Sunday , May   19, 2019
Sunday , May   19, 2019

മലബാറിനോടുള്ള അവഗണനക്ക് അന്ത്യം വേണം

കാസർകോട് സ്വദേശിയായ 15 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് ആംബുലൻസ് തിരുവനന്തപുരത്തേക്കു പുറപ്പെട്ടതും ഇടയ്ക്ക് സർക്കാർ ഇടപെട്ട് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം അമൃതയിലേക്ക് കുഞ്ഞിനെ കൊണ്ടുപോയതുമായിരുന്നല്ലോ തെരഞ്ഞെടുപ്പു കോലാഹലങ്ങൾക്കിടയിൽ പോലും പോയ ദിവസത്തെ പ്രധാന വാർത്ത. ട്രാഫിക് എന്ന ഹിറ്റ് സിനിമക്കുശേഷമാണ് ഇത്തരം സംഭവങ്ങൾ വൻവാർത്തകളായി തീരുന്നതും ആംബുലൻസിന്റെ യാത്രക്ക് ജനങ്ങൾ എല്ലാവരും സഹകരിക്കുന്നതും. അതേസമയം കാതലായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നതേയില്ല. 
ഒരു ഹൃദയ ശസ്ത്രക്രിയക്കായി കേരളത്തിന്റെ വടക്കെ അറ്റത്തുനിന്നും തെക്കെ അറ്റംവരെ പോകേണ്ട അവസ്ഥയും അതിനായി ഒരു എയർ ആംബുലൻസ് പോലുമില്ലാതെ റോഡിനെ തന്നെ ആശ്രയിക്കേണ്ടിവരുന്നതും. ചികിത്സാരംഗത്തുമാത്രമല്ല, മിക്കവാറും എല്ലാ രംഗത്തും മലബാറിൽ ഇപ്പോൾ പോലും നിലനിൽക്കുന്നത് വലിയ പിന്നോക്കാവസ്ഥയാണെന്ന വിഷയം ഈ തെരഞ്ഞെടുപ്പുവേളയിൽ പോലും, രാഹുൽ ഗാന്ധി മലബാറിൽനിന്നു മത്സരിക്കുമ്പോൾ പോലും ചർച്ചയാകുന്നില്ല. അതാണ് ഏറ്റവും വലിയ ദുരന്തം. 
കേരള രൂപീകരണം മുതലേ നിലനിൽക്കുന്ന വിഷയമാണ് മലബാറിന്റെ പിന്നോക്കാവസ്ഥയും അതിനോടുള്ള അവഗണനയും. ഇ.എം.എസ് സർക്കാർ മലപ്പുറം ജില്ല രൂപീകരിച്ചത് ഈ വിഷയത്തിൽ ചെറിയൊരു മാറ്റമുണ്ടാക്കാൻ സഹായിച്ചു എന്നത് ശരിയാണ്. എന്നാൽ ആത്യന്തികമായി ഇത്തരമൊരു പ്രശ്‌നം നിലനിൽക്കുന്നു എന്നംഗീകരിച്ച് അതിനെ മറികടക്കാനുള്ള നീക്കം ഇന്നോളം ഭരിച്ച ആരുടേയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മറിച്ച് സാമുദായികവും രാഷ്ട്രീയവുമായി കാരണങ്ങളാൽ മലബാറിന് കൂടുതൽ ആനുകൂല്യം നൽകുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് പലരും ഉന്നയിച്ചത്. ഇപ്പോഴും ഉന്നയിക്കുന്നത്.
