Monday , June   17, 2019
Monday , June   17, 2019

ആലത്തൂരിൽ വാശിയേറിയ പോരാട്ടം

പാലക്കാട്- ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും ഇഞ്ചോടിഞ്ചാണ് മൽസരം. സാമൂഹ്യമാധ്യമങ്ങളിൽ ഓളം തീർത്ത് മുന്നേറുന്ന രമ്യ ഹരിദാസ് ഇക്കുറി ചെങ്കോട്ടയിൽ വിള്ളൽ വീഴ്ത്തുമെന്ന് കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും നേതാക്കൾ കണക്കുകൂട്ടുന്നു. 
ചില അഭിപ്രായ സർവ്വേകൾ ആലത്തൂരിൽ 'പെങ്ങളൂട്ടിയുടെ വിജയം പ്രവചിക്കുന്നത് അവരുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. എന്നാൽ സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനത്തേയും ഇരുത്തം വന്ന ജനപ്രതിനിധി എന്ന പി.കെ. ബിജുവിന്റെ പ്രതിച്ഛായയേയും മറികടക്കാൻ എതിരാളികൾക്ക് കഴിയില്ലെന്നാണ് സി.പി.എം ഉറച്ചു വിശ്വസിക്കുന്നത്. 


കൂടുതൽ അഭിപ്രായ സർവ്വേകൾ ആലത്തൂർ ഇടതുപക്ഷത്ത് തുടരുമെന്ന് തന്നെയാണ് പ്രവചിക്കുന്നത്. മണ്ഡലത്തിലെ മൽസരഫലം നിർണ്ണയിക്കുന്നതിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രകടനം നിർണ്ണായകമാവും. 
കെ.പി.എം.എസ് സംസ്ഥാന ഉപദേശകസമിതി അംഗം കൂടിയായ ബി.ഡി.ജെ.എസ് നേതാവ് ടി.വി.ബാബു പ്രചാരണരംഗത്ത് സജീവമാണ്. എങ്കിലും അവസാനസമയത്ത് സംഘ്പരിവാർ വോട്ടുകളിൽ അടിയൊഴുക്ക് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.  വൈകാരികമായ വിഷയങ്ങൾക്ക് സ്പർശിക്കാനാവാത്ത രാഷ്ട്രീയമണ്ഡലം ആണ് ആലത്തൂർ എന്ന ആത്മവിശ്വാസമാണ് ഇടതുമുന്നണിയെ നയിക്കുന്നത്. നേരത്തേ സ്ഥാനാർത്ഥി നിർണ്ണയം നടത്തി പ്രചാരണം തുടങ്ങിയ ബിജു മണ്ഡലത്തിൽ രണ്ടുവട്ടം പര്യടനം പൂർത്തിയാക്കിയ ശേഷമാണ് എതിരാളികൾ കളത്തിലിറങ്ങിയത്. എന്നാൽ പ്രചാരണരംഗത്ത് തുടക്കത്തിൽ ലഭിച്ച മേൽക്കൈ ഇപ്പോഴും ബിജുവിന് ഉണ്ടെന്ന് പറയാനാവില്ല. 
സിനിമാ ഭാഷയിൽ പറഞ്ഞാൽ മാസ് എൻട്രി നടത്തി ആലത്തൂരിൽ വന്നിറങ്ങിയ രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പര്യടനങ്ങൾ മണ്ഡലത്തിന്റെ പല മേഖലകളിലും ഓളം തീർത്തിട്ടുണ്ട്. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റേയും സി.പി.എം സഹയാത്രികയായി അറിയപ്പെടുന്ന ദീപ നിശാന്തിന്റേയും വിവാദ പ്രസ്താവനകൾ രമ്യ ഹരിദാസിന് ഗുണകരമായി. തുടക്കം മുതൽ നടക്കുന്ന ചിട്ടയായ പ്രവർത്തനങ്ങൾ അതേ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സി.പി.എമ്മിനും ഇടതുമുന്നണിക്കും സാധിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളുടെ പിന്തുണയോടെ രമ്യ ഹരിദാസ് നടത്തുന്ന പോരാട്ടം മണ്ഡലത്തിൽ അട്ടിമറി വിജയത്തിന് കളമൊരുക്കിയിട്ടുണ്ട് എന്ന പ്രവചനങ്ങൾ സി.പി.എം ഗൗരവത്തോടെയാണ് കാണുന്നത്. മന്ത്രിമാരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മണ്ഡലത്തിൽ തമ്പടിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. അതനുസരിച്ച് മന്ത്രി എ.കെ.ബാലൻ തരൂർ, ആലത്തൂർ, നെന്മാറ പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 
മന്ത്രി എ.കെ.മൊയ്തീന് വടക്കഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളുടെ ചുമതലയാണ്. ചിറ്റൂരിൽ ക്യാമ്പ് ചെയ്യാനാണ് മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ചേലക്കരയുടെ പൂർണ്ണചുമതല സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മുൻസ്പീക്കർ കെ.രാധാകൃഷ്ണനാണ്. ആലത്തൂരിനെ ചുവപ്പിച്ച് നിർത്തേണ്ട ചുമതല ഇപ്പോൾ ബിജുവിനേക്കാൾ ഈ നേതാക്കൾക്കാണ്. സംസ്ഥാനത്ത് യു.ഡി.എഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റവും ചിട്ടയായി നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ആലത്തൂർ. യുവാക്കളേയും പുതിയ വോട്ടർമാരേയുമാണ് യു.ഡി.എഫ് പ്രധാനമായും ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധി ഇഫക്റ്റ് ആലത്തൂരിലും പ്രതിഫലിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എം.എൽ.എമാരായ ഷാഫി പറമ്പിലും അനിൽ അക്കരയും യഥാക്രമം പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രദേശങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് യു.ഡി.എഫ് പ്രവർത്തകർക്ക് ഉത്തേജനം പകരുന്നു. 


സി.പി.എമ്മിനെ പതിവായി വിജയിപ്പിക്കുന്ന പ്രദേശത്തിന്റെ പൊതുവായുള്ള പിന്നാക്കാവസ്ഥ പ്രചാരണരംഗത്ത് യു.ഡി.എഫ് ശക്തമായി ഉന്നയിക്കുന്നുണ്ട്. മണ്ഡലത്തിൽ വിരുന്നുകാരനെപ്പോലെ എത്തുന്ന ഒരാളായാണ് പി.കെ.ബിജു കഴിഞ്ഞ പത്തു വർഷം പ്രവർത്തിച്ചത് എന്ന ആരോപണം മർമ്മറിംഗ് കാമ്പൈൻ ആയി ഉയർത്തിക്കൊണ്ടു വരുന്നതിലും യു.ഡി.എഫ് വലിയൊരളവിൽ വിജയിച്ചിട്ടുണ്ട്. എം.പി എന്ന നിലയിൽ ബിജു പാർലമെന്റിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളും രാഷ്ട്രീയത്തിനൊപ്പം വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം ഉണ്ടാക്കിയ നേട്ടങ്ങളും നിരത്തിയാണ് ഇടതുമുന്നണി പ്രതിരോധിക്കുന്നത്. ശാസ്ത്രവിഷയത്തിൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത് അടുത്ത കാലത്തായിരുന്നു.
വോട്ട് വർദ്ധിപ്പിക്കുക എന്നതിലപ്പുറം പ്രസക്തിയൊന്നും എൻ.ഡി.എ സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിന് ഇല്ല. മണ്ഡലത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട് എന്ന ആരോപണം സി.പി.എം ഉയർത്തിയ സാഹചര്യത്തിൽ വോട്ട് ഉയർത്താനായില്ലെങ്കിൽ വോട്ടു കച്ചവടം എന്ന പതിവ് വിമർശനത്തിന് വിധേയമാവും എന്നത് സംഘ്പരിവാർ ക്യാമ്പിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. എൻ.ഡി.എക്ക് വേണ്ടി മൽസരിക്കുന്നത് ബി.ഡി.ജെ.എസ് ആണെന്നത് സി.പി.എമ്മിന്റെ ആരോപണത്തിന് ശക്തി പകരുന്ന ഘടകമാണ്. 2014ൽ ആലത്തൂരിൽ മൽസരിച്ച ബി.ജെ.പി സ്ഥാനാർത്ഥി 87803 വോട്ട് നേടിയിരുന്നു.
ശബരിമല വിഷയം അടിത്തട്ടിൽ അടിയൊഴുക്ക് ഉണ്ടാക്കുമോ എന്ന സ്വാഭാവികമായ ആശങ്ക ഇടതുമുന്നണി നേതൃത്വത്തിന് ഉണ്ട്. 'മണ്ഡലമേതായാലും മണ്ഡലക്കാലം മറക്കരുത്' എന്ന സന്ദേശവുമായി ശബരിമല കർമ്മസമിതി നടത്തുന്ന പ്രചാരണം മണ്ഡലത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. ആർക്ക് വോട്ടു ചെയ്യണം എന്നു പറയാതെ സി.പി.എമ്മിനെതിരേ വോട്ട് ചെയ്യണം എന്ന ആവശ്യമാണ് കർമ്മസമിതി മുന്നോട്ടുവെക്കുന്നത്. 
മറ്റു പലയിടത്തും ശബരിമല സമരക്കാരുടെ വോട്ട് ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് സൂചന. എന്നാൽ ആലത്തൂരിൽ അത്തരം വോട്ടുകൾ യു.ഡി.എഫിന്റെ പെട്ടിയിലേ വീഴാൻ സാധ്യതയുള്ളൂ. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ശബരിമല വികാരം വോട്ടെടുപ്പിൽ തങ്ങൾക്കെതിരായി പ്രതിഫലിക്കാനിടയില്ലെന്ന ആത്മവിശ്വാസം സി.പി.എം നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്.
വരുംദിവസങ്ങളിൽ ആലത്തൂരിലെ രാഷ്ട്രീയ താപമാപിനി ഇനിയും ഉയരുമെന്നത് ഉറപ്പാണ്. മണ്ഡലം സംരക്ഷിക്കാൻ ഏതറ്റം വരേയും പ്രചാരണം കൊണ്ടു പോകാനാണ് സി.പി.എമ്മിന്റേയും ഇടതുമുന്നണിയുടേയും തീരുമാനം. ചെങ്കോട്ടയിൽ വിള്ളൽ വീഴ്ത്താൻ വീണു കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. പിന്നാക്കം പോയെന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് എൻ.ഡി.എയുടെ പോരാട്ടം. പ്രചാരണത്തിന്റെ കൊട്ടിക്കലാശമാവും മുമ്പ് കൂടുതൽ നേതാക്കളെ എത്തിച്ച് അണികളെ ആവേശക്കൊടുമുടിയിലെത്തിക്കാനാണ് എല്ലാ കൂട്ടരുടേയും ശ്രമം.