പരാജയമായിരുന്നു എന്ന് ജനം തിരിച്ചറിയുമ്പോഴേക്കും പക്ഷെ സമയം ഏറെ വൈകിപ്പോയിരുന്നു. 
2014 ലെ കന്നി വോട്ടർമാർ തൊഴിലിനെക്കുറിച്ചൊക്കെ ചിന്തിച്ചു തുടങ്ങേണ്ട കാലമാണിത്. സാധ്യതകളുടെ അങ്ങേതലക്കൽ പോലും വെളിച്ചമില്ല എന്ന സ്ഥിതി അവരെയും  മാറി ചിന്തിപ്പിക്കാതിരിക്കില്ല. സാമ്പത്തിക രംഗത്തിന്റെ തകർച്ച എത്ര ഭീകരമാണെന്ന് തിരിച്ചറിയാതിരിക്കാൻ കാരണം എല്ലാറ്റിനും മേലെ പറക്കുന്ന വർഗീയത  മാത്രമാണ്.  ജനസംഘത്തിന്റെ കാലം മുതൽ തുടരുന്ന സാമ്പത്തിക നയവും, ഒരിക്കലും ചേരാത്ത നവ ലിബറിലിസവും ചേർന്നപ്പോൾ ഒഴുകിപ്പോയത് യുവാക്കളുടെ സ്വപ്‌നങ്ങളുമായിരുന്നു. എല്ലാ മേഖലകളിലും രാജ്യത്തെ തകർത്ത ശേഷം കേവല വർഗീയതയുടെ പേരിൽ നില നിൽക്കാൻ ശ്രമിക്കുന്ന ഭരണ കൂടത്തെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പു നാളുകൾ അവസാനിക്കുന്നത്. മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ്  ഫാസിസ്റ്റ് വിരുദ്ധതയുടെ യുദ്ധകാലം കൂടിയായിരുന്നു.  കുതിച്ചുയർന്ന  സമ്മതിദാനം അതിന്റെ  തെളിവ് തന്നെയായിരിക്കും. ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല എന്നവർ മനസ്സിലാക്കിയിരുന്നു.  വഴി തെറ്റിക്കാൻ നോക്കിയവരെയും അവർ യുദ്ധമുഖത്ത് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. 
'' തലയ്ക്ക് നേരെ വരുന്ന ഫാസിസത്തിന്റെ കൊടുവാൾ, ഒരു വിരൽ കൊണ്ട് തടുക്കാൻ കഴിയുന്ന ഏക അവസരമാണ് നാളെ.. അതിന് നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ ഒരുപക്ഷേ ഇനിയൊരവസരം ഉണ്ടായെന്ന് വരില്ല. പാഴാക്കരുത്.. ''  സോഷ്യൽ ആക്ടീവിസ്റ്റായ സി.ആർ. നീലകണഠനെപ്പോലുള്ളവർ  തെരഞ്ഞടുപ്പിന്റെ തലേന്നും  നൽകിയ സന്ദേശം അവർക്ക് ഊർജമായിട്ടുണ്ടാകും.അതൊക്കെ അറിയാൻ ഇനി കാത്തിരിപ്പിന്റെ ഒരു മാസം. 
 

Latest News