ജനസംഖ്യയുടേയും വിസ്തൃതിയുടേയും കാര്യത്തിൽ കേരളത്തിന്റെ പകുതിയോളം വരുന്ന പ്രദേശമാണ് മലബാർ. ചരിത്രപരമായ കാരണങ്ങളാൽ ഐക്യകേരളം രൂപീകരിക്കപ്പെടുമ്പോൾ തന്നെ ഈ പ്രദേശം തിരുകൊച്ചിയേക്കാൾ വളരെ പുറകിലായിരുന്നു. എന്നാൽ 63 വർഷത്തിനുശേഷവും അത്തരമൊരവസ്ഥക്കുമാറ്റം വരുത്താൻ ജനാധിപത്യസർക്കാരുകൾ തയ്യാറായില്ല എ്ന്നതാണ് പ്രശ്‌നം. തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നുള്ള ദൂരം കൂടുംതോറും വികസനം കുറവുമതി എന്ന ചിന്തയാണെന്നു തോന്നുന്നു അധികൃതരെ എന്നും നയിച്ചത്. എൻഡോസൾഫാന്റെ പേരിൽ മാത്രം മാധ്യമങ്ങളിൽ നിറയാനുള്ള അവസ്ഥ കാസർഗോഡിനുണ്ടായത് അങ്ങനെയായിരിക്കാം. ജനസംഖ്യയുടേയും വിസ്തൃതിയുടേയും കാര്യത്തിൽ ചെറിയ അന്തരമേ ഉള്ളു എങ്കിലും വികസനത്തിന്റെ ഏതുമാനദണ്ഡത്തിലും തിരുകൊച്ചിയും മലബാറും തമ്മിലുള്ള അന്തരം എത്രയോ ഭീമമാണ്. 2013ലെ കണക്കനുസരിച്ച് കേരളത്തിലെ 21 കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ 2 എണ്ണമാണ് മലബാറിലുള്ളത്. കേരളവ്യവസായ വകുപ്പിനു കീവിലുള്ള 62ൽ മലബാറിലുള്ളത് 14 എണ്ണം. കേന്ദ്ര - സംസ്ഥാന സംയുക്തസംരംഭ്ങ്ങളായ 11ൽ ഒന്നുമാത്രം. കയർ, കൈത്തറി, ഖാദി, കശുവണ്ടി തടങ്ങിയ പരമ്പരാഗത മേഖലാ വ്യവസായങ്ങളിൽ മലബാറിലുള്ളത് 25 ശതമാനത്തിൽ കുറവ്. ചെറുകിടവ്യവസായങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കിൻഫ്ര, സിഡ്‌കോ തുടങ്ങിയ ഏജൻസികളും ഈ വിവേചനം നിലനിർത്തുന്നു. വ്യവസായികേ മേഖലയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തിലും ഈ അന്തരം കാണാം.
വാസ്തവത്തിൽ സ്വാതന്ത്ര്യത്തിനു മുമ്പ് നിരവധി പരമ്പരാഗത വ്യവസായങ്ങളുടേയും ശക്തമായ സാന്നിധ്യം മലബാറിലുണ്ടായിരുന്നു. അവിടെ നിന്ന് വ്യാപകമായി കയറ്റുമതിയും നടന്നിരുന്നു. എന്നാൽ പിന്നീട് ബേപ്പൂരടക്കമുള്ള തുറമുഖത്തിന്റെ വികസനം നടക്കാതിരിക്കുകയും വികസനം കൊച്ചിയിൽ കേന്ദ്രീകരിക്കുകയും ചെയ്തത് ഈ മേഖലയെ പിന്നോട്ടടിപ്പിച്ചു. വൈദ്യുതിയുടെ ലഭ്യതയും പ്രശ്‌നമായിരുന്നു. ഐടിയെപോലുള്ള നവീന വ്യവസായങ്ങൾ വികസിപ്പിക്കാനുള്ള ശ്രമം നടന്നില്ല. ടൂറിസത്തിനും അർഹമായ പിന്തുണ സർക്കാരിൽ നിന്ന് ലഭിച്ചില്ല. ഇതിന്റെയെല്ലാം അന്തിമഫലം ഇരുമേഖലയിലേയും പ്രതിശീർഷവരുമാനത്തിൽ പ്രകടമാണുതാനും.
കാർഷിക, സാമ്പത്തിക, വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാംസ്‌കാരിക, കായിക, ഗതാഗത മേഖലകളിലെല്ലാം ഈ അന്തരം പ്രകടമാണ്. ഓരോ മേഖലയുമായും ബന്ധപ്പെട്ടും നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുമുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആധുനിക ആശുപത്രികളുടേയും വാഹനവർദ്ധനക്കനുസൃതമായ നിരത്തുകളുടേയും ജലസേചനപദ്ധതികളുടേയും കലാ - കായിക വികസനത്തിനുള്ള സൗകര്യങ്ങളുടേയും അപര്യാപ്ത ഒറ്റനോട്ടത്തിൽ തന്നെ പ്രകടമാണ്. റെയിൽവേ വികസനത്തിന്റെ കാര്യം പറയാനുമില്ല. സർക്കാർ ജോലികളിലെ പ്രാതിനിധ്യത്തിലും മലബാറിന്റെ അവസ്ഥ വളരെ മോശമാണ്. തിരുകൊച്ചിയിൽ നിന്നുള്ളവരാണ് ഇവിടത്തെ കൂടുതൽ ഉദ്യോഗസ്ഥരും. മലബാറിന്റെ വികസനത്തോട് അവർക്കൊരു താൽപ്പര്യവുമില്ല എന്ന ആരോപണം ശക്തമാണ്. കാസർകോടും മറ്റും ഈ അവസ്ഥ വളരെ രൂക്ഷമാണ്. സാമൂഹ്യക്ഷേമപദ്ധതികളുടെ കാര്യം പറയാനുമില്ല. 
മലബാറിൽ അൽപ്പം വികസനം നേടിയെന്നു പറയപ്പെടുന്ന കോഴിക്കോടിന്റെ അവസ്ഥ പോലും തിരുകൊച്ചിയിലെ മിക്കവാറും എല്ലാ ജില്ലകളേക്കാളും പിറകിലാണ്. പാലക്കാട് കാർഷികമേഖല തകർച്ചയിലാണ്. കുടിവെള്ളത്തിന്റെ അവസ്ഥ മഹാമോശം. ആദിവാസി മേഖലയായ അട്ടപ്പാടിയിൽ ശിശുമരണം പോലും നടക്കുന്നു. തമിഴ് നാട് അതിർത്തിയോട് ചേർന്ന മേഖലകളും വളരെയധികം അവികിസിതാവസ്ഥയിലാണ്. അയിത്തം പോലും നിലവിലുള്ള പ്രദേശങ്ങൾ ഇവിടെയുണ്ട്. മറുവശത്ത് ഒരുവിധ തീവ്രവാദപ്രവർത്തനത്തിനും തെളിവില്ലാതിരുന്നിട്ടും മലപ്പുറത്തുകാരെ തീവ്രവാദികളായി ആക്ഷേപിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പ്രവാസികളിൽ നിന്ന് നിരവധി പണമെത്തുമ്പോളും അത് നാടിന്റെ വികസനത്തിനുതകുന്നില്ല. ചെറുപ്പക്കാർ മിക്കവരും വളരെ നേരത്തെ ഗൾഫിൽ പോകുന്നതിൽ വിദ്യാഭ്യാസരംഗത്തും ഉന്നതസ്ഥാനങ്ങളിലും സർക്കാർ ജോലികളിലും അവരുടെ സാന്നിധ്യം കുറവാണ്. അധികൃതരുടെ അവഗണനമൂലം കരിപ്പൂർ വിമാനത്താവളം തകർച്ചയുടെ വക്കിലാണ്.
വയനാടാകട്ടെ സംസ്ഥാനത്തുതന്നെ ഏറ്റവും പിറകിൽ നിൽക്കുന്ന അവസ്ഥയാണ്. ഇവിടത്തെ ആദിവാസികളുടേയും കർഷകരുടേയും ജീവിത ഇപ്പോളും നരകതുല്ല്യമാണ്. എത്രയോ കർഷകർ ഇതിനകം ആത്മഹത്യ ചെയ്തു. മികച്ച ചികിത്സക്ക് കോഴിക്കോട് വരേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. വിദ്യാഭ്യാസ - വ്യവസായ മേഖലകളെല്ലാം പിറകിൽ തന്നെ. സംസ്ഥാനത്തെ നിയന്ത്രിക്കുന്ന നേതാക്കളുടെ നാടായിട്ടും കണ്ണൂർ വാർത്തകളിൽ നിറയുന്നത് രാഷ്ട്രീയ കൊലകളുടെ പേരിൽ. കൈത്തറി, ബേക്കറി, സർക്കസ്, കളരി, ബീഡി, മത്സ്യം തുടങ്ങി കണ്ണൂരിന്റെ സ്വന്തം മേഖലകളെല്ലാം തകർച്ചയിൽ തന്നെ. പുതിയ വിമാനത്താവളമാണ് ഇനിയത്തെ പ്രതീക്ഷ. കാസർകോട്ടുകാർക്കാണെങ്കിൽ എന്തു കാര്യത്തിനും മംഗലാപുരത്തുപോണം. ഇവിടത്തെ കന്നഡ ന്യൂനപക്ഷത്തിന്റെ കാര്യം പറയാനുമില്ല.
മലബാർ വികസനത്തിന്റെ വിഷയം കേരളത്തിന്റെ മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങി അധികകാലമായില്ല. ചേംബർ ഓഫ് കോമേസും റെയിൽവേ പാസഞ്ചേഴ്‌സ് അസോ സിയേഷനും മറ്റുമാണ് ആദ്യകാലത്ത് ഈ വിഷയം ഉന്നയിച്ചത്. മഅ്ദനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട പിഡിപിയാണ് വിഷയത്തെ രാഷ്ട്രീയമായി അവതരിപ്പിച്ചത്.  മുസ്‌ലിംലീഗിനെ പോലെ അധികാരത്തിൽ ശക്തമായ രാഷ്ട്രീയപ്രസ്ഥാനം ഈ വിവേചനത്തെ ഗൗരവത്തിൽ അഭിമുഖീകരിക്കാൻ ഒരിക്കലും തയ്യാറായിട്ടില്ല. പിന്നീട് സോളിഡാരിറ്റിയാണ് ഈ വിഷയത്തെ ആധികാരികമായി പഠിച്ച് കേരളീയസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത്. തുടർന്ന് എസ്ഡിപിഐ, സിപിഐ, സിഎംപി പോലുള്ള സംഘടനകളും രംഗത്തിറങ്ങി. ഇനിയും വിഷയത്തെ അഭിമുഖീകരിക്കാതെ സാധ്യമല്ലെന്നു മനസ്സിലായ ലീഗും സിപിഎമ്മും വിഷയത്തിൽ ഇടപെട്ടെങ്കിലും ഇതുവരെയും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.  ഫോറം ഫോർ മലബാർ റൈറ്റ്‌സ് എന്ന പൊതുവേദി ഈ വിഷയം സജീവമായി ഉന്നയിക്കുന്നുണ്ട്. 
എന്തായാലും ഏറ്റവും പ്രസക്തമായ ഈ വിഷയത്തെ കേരളം ഇനിയെങ്കിലും അഭിമുഖീകരിച്ചേ പറ്റൂ. ഒപ്പം കൃത്യമായ നടപടികളും ആരംഭിക്കണം. അതിന്റെ ആദ്യഘട്ടമെന്ന നിലയിൽ സെക്രട്ടറിയേറ്റ് അനക്സ്, ഹൈക്കോടതി ബെഞ്ച്, മന്ത്രിമാരുടെ ഓഫീസുകൾ തുടങ്ങി പ്രധാനപ്പെട്ട ഭരണകൂട സ്ഥാപനങ്ങളെല്ലാം മലബാറിൽ വേണം.
ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളും മികച്ച ആശുപത്രികളും വ്യവസായ സ്ഥാപനങ്ങളും (എല്ലാം ജനങ്ങളെ കൊള്ളയടിക്കാത്തതും പരിസ്ഥിതി സൗഹൃദവും ആയിരിക്കണം) മറ്റു സൗകര്യങ്ങളും വേണം. തീവണ്ടി സൗകര്യം കൂട്ടണം. തുടർന്ന് സാമൂഹ്യരേഗത്തെ സമസ്തമേഖലകളിലും മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. 
കക്ഷിരാഷ്ട്രീയ - മത താൽപ്പര്യങ്ങൾ മാറ്റിവെച്ച് അതിനായി കേരളം രംഗത്തിറങ്ങുമോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.