Sunday , May   19, 2019
Sunday , May   19, 2019

തെരഞ്ഞെടുപ്പ്കാല വികൃതികൾ

'വികൃതിയായ നാവ് വല്ലതുമൊക്കെ വിളിച്ചു പറയുന്നു, നിരപരാധിയായ കരണക്കുറ്റി അതിന്റെ ഫലമനുഭവിക്കുന്നു' എന്നൊരു പ്രാചീന ഹിന്ദി കവിതാ (ദോഹ) ഭാഗമുണ്ട്. ഇലക്ഷൻ കാലത്ത് വളരെ പ്രസക്തമാണ് സംഗതി. ആവേശംമൂത്ത് യോഗി ആദിത്യനാഥും മേനകാഗാന്ധിയും വിളിച്ചുപറഞ്ഞതെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ കേട്ടു. കമ്മീഷന് ഈയിടെയായി ഉറക്കമില്ല. മായാവതിയുടെ ന്യൂനപക്ഷപ്രേമവും കേട്ടു. അസംഖാന് ജയപ്രദ എന്ന നടി ധരിക്കുന്നത് കാക്കി അണ്ടർവെയർ ആണെന്ന സത്യമാണ് തൊഴിലില്ലായ്മയും ദാരിദ്ര്യവുമുള്ളവരുടെ മുന്നിൽ അവതിപ്പിക്കാനുണ്ടായിരുന്നത്. രണ്ടുംമൂന്നും ദിവസത്തേക്ക് വായ തുന്നിക്കെട്ടി പൂട്ടിട്ടുമുറുക്കി താക്കോലും കൊണ്ട് കമ്മീഷൻ നടന്നു. അവർ കേരളത്തിൽ എന്തു ചെയ്യുമെന്നാണ് ലോക ചാനലുകളും ഗോസിപ്പ് എഴുത്തുകാരും പാപ്പരാസികളും ഉറ്റുനോക്കുന്നത്. രാഷ്ട്രീയ മന്നന്മാരും മല്ലന്മാരും വാണിരുന്ന, വെറുതേയിരുന്ന് കാപ്പിയും അണ്ടിപ്പരിപ്പും കഴിച്ചിരുന്ന, കസേരയിലിരുന്നാണ് ഇടതുമുന്നണി കൺവീനർ വിജയരാഘവൻ രമ്യാ ഹരിദാസ് എന്ന സ്ഥാനാർഥിയെ പരിഹസിച്ചത്. ഗുലുമാലാകുമെന്ന് പാവം നിനച്ചിരിക്കുകയില്ല. എമ്മെല്ലേ ക്വാർട്ടേഴ്‌സിലും എ.കെ.ജി സെന്ററിലുമൊക്കെ തങ്ങി പകൽ സമയം സെക്രട്ടറിയേറ്റ് നടയിലൂടെ കാറ്റുകൊണ്ടു നടക്കുന്നത്ര ലാഘവത്തോടെയാണ് രമ്യയെ കളിയാക്കിയത്. ജയിച്ചാൽ ആലത്തൂരിൽ പുതിയ ചരിത്രം രചിക്കാൻ പോന്നവളാണ് ദളിത് യുവതി രമ്യ. തോറ്റാലോ, പാട്ടും കഥാപ്രസംഗവും നടത്താനുള്ള വിദ്യ കൈവശമുണ്ട്. വിജയരാഘവന്റെ നാക്ക് വികൃതിയായിപ്പോയി.
നല്ല പ്രായത്തിൽ എം.വി. രാഘവനെപ്പോലുള്ള വമ്പൻ നേതാക്കൾ പ്രോത്സാഹിപ്പിച്ചു വളർത്തിയതാണ് സഖാവ് ശ്രീമതിയുടെ രാഷ്ട്രീയ ബോധം. അന്നത്തെ കുമാരി ശ്രീമതി ഇന്നു ശ്രീമതി മുത്തശ്ശിയാണല്ലോ. അവരോടാണ് കണ്ണൂരിലെ എതിരാളി കെ. സുധാകരന്റെ കളി!  'ഓളെ പഠിപ്പിച്ചു വല്യാളാക്കിയതു പാഴായി' എന്നു പോസ്റ്റിട്ടാലും പോസ്റ്റർ പതിച്ചാലും നോട്ടീസ് ഇറക്കിയാലും അതു ശ്രീമതി മുത്തശ്ശിക്കു തന്നെ കൊള്ളും. അവരും കമ്മീഷനെ അഗ്നികോണിൽ നിന്നും ദൃഷ്ടി ചെയ്യുന്നതായാണ് ജ്യോത്സ്യരുടെ വിവരം. ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നാട്ടുകാർക്കു കിടക്കപ്പൊറുതി ഉണ്ടാകുന്ന ലക്ഷണമില്ല.

