Saturday , May   25, 2019
Saturday , May   25, 2019

പരാജയപ്പെട്ട കേരള കോൺഗ്രസും കെ.എം മാണിയും

2014ൽ കേരള കോൺഗ്രസ്സ് 50-ാം വാർഷികം ആഘോഷിക്കുമ്പോൾ പാർട്ടി ചെയർമാനായിരുന്ന കെ.എം മാണി പത്രങ്ങളിൽ എഴുതിയ ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു. അർദ്ധസത്യങ്ങളാലായിരുന്നു അത് ശ്രദ്ധേയമായത്. കർഷകരുടെ രാഷ്ട്രീയപ്രസ്ഥാനമെന്ന വിശേഷണമാണ് കേരള കോൺഗ്രസ്സിന് ഏറ്റവും ഇണങ്ങുന്നതെന്നും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും  രൂപംകൊണ്ട പല പ്രാദേശിക കക്ഷികളും ജാതിപരവും വർഗീയവും പ്രാദേശികവുമായ താത്പര്യങ്ങൾ മാത്രം മുൻനിർത്തിയും അഭിപ്രായവ്യത്യാസങ്ങൾ മുതലെടുത്തുമാണ് അധികാരത്തിലെത്തുകയും മറ്റും ചെയ്തിട്ടുള്ളതെന്നും കേരള കോൺഗ്രസ് ഒരിക്കലും ജാതിയുടെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ അടിസ്ഥാനത്തിൽ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം അന്നെഴുതി. സത്യമെന്താണ്? ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും രൂപംകൊണ്ട പല പ്രാദേശിക കക്ഷികളും ജാതിപരവും വർഗീയവും പ്രാദേശികവുമായ താത്പര്യങ്ങൾ മാത്രം കാത്തുസൂക്ഷിക്കുന്നവയാണോ? അല്ല. വി പി സിംഗ് തുറന്നുവിട്ട മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനുശേഷം രാജ്യത്തു ശക്തിയാർജ്ജിച്ച പിന്നോക്ക ദളിത് രാഷ്ട്രീയത്തെ ഇത്തരത്തിൽ നിസ്സാരമായി കാണുന്നതുതന്നെ തെറ്റാണ്. അതുപോലെ കർഷകരുടെ രാഷ്ട്രീയപ്രസ്ഥാനമാണ് കേരള കോൺഗ്രസ്സെന്ന വിശേഷണവും എത്രമാത്രം ശരിയാണ്? പ്രധാനമായും മധ്യതിരുവിതാംകൂറിലെ കുടിയേറ്റ ക്രിസ്ത്യൻ കർഷകരുടെ പാർട്ടിയാണത് എന്നത് പകൽ പോലെ വ്യക്തം.
കേരളത്തിന്റെ താത്പര്യങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന രാഷ്ട്രീയപ്രസ്ഥാനമാണെങ്കിലും ദേശീയവീക്ഷണംകൂടി മുൻനിർത്തി മാത്രമേ കേരള കോൺഗ്രസ്സിന്റെ കർമപരിപാടികൾക്ക് രൂപം നല്കാറുള്ളൂ, കേന്ദ്ര-സംസ്ഥാന ബന്ധം ദുർബലമാക്കുന്ന ഒരു നടപടിയോടും കേരള കോൺഗ്രസ് യോജിച്ചിട്ടില്ല, ദേശീയോദ്ഗ്രഥനത്തിന് ഭീഷണിയാകാവുന്ന സങ്കുചിത പ്രാദേശികവാദം ഒരിക്കലും കേരള കോൺഗ്രസ് ഉന്നയിച്ചിട്ടില്ല, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കുന്നതിന് നമ്മുടെ ഇന്നത്തെ ഫെഡറൽ സംവിധാനം കൂടുതൽ ശക്തവും ഫലപ്രദവുമായ രീതിയിൽ നിലനിർത്തുകയാണ് വേണ്ടതെന്ന് കേരള കോൺഗ്രസ് വിശ്വസിക്കുന്നു എന്നെല്ലാം മാണി അന്നെഴുതി.  അതുകൊണ്ടുതന്നെയാണ്  മലയാളികളുടെ മൊത്തം പാർട്ടിയായി മാറുക എന്ന ലക്ഷ്യം നേടാൻ കഴിയാതിരുന്നത്. പ്രാദേശിക പാർട്ടികൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്ന നിലപാടുതന്നെ തെറ്റാണ്. ഭരണ ഘടനാനുസൃതമായി പ്രവർത്തിക്കുന്ന ഈ പാർട്ടികൾ സ്വന്തം നാടിനു വേണ്ടി ശബ്ദിക്കുമ്പോഴും രാജ്യം നേരിടുന്ന പൊതുപ്രശ്നങ്ങളിൽ ദേശീയതല നിലപാടുകൾതന്നെയാണ് സ്വീകരിക്കുന്നത്. അതാണ് യഥാർത്ഥ ജനാധിപത്യം. എത്രമാത്രം ഫെഡറൽ ആകാൻ കഴിയുമോ അത്രയും ജനാധിപത്യം ശക്തിപ്പെടുകയാണ് ചെയ്യുന്നത്. നമ്മുടേത് വാക്കുകളിൽ മാത്രമാണ് ഫെഡറൽ. ഇതു മനസ്സിലാക്കിയില്ല എന്നതാണ് കേരള കോൺഗ്രസ്സിന്റേയും അതിന്റെ അനിഷേധ്യ നേതാവായിരുന്ന കെ എം മാണിയുടേയും പരാജയം. 
ഏറെ പ്രസിദ്ധമായ പി.ടി ചാക്കോ സംഭവമാണ് കേരള കോൺഗ്രസ്സിനു രൂപം കൊടുക്കാൻ പെട്ടെന്നുണ്ടായ പ്രചോദനം എന്നു പറയാറുണ്ട്. എന്തായാലും കേരളത്തിന്റെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേരള കോൺഗ്രസ്സ് രൂപം കൊണ്ടത്. വാസ്തവത്തിൽ പാർട്ടി രൂപം കൊള്ളുമ്പോൾ ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിൽ വിരളമായിരുന്നു. തമിഴ് നാട്ടിൽ ഡി.എം.കെയും അണ്ണാ ഡി.എം.കെയും മറ്റും ഉണ്ടായിരുന്നു. പിന്നീടാണ് പ്രാദേശിക പാർട്ടികൾ ഓരോ സംസ്ഥാനത്തും നിർണ്ണായക ശക്തികളായി മാറിയത്. അതതു സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനാണ് അവ തമ്മിൽ മുഖ്യമായും മത്സരിക്കുന്നത്. സത്യത്തിൽ കേരളത്തിനുവേണ്ടി നിലനിൽക്കുന്നു എന്നുറക്കെ വിളിച്ചുപറയാൻ ധൈര്യമുള്ള ഒരു പ്രസ്ഥാനവും ഇവിടെയില്ല. സിപിഎം ഇന്ന് ഫലത്തിൽ പ്രാദേശിക പാർട്ടിയാണെങ്കിലും അവരത് അംഗീകരിക്കില്ല. ഇവിടെ എല്ലാവരും തന്നെ അഖണ്ഡതയുടെ വക്താക്കളാണ്. പലപ്പോഴും തമിഴ്നാട് എം.പിമാർ ലോക്‌സഭയിൽ ഒറ്റക്കെട്ടായി ലഹളയടിക്കുമ്പോൾ അവരെപോലെ സംസ്‌കാരരഹിതരായി പെരുമാറാൻ നമുക്കുകഴിയില്ല എന്ന ഒരു കേരള എം.പിയുടെ പ്രസ്താവന മാത്രം മതി നമ്മുടെ പൊതു നിലപാട് വ്യക്തമാകാൻ. 
കേരളത്തിനുവേണ്ടി ശക്തമായി വാദിക്കേണ്ട ആവശ്യകതയിലേക്കാണ് സമകാലിക രാഷ്ട്രീയം നീങ്ങുന്നത്. പ്രാദേശിക പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാമുന്നണി എന്ന തലത്തിലേക്ക് പോലും കാര്യങ്ങൾ നീങ്ങുകയാണ്. 
 

Latest News