Sunday , April   21, 2019
Sunday , April   21, 2019

എന്തുകൊണ്ട് പന്ത് പുറത്ത്?

മുംബൈ -  പ്രതിസന്ധി ഘട്ടത്തില്‍ മത്സരം ഫിനിഷ് ചെയ്യാനുള്ള ദിനേശ് കാര്‍ത്തികിന്റെ കഴിവാണ് റിഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമെന്ന് ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. മാത്രമല്ല, എം.എസ് ധോണിക്ക് പരിക്കേല്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ റിഷഭോ ദിനേശോ പ്ലേയിംഗ് ഇലവനിലെത്തൂ. ആ മത്സരം സെമി ഫൈനനലോ ഫൈനലോ പോലെ നിര്‍ണായക മത്സരമാണെങ്കില്‍ വിക്കറ്റ്കീപ്പിംഗും സുപ്രധാനമാണ്. ദിനേശ് അക്കാര്യത്തിലും മുമ്പിലാണ്. അപ്പോള്‍ പ്രതിസന്ധി ഘട്ടത്തില്‍, സുപ്രധാന മത്സരങ്ങളില്‍ ആരാവും കൂടുതല്‍ നന്നായി കളിക്കുക? അതാണ് ദിനേശിന് അനുകൂലമായി ചിന്തിക്കാന്‍ പ്രേരകം. റിഷഭ് വലിയ പ്രതിഭയാണ്. ഇഷ്ടം പോലെ സമയമുണ്ട്. ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടത് നിര്‍ഭാഗ്യകരമാണ് -പ്രസാദ് വിശദീകരിച്ചു. റിഷഭ് അഞ്ച് ഏകദിനങ്ങളേ ഇതുവരെ കളിച്ചിട്ടുള്ളൂ. ദിനേശ് 91 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 
അമ്പാട്ടി രായുഡുവിനു പകരം വിജയ്ശങ്കറിനെ ടീമിലെടുത്തതിനെയും അദ്ദേഹം ന്യായീകരിച്ചു. വിജയ്ശങ്കര്‍ മൂന്നു തരത്തില്‍ ഉപയോഗപ്പെടും. ബാറ്റ് ചെയ്യാനും ഇംഗ്ലണ്ടിലെ പോലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഏതാനും ഓവറുകള്‍ എറിയാനും വിജയ്ക്കു സാധിക്കും. മികച്ച ഫീല്‍ഡര്‍ കൂടിയാണ് -പ്രസാദ് വിശദീകരിച്ചു. വിജയ്ക്കു പുറമെ ദിനേശിനും കേദാര്‍ ജാദവിനും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് ചീഫ് സെലക്ടര്‍ പറഞ്ഞു. 
 

Latest News