Sunday , May   19, 2019
Sunday , May   19, 2019

ചീഫ് ജസ്റ്റിസിനെ ക്രൂശിക്കുന്നവർ

ഇത് അവിശ്വസനീയമാണ്. ഇതിന് മറുപടി നൽകി നിലവാരം താഴ്ത്താൻ ആഗ്രഹിക്കുന്നില്ല. 20 വർഷത്തെ നിസ്വാർഥ സേവനമാണ് ഞാൻ നടത്തിയത്. ഇത്രയുംകാലത്തെ സേവനത്തിന് ശേഷവും എന്റെ ബാങ്ക് ബാലൻസ് 6.8 ലക്ഷം മാത്രമാണ്. ആർക്കും എന്നെ പണം നൽകി വിലയ്‌ക്കെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇത്തരം രീതിയിൽ ആക്രമിക്കുന്നത്. വൻ ശക്തികൾ ഇവർക്ക് പിന്നിലുണ്ട്. 

സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസമുണ്ടായത് അസാധാരണ സംഭവമായിരുന്നു. പരമോന്നത കോടതിയുടെ അധിപനെതിരായ ലൈംഗികാരോപണവും തുടർന്ന് മൂന്നംഗ പ്രത്യേക ബെഞ്ചിന്റെ സിറ്റിങും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടേതായി പുറത്തുവന്ന വാക്കുകളുമെല്ലാം അസാധാരണമായിരുന്നു. 
കോടതിയിലെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സ്ത്രീയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. കഴിഞ്ഞ ഒക്‌ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ വെച്ച് അപമാനിക്കപ്പെട്ടതായും പീഡനത്തെ എതിർത്തതിനാൽ രണ്ട് മാസം കഴിഞ്ഞ് ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്നുമായിരുന്നു 35 കാരിയായ സ്ത്രീ ഉന്നയിച്ച പരാതി. അതിന് ശേഷം പല രീതിയിൽ തന്നെ ഉപദ്രവിച്ചതായും ഭർത്താവിനെയും സഹോദരനെയും ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്തതായും അവർ സുപ്രീംകോടതിയിലെ 22 ജഡ്ജിമാർക്ക് നൽകിയ സത്യവാങ്മൂലത്തിലുണ്ട്.
പ്രസ്തുത പരാതി വാർത്തയായതിനെ തുടർന്നാണ് ശനിയാഴ്ച മൂന്നംഗങ്ങളടങ്ങിയ പ്രത്യേക ബെഞ്ച് സിറ്റിങ് നടത്തിയത്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ടതായിരുന്നു ബെഞ്ച്. അസാധാരണമായ സിറ്റിങ് നടത്തിയ ശേഷം പുറത്തുവന്ന വാർത്തകൾ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതിയെക്കാൾ പ്രാധാന്യമർഹിക്കുന്നതാണ്. ആരോപണത്തിന്റെ നിജസ്ഥിതി ഉറപ്പു വരുത്തി മാത്രമെ മാധ്യമങ്ങൾ വാർത്ത നൽകാവൂ എന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവർ വ്യക്തമാക്കുകയാണ് ചെയ്തത്. അതോടൊപ്പംതന്നെ പ്രാധാന്യമർഹിക്കുന്നതാണ് സിറ്റിങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതായി പുറത്തുവന്നിരിക്കുന്ന വാർത്തകൾ. രാജ്യത്തെ സംബന്ധിച്ചു തന്നെ അതീവ പ്രാധാന്യവും അതിനെക്കാൾ ഗുരുതരവുമായതാണ് പ്രസ്തുത വെളിപ്പെടുത്തലുകൾ.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ആക്രമിക്കാനും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ദുർബലമാക്കാനുമാണ് ശ്രമം നടക്കുന്നതെന്നും രാജ്യത്തെ ജുഡീഷ്യറി ഗുരുതര ഭീഷണിയിലാണെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ് വിലയ്‌ക്കെടുക്കാൻ കഴിയാത്തവർ മറ്റു വഴികളിലൂടെ കീഴടക്കാൻ നോക്കുകയാണെന്ന സുപ്രധാനമായ ആരോപണവും മുന്നോട്ടുവെക്കുകയുണ്ടായി.
'ഇത് അവിശ്വസനീയമാണ്. ഇതിന് മറുപടി നൽകി നിലവാരം താഴ്ത്താൻ ആഗ്രഹിക്കുന്നില്ല. 20 വർഷത്തെ നിസ്വാർഥ സേവനമാണ് ഞാൻ നടത്തിയത്. ഇത്രയുംകാലത്തെ സേവനത്തിന് ശേഷവും എന്റെ ബാങ്ക് ബാലൻസ് 6.8 ലക്ഷം മാത്രമാണ്. ആർക്കും എന്നെ പണം നൽകി വിലയ്‌ക്കെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇത്തരം രീതിയിൽ ആക്രമിക്കുന്നത്. വൻ ശക്തികൾ ഇവർക്ക് പിന്നിലുണ്ട്.' ചീഫ് ജസ്റ്റിസ് ആരോപിച്ചു.
ഇത്തരം ആരോപണങ്ങൾ കണക്കിലെടുക്കാതെ ഞാൻ ഏറ്റ ചുമതല നിറവേറ്റും. വിഷയത്തിൽ താൻ വിധി പറയുന്നില്ല. മുതിർന്ന ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇതു പിന്നീട് പരിഗണിക്കും' എന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചത്.
സുപ്രധാനമായ ചില കേസുകൾ അടുത്ത ദിവസങ്ങളിൽ പരമോന്നത കോടതി പരിഗണിക്കാനിരിക്കുകയാണ്. റഫാൽ കേസിലെ തുടർനടപടികളും ഇതിലുൾപ്പെടുന്നുണ്ട്. സമീപകാലത്ത് പരമോന്നത കോടതിയിൽ നിന്നുണ്ടായ പല വിധികളും ആരെയാണ് കൂടുതലായി ബാധിച്ചതെന്നതുകൂടി പരിശോധിക്കുമ്പോൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് പറയേണ്ടിവരും. 
പണംകൊണ്ട് സ്വാധീനിക്കാൻ കഴിയാതെ വന്നപ്പോൾ മറ്റ് രീതിയിൽ കീഴടക്കാൻ നോക്കുന്നുവെന്ന ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ കൂടി ഇതിനോട് ചേർത്തുവായിക്കണം. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ വലിയ ഭീഷണി നേരിടുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇത്തരമൊരു നിഗമനം ആദ്യത്തേതല്ല. ഒരു വർഷം മുമ്പ് സുപ്രീംകോടതിയിലെ ജഡ്ജിമാർ കോടതി നടപടികൾ നിർത്തിവെച്ച് വാർത്താ സമ്മേളനം നടത്തി പറഞ്ഞതും ഇതേ കാര്യം തന്നെയായിരുന്നു. അക്കൂട്ടത്തിൽ രഞ്ജൻ ഗൊഗോയിയുമുണ്ടായിരുന്നുവെന്നോർക്കണം.
രാജ്യം നേരിടുന്ന അതീവ ഗുരുതരമായ സാഹചര്യം കൂടിയാണ് പരമോന്നത കോടതിയിലെ അസാധാരണ സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഇരയായ വനിതയുടെ പരാതി അപ്രസക്തമാണെന്നോ അപ്രധാനമാണെന്നോ ഇതിനർഥമില്ല. എന്നുമാത്രമല്ല മൂന്നംഗ ബെഞ്ചിന്റെ സിറ്റിംഗിനൊടുവിൽ ഈ പരാതിയിൽ എന്ത് ചെയ്യണമെന്ന് മുതിർന്ന ജഡ്ജിമാർ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇത്തരമൊരു പരാതി ഉണ്ടാകുമ്പോൾ, തന്നെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്ന സൂചനകൾ ചീഫ് ജസ്റ്റിസ് നൽകുന്നുവെന്നത് സംഭവത്തിന് അസാധാരണമായൊരു വ്യതിയാനം സൃഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതിന് ഇനിയും ആഴ്ചകൾ ബാക്കിയുണ്ടെന്നിരിക്കേ സുപ്രധാനമായ കേസുകളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ഗൂഢാലോചന നടന്നുവോ എന്ന സംശയവും ഇത് സൃഷ്ടിക്കുന്നുണ്ട്. 
വരികൾക്കിടയിൽ നിന്നല്ല ചീഫ് ജസ്റ്റിസിന്റെ വാക്കുകളിൽ നിന്ന് തന്നെ അത്തരമൊരു സ്വാധീനശ്രമം വ്യക്തമാകുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീയുടെ പരാതിയിൽ എന്തുനടപടിയുണ്ടാകുമെന്നതുപോലെ പൊതുസമൂഹത്തിന് അറിയേണ്ടത് ആരാണ് എങ്ങനെയാണ് ചീഫ് ജസ്റ്റിസിനെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന വസ്തുതയാണ്. അത് പുറത്തുകൊണ്ടുവരികയെന്നത് നീതിന്യായ വ്യവസ്ഥയുടെ മാത്രമല്ല രാജ്യത്തിന്റെയാകെ പൊതുതാൽപര്യത്തിന് അത്യന്താപേക്ഷിതമാണ്.