Saturday , May   25, 2019
Saturday , May   25, 2019

പ്രണബിന്റെ  മകനെതിരെ ബി.ജെ.പിക്ക്  മുസ്‌ലിം വനിത

ഇതുവരെ ബി.ജെ.പി പ്രഖ്യാപിച്ച നാനൂറ്റമ്പതോളം സ്ഥാനാർഥികളിൽ ഏഴ് മുസ്‌ലിംകളേയുള്ളൂ. അതിൽ രണ്ടെണ്ണം പശ്ചിമ ബംഗാളിലാണ്. 2014 ലും ഏഴ് മുസ്‌ലിംകളെയാണ് ബി.ജെ.പി മത്സരിപ്പിച്ചത്. ഏഴു പേരും തോറ്റു. 
ബംഗാളിലെ 42 സീറ്റിൽ ബി.ജെ.പി രണ്ട് മുസ്‌ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു. അതിലൊന്ന് ജംഗിപൂരിൽ കോൺഗ്രസിന്റെ സിറ്റിംഗ് എം.പിയും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകനുമായ അഭിജിത് മുഖർജിക്കെതിരെയാണ്. മുൻ സി.പി.എംകാരി മഫൂജ ഖാത്തൂനാണ് ഇവിടെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസിനോട് പൊരുതിയ ചരിത്രമുള്ള മഫൂജ സംസ്ഥാനത്ത് സി.പി.എം ദുർബലമായതോടെയാണ് ബി.ജെ.പിയിൽ ചേർന്നത്. തൃണമൂലിനെ നേരിടാൻ കെൽപുള്ള പാർട്ടിയെന്നതായിരുന്നു പരിഗണന. 
മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ജംഗിപൂരിൽ അഭിജിത് മുഖർജി ഒഴികെ മൂന്നു പ്രധാന സ്ഥാനാർഥികളും മുസ്‌ലിംകളാണ്. മഫൂജക്കു പുറമെ തൃണമൂൽ കോൺഗ്രസിന്റെ ഖലീലുറഹ്മാനും ഇടതു മുന്നണിയുടെ സുൽഫിഖർ അലിയും. 
കരുത്തരായ എതിരാളികളെ നേരിടുന്ന മഫൂജ മണ്ഡലത്തിൽ അന്യദേശക്കാരിയെന്ന ആരോപണമാണ് പ്രധാനമായും നേരിടുന്നത്. ഏറെക്കാലം സൗത്ത് ദിനാജ്പൂരിൽ സി.പി.എം നേതാവായാണ് മഫൂജ ഖാത്തൂൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. 2017 ലാണ് ബി.ജെ.പിയിൽ ചേർന്നത്. മഫൂജയെയും മുൻ തൃണമൂൽ കോൺഗ്രസ് മന്ത്രി ഹുമയൂൺ കബീറിനെയും (മുർഷിദാബാദ്) ഇത്തവണ ബി.ജെ.പി സംസ്ഥാനത്ത് മത്സരിപ്പിക്കുന്നുണ്ട്. 
കാൽ നൂറ്റാണ്ട് നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനിടെ മഫൂജ രണ്ടു തവണ സി.പി.എം ടിക്കറ്റിൽ എംഎൽ.എ ആയിട്ടുണ്ട്. ബി.ജെ.പി സ്ഥാനാർഥിയെന്ന നിലയിൽ മുസ്‌ലിം വോട്ട് തേടുന്നതിൽ പ്രയാസമില്ലെന്ന് അവർ പറയുന്നു. സി.പി.എമ്മിൽ പ്രവർത്തിക്കുമ്പോൾ ബി.ജെ.പിയെ ന്യൂനപക്ഷ വിരുദ്ധ പാർട്ടിയായാണ് ഞാൻ കണ്ടിരുന്നത്. എന്നാൽ 2017 ൽ ബി.ജെ.