Sunday , May   19, 2019
Sunday , May   19, 2019

അദ്വാനിയുടെ വിഫലമായ അധ്വാനം

ബി.ജെ.പിയുടെ പ്രതാപ കാലമാണ് അവസാനത്തോടടുക്കുന്നത്. ലോക്‌സഭയിൽ രണ്ട് അംഗങ്ങൾ മാത്രമുണ്ടായിരുന്ന താമര പാർട്ടിയെ തലയെടുപ്പുള്ള ശക്തിയാക്കി മാറ്റിയതിൽ സ്ഥാപക നേതാവായ ലാൽ കൃഷ്ണ അദ്വാനിയുടെ സംഭാവന വിലപ്പെട്ടതാണ്. അരുമ ശിഷ്യൻ നരേന്ദ്രമോഡി 2014ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ അതിന് ശില പാകിയത് പാർട്ടിയുടെ ലോഹ പുരുഷനാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. മറ്റാരുടേയും പിന്തുണയില്ലാതെ ഭരിക്കാനാവുന്ന ഭൂരിപക്ഷം ബി.ജെ.പിയ്ക്ക് മാത്രമുണ്ടായിരുന്നു. തുടക്കത്തിൽ എൻ.ഡി.എയിലുണ്ടായിരുന്ന എല്ലാ കക്ഷികളുടേയും സംഖ്യ പരിഗണിച്ചാൽ ദുർബല പ്രതിപക്ഷമായിരുന്നു. 
 പെട്ടെന്നൊരു നാൾ പാർട്ടിയങ്ങ് ഭാരതത്തിലെ വലിയ പാർട്ടിയായി മാറിയതല്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യയിലെ ബാബരി മസ്ജിദ് തർക്ക മന്ദിരമാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. എൺപതുകളുടെ പാതി മുതൽ ഇതിനായി കൊണ്ടു പിടിച്ച കാമ്പയിനുകൾ നടത്തി. ശിലാ പൂജയിൽ ദേശ വ്യാപക പങ്കാളിത്തം ഉറപ്പു വരുത്തി. ഇന്ത്യയുടെ ഹൃദയം കീറി മുറിച്ച് വിദ്വേഷത്തിന്റെ വിത്ത് പാകാനുള്ള രഥയാത്ര നടത്തി. ഗുജറാത്തിലെ സോമനാഥിൽ നിന്ന് ഉത്തര പ്രദേശിലെ ഫൈസാബാദിലേക്ക് വിവിധ സംസ്ഥാനങ്ങളിലൂടെയായിരുന്നു എൽ.കെ അദ്വാനിയുടെ രഥമുരുണ്ടത്. ഇതിന് താങ്ങായി പ്രൊഫ. മുരളി മനോഹർ ജോഷിയും മറ്റും ഏകതാ യാത്ര പോലുള്ള പരിപാടികളും സംഘടിപ്പിച്ചു. തെക്കേ അറ്റത്ത് കേരളത്തിലും സംസ്ഥാന അധ്യക്ഷൻ രാമൻ പിള്ള സമാന്തര രഥയാത്ര നടത്തി. ബിഹാറിൽ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് രഥയാത്രയെ തളച്ചിട്ടു. എങ്കിലും സൗഹാർദത്തോടെ കഴിഞ്ഞിരുന്ന വ്യത്യസ്ത സമുദായങ്ങൾ കലഹിച്ച് അതു വഴി പാർട്ടിയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ വേണ്ടതെല്ലാം അദ്വാനി ചെയ്തിരുന്നു. 
1992 ഡിസംബർ 6 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ്. ബാബരി മസ്ജിദ് കർസേവകർ തച്ചുതകർത്തത് മത സൗഹാർദ്ദത്തിനേറ്റ ഏറ്റവും വലിയ പ്രഹരം ആയിരുന്നു. ഇന്ന് ഇന്ത്യ നേരിടുന്ന വർഗീയ ധ്രുവീകരണങ്ങൾക്ക് ശക്തി പകർന്നത് ഈ സംഭവമാണ്. 


ഇതിന് ശേഷമാണ് മുംബൈ, അഹമ്മദാബാദ്, ബറോഡ എന്നിവയുൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ ഭീകരമായ വർഗീയ കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. 
ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്വാനി എന്ന ഉരുക്ക് മനുഷ്യന്റെ ഉദയത്തിന് വഴിവച്ചതും ബാബരി മസ്ജിദ് സംഭവം തന്നെ. എന്നാൽ എൽകെ അദ്വാനിക്ക് ഒരിക്കൽ പോലും രാഷ്ട്രീയ വിജയം നേടാനായില്ലെന്നത് സത്യം. ബിജെപിയിൽ ഏറ്റവും ഭാഗ്യം കെട്ട നേതാവെന്നാണ് എൽകെ അദ്വാനിയെ ചരിത്രം രേഖപ്പെടുത്തുക. അടൽ ബിഹാരി വാജ്‌പേയി എന്ന മൃദു നേതാവിന്റെ സമീപനം ആയിരുന്നില്ല അദ്വാനിയുടേത്. വാജ്‌പേയിക്ക് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത നേതാവാണ് അദ്വാനി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നോക്കുകുത്തികളായി നിന്നപ്പോൾ രാജ്യത്തിന്റെ മതസൗഹാർദ്ദാന്തരീക്ഷം ശിഥിലമാക്കിയാണ് അദ്ദേഹം പന പോലെ പടർന്നു പന്തലിച്ചത്. ബിജെപി ആദ്യമായി ഇന്ത്യയിൽ അധികാരത്തിൽ എത്തുമ്പോൾ പാർട്ടിയിലെ സർവശക്തനായിരുന്നു എൽ.കെ അദ്വാനി. ജനകീയ മുഖമുള്ള അടൽ ബിഹാരി വാജ്‌പേയിക്കായിരുന്നു അന്ന് പ്രധാനമന്ത്രിയാകാനുള്ള നറുക്ക് വീണത്. അതേസമയം, കാത്തിരിക്കാൻ അദ്വാനി തയാറായിരുന്നു. വാജ്‌പേയി ബിജെപിയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയപ്പോൾ അദ്വാനി ആദ്യ ഉപ പ്രധാനമന്ത്രിയായി. കൂടെ ആഭ്യന്തര വകുപ്പിന്റെ ചുമതലയും. 
ഗോദ്ര സംഭവത്തെ തുടർന്നുണ്ടായ ഗുജറാത്ത് കലാപ നാളുകളിൽ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോഡിയെ രാജനീതി മറക്കരുതെന്ന് ഓർമിപ്പിക്കാനെങ്കിലും വാജ്‌പേയിക്ക് സാധിച്ചു. ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യവുമായി 2004ൽ  തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. അങ്ങനെയെങ്കിൽ പ്രധാനമന്ത്രി സ്ഥാനം അദ്വാനിക്ക് ലഭിക്കും എന്നും പ്രതീക്ഷിച്ചു. കണക്കു കൂട്ടലുകളെല്ലാം അസ്ഥാനത്താക്കി  യുപിഎ സർക്കാർ അധികാരത്തിലെത്തി. 14ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി അദ്വാനി. മോഹങ്ങൾ അവസാന നിമിഷം വരെ എന്ന സിനിമാ പാട്ടിനെ ഓർമിപ്പിക്കുന്ന വിധം അടുത്ത തവണയെങ്കിലും അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്.  2008 ആയപ്പോഴേക്ക് അദ്വാനിയുടെ സാധ്യതകൾ വീണ്ടും തെളിഞ്ഞു. 
2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് എൽ.കെ അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ ദേശീയ ജനാധിപത്യ മുന്നണി (എൻഡിഎ) യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് ചേർന്ന മുന്നണി നേതാക്കളുടെ യോഗം അദ്വാനിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാനുള്ള ബിജെപിയുടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. സാധാരണയായി വാജ്‌പേയിയുടെ വസതിയിൽ ചേരാറുള്ള യോഗം പ്രതിപക്ഷ നേതാവ് എൽ.കെ അദ്വാനിയുടെ വസതിയിലാണ് ചേർന്നിരുന്നത്. 
2009 ലെ തിരഞ്ഞെടുപ്പിലും യുപിഎ അധികാരത്തിലെത്തിയപ്പോൾ അദ്വാനിയുടെ പ്രതീക്ഷകൾ വീണ്ടും അസ്ഥാനത്തായി. 2014ൽ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ അതിശക്തമായ എതിർപ്പ് തുടക്കത്തിൽ പ്രകടിപ്പിച്ച ആളായിരുന്നു അദ്വാനി. എതിർപ്പുകൾ ഒന്നും വിലപ്പോയില്ലെന്ന് മാത്രം. ഏറ്റവും ഒടുവിൽ രാഷ്ട്രപതി സ്ഥാനം എൽകെ അദ്വാനിക്ക് നൽകിയേക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. അദ്വാനിയെ അധികാര കേന്ദ്രങ്ങളിൽ നിന്ന് മാറ്റിനിർത്തിയത് നരേന്ദ്ര മോഡി പാർട്ടിയിൽ ശക്തനായതോടെയാണ്. 
ഇത്തവണയും  പാർട്ടിയിലെ ഒരു വിഭാഗം അദ്വാനി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 
അഞ്ച് തവണ തുടർച്ചയായി അദ്വാനി ഗാന്ധിനഗറിൽ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹത്തിന്  സ്ഥാനാർത്ഥിത്വം ലഭിച്ചതുമില്ല, അവിടെ മത്സരിക്കുന്നത് പാർട്ടി അധ്യക്ഷൻ അമിത് ഷായാണ്. അദ്വാനി ബ്ലോഗ് എഴുതിയും തഴയപ്പെട്ട മറ്റൊരു പ്രമുഖ നേതാവ് ജോഷി എതിർപക്ഷവുമായി ചർച്ച നടത്തിയും ചോർന്നു പോകുന്ന കത്തുകളെഴുതിയും കണക്ക് തീർക്കുകയാണിപ്പോൾ. അദ്വാനിയുടെ ബ്ലോഗ് എഴുത്തിനെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സ്വാഗതം ചെയ്തിട്ടുണ്ട്. വിശ്രമ ജീവിതത്തിൽ അദ്വാനിയ്ക്ക് ബാബരി കേസിൽ വീണ്ടും വിചാരണ നേരിടാം.  91 വയസ്സുണ്ട് എൽകെ അദ്വാനിക്ക് ഇപ്പോൾ. 
1996 സെപ്തംബറിൽ ഉഗ്ര പ്രതാപിയായി കഴിഞ്ഞിരുന്ന കാലത്ത് പാർട്ടി പരിപാടിയിൽ സംബന്ധിക്കാൻ എൽ.കെ അദ്വാനി  കോഴിക്കോട് സന്ദർശിച്ചിരുന്നു. പാർട്ടി ചടങ്ങ് കഴിഞ്ഞ് മുതലക്കുളത്തെ മലബാർ പാലസിൽ വിശ്രമിച്ചിരുന്ന അദ്വാനിയെ ചെന്നൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദിനതന്തി ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ദൈ്വവാരികയായ എസൈഡ് മാഗസിന് വേണ്ടി അഭിമുഖം നടത്തിയിരുന്നു. വിസ്തൃതമായ ഇന്ത്യാ രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും കിഴക്കും കീഴടക്കിയ താമര പാർട്ടി നോട്ടമിടുന്നത് തെക്കേ ഇന്ത്യയെയാണെന്നാണ് അദ്ദേഹം അടിവരയിട്ട് പറഞ്ഞത്. 
മേഖലയിലെ ജനപിന്തുണയുള്ള കക്ഷികളുമായി ഇതിനായി ധാരണയുണ്ടാക്കുമെന്നും ഉരുക്കുമനുഷ്യൻ വ്യക്തമാക്കി. പാർട്ടിക്കാർക്ക് വേണ്ടാതായി 'തെക്കോട്ട് എടുക്കാൻ' പാകത്തിൽ നിൽക്കുമ്പോൾ ഇത്തവണ തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്തും അദ്വാനി അധ്വാനിച്ചുണ്ടാക്കിയ പാർട്ടി നിലം തൊടില്ലെന്നാണ് സൂചനകൾ.