Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹിന്ദുത്വര്‍ പക വീട്ടുമോ? പ്രജ്ഞ സിങ് ഭോപാലില്‍ ദിഗ്‌വിജയ് സിങിനെതിരെ

ഭോപാല്‍- ബിജെപിയുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയരംഗത്തു നിന്ന് തീപ്പൊരി ഹിന്ദുത്വ നേതാവും കേന്ദ്ര മന്ത്രിയുമായ ഉമാ ഭാരതി ഇത്തവണ മാറി നിന്നത് ഈ തെരഞ്ഞെടുപ്പു കാലത്ത് ശ്രദ്ധിക്കപ്പെട്ട ഒരു പിന്മാറ്റമായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസിലടക്കം പ്രതിയും കടുത്ത വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് കുപ്രസിദ്ധി നേടുകയും ചെയ്ത ഉമാ ഭാരതിയുടെ ഈ വിടവ് നികത്താനാകുമോ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ വരവ്. രണ്ടു പേരും മധ്യപ്രദേശില്‍ നിന്നുള്ളവരാണ്. എബിവിപി, ദുര്‍ഗാ വാഹിനി അടക്കം നിരവധി ഹിന്ദുത്വ തീവ്രവാദ സംഘടനകളില്‍ തീപ്പൊരി നേതാവായിരുന്നു പ്രജ്ഞ രാജ്യത്തെ ആദ്യ ഹിന്ദുത്വ തീവ്രവാദി ആക്രമണ കേസുകളിലൊന്നില്‍ ഉള്‍പ്പെട്ടതോടെയാണ് രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടത്. ഉമാ ഭാരതിയെ പോലെ കാവി വസ്ത്രമണിഞ്ഞു നടക്കുന്ന പ്രജ്ഞ ഇപ്പോള്‍ സ്‌ഫോടനക്കേസില്‍ ജാമ്യത്തിലാണ്. ഇതിനിടെയാണ് ചൊവ്വാഴ്ച ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്നു എന്ന പ്രഖ്യാപനം ഉണ്ടായത്. മണിക്കൂറുകള്‍ക്കു ശേഷം മധ്യപ്രദേശിലെ തലസ്ഥാന മണ്ഡലമായ ഭോപാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പാര്‍ട്ടി ദേശീയ നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തു. പ്രജ്ഞയുടെ ഈ വരവിലൂടെ കോണ്‍ഗ്രസിനെതിരെ പുതിയൊരു പോര്‍മുഖം തുറക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനു പിന്നിലും മാലേഗാവ് സ്‌ഫോടനക്കേസ് ഒരു കാരണമാണ്.

മുസ്ലിംകളെ ഉന്നമിട്ട് 2008ല്‍ ഹിന്ദുത്വവാദികള്‍ നടത്തിയ ഈ ആക്രമണത്തെ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കാവി ഭീകരത, ഹിന്ദുത്വ തീവ്രാവദം എന്നൊക്കെയാണ് വിശേഷിപ്പിച്ചത്. ഇതിനെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ പോലും ബിജെപി ഇതൊരു തെരഞ്ഞെടുപ്പു വിഷയമാക്കിയിട്ടുണ്ട്. ഹിന്ദുത്വ ഭീകരതയെന്ന പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈയിടെ മഹാരാഷ്ട്രയില്‍ നടന്ന പ്രചാരണ റാലിയില്‍ ശക്തമായാണ് ഹിന്ദു വികാരം ഇളക്കി വിട്ട് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. മാലേഗാവ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗാ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളാണെന്ന എന്‍ഐഎയുടെ കണ്ടെത്തല്‍ ഉയര്‍ത്തിക്കാട്ടി അക്കാലത്ത് ബിജെപിയേയും ആര്‍എസ്എസിനേയും നിരന്തരം കടന്നാക്രമിച്ച കോണ്‍ഗ്രസ് നേതാവാണ് ഭോപാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിങ്.

ഹിന്ദുത്വ ഭീകര ഒരു ചര്‍ച്ചയാക്കിയ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയെ ദിഗ്‌വിജയ സിങിനെതിരെ രംഗത്തിറക്കുക വഴി ബിജെപി നല്‍കുന്ന സന്ദേശം വ്യക്തമാണ്. 1989 മുതല്‍ ബിജെപി കൈവശമുള്ള ഉറച്ച മണ്ഡലമാണ് ഭോപാല്‍. ഇവിടെ ഒരു വെല്ലുവിളി ഏറ്റെടുത്താണ് ദിഗ്‌വിജയ സിങ് പോരിനിറങ്ങിയിരിക്കുന്നത്. വലിയൊരു ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍ ദിഗ്‌വിജയ സിങ് സ്ഥാനാര്‍ത്ഥിയാകണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥാണ് നിര്‍ദേശിച്ചത്. ഭോപാലോ ഇന്‍ഡോറോ തെരഞ്ഞെടുക്കണമെന്നായിരുന്നു നിര്‍ദേശം. രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് അടുത്ത കാലത്തൊന്നും ജയിച്ചിട്ടില്ല. ഭോപാലാണ് ദിഗ്‌വിജയ സിങ്
സ്വീകരിച്ചത്. ബിജെപിക്കെതിരായ വികാരം നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിന് മണ്ഡലത്തില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍ ഇവിടെ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ബിജെപിയുടെ നീക്കമെന്ന് പ്രജ്ഞയുടെ വരവോടെ വ്യക്തമാകുകയാണ്. ഹിന്ദുത്വ കാര്‍ഡിറക്കിയാകും ഇവിടെ ഇനി പ്രചാരണം കൊഴുക്കുക.
 

Latest News