പിയിൽ ചേർന്നശേഷം എനിക്ക് ഒരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ല. നിരവധി യോഗങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഒരിക്കലും മുസ്‌ലിം വിരുദ്ധ പരാമർശം ഉണ്ടായിട്ടില്ല -മഫൂജ പറയുന്നു. മണ്ഡലത്തിൽ ഒരു വികസനവും കൊണ്ടുവരാൻ അഭിജിത് മുഖർജിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് മഫൂജ ആരോപിക്കുന്നത്. പിതാവിന്റെ പേരിലാണ് അദ്ദേഹം വോട്ട് പിടിക്കുന്നത്. സമ്പന്ന വിഭാഗക്കാരനായ അദ്ദേഹത്തിന് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാവില്ല. വേണമെങ്കിൽ മണ്ഡലത്തെ മാറ്റിമറിക്കാനുള്ള ബന്ധങ്ങൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷെ ഒന്നും ചെയ്തില്ല. ഞാൻ ജയിക്കും, മണ്ഡലത്തെ മാറ്റിമറിക്കും -അവർ പ്രഖ്യാപിച്ചു. 
നല്ല പ്രഭാഷകയാണ് മഫൂജ ഖാത്തൂൻ. രാഷ്ട്രീയത്തിൽ തിളങ്ങണമെങ്കിൽ കാണാൻ ചേല് വേണമെന്നും അവർ വിശ്വസിക്കുന്നു. നീണ്ട മുടി കോതിയിട്ട അവസ്ഥയിൽ ഫോട്ടോയെടുക്കാൻ അവർ ആരെയും അനുവദിക്കില്ല. ഫോട്ടൊയെടുക്കും മുമ്പ് തട്ടം കൊണ്ട് തല മറയ്ക്കും. 
ജംഗിപൂരിലെ 16 ലക്ഷം വോട്ടർമാരിൽ 68 ശതമാനവും മുസ്‌ലിംകളാണ്. ജംഗിപൂരിലും കോൺഗ്രസിന്റെ ആധീർ ചൗധരി മത്സരിക്കുന്ന ബഹ്‌റാംപൂരിലും ബി.ജെ.പി-കോൺഗ്രസ് സഖ്യമുണ്ടെന്നാണ് തൃണമൂൽ ആരോപിക്കുന്നത്. ഇത് ബി.ജെ.പി ക്യാമ്പിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം മുസ്‌ലിം വോട്ട് മൂന്ന് മുസ്‌ലിം സ്ഥാനാർഥികൾക്കിടയിൽ വിഭജിച്ചു പോവുമെന്നും ഹിന്ദു വോട്ട് നേടി അഭിജിത് ജയിക്കുമെന്നും പലരും കണക്കുകൂട്ടുന്നു. 
ബീഡി നിർമാണ കേന്ദ്രമാണ് ജംഗിപൂർ. ആറ് ലക്ഷത്തോളം ബീഡിത്തൊഴിലാളികളുണ്ട് മണ്ഡലത്തിൽ. 2004 ലും 2009 ലും മണ്ഡലത്തിൽനിന്ന് പ്രണബ് മുഖർജി ജയിച്ചു. 2004 ലെ ജയം പ്രണബിന്റെ സുദീർഘമായ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് വിജയമായിരുന്നു. 2012 ൽ രാഷ്ട്രപതി ആയതോടെ പ്രണബ് എം.പി സ്ഥാനം രാജി വെച്ചു. അന്ന് ബിർഭൂമിലെ നാൽഹതിയിൽ കോൺഗ്രസ് എം.എൽ.എ ആയിരുന്ന മകൻ അഭിജിത് മുഖർജി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു. 2014 ൽ അഭിജിത് സീറ്റ് നിലനിർത്തി. ഇത്തവണ അതിശക്തമായ ചതുഷ്‌കോണ മത്സരമാണ് അഭിജിത് നേരിടുന്നത്. 

 

Latest News