Monday , June   17, 2019
Monday , June   17, 2019

ജലത്തിന്റെ ഉറവിടം തേടി ഹാരിസ് മാഷ് യാത്ര തുടരുന്നു

മലപ്പുറം-ഉള്ളം കയ്യിൽ പൊതിച്ച തേങ്ങയുമായി ഹാരിസ് മാഷ് നടന്നു തുടങ്ങുമ്പോൾ അറിയാം ഭൂമിക്കടിയിൽ ജലത്തിന്റെ പ്രവാഹമുണ്ടെന്ന്. കടുത്ത വേനലിൽ ജനങ്ങൾ ദാഹജലത്തിനായി നെട്ടോട്ടമോടുമ്പോൾ ജലസ്രോതസുകൾ തേടി മാഷ് യാത്ര തുടരുകയാണ്. കുന്നിൻ മുകളിലായാലൂം സമതലങ്ങളിലായാലും കിണർ കുഴിക്കാൻ ഭൂമിക്കടിയിൽ വെള്ളമുണ്ടോ എന്നറിയാൻ ഇന്ന് നാട്ടുകാർക്ക് ഹാരിസ് മാഷിന്റെ സഹായം ആവശ്യമാണ്. നീണ്ട 20 വർഷമായി തുടരുന്ന യാത്ര. ഇതിനിടെ സ്ഥാനം കണ്ടെത്തിയത് 16,000 കിണറുകൾക്ക്.
മലപ്പുറം മുണ്ടുപറമ്പ് എ.എം.യു.പി. സ്‌കൂൾ അധ്യാപകനായ കെ. മുഹമ്മദ് ഹാരിസിന്റെ ജീവിതം വേറിട്ട വഴികളിലൂടെയാണ്. ഓരോ ദിവസവും മാഷെ തേടിയെത്തുന്നത് നിരവധി ഫോൺ കോളുകളാണ്. മലപ്പുറത്തിനകത്തും പുറത്തും നിന്നുള്ള കോളുകൾ. എല്ലാവർക്കും ആവശ്യം മാഷിന്റെ സാന്നിധ്യമാണ്. വെള്ളം കിട്ടാതെ വലയുന്ന കുടുംബങ്ങൾ മാഷിന്റെ വരവിനായി കാത്തിരിക്കുന്നു. പൊതിച്ചെടുത്ത തേങ്ങയുമായി മാഷ് പറമ്പിലൂടെ നടന്ന് കിണറിന് സ്ഥാനം കണ്ടെത്തുമ്പോൾ ആ കുടുംബങ്ങളുടെ മുഖത്ത് വിടരുന്ന ആശ്വാസവും ആഹ്ലാദവും ഒന്നു വേറെ തന്നെയാണ്.
അധ്യാപന രംഗത്ത് സജീവമായ ഹാരിസ് 20 വർഷം മുമ്പാണ് തന്റെ രക്തത്തിൽ മറ്റൊരു കഴിവു കൂടി ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. ഭൂമിക്കടിയിലൂടെയുള്ള ജലപ്രവാഹങ്ങൾ കണ്ടെത്താൻ ചിലരുടെ ശരീരത്തിന് പ്രത്യേക കാന്തിക ശക്തിയുണ്ടെന്ന് വായിച്ചറിഞ്ഞ മാഷ് ഇതൊന്ന് പരീക്ഷിച്ചതോടെയാണ് മാഷിന്റെ ജീവിതം തന്നെ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞത്. തേങ്ങ പൊളിച്ചെടുത്ത് ഉള്ളം കയ്യിൽ വെച്ച് നടക്കുമ്പോൾ ജലപ്രവാഹമുള്ള സ്ഥലങ്ങളിൽ കൈവിറക്കാൻ തുടങ്ങും. ഈ വിറയലിൽ കയ്യിലെ തേങ്ങ തുള്ളിതുള്ളി താഴെക്ക് വീഴും. അപൂർവമാളുകൾക്ക് മാത്രം ലഭിക്കുന്ന ഈ പ്രത്യേകത ഹാരിസ് മാഷ് തന്നിൽ കണ്ടെത്തുകയായിരുന്നു. കൗതുകപൂർവം തുടർച്ചയായ പരിശോധനയിലൂടെ തന്റെ ശരീരത്തിന്റെ ഈ പ്രത്യേകത അദ്ദേഹം മിനുക്കിയെടുത്തു. പിന്നീട് സുഹൃത്തുക്കൾക്കായി കിണറിന് സ്ഥാനം കണ്ടെത്താൻ തുടങ്ങി. ഹാരിസ് മാഷ് നിർദേശിച്ച സ്ഥലത്ത് കിണർ കുഴിച്ച് വെള്ളം കണ്ടെത്തിയതോടെ മാഷിലുള്ള വിശ്വാസം വളർന്നു. ഇപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമൊക്കെ ഹാരിസ് മാഷിന് ക്ഷണം ലഭിക്കുന്നു. പലയിടത്തും ദീർഘകാലമായി വെള്ളം ലഭിക്കാതെ കിടക്കുന്ന സ്ഥലങ്ങളിൽ മാഷെത്തി ജലത്തിന്റെ സ്രോതസ് കണ്ടെത്തി കൊടുക്കുന്നു. കുടിവെള്ളം ലഭ്യമാക്കുകയെന്നത് സാമൂഹ്യസേവനമായി കാണുന്ന മാഷ് ഈ സേവനത്തിന് പ്രതിഫലം ആവശ്യപ്പെടാറില്ല. വീട്ടുകാർ സന്തോഷത്തോടെ നൽകുന്ന പണം വാങ്ങും. യാത്രക്കും മറ്റും വരുന്ന ചെലവുകൾക്കുള്ള പണമെടുത്ത് ബാക്കി വരുന്നത് കാരുണ്യ, സേവന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
ഹാരിസ് മാഷ് ഈ രംഗത്ത് ഇന്ന് പ്രൊഫഷണൽ ആയി മാറിയിരിക്കുന്നു. ആരംഭ കാലത്ത് ഭൂമിയിലെ വെള്ളം കണ്ടെത്താൻ പത്തു മിനിട്ടിലേറെ നടക്കേണ്ടി വന്നിരുന്നു. ഇപ്പോൾ സ്ഥലത്ത് കാലുകുത്തുമ്പോൾ തന്നെ മാഷിന്റെ ശരീരം ജലത്തിന്റെ സാന്നിധ്യമറിയും. ഭൂമിക്കടിയിൽ ജലപ്രവാഹമുള്ള സ്ഥലത്തെത്തുമ്പോൾ തന്നെ മാഷിന്റെ ശരീരത്തിൽ ചില സൂചനകൾ ലഭിക്കും. വലം കൈ വിടർത്തി അതിൽ തേങ്ങ വെച്ച് നടക്കുമ്പോഴേക്കും അത് ഇളകി തുള്ളാൻ തുടങ്ങും. പ്രവാഹത്തിന്റെ ശക്തികൂടന്തോറും തേങ്ങ തുള്ളി താഴേക്ക് വീഴും. തേങ്ങയിലെ വെള്ളത്തിന് ഇളകാനാകുമെന്നതിലാണ് തേങ്ങ ഇതിനായി ഉപയോഗിക്കുന്നതെന്ന് ഹാരിസ് മാഷ് പറയുന്നു. കൈവിറക്കുമ്പോൾ തേങ്ങയിലെ വെള്ളം തുളുമ്പാൻ തുടങ്ങും. അതോടെ കാഴ്ചക്കാർക്കും ഈ പ്രക്രിയ നേരിൽ കാണാനാകും. ഈ പ്രത്യേകയുള്ള ആളുകൾ മറ്റു പല വസ്തുക്കളും ജലം കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്നുണ്ട്. താൻ തുടക്കം മുതൽ ഉപയോഗിക്കുന്നത് പൊതിച്ച തേങ്ങയാണെന്ന് ഹാരിസ് മാഷ് പറയുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ 16,000 സ്ഥലങ്ങളിൽ കിണറിന് സ്ഥാനം കണ്ടെത്തികൊടുക്കാൻ ഹാരിസ് മാഷിന് കഴിഞ്ഞിട്ടുണ്ട്. സ്‌കൂൾ അവധി ദിവസങ്ങളിലാണ് ഇതിനായി യാത്ര ചെയ്യുന്നത്. ഒരു ദിവസം 23 സ്ഥലങ്ങളിൽ വരെ എത്തി ജലം കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ യാത്ര വിജയിക്കാറില്ല. നീരൊഴുക്ക് തീരെയില്ലാത്ത പ്രദേശങ്ങളിൽ ശ്രമം ഉപേക്ഷിക്കേണ്ടി വരും. എങ്കിലും നേരിയ നീരൊഴുക്കുപോലും കണ്ടെത്താൻ കഴിയാറുണ്ടെന്ന് ഹാരിസ് മാഷ് പറയുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത്, മഞ്ചേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പുതിയ കിണർ കുഴിക്കേണ്ടി വന്നപ്പോൾ ജലപ്രവാഹം കണ്ടെത്താൻ അധികൃതർ അദ്ദേഹത്തിന്റെ സഹായം തേടിയിരുന്നു. കൊല്ലം ജില്ലയിലും കോയമ്പത്തൂരിലും കിണറിന് സ്ഥാനം കണ്ടെത്താൻ മാഷ് പോയിട്ടുണ്ട്. ഒരു വർഷം ആയിരം കിണറുകൾക്ക് വരെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും തിരക്കുണ്ടായിരുന്ന 2013 ൽ 1350 കിണറുകൾക്കാണ് സ്ഥാനം കണ്ടെത്തി കൊടുത്തതെന്ന് ഹാരിസ് മാഷ് പറയുന്നു.
മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ അദ്ദേഹം താൻ ജോലി ചെയ്യുന്ന വിദ്യാലയത്തിന്റെ പഠന, പാഠ്യേതര രംഗത്തെ മികവിനായും സജീവമായി പ്രവർത്തിക്കുന്നുണ്ട്. നിലമ്പൂർ വഴിക്കടവ് ചുരത്തിൽ വർഷങ്ങൾക്ക് മുമ്പ് ദേശീയപാതയിലുണ്ടായ വിള്ളലിനെ കുറിച്ച് ഹാരിസ് മാഷിന്റെ നേതൃത്വത്തിൽ മുണ്ടുപറമ്പ് സ്‌കൂളിലെ വിദ്യാർഥികൾ ശാസ്ത്രപഠനം നടത്തിയിരുന്നു. ചുരത്തിൽ ഭൂമിക്കടിയിലൂടെയുള്ള ജലപ്രവാഹം തടയപ്പെട്ടതാണ് റോഡ് വിള്ളാൻ ഇടയാക്കിയതെന്നും കൾവർട്ടുകൾ നിർമിച്ച് ജലമൊഴുക്ക് സാധ്യമാക്കണമെന്നും പഠനസംഘം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. പഠനരംഗത്ത് ഗവേഷണത്തിന്റെ ഭാഗമായി ഹാരിസ് മാഷ് ബാങ്കോക്ക്, സ്വീഡൻ, എത്യോപ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്.
ജലപ്രവാഹം കണ്ടെത്താനുള്ള തന്റെ കഴിവ് തികച്ചും ശാസ്ത്രീയമാണെന്നും വിശ്വാസവുമായി ഇതിന് ബന്ധമില്ലെന്നും ഹാരിസ് മാഷ് പറയുന്നു. ശരീരത്തിന്റെ കാന്തികശക്തി മൂലമാണ് ജലമുള്ള ഇടങ്ങളിൽ ശരീരത്തിൽ വിറയലുണ്ടാകുന്നത്. അപൂർവ്വമായി ചിലർക്ക് ലഭിക്കുന്ന ഈ പ്രത്യേകത കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി തുടർന്നും ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.