*** *** ***
തിരുവന്തോരത്ത് തരൂർജിയുടെ തലയിൽ ത്രാസ് പൊട്ടി വീണ സംഭവം പ്രഥമദൃഷ്ട്യാ ചിരിക്കാനുള്ള വകയായിരിക്കാം. ആരെങ്കിലുമൊരു വഴിപോക്കൻ പഴത്തൊലിയിൽ ചവുട്ടി തെന്നിവീണാലും കാഴ്ചക്കാർ ആദ്യം ചിരിച്ചുപോകും, അറിയാതെയുള്ള വികാരം. കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നതോടെ ചിരി മായും. തരൂർജിക്കു പിറന്നാൾ ദിവസം ഇങ്ങനെ ഒരു തുലാഭാരം നടത്തണമെന്നു തോന്നിയതുതന്നെ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായാണ് എന്നാർക്കുമറിയാം. കൂട്ടിനുപോയ എമ്മെല്ലേയുടെയും ഖദർ പരിവാരങ്ങളുടെയും മനസ്സിലിരുപ്പാണ് അറിയാൻ കഴിയാത്തത്. ഒരു അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് സ്ഥാനാർഥിയും മദറും ആഗ്രഹിച്ചുവെങ്കിൽ തെറ്റില്ല. മൂന്നാമതും തരൂർ ജയിക്കുന്നത് കുമ്മനം ചേട്ടനെയും ദിവാകരൻ സഖാവിനെയുംകാൾ വേദനിപ്പിക്കുന്നത് പുര നിറഞ്ഞുനിൽക്കുന്ന കോൺഗ്രസുകാരെ തന്നെയാണ്. പെട്രോൾ ബങ്കും, ഹൈമാസ്റ്റ് ലൈറ്റും, ബസ് വെയിറ്റിംഗ് ഷെഡ്ഡുമൊക്കെ സംഘടിപ്പിച്ചു വേണം അടുത്ത തലമുറയ്ക്ക് നാലു 'പുത്തൻ' സമ്പാദിക്കാൻ. തരൂർ തുലാസിലിരിക്കുമ്പോൾ അടുത്ത തട്ടിൽ പഞ്ചസാരച്ചാക്കുകൾ ഒന്നൊന്നായി എടുത്തുവെച്ച്, ഓവർ ലോഡായിട്ടു, പിടിച്ച് ഊഞ്ഞാലാടുന്നതുപോലെ അപ്പ് ആൻ ഡൗൺ കളിക്കുകയും ചെയ്ത യൂത്തും മൂത്തതുമായ ഖദർവാലകൾ അന്നേരം പാർക്കിലെ കുട്ടികൾക്കു 'സീ- സാ' കളിയാവും ഓർത്തത്. തലയിൽ ഇരുമ്പുദണ്ഡു വീണപ്പോഴുള്ള വേദന അവർക്കറിയില്ലല്ലോ. അതിനെ സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയോ അട്ടിമറിയോ ലേശമെങ്കിലും ഉണ്ടെങ്കിൽ തിരക്കഥ മാറും. സാധ്യത ഇങ്ങനെയാണ്: തരൂർ തന്റെ ചിഹ്നമായ കൈപ്പത്തി ജുബയുടെ കൈ സഹിതം പൊക്കി വീശുന്നു. ത്രാസിന്റെ ഒരു തട്ടിൽ ഇരിക്കുന്നു. ഭാവിയിൽ സീറ്റു മോഹിക്കുന്ന പലരും കൈക്കൂപ്പി