Sunday , May   19, 2019
Sunday , May   19, 2019

വർഗീയ കാർഡിറക്കുന്ന സംഘ്പരിവാർ

ആർ.എസ്.എസ് പ്രവർത്തകർ നൽകിയ ഹർജികളിൽ 12 വർഷക്കാലത്തെ നിയമനടപടികൾക്ക് ശേഷം രാജ്യത്തെ പരമോന്നത കോടതിയാണ് ശബരിമല സ്ത്രീ പ്രവേശ അനുകൂല വിധി പ്രസ്താവിച്ചത്. ആർഎസ്എസും പുരോഹിത, ആചാര്യ സമൂഹവും കേരളത്തിലെ ബിജെപിയും കോൺഗ്രസും തുടങ്ങി സർവരും അതിനെ സ്വാഗതം ചെയ്തു. ചെറിയൊരു കോണിൽ നിന്നുടലെടുത്ത പ്രതിഷേധത്തെ വർഗീയമായി മുതലെടുക്കാനാവുമെന്ന സംഘ്പരിവാർ കണ്ടെത്തലാണ് സംസ്‌കാര സമ്പന്നമായ കേരളത്തെ തമ്മിലടിപ്പിച്ചത്. 
തെരഞ്ഞെടുപ്പിൽ ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണത്തിനായി ശബരിമലയുടെ പേരിൽ വർഗീയ കാർഡിറക്കാൻ തന്നെയാണ് സംഘപരിവാറിന്റെ ആഹ്വാനം. പ്രധാനമന്ത്രി നരേന്ദ്രമോഡി മുതൽ സകലരും ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രേരണ നൽകുന്നു. ശബരിമലയല്ലാതെ കേരളത്തിൽ മറ്റൊരു വിശേഷവുമില്ലെന്ന് മോഡി തുറന്നു സമ്മതിക്കുമ്പോൾ അവർ ഭയക്കുന്നത് മതേതര മുന്നേറ്റത്തെയാണെന്ന് വ്യക്തം. പാർലമെന്റ് തെരഞ്ഞെടുപ്പ് ലാക്കാക്കി കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഒരു ഇടപെടലും നടത്തിയില്ല. സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന ഔദ്യോഗിക വിശദീകരണമാണ് കേന്ദ്രം നൽകിയത്. പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ ശബരിമലയിലെത്തുന്ന വിശ്വാസികളുടെ സുരക്ഷക്കായി നിരോധനാജ്ഞ അടക്കം നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരാണ് നിർദ്ദേശം വെച്ചത്. വിധിയെ ന്യായീകരിച്ച ആർ.എസ്.എസ് നേതാവാണ് പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥി. ബി.ജെ.പിയുടെ മുതിർന്ന ദേശീയ നേതാക്കളെല്ലാം സുപ്രീം കോടതിയുടെ വിധിയെ അനുകൂലിച്ചു. വിധിയുടെ പശ്ചാത്തലത്തിൽ പ്രമുഖ സ്ത്രീപക്ഷ വാദിയും ആർഎസ്എസ് പ്രവർത്തകയുമായ തൃപ്തി ദേശായി മലകയറാനെത്തി സംഘ്പരിവാർ സമരങ്ങൾക്ക് ശക്തിപകർന്നു. കൊച്ചുമകൾക്ക് ചോറുനൽകാനെത്തിയ വൃദ്ധയെ നാളികേരമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം വരെയുണ്ടായി.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഏതൊരു സർക്കാരും ചെയ്യേണ്ട ഉത്തരവാദിത്തമാണത്. എന്നാൽ കേരളത്തിൽ അയ്യപ്പന്റെ പേരുപറഞ്ഞാൽ പോലീസ് അറസ്റ്റുചെയ്യുകയാണെന്നാണ് ഇപ്പോൾ പ്രധാനമന്ത്രി തെരഞ്ഞെടുപ്പുവേദികളിൽ പ്രപരിപ്പിക്കുന്നത്. ഇത് രാജ്യത്തെ ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കുന്നതിനും കേരളത്തിൽ വീണ്ടും കലാപങ്ങൾ സൃഷ്ടിക്കാനും വേണ്ടിയുള്ളതാണ്. മേടമാസത്തിലെ വിഷുപൂജകൾക്കായി ശബരിമല സജീവമാകുന്ന ഘട്ടത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കാനാവുമോ എന്നുപോലും പ്രധാനമന്ത്രിയും സംഘ് പരിവാറും ശ്രമിക്കുകയാണ്. ഇന്നു പുലർച്ചെ നാലു മുതൽ ഏഴു വരെയാണ് ശബരിമലയിൽ വിഷുക്കണി ദർശനം. ഇവിടേക്ക് സ്ത്രീകളെ വിടുന്നതിന് ശ്രമങ്ങളുണ്ടെന്ന് സോഷ്യൽ മീഡിയകളിലൂടെ അവർ പ്രചരിപ്പിച്ചു. ശബരിമലയെയും അയ്യപ്പസ്വാമിയെയും ഉയർത്തിക്കാട്ടി ബിജെപിയുടെ സ്ഥാനാർഥികൾ വോട്ടുതേടുന്നു. തുടക്കം കേന്ദ്രസർക്കാരിന്റെ വികസന നേട്ടമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്നാണ് നേതാക്കൾ വ്യക്തമാക്കിയിരുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ രണ്ടാം മണ്ഡലം തെരഞ്ഞെടുത്തതോടെ ബിജെപിയുടെ സാധ്യത പാടെ തകർന്നു. ഇതോടെയാണ് ബിജെപി ശബരിമലയും വിശ്വാസവും മുഖ്യഅജണ്ടയായി ഉയർത്താൻ തുടങ്ങിയത്.
വോട്ടെടുപ്പിന് നാളുകൾ അവശേഷിക്കേ പ്രകടന പത്രികയിലൂടെയും പൊതുയോഗങ്ങളിലൂടെയും സ്ഥാനാർഥി പര്യടനത്തിലൂടെയും ജനങ്ങളുടെ മനസ്സ് ശിഥിലമാക്കാനാണ് സംഘ്പരിവാർ നീക്കമെങ്കിൽ തെരഞ്ഞെടുപ്പിലൂടെ തന്നെ തിരിച്ചടി നൽകാൻ ഓരോ വോട്ടർമാരും തയ്യാറാകണം.