Sunday , May   19, 2019
Sunday , May   19, 2019

കണ്ണൂർ മാർക്‌സിസവും മാഹിയിലെ മാർക്‌സിസ്റ്റുകാരും

റഷ്യയിലെ ഒക്ടോബർ വിപ്ലവം എന്നറിയപ്പെട്ട സോഷ്യലിസ്റ്റ് വിപ്ലവത്തിന് ശേഷം അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ട വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാരായ  കുറച്ചുപേർ  ഇന്ത്യൻ മണ്ണ്  സോഷ്യലിസ്റ്റ് വിപ്ലവത്തിന് പാകപ്പെടുത്താനുള്ള ആശയവുമായി ലെനിനെ സമീപിക്കുകയുണ്ടായി. വി.എൻ. ചറ്റോപാധ്യ, വി .വി. എസ് അയ്യർ,  തിരുമുൾ ആചാര്യ, മുഹമ്മദ് സാഫിഖ് എന്നിവരുൾപ്പെടുന്ന പ്രസ്തുത സംഘത്തോട് സോഷ്യലിസത്തെക്കുറിച്ച് കൂടുതൽ പഠിച്ച് മനസ്സിലാക്കാനാവശ്യപ്പെട്ട് കൊണ്ട്  അന്ന് അവരെ  ലെനിൻ തിരിച്ചയക്കുകയാണുണ്ടായത്. അതെല്ലാം പഴയ കാല ചരിത്രം. 
ഇന്ത്യയിലെ മാർക്‌സിസ്റ്റ് പാർട്ടി ഇന്ന് സോഷ്യലിസത്തെ മാത്രമല്ല  സാർവ്വ ദേശീയതയും എന്തിനേറെ ദേശീയ വീക്ഷണം പോലും  കൈവെടിഞ്ഞ രീതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യസമൂഹത്തെക്കുറിച്ചുള്ള ഒരു പൊതു സിദ്ധാന്തമായിട്ടാണല്ലോ മാർക്‌സിസത്തെ കാൾ മാർക്‌സും ഫ്രെഡറിക്ക് എംഗൽസും ചേർന്ന് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിലെ മാർക്‌സിസ്റ്റു പാർട്ടിയെ ഇന്ന്  നയിക്കുന്നത് പ്രത്യയ ശാസ്ത്രമോ സൈദ്ധാന്തികതയോ ഒന്നുമല്ല. 
സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ നേടിയെടുത്ത പലതും പിന്നീടു കൈവിട്ടു പോയെന്ന സത്യം നേരത്തെ സി പി എം പോളിറ്റ് ബ്യുറോ അംഗമായ എം എ ബേബി തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. മാർക്‌സിയൻ  കൃതികൾ മാത്രം വായിച്ചവർ മാർക്‌സിന്റെയും ലെനിന്റെയും   ജീവിതം പഠിക്കാത്തത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്. 
മതവിശ്വാസം, പരിസ്ഥിതി, സ്ത്രീസമത്വം, സാമ്പത്തികസൗഖ്യം തുടങ്ങിയവയിൽ മാർക്‌സിയൻ വീക്ഷണം പിന്തുടരുന്നതിൽ മാർക്‌സിസ്റ്റുകാർക്കു തെറ്റുപറ്റിയതും അത് കൊണ്ടാണെന്നായിരുന്നു.   എം.എ ബേബി ഒരു വർഷം മുമ്പ് പറഞ്ഞത്  (മാർക്‌സ് ജന്മവാർഷികത്തിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയും ജില്ലാ ലൈബ്രറിയും ചേർന്നു സംഘടിപ്പിച്ച സെമിനാറിലെ  ഉദ്ഘാടന പ്രസംഗം)  പല വിഷയങ്ങളിലും പറയുന്നത്  പ്രാവർത്തികമാക്കാത്തവരായി മാർക്‌സിസ്റ്റുകാർ മാറിയെന്ന് ഉദാഹരണങ്ങളിലൂടെ എം എ ബേബി അന്ന് ഏറ്റ് പറയുകയുണ്ടായി.  പൊതുവിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ചു പറയുന്ന സഖാക്കളിൽ എത്ര പേർ മക്കളെ സർക്കാർ സ്‌കൂളിലോ എയ്ഡഡ് സ്‌കൂളിലോ പഠിപ്പിക്കുന്നുണ്ട്? ഞാനും നിങ്ങളുമൊക്കെ, മാർക്‌സിന്റെ അനന്തരാവകാശികളാകാൻ എന്തു യോഗ്യതയാണു ജീവിതം കൊണ്ടു നേടിയത്? എം എ ബേബി അന്ന് കണ്ണൂരിൽ വെച്ച് ചോദിച്ച ചില പൊള്ളുന്ന ചോദ്യങ്ങളായിരുന്നു ഇവ.
 മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട പൊള്ളുന്ന സത്യങ്ങൾ തുറന്നു പറയാൻ എം .എ ബേബി അന്ന്  കണ്ണൂരിലെ വേദി തന്നെ തിരഞ്ഞെടുത്തത് വെറുതെയായിരിക്കില്ല. 
കണ്ണൂർ ശൈലിയിലുള്ള വർഗ്ഗ സമര സിദ്ധാന്തം കയ്യൊഴിയാൻ തയ്യാറായില്ലെങ്കിൽ മാനവികമായ സോഷ്യലിസത്തെ തിരിച്ചു പിടിക്കാൻ മാർക്‌സിസ്റ്റ് പാർട്ടിക്ക് ഒരിക്കലും സാധിക്കില്ല. കണ്ണൂർ മോഡൽ  വർഗ്ഗ സമരം കേരളത്തിലെ മാർക്‌സിസ്റ്റുകളെ എവിടെകൊണ്ട് ചെന്നെത്തിക്കുമെന്ന്  അവർ ചിന്തിക്കണം.  
സഹജീവികളെ വെട്ടി കൊലപ്പെടുത്താനുള്ള പ്രചോദനം ഏത് വർഗ്ഗ സമര സിദ്ധാന്തത്തിലൂടെയാണ് അവർ സ്വായത്തമാക്കിയത്? വർഗ്ഗ സമരത്തിന് പകരം വർഗ്ഗ സഹകരണത്തെക്കുറിച്ച് മാർക്‌സിസ്റ്റുകാർ ചിന്തിക്കണം. മാനവ സമൂഹത്തിലെ  പൊതു താല്പര്യങ്ങൾ അവർക്കിടയിലെ വൈരുധ്യങ്ങളേക്കാൾ ഏറെയാണ്. സ്വയം വിമർശനം നടത്തുമ്പോൾ  പരിഹാര ക്രിയ ചെയ്യാനും മാർക്‌സിസ്റ്റ് നേതൃത്വം തയ്യാറാവണം. 
ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും ഏറ്റവും വലിയ പരീക്ഷണത്തെ നേരിടുന്ന ഒരു തെരഞ്ഞെടുപ്പിനെയാണ്  രാജ്യം നേരിടാൻ പോകുന്നത് .ഒരു ദേശീയ വീക്ഷണമില്ലാത്തത് കൊണ്ടുതന്നെ  മാർക്‌സിസ്റ്റ് പാർട്ടി തെറ്റുകളിൽ നിന്നും വൻ  തെറ്റുകളിലേക്കാണ്  ചെന്ന് ചാടുന്നത്.രാജ്യത്തെ സംബന്ധിച്ച് നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പിൽ മാർക്‌സിസ്റ്റ് പാർട്ടി സ്വീകരിച്ചിരിക്കുന്ന  വിരോധാത്മക രാഷ്ട്രീയ  നിലപാട് മനസ്സിലാകണമെങ്കിൽ ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ ഭാഗമായ  മാഹി ഉൾപ്പെടുന്ന കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ   അവർ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാടിനെ നിരീക്ഷണ വിധേയമാക്കിയാൽ മാത്രം  മതി. 
പുതുച്ചേരിയിൽ ഒരേ ഒരു ലോക്‌സഭാ മണ്ഡലമാണുള്ളത്.  കോൺഗ്രസ്സ് സ്ഥാനാർഥിയായ വി.വൈദ്യലിംഗത്തെയാണ്   മാർക്‌സിസ്റ്റ് പാർട്ടി അവിടെ പിന്തുണക്കുന്നത്. എന്നാൽ അതെ സ്ഥാനാർത്ഥിയുടെ മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ പാർട്ടി പിന്തുണക്കുന്നത് കമലഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തെയാണ് എന്നതാണ് വിചിത്രം!  പുതുച്ചേരിയിൽ ഒരു വേരുമില്ലാത്ത പാർട്ടിയുടെ സ്ഥാനാർത്ഥിയെ പുതുച്ചേരിയിലെ മാർക്‌സിസ്റ്റ് പാർട്ടി ഘടകം എതിർക്കുമ്പോൾ അതേ  സ്ഥാനാർത്ഥിയെ മാഹിയിലെ മാർക്‌സിസ്റ്റ് പാർട്ടി പിന്തുണക്കുന്നതിന് കാരണമായിപ്പറയുന്നത് കണ്ണൂർ മാർക്‌സിസം! മറ്റൊരു സംസ്ഥാനത്തിലെ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ  മാഹിയിലെ മാർക്‌സിസ്റ്റ് പാർട്ടിയെ നിയന്ത്രിക്കുന്നത് കണ്ണൂർ മാർക്‌സിസമാണ്. 
കണ്ണൂർ മാർക്‌സിസം കേരളത്തിലെ മാർക്‌സിസത്തെ മാത്രമല്ല ഗ്രസിച്ചിരിക്കുന്നത്  മറിച്ച് മാർക്‌സിസ്റ്റ് പാർട്ടിയുടെ ദേശീയ നിലപാടുകളെപ്പോലും ഇപ്പോൾ നിയന്ത്രിക്കുന്നത് കണ്ണൂർ മാർക്‌സിസമാണ്. ഔദ്യോഗികമായി ദേശീയ പദവി നഷ്ടപ്പെടുന്നതിന് മുമ്പ് തന്നെ ഒരു പ്രാദേശിക പാർട്ടിയായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്‌സിസ്റ്റ് ) ചുരുങ്ങിയിരിക്കുന്നു!

(എ ഐ സി സിയുടെ ഓവർസീസ് വിഭാഗത്തിൽ  മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ കൺവീനറാണ് ലേഖകൻ)