മുകളിലേക്കു നോക്കി പ്രാർഥിക്കുന്നു. മറ്റേ തട്ടിൽ ശക്തിയോടെ ചിലർ ആട്ടുന്നു. ചിലർ ശാസ്താംകോട്ടയിലെ കുരങ്ങന്മാരെ പോലെ ചങ്ങലയിൽ പിടിച്ചു തൂങ്ങുന്നു. ഭാരം താങ്ങാൻ വെച്ചിരുന്ന സ്റ്റൂൾ ഒരു സ്ഥാനമോഹി എടുത്തു മാറ്റുന്നു. വീണ്ടും കണ്ണടച്ചു പ്രാർഥന തന്നെ. പിന്നെങ്ങനെ ത്രാസ് പൊട്ടി വീഴാതിരിക്കും? അട്ടിമറി സാധ്യത ഇങ്ങനെ: മൂന്നാം വട്ടവും തരൂർ മത്സരിക്കുന്നു. 'ഹാട്രിക് വിജയം' അടിച്ചോണ്ടു പോകാൻ തലസ്ഥാനവാസികൾ അത്ര മന്ദന്മാരൊന്നുമല്ല. കുമ്മനം എത്തും മുമ്പേ അമ്മൻകോവിലിൽ കടന്ന തരൂരിനെ നിലം പരിശാക്കിയാൽ ചെറിയ പ്രതീക്ഷയുണ്ട്. നല്ലൊരു ഗവർണർ സ്ഥാനം കളഞ്ഞിട്ടാണ് ഇവിടേക്കെത്തിയത്. ജന്മദേശത്താണെങ്കിൽ ഒരു വാർഡിൽ പോലും മത്സരിച്ചാൽ രണ്ടു ജന്മം കഴിഞ്ഞേ ജയിക്കാനാവൂ. അതുകൊണ്ട് ഏതെങ്കിലും 'കൂടോത്രം' വല്ലതും ചെയ്തിട്ടുണ്ടാകുമോ? പരസ്യമായി ദേവലായങ്ങളിൽ ചെന്നു കുമ്പിടുന്ന പതിവില്ലെങ്കിലും തെരഞ്ഞെടുപ്പുകാലത്ത് ചില വിട്ടുവീഴ്ചകൾക്കൊക്കെ തയാറുള്ള പാർട്ടിയുടെ സ്ഥാനാർഥിയാണ് ദിവാകരൻ സഖാവ്. നേരിട്ടുള്ള സായുധ വിപ്ലവം 1948-ൽ തന്നെ അവസാനിപ്പിച്ചതാണ്. പകരം അസാരം 'ഒടിയൻ വിദ്യ' പ്രയോഗിക്കാൻ മടിക്കേണ്ടതില്ല. അടവുനയത്തിന്റെ അക്കൗണ്ടിൽ എഴുതാം. അത്തരം വല്ല അട്ടിമറിയും അമ്പലത്തിനകത്തു കടന്നുകൂടി ഉത്തരത്തിൽ കയറിയിരുന്നു നിർവഹിക്കുന്നതിനുള്ള സാധ്യതയും അന്വേഷണ പരിധിയിൽ വരണം. എങ്കിലേ, സത്യം പുറത്തുവരൂ. ഏതായാലും കണ്ണേറ്, നാവേറ്, വായ്‌നാറ്റം, മുട്ടയേറ് തുടങ്ങിവയ്‌ക്കൊക്കെ ജീവൻ വെക്കുന്ന കാലമാണ് തെരഞ്ഞെടുപ്പ്. തരൂർജിയുടെ സൗന്ദര്യം ആരെയും എന്തു സാഹസത്തിനും പ്രേരിപ്പിക്കും. പണ്ട് സുകുമാർ അഴീക്കോടു മാഷ് പറഞ്ഞതിൽ കാര്യമില്ലാതില്ല:- ശശി തരൂർ ടി.വി സീരിയലിലോ മറ്റോ ശ്രീരാമനായി വേഷം കെട്ടാൻ പോകുന്നതാണ് നന്ന്. തുലാസ് വീഴില്ലായിരിക്കും.

*** *** ***
അനുഗൃഹീതമാണ് കോൺഗ്രസ്, ഉണ്ണിത്താന്റെ സ്ഥാനാർഥിത്വംകൊണ്ട്, ഇത്രയേറെ സാഹസികനും ത്യാഗസമ്പന്നനുമായ ഒരു നേതാവിനെ കോൺഗ്രസിലോ മറ്റു കക്ഷികളിലോ കണികാണാൻ കിട്ടുകയില്ല. തിരുവനന്തപുരത്ത് മൊബൈലിൽ പാട്ടുകേട്ടിരിക്കുന്ന സമയത്താണ് ദില്ലയിൽനിന്നുള്ള ഹൈക്കമാന്റിന്റേതാണെന്നു പറയപ്പെടുന്ന ഒരു വിളി വന്നത്. പിന്നൊന്നും ആലോചിച്ചില്ല, പെട്ടിയും കിടക്കയുമെടുത്ത് നേരേ റെയിൽവേ സ്റ്റേഷനിലേക്ക്. കാസർകോട്ടു വണ്ടിയിറങ്ങി നോമിനേഷൻ കൊടുത്തു. ആദ്യ ദിവസം ഉച്ചയൂണിന്റെ കാര്യത്തിൽ കോൺഗ്രസുകാർ വഞ്ചിച്ചുവെങ്കിലും, തുടർന്നങ്ങോട്ട് ഇന്നുവരെ ഒന്നിനും ഒരു കുറവുമുണ്ടായിട്ടില്ല. 'കൊല്ലം കണ്ടവനില്ലം വേണ്ട'  എന്നു പറഞ്ഞതുപോലെ, ഉണ്ണിത്താൻജി വടക്കേയറ്റത്തു ചുറ്റിയടിച്ചു നടപ്പാണ്. ഹൈക്കമാന്റിന് ആ വിവരം അറിഞ്ഞപ്പോഴാണ് അബദ്ധം പറ്റിയെന്നു മനസ്സിലായത്. ഇത്രയും ഉശിരുള്ള സ്ഥാനാർഥിയാണെന്നു മുമ്പേ അറിഞ്ഞിരുന്നെങ്കിൽ ഗാന്ധിനഗറിലോ വരാണസിയിലോ അയച്ചു മത്സരിപ്പിക്കാമായിരുന്നു. വേണ്ടി വന്നാൽ രണ്ടിടത്തും നോമിനേഷൻ നൽകാമായിരുന്നു. ആ ഷാജിയും മോഡിജിയും കുറേയേറെ വെള്ളം കുടിക്കുന്നതു കാണാമായിരുന്നു. ഹിമാലയം മുതൽ കന്യാകുമാരി വരെ ഓടി നടക്കാൻ കഴിവുള്ള സ്ഥാനാർഥികൾ മറ്റു പാർട്ടികളിൽ പോലും ഇല്ല എന്നാണ് സർവേ ശാസ്ത്രകാരന്മാർ പറയുന്നത്. തോറ്റാലും ജയിച്ചാലും ഒരു ശോഭനമായ ഭാവി ഉണ്ണിത്താനെ കാത്തിരിക്കുന്നു.

*** *** ***
മാർക്‌സിസറ്റ് പാർട്ടിക്കെതിരായി താൻ കമാന്ന് ഒരക്ഷരം മിണ്ടുകയില്ലെന്നു രാഹുൽ പ്രഖ്യാപിച്ചതു നന്നായി. കുറേക്കാലമായി കണ്ണൂരിൽ ആ പാർട്ടി വീരാളിപ്പെട്ടും കെട്ടി നടത്തിപ്പോരുന്ന തേർവാഴ്ചകൾ കെ.കെ. രമ വഴിയാണോ അങ്ങോർ- മനസ്സിലാക്കിയതെന്നറിയില്ല. ഏതായാലും രാഷ്ട്രീയ ചർച്ചകൾ പോലും കോൺഗ്രസ് പ്രസിഡന്റ് ഹെലികോപ്ടറിൽ വെച്ചു മാത്രമേ ഇപ്പോൾ നടത്താറുള്ളൂ. റെസ്റ്റ്ഹൗസ്, ഫൈവ് സ്റ്റാർ ഹോട്ടലുകൾ എന്നിവയൊക്കെ സി.പി.എമ്മുകാരെയും സംഘ്പരിവാറുകാരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 
എപ്പോൾ രാഹുലിന്റെ ഹെലികോപ്ടർ മുറ്റത്തു വന്നു ലാന്റ് ചെയ്യുമെന്നു നോക്കി ഊണും കഴിച്ചു തയാറെടുത്ത് ഇരുപ്പാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും വേണുഗോപാലും. ഉമ്മൻചാണ്ടിക്ക് തൽക്കാലം ഹെലികോപ്ടറിൽ ഇടിച്ചുകയറാൻ താൽപര്യമില്ലത്രേ.

